‘അജയന്റെ രണ്ടാം മോഷണം’ സെറ്റില് തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം
Mail This Article
ടൊവിനോ തോമസ് നായകനായെത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ സിനിമയുടെ ചീമേനി ലൊക്കേഷനിൽ തീപിടുത്തം. ഷൂട്ടിങ്ങിനായി ഒരുക്കിയ സെറ്റും വസ്തുവകകളും തീപിടുത്തിലൂടെ നശിച്ചു. ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്ന് പ്രൊഡക്‌ഷൻ കൺട്രോളർ പ്രിൻസ് റാഫേൽ വ്യക്തമാക്കുന്നു. ടൊവിനോ തോമസ് ഷൂട്ടിങ് പൂർത്തിയാക്കി മടങ്ങിയതിനു പിന്നാലെയാണ് അപകടം. അപ്രതീക്ഷിതമായി സംഭവിച്ച തീപിടുത്തം ചിത്രത്തിന്റെ തുടർന്നുള്ള ചിത്രീകരണത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.
കാസർകോട്ട് ഉൾപ്രദേശമാണ് ചീമേനി. അറുന്നൂറ് ഏക്കറിലധികം വ്യാപിച്ചു കിടക്കുന്ന പ്ലാന്റേഷനിലായിരുന്നു സെറ്റ് ഒരുക്കിയിരുന്നത്. അപ്രതീക്ഷിതമായുണ്ടായ കാട്ടുതീയാണ് അപകടത്തിന് കാരണം. തീപിടുത്തം ഉണ്ടാകുമ്പോൾ ഷൂട്ടിങ് നടക്കുകയായിരുന്നു. സുരഭി അടക്കമുള്ള അഭിനേതാക്കളും ലൊക്കേഷനിലുണ്ടായിരുന്നു. ശക്തമായ കാറ്റ് തീ പെട്ടന്ന് പടർന്നു പിടിക്കാൻ ഇടയാക്കി. ലൊക്കേഷനിൽ ആളുകളുണ്ടായതിനാൽ തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചു. വലിയ അപകടമാണ് ഇതുമൂലം ഒഴിവായത്.
ചിത്രീകരണം ആരംഭിച്ച് 112 ദിവസങ്ങൾ പിന്നിടുമ്പോളാണ് ഇങ്ങനെയൊരു അപകടം സംഭവിച്ചത്. 10 ദിവസത്തെ ഷൂട്ടിങ് കൂടിയെ ബാക്കിയുണ്ടായിരുന്നൊള്ളൂ.
ബിഗ് ബജറ്റ് ചിത്രമായ 'അജയന്റെ രണ്ടാം മോഷണം' ത്രീഡി ഉൾപ്പെടെ അഞ്ച് ഭാഷകളിലായിട്ടാണ് പുറത്തിറങ്ങുന്നത്. നവാഗതനായ ജിതിൻ ലാലാണ് ചിത്രത്തിന്റെ സംവിധായകൻ. യുജിഎം പ്രൊഡക്‌ഷൻസ്, മാജിക് ഫ്രെയിസ് എന്നിവയുടെ ബാനറുകളിൽ ഡോ. സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.