വാർ 2വിൽ ഹൃതിക് റോഷനൊപ്പം ജൂനിയൻ എൻടിആറും
Mail This Article
ഹൃതിക് റോഷനെ നായകനാക്കി യാഷ് രാജ് ഒരുക്കുന്ന സ്പൈ ത്രില്ലർ വാർ 2വിൽ ജൂനിയർ എൻടിആറും. പാൻ ഇന്ത്യൻ ലെവലിൽ ചിത്രത്തെ കൊണ്ടുവരാനുളള ശ്രമത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു കാസ്റ്റിങ് എന്ന് സിനിമാ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ജൂനിയർ എൻടിആറിന്റെ ബോളിവുഡ് എൻട്രി കൂടിയാകും വാർ 2. പഠാൻ ഒരുക്കിയ സിദ്ധാർഥ് ആനന്ദിന്റെ സംവിധാനത്തിൽ എത്തിയ 'വാർ', 2019ലെ ഏറ്റവും വലിയ കലക്‌ഷൻ നേടിയ ചിത്രം കൂടിയായിരുന്നു. മേജർ കബീർ എന്ന 'റോ ഏജന്റ്' ആയിരുന്നു ചിത്രത്തിൽ ഹൃത്വിക്. എന്നാൽ സീക്വൽ സംവിധാനം ചെയ്യുക അയൻ മുഖർജി ആണ്.
നിലവിൽ അണിയറയിലുള്ള ടൈഗർ 3–യുടെ കഥയിൽ നിന്നുള്ള സംഭവങ്ങളാകും പുതിയ ചിത്രത്തിന് ആധാരം. കത്രീന കൈഫ് - സൽമാൻ ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ 'ടൈഗർ' സീരീസ്, ഹൃത്വിക് റോഷൻ-ടൈഗർ ഷ്രോഫ് എന്നിവർ ഒന്നിച്ച 'വാർ', ഷാറുഖിന്റെ പഠാൻ എന്നിവ യാഷ് രാജ് സ്പൈ യൂണിവേഴ്സിന്റെ ഭാഗമാണ്. ഈ ചിത്രങ്ങളെയെല്ലാം കൂട്ടിയിണക്കുകയാണ് പുതിയ പദ്ധതി. ഇതോടെ സൽമാൻ ഖാൻ, ഹൃതിക് റോഷൻ, ഷാറുഖ് ഖാൻ തുടങ്ങി യൂണിവേഴ്സിന്റെ ഭാഗമായവർക്കെല്ലാം ഒന്നിച്ച് വരാനുള്ള കളമൊരുങ്ങുകയാണ്.
പഠാൻ വേഴ്സസ് ടൈഗർ എന്ന പേരിൽ ഷാറുഖിനെയും സൽമാനെയും പ്രധാനകഥാപാത്രങ്ങളാക്കി വമ്പൻ സിനിമയും യാഷ് രാജ് പദ്ധതിയിടുന്നുണ്ട്. ഇനി റിലീസിനൊരുങ്ങുന്ന ടൈഗർ 3യിൽ ഇമ്രാൻ ഹാഷ്മിയാണ് സൽമാൻ ഖാന്റെ വില്ലനായി എത്തുന്നത്.