ഈ സിനിമയ്ക്കും കാണികളുണ്ടെന്ന വിശ്വാസമാണ് എന്റെ പ്രതീക്ഷ: ശ്രുതി ശരണ്യം പറയുന്നു
Mail This Article
ശ്രുതി ശരണ്യം ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന ചലച്ചിത്രം 'ബി 32 മുതൽ 44 വരെ' ഇന്ന് പ്രദർശനത്തിനെത്തുന്നു. സാംസ്കാരിക വകുപ്പും ചലച്ചിത്ര വികസന കോർപ്പറേഷനും സംയുക്തമായാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ആറു സ്ത്രീകളുടെ കഥ പറയുന്ന ചിത്രം തികച്ചും ഒരു ഫൺ ഫിലിം ആണെന്ന് സംവിധായിക ശ്രുതി ശരണ്യം. റിലീസിന് തൊട്ടുമുമ്പുള്ള പ്രതീക്ഷയും ആശങ്കകളും സംവിധായിക മനോരമ ഓൺലൈനുമായി പങ്കുവച്ചു.
"ഒരുപാടു സ്ത്രീകളും കുറച്ചു പുരുഷന്മാരും ചേർന്നുള്ള ഒരു എളിയ ശ്രമമാണ് ഈ സിനിമ. ഇതിൽ വമ്പൻ താരനിരയോ വലിയ അവകാശവാദങ്ങളോ ഇല്ല. പ്രിയദർശൻ സാറിന്റെ പടം വരെ റിലീസിനുണ്ട്. അതിന്റെ ഇടയിൽ ബി 32 മുതൽ 44 വരെ എന്ന ചിത്രം ശ്രദ്ധിക്കാതെ പോകുമോ എന്നുള്ള പേടി തീർച്ചയായും ഉണ്ട്. പക്ഷേ, ഈ സിനിമയ്ക്കും കാണികളുണ്ടെന്ന വിശ്വാസമാണ് എന്റെ പ്രതീക്ഷ. ആ പ്രേക്ഷകരിലേക്ക് ഈ സിനിമ എത്തണമെന്നാണ് ആഗ്രഹം. അതിനുവേണ്ടിയാണ് ശക്തമായ ഓൺലൈൻ ക്യാംപയിൻ നടത്തിയതും. ആ പരിശ്രമങ്ങൾക്ക് അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ," ശ്രുതി പറഞ്ഞു.
സിനിമ അധിക ദിവസം തിയറ്ററിൽ പ്രദർശിപ്പിക്കപ്പെട്ടില്ലെങ്കിലോ എന്ന പേടി ഇപ്പോഴും ഉണ്ട്. സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പും കെ.എസ്.എഫ്.ഡി.സിയും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. അതിന്റെ ലക്ഷ്യം വലിയ ലാഭം ഉണ്ടാക്കൽ അല്ല. സ്ത്രീശാക്തീകരണമാണ് ലക്ഷ്യം വയ്ക്കുന്നത്. അപ്പുറത്ത് ലാഭം ഉണ്ടാക്കാനുള്ള ചിത്രങ്ങൾ ഇറങ്ങുമ്പോൾ ആളുകൾ തീർച്ചയായും കച്ചവടമൂല്യമുള്ള സിനിമയായിരിക്കും കാണാനായി തിരഞ്ഞെടുക്കുക.
ബി 32 മുതൽ 44 വരെ എന്നത് ഒരു ഫൺ ഫിലിം ആണ്. അതിനൊപ്പം അതിലൊരു രാഷ്ട്രീയമുണ്ട്. ഫൺ ഫിലിം ആണെന്നു പറയുമ്പോഴും അതു കാണാൻ പ്രേക്ഷകർ എത്തിയില്ലെങ്കിലോ എന്ന പേടി ഞങ്ങൾക്കുണ്ട്. ഒപ്പം ഇറങ്ങുന്ന പടങ്ങൾ വമ്പൻ ചിത്രങ്ങൾ ആയതുകൊണ്ടു തന്നെ ആശങ്കയുണ്ട്. ഫൺ ഫിലിം ഇഷ്ടപ്പെടുന്ന പ്രേക്ഷകരിലേക്ക് ചിത്രം എത്തിക്കുന്നതിനാണ് ഞങ്ങളുടെ പരിശ്രമങ്ങൾ, ശ്രുതി വ്യക്തമാക്കി.
"കൊച്ചി വനിത–വിനീത തിയറ്ററിലാണ് ഞാൻ സിനിമ കാണുന്നത്. അതിനു മുമ്പ് പിവിആറിൽ പോകുന്നുണ്ട്. അവിടെയെത്തി പ്രേക്ഷകരെ കാണും. വരൂ ഒരുമിച്ചു സിനിമ കാണാം", ശ്രുതി പറയുന്നു.