19(1)(a) മോസ്കോ രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക്
Mail This Article
ആന്റോ ജോസഫ് ഫിലിം കമ്പനി നിർമിച്ച്, നവാഗതയായ ഇന്ദു വി.എസ്. സംവിധാനം ചെയ്ത 19(1)(a) 2023 ഏപ്രിലിൽ നടക്കുന്ന നാൽപത്തിയഞ്ചാം മോസ്കോ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മത്സരേതര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പരിചിതവും പ്രാദേശികവുമായ ഒരു കഥാപരിസരത്തിലേക്കു സാമൂഹ്യ-രാഷ്ട്രീയ പ്രസക്തമായ ഒരു പ്രമേയം സ്ത്രീ പക്ഷ കോണിലൂടെ തീവ്രമായും തന്മയത്വത്തോടെയും ആവിഷ്കരിച്ച 19(1)(a) എന്ന ചിത്രം ഇക്കഴിഞ്ഞ IFFK യിൽ ഫിപ്രെസ്ക്കി പുരസ്‌കാരം നേടിയിരുന്നു. കേരളത്തിലെ ചെറുതും വലുതുമായ നിരവധി ചലച്ചിത്ര മേളകളിൽ ചിത്രം പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. നിത്യാ മേനനും വിജയ് സേതുപതിയുമാണ് ചിത്രത്തിൽ പ്രധാന േവഷങ്ങളിലെത്തിയത്.
‘‘കഥയുടെ പുതുമയിലും അതിന്റെ ചലച്ചിത്ര സാധ്യതകളിൽ നമ്മെ വിശ്വസിപ്പിക്കുന്ന സംവിധായികയോടും തോന്നുന്ന ആത്മവിശ്വാസത്തിലാണ് നമ്മൾ പല സിനിമകളും ഏറ്റെടുക്കുന്നത്. ആ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതും, ഈ ചിത്രത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാ പേർക്കും ലഭിക്കുന്ന അംഗീകാരവും കൂടിയാണ് മോസ്കോയിലേക്കുള്ള ചിത്രത്തിന്റെ ക്ഷണം’’–നിത്യാ മേനൻ പറഞ്ഞു.
2022 ജൂലൈയിൽ ഡിസ്നി ഹോട്സ്റ്റാർ ലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രത്തിന് ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര നിരൂപകരുടെ പ്രശംസ ലഭിച്ചിരുന്നു. "ആദ്യ ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യതയിൽ സന്തോഷവും അഭിമാനവും ഒപ്പം കൂടെ പ്രവർത്തിച്ച സാങ്കേതിക പ്രവർത്തകരോടും നിർമ്മാതാക്കളോടും അഭിനേതാക്കളോടും ഉള്ള നന്ദി കൂടി ഉള്ളിൽ നിറയുന്നുണ്ട്. എല്ലാത്തിലും ഉപരി, വീണ്ടും പുതിയ കാഴ്‌ചക്കാരിലേക്ക്, മോസ്‌കോ രാജ്യാന്തര ചലച്ചിത്രമേളയിലൂടെ സിനിമ എത്തുന്നു എന്നത് പ്രതീക്ഷ തരുന്ന കാര്യവുമാണ്". എന്ന് സംവിധായിക ഇന്ദു വി.എസ്. അഭിപ്രായപ്പെട്ടു.
ആന്റോ ജോസഫ് നിർമിച്ച മാലിക്, ടേക്ക് ഓഫ് തുടങ്ങിയ പല ചിത്രങ്ങളും ഇതിനു മുമ്പും വിഖ്യാത രാജ്യാന്തര ചലച്ചിത്ര മേളകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു