ADVERTISEMENT

പാർവതി തിരുവോത്ത്, പദ്മപ്രിയ, നിത്യ മേനൻ, സയനോര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന വണ്ടർ വുമണിന്റെ ട്രെയിലർ എത്തി. സോണി ലിവ്വിലൂടെ നവംബർ 18നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നദിയ മൊയ്തു, അർച്ചന പത്മിനി, അമൃത സുഭാഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

 

2018ൽ പുറത്തിറങ്ങിയ കൂടെ എന്ന ചിത്രത്തിനു ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഗർഭിണികളായ ആറ് സ്ത്രീകൾ ഒരു ഗർഭകാല ക്‌ളാസിൽ പങ്കെടുക്കാനെത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പ്രസവത്തെ കുറിച്ച് അവർക്കോരോരുത്തർക്കും അവരവരുടേതായ ധാരണകളും ചോദ്യങ്ങളും ആശയക്കുഴപ്പങ്ങളും എല്ലാമുണ്ട്. അതിനുള്ള ഉത്തരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിനിടെ അവർ അവരെ തന്നെ കണ്ടെത്തുന്നു. അവരിൽ അന്തർലീനമായിരുന്ന പ്രശ്നങ്ങൾ തിരിച്ചറിയുന്നു.

 

സിനിമയെ കുറിച്ച് അഞ്ജലി മേനോൻ പറയുന്നത് ഇങ്ങനെയാണ്: 

 

“കുറെ സ്ത്രീകൾ ഒരുമിച്ച് നിൽക്കുകയും അവർക്കിടയിൽ സാഹോദര്യം ഉണ്ടാവുകയും ചെയ്യുമ്പോൾ, ആ കൂട്ടമാകെ ശക്തിപ്പെടുന്നത് പോലെ തന്നെ അതിലെ ഓരോ വ്യക്തിയും ഒരുപാട് വളരുന്നുണ്ട്. അത് ഞാൻ എന്റെ സ്വന്തം അനുഭവത്തിൽ നിന്ന് തിരിച്ചറിഞ്ഞതാണ്. ജീവിതത്തിന്റെ പല മേഖലകളിൽ നിന്ന് വരുന്ന വ്യത്യസ്തരായ കുറെ സ്ത്രീകൾക്കിടയിൽ ഉണ്ടാകുന്ന ഊഷ്മളായ ഒരു ബന്ധവും, അവരോരുത്തരും അവരുടെ ജീവിതത്തെ നേരിടുന്ന രസകരമായ രീതികളുമാണ് ഞാനീ സിനിമയിലൂടെ ആവിഷ്കരിക്കാൻ ശ്രമിച്ചിട്ടുള്ളത്. ഇക്കൂട്ടത്തിൽ ഈ രാജ്യത്തെ എല്ലാ സ്ത്രീകൾക്കും അവരുടെ സ്വന്തം ജീവിതത്തോട് സാമ്യം തോന്നുന്ന കഥാപാത്രങ്ങളുണ്ട്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളുണ്ട്. ഗർഭധാരണവും പുതിയ സൗഹൃദങ്ങളും അവരെ എങ്ങനെയാണ് മാറ്റിമറിക്കുന്നതെന്ന് ഈ സിനിമയിൽ കാണാം. നമ്മുടെ ഹൃദയത്തോട് ചേർത്ത് വെക്കാൻ കഴിയുന്ന ഒരു സിനിമയായിരിക്കും ഇത്. ഇതിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് ഞാൻ. പുതുമയുള്ള പ്രമേയങ്ങളും ആരും പ്രതീക്ഷിക്കാത്ത ആശയങ്ങളും ഏറ്റെടുക്കാൻ ഒരിക്കലും മടി കാണിച്ചിട്ടില്ലാത്ത ഒരു പ്ലാറ്റ്ഫോമാണ് സോണി ലിവ്. സോണി ലിവിലൂടെ തന്നെ ഈ സിനിമ ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ഞാൻ.”

 

ആർഎസ്‌വിപി ഫ്ലയിങ് യൂണികോൺ എന്റർടൈൻമെന്റും ലിറ്റിൽ ഫിലിം പ്രൊഡക്‌ഷൻസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഇംഗ്ലിഷിൽ അവതരിപ്പിച്ചിട്ടുള്ള ചിത്രത്തിൽ മലയാളം, ഹിന്ദി, മറാഠി, തമിഴ്, തെലുങ്ക്, കന്നഡ എന്നിവയുടെ അംശവും കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com