ADVERTISEMENT

ഹോളിവുഡ് പ്രേക്ഷകരെ കയ്യിലെടുത്ത് തെന്നിന്ത്യൻ താരം ധനുഷ്. താരത്തിന്റെ ആദ്യ ഹോളിവുഡ് ചിത്രമായ ദ് ഗ്രേമാനിന്റെ സ്പെഷൽ സ്ക്രീനിങ് വേദിയിലാണ് താരം കയ്യടി നേടിയത്. അവഞ്ചേഴ്സ് സംവിധായകരായ റൂസോ സഹോദരങ്ങളെ എങ്ങനെയാണ് പരിചയം എന്ന അവതാരകയുടെ ചോദ്യത്തിന് ധനുഷ് നൽകിയ മറുപടി വേദിയിൽ ചിരി പൊട്ടിച്ചു. 

 

ദ് ഗ്രേമാനിന്റെ സ്പെഷൽ സ്ക്രീനിങ്ങിനു ശേഷമാണ് പ്രേക്ഷകരുമായുള്ള സംവാദം സംഘടിപ്പിച്ചിരുന്നത്. റൂസോ സഹോദരങ്ങളുമായി നേരത്തെ പരിചയമുണ്ടായിരുന്നോ അതോ പെട്ടെന്നൊരു ദിവസം ഇത്തരമൊരു അവസരം തേടി വരിക ആയിരുന്നോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. 'സത്യത്തിൽ ഞാനെങ്ങനെ ഈ സിനിമയിലെത്തി എന്ന് എനിക്ക് വലിയ പിടിയില്ല' എന്നായിരുന്നു ധനുഷിന്റെ ആദ്യ മറുപടി. ധനുഷിന്റെ നിഷ്കളങ്കമായ മറുപടി കേട്ട് സദസിലുള്ളവർ പൊട്ടിച്ചിരിച്ചു. 

 

ഇന്ത്യയിലെ ഒരു കാസ്റ്റിങ് ഏജൻസി വഴിയാണ് ഈ പ്രൊജക്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്ന് ധനുഷ് വെളിപ്പെടുത്തി. 'ഒരു വമ്പൻ ഹോളിവുഡ് പ്രോജക്ട് ഉണ്ടെന്നാണ് അവർ പറഞ്ഞത്. ഏതു സിനിമയാണ്... ആരുടെ സിനിമയാണ് എന്ന എന്റെ ചോദ്യങ്ങൾക്ക് അതൊരു വമ്പൻ ടീമാണെന്നു മാത്രമായിരുന്നു ആദ്യം കിട്ടിയ മറുപടി', ധനുഷ് പറഞ്ഞു. പിന്നീടാണ് റൂസോ സഹോദരങ്ങളുടെ പ്രൊജക്ടാണെന്ന് അറിയുന്നതും പ്രൊജക്ടിന്റെ വലിപ്പം മനസിലായതെന്നും ധനുഷ് കൂട്ടിച്ചേർത്തു. റൂസോ സഹോദരങ്ങളുടെ പേരു കേട്ടതും താൻ അമ്പരന്നെന്നും ധനുഷ് പ്രേക്ഷകരോട് വെളിപ്പെടുത്തി. 

 

'ഇതിലും വിലയ പ്രൊജക്ട് കിട്ടാനില്ല. ഞാൻ ശരിക്കും ആവേശഭരിതനാണ്. കൂടുതൽ പഠിക്കാനും സ്വയം കണ്ടെത്താനും കഴിയുന്ന അവസരങ്ങൾ ഞാൻ അന്വേഷിക്കാറുണ്ട്. ഈയൊരു പ്രോജക്ട് അത്തരത്തിൽ ഒന്നായിരുന്നു," ധനുഷ് പറഞ്ഞു. നിറഞ്ഞ കയ്യടികളോടെയാണ് ധനുഷിന്റെ വാക്കുകൾ സദസ് സ്വീകരിച്ചത്. 

 

സൂപ്പർ താരങ്ങളായ ക്രിസ് ഇവാൻസിനും റയാൻ ഗോസ്ലിങിനുമൊപ്പമാണ് ധനുഷിന്റെ ഹോളിവുഡിലെ അരങ്ങേറ്റം. അനാ ഡെ അർമാസ് ആണ് നായിക. ചിത്രം ജൂലൈ 22ന് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും. വാഗ്നർ മൗറ, ജെസീക്ക ഹെൻ‌വിക്, ജൂലിയ ബട്ടർ‌സ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com