മമ്മൂട്ടിക്ക് തള്ളവിരൽ അകത്ത് മടക്കി ഒരു സല്യൂട്ട്: ഭദ്രൻ
Mail This Article
ഭീഷ്മപർവം സിനിമയെയും മമ്മൂട്ടിയെയും പ്രശംസിച്ച് സംവിധായകൻ ഭദ്രൻ. പുല്ലാങ്കുഴലിലൂടെ കടന്നുപോയ കാറ്റിനെ നിയന്ത്രിച്ചതു പോലുള്ള അഭിനയ പാടവം എന്നായിരുന്നു മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ച് ഭദ്രൻ കുറിച്ചത്.
ഭദ്രന്റെ വാക്കുകൾ:
ഭീഷമപർവം. ഇന്നലെയാണ് ആ സിനിമ കാണാൻ കഴിഞ്ഞത്. കുടിപ്പക ആണ് പ്രമേയം. ലോകാരംഭം മുതൽ ലോകാവസാനം വരെ ഈ കുടിപ്പക ആവർത്തിച്ച് കൊണ്ടേ ഇരിക്കും. അതുകൊണ്ടു തന്നെ ഈ പ്രമേയം വെറും ഒരു പഴംതുണി ആണെന്ന് പറയുക വയ്യ!!
എത്ര തന്മയത്തത്തോടെ അത് അവതരിപ്പിക്കാം എന്നത് ഒരു ഫിലിം മേക്കറുടെ വെല്ലുവിളി ആണ്.
ഫ്രാൻസിസ് ഫോർഡ് കോപ്പോളോയുടെ 'ഗോഡ് ഫാദറി'ന് മുൻപും പിൻപും കുടിപ്പകകളുടെ കഥപറഞ്ഞ സിനിമകൾ ഉണ്ടായി. എന്ത് കൊണ്ട് 'ഗോഡ് ഫാദർ' distinctive ആയി കാലങ്ങളെ അതിജീവിച്ച് നിൽക്കുന്നു.
അവിടെനിന്ന് ഭീഷമ പർവത്തിലേക്ക് വരുമ്പോൾ, ജിഗിലറി കട്ട്‌സുകളും അനവസരങ്ങളിലെ ക്യാമറ മൂവ്മെന്റ്സും ഇല്ലാതെ അതിന്റെ ആദ്യമധ്യാന്തം കയ്യടക്കത്തോടെ സൂക്ഷിച്ച അമലിന്റെ അവതരണം ശ്ലാഘനീയമാണ്. ഒറ്റവാക്കിൽ 'മൈക്കിൾ' എന്ന കഥാപാത്രത്തോടൊപ്പം മേക്കിങ് സഞ്ചരിച്ചു എന്ന് പറയാം. മൈക്കിളിന്റെ വെരി പ്രസന്റ്സ്. മൊഴികളിലെ അർഥം ഗ്രഹിച്ച് ഔട്ട്‌സ്പോക്കൺ ആവാതെ, പുല്ലാങ്കുഴലിലൂടെ കടന്നുപോയ കാറ്റിനെ നിയന്ത്രിച്ച പോലുള്ള അഭിനയ പാടവം കാണുമ്പോൾ മമ്മൂട്ടിക്ക് തള്ളവിരൽ അകത്ത് മടക്കി ഒരു സല്യൂട്ട്.