പാലാ അച്ചായന് എന്തിനാ സിക്സ്പാക്ക്, അൽപം തടിയൊക്കെ വേണം: ‘കടുവ’ കണ്ട കുറുവച്ചൻ പറയുന്നു
Mail This Article
ഏറെ വിവാദങ്ങൾക്കും കേസുകൾക്കും ശേഷമാണ് കടുവ തിയറ്ററിൽ എത്തുന്നത്. കടുവ സിനിമയ്ക്ക് തന്റെ ജീവിതവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പാലാ സ്വദേശിയായ ജോസ് കുരുവിനാക്കുന്നേൽ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഏറെ നിയമപോരാട്ടങ്ങൾക്കൊടുവിൽ ജൂലൈ ഏഴിന് ചിത്രം തിയറ്ററുകളിലെത്തുകയായിരുന്നു. പാലാ അച്ചായന്റെ കഥ പറയുമ്പോൾ നായകൻ അൽപം തടിച്ചിരിക്കണമെന്നാണ് കടുവ സിനിമ കണ്ട ശേഷമുള്ള ജോസ് കുരുവിനാക്കുന്നേലിന്റെ അഭിപ്രായം. ‘‘ഒരു പാലാ അച്ചായൻ എന്ന് പറയുമ്പോൾ അൽപ്പം കുടവയറും തടിയുമൊക്കെ വേണം. പന്നിയും പോത്തുമൊക്കെ സ്ഥിരമായിട്ട് കഴിക്കുന്ന അച്ചായൻ എങ്ങനെയാണ് ഇത്ര മെലിഞ്ഞ് സിക്സ്പാക്കായിട്ട് ഇരിക്കുന്നത്.’’–ജോസ് കുരുവിനാക്കുന്നേല്‍ എന്ന കുറുവച്ചൻ ചോദിക്കുന്നു.
‘‘ഒരു കുരിശുപള്ളിയും കാണിച്ച് മെഴുകുതിരിയും കത്തിച്ചാൽ പാലാ അച്ചായൻ ആകില്ല. ഒന്നാമതായി സിനിമയിൽ പറയുന്നത് പാലാ ഭാഷയല്ല. ‘എന്നതാടാ’ എന്ന് ഇവിടെയാരും പറയാറില്ല. ‘എന്നാടാ’ എന്നാണ് ചോദിക്കുന്നത്. പിന്നെ ഒരു പാലാ അച്ചായൻ എന്ന് പറയുമ്പോൾ അൽപ്പം കുടവയറും തടിയുമൊക്കെ വേണം. പന്നിയും പോത്തുമൊക്കെ സ്ഥിരമായിട്ട് കഴിക്കുന്ന ഒരു പാലാ അച്ചായൻ എങ്ങനെയാണ് ഇത്ര മെലിഞ്ഞ് സിക്സ്പാക്കായിട്ട് ഇരിക്കുന്നത്.
എന്റെ ജീവിതത്തിൽ നിന്നെടുത്ത സിനിമയാണ് കടുവ, അപ്പോൾ ഞാനുമായിട്ട് അൽപ്പമെങ്കിലും രൂപസാദൃശ്യമുള്ള ഒരാളായിരുന്നെങ്കിൽ നന്നായിരുന്നേനെ. സുരേഷ്ഗോപി ചെയ്യണമെന്നായിരുന്നു ആഗ്രഹം.
പിന്നെ കഥയിൽ പലതും അനാവശ്യക്കൂട്ടിച്ചേർക്കലുകളുണ്ട്. ഞാനൊരിക്കലും അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയോട് മോശമായി സംസാരിച്ചിട്ടില്ല. സിനിമയാകുമ്പോൾ ഭാവനയുണ്ടാകും, പക്ഷേ ഒരാളെ അപകീർത്തിപ്പെടുത്തുന്നത് പോലെ ചെയ്യാൻ പാടില്ലായിരുന്നു.ഞാനുമായി വളരെ നാളത്തെ അടുപ്പമുള്ള വ്യക്തിയാണ് സിനിമ എടുക്കുമ്പോൾ ഒന്ന് ചർച്ച ചെയ്യുകയെങ്കിലും ചെയ്യാമായിരുന്നു. രൺജി പണിക്കർ 75 ശതമാനം എഴുതിയ തിരക്കഥയാണ്. അദ്ദേഹത്തിനോടെങ്കിലും നീതിപുലർത്താമായിരുന്നു.’’–ജോസ് കുരുവിനാക്കുന്നേൽ പറയുന്നു.