ADVERTISEMENT

നിർമാതാവ് പി.കെ.ആർ.പിള്ളയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ മോഹൻലാൽ. നടനെന്ന നിലയിലുള്ള തന്റെ വളർച്ചയ്ക്ക് അദ്ദേഹം നൽകിയ സ്നേഹവും പ്രോത്സാഹനവും പറഞ്ഞാൽ തീരാത്തത്ര പങ്കുവഹിച്ചിട്ടുണ്ടെന്ന് മോഹൻലാൽ കുറിക്കുന്നു. കാലം എന്നുമെന്നും ഓർക്കുന്ന നിരവധി നല്ല ചിത്രങ്ങൾ നിർമിച്ച് താനടക്കമുള്ള ഒട്ടേറെ കലാകാരന്മാരെ കൈപിടിച്ചുയർത്തിയ മനുഷ്യസ്നേഹി ആയിരുന്നു പി.കെ.ആർ.പിള്ളയെന്നും മോഹൻലാൽ പറഞ്ഞു.

‘‘എന്റെ ജ്യേഷ്ഠ തുല്യനായ പ്രിയപ്പെട്ട പിള്ളച്ചേട്ടൻ ഈ ലോകത്തോടg വിടപറഞ്ഞിരിക്കുന്നു. ‘മലൈക്കോട്ടൈ വാലിബൻ’ സിനിമയുമായി ബന്ധപ്പെട്ട് ചെന്നൈയിൽ ആയിരിക്കുന്ന സമയത്താണ് ഹൃദയഭേദകമായ ഈ വാർത്ത അറിഞ്ഞത്. പി.കെ.ആർ.പിള്ള എന്ന പേര് മലയാള സിനിമയുടെ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതപ്പെട്ടതാണ്. കാലം എന്നുമെന്നും ഓർക്കുന്ന നിരവധി നല്ല ചിത്രങ്ങൾ നിർമിച്ച് ഞാനടക്കമുള്ള ഒട്ടേറെ കലാകാരന്മാരെ കൈപിടിച്ചുയർത്തിയ മനുഷ്യസ്നേഹി. പിള്ളച്ചേട്ടനുമൊത്തുള്ള എത്രയെത്ര സ്നേഹനിമിഷങ്ങളാണ് ഈ നിമിഷം ഓർമയിലെത്തുന്നത്. നടനെന്ന നിലയിലുള്ള എന്റെ വളർച്ചയ്ക്ക് പിള്ളച്ചേട്ടൻ നൽകിയ സ്നേഹവും പ്രോത്സാഹനവും പറഞ്ഞാൽ തീരാത്തത്ര വലിയ പങ്കുവഹിച്ചിട്ടുണ്ട്. മലയാള സിനിമയിലെ ആ വലിയ വ്യക്തിത്വത്തിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.’’ – മോഹൻലാൽ പറയുന്നു

ഒരു കാലത്ത് മലയാള സിനിമയിലെ അഭിമാനമായിരുന്ന ഷിര്‍ദ്ദിസായി ക്രിയേഷന്‍സിന്റെ സാരഥിയായിരുന്നു പിള്ള. ആ ബാനറില്‍ ഒരുക്കിയ പ്രശ്‌സ്ത സിനിമകളിലൊന്നാണ് ‘ചിത്രം’. മലയാള സിനിമാചരിത്രത്തിലാദ്യമായി ഒരു തിയറ്ററില്‍ 365 ദിവസം പ്രദര്‍ശനം നടത്തിയ ചിത്രം അതുവരെയുള്ള സകല റെക്കോർഡുകളും ഭേദിച്ചു.

‘ചിത്രം’ സിനിമയുടെ നൂറാം ദിവസം ആഘോഷിക്കുന്ന വേളയിൽ മോഹന്‍ലാലിന് ഒരു പുതുപുത്തന്‍ മാരുതിക്കാര്‍ സമ്മാനിച്ചാണ് പി.കെ.ആര്‍. പിള്ള സന്തോഷം പങ്കിട്ടത്. പത്തു പവന്റെ ഒരു സ്വര്‍ണ കീചെയിന്‍ കൂടി അദ്ദേഹം മോഹൻലാലിനു സമ്മാനിച്ചു. സംവിധായകന്‍ പ്രിയദര്‍ശന് അദ്ദേഹമൊരു അംബാസഡര്‍ കാറാണ് നല്‍കിയത്. നായികയായ രഞ്ജിനിക്ക് അന്നത്തെ കാലത്ത് 75000 രൂപയോളം വില വരുന്ന ടിവിയും വിസിആറുമാണ് സമ്മാനിച്ചത്.

എൺപതുകളിൽ മോഹൻലാലിനെ നായകനാക്കി പിള്ള നിർമിച്ച സിനിമകൾ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ പട്ടികയിലുണ്ട്. ചിത്രം എന്ന സിനിമ നിർമാതാവ് എന്ന നിലയിൽ പിള്ളയുടെ തലവര മാറ്റിക്കുറിച്ചു. പിന്നാലെ വന്ദനം, അർഹത, കിഴക്കുണരും പക്ഷി, അഹം തുടങ്ങിയ ചിത്രങ്ങളും പുറത്തുവന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com