‘നായാട്ട്’ സെറ്റിൽ നിന്നു ലഭിച്ച നായക്കുട്ടി; ഇന്ന് സിനിമയിലെ നിറ സാന്നിധ്യം
Mail This Article
‘ഭീമന്റെ വഴി’യിലെ ജാക്ക് ദ് ജെന്റിൽമാനെ ഓർമയില്ലേ? ഗുലാൻ പോളിന്റെ സന്തത സഹചാരി. കുറച്ചു രംഗങ്ങളിലേ ജാക്ക് എന്ന നായ വരുന്നുള്ളൂവെങ്കിലും സിനിമ കണ്ടിറങ്ങിയവരുടെ മനസ്സിൽനിന്ന് ഒരിക്കലും ജാക്ക് ദ് ജെന്റിൽമാൻ എന്ന പേരും ആ മുഖവും മായില്ല. പിന്നീട് ജോ ആൻഡ് ജോ എന്ന സിനിമയിൽ വീരപ്പനായി ജാക്ക് എത്തി. സിനിമയുടെ ക്യാരക്ടർ പോസ്റ്ററിലും ജാക്ക് ഇടം നേടിയിരുന്നു. ഇപ്പോഴിതാ വീണ്ടും കലക്കനൊരു വേഷവുമായി പ്രേക്ഷകർക്കു മുമ്പിലെത്തുകയാണ് ജാക്ക്. കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന ‘എന്താടാ സജി’ എന്ന ചിത്രത്തിൽ നായിക നിവേദ തോമസിന്റെ വളർത്തു നായയാണ് ജാക്കിന്റെ കഥാപാത്രം.
സിനിമയിലേക്ക് വേണ്ടി മൃഗങ്ങളെ പരിശീലിപ്പിക്കുന്ന ഉണ്ണി വൈക്കമാണ് ജാക്കിന്റെ ഉടമസ്ഥൻ. ജാക്കിനെ തനിക്കു ലഭിച്ചതും സിനിമയിൽ നിന്നാണെന്നന് ഉണ്ണി പറയുന്നു. കുഞ്ചാക്കോ ബോബനും ജോജു ജോർജും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച നായാട്ട് എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നാണ് ജാക്കിനെ ഉണ്ണിക്കു ലഭിച്ചത്. ഷൂട്ടിങ് സ്ഥലത്ത് ജനിച്ച നായ്ക്കുട്ടിയെ ഉടമ ഉണ്ണിക്കു സമ്മാനിക്കുകയായിരുന്നു. വെളുത്ത മേനിയും ഒപ്പം കറുപ്പും ടാനും ചേര്‍ന്ന നിറവുമുള്ള ജാക്കിനെ അങ്ങനെ ഉണ്ണി ഒപ്പം കൂട്ടി. കുഞ്ചാക്കോ ബോബന്റെ തന്നെ ‘ഭീമന്റെ വഴി’ എന്ന ചിത്രത്തിലാണ് ജാക്ക് ആദ്യമായി അഭിനയിച്ചത്. അതും സ്വന്തം പേരിൽത്തന്നെ. ആ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഭീമന്റെ വഴിക്കു ശേഷം ജോ ആൻഡ് ജോയിലെ വീരപ്പൻ എന്ന കഥാപാത്രം പോസ്റ്ററിൽ മാത്രമല്ല പ്രേക്ഷകരുടെ മനസ്സിലും നിറഞ്ഞു നിന്നു. ഗോഡ്ഫി സേവ്യർ ബാബു സംവിധാനം ചെയ്യുന്ന എന്താടാ സജി എന്ന പുതിയ ചിത്രത്തിലും ശ്രദ്ധേയമായ വേഷമാണ് ജാക്കിനുള്ളത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇറങ്ങിയതു തന്നെ ജാക്കിന്റെ കഥാപാത്രത്തിന്റെ ചിത്രത്തിനൊപ്പമായിരുന്നു. സെന്റ് റോക്കി എന്ന പുണ്യാളനായിട്ടാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിലെത്തുന്നത്. അഗതികളുടെയും നായ്പ്രേമികളുടെയും പുണ്യാളൻ എന്നു പേരു കേട്ട വിശുദ്ധനാണ് ഫ്രാൻസിലെ സെന്റ് റോക്കി.
പുണ്യാളന്റെ ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം എപ്പോഴും ഒരു നായയേും കാണാം. ജാക്കിന്റെ കഥാപാത്രത്തിന് സിനിമയിൽ അത്രയും പ്രാധാന്യമുള്ള വേഷമാണെന്നാണ് സൂചന. തേർഡ് മർഡർ, ചട്ടമ്പി, വാമനൻ തുടങ്ങിയ സിനിമകളാണ് ജാക്കിന്റേതായി ഇനി ഇറങ്ങാനുള്ളത്