പീഡന കേസിൽ ചലച്ചിത്ര താരം ജയസൂര്യയ്ക്ക് കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം ലഭിച്ചു. എന്നാൽ നടൻ സിദ്ദിഖിന് ജാമ്യം നിഷേധിക്കപ്പെട്ടു, മാത്രവുമല്ല അറസ്റ്റിനും തീരുമാനമായി. നടൻ മുകേഷിനെയാണെങ്കിൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. എന്നാൽ, സിദ്ദിഖിന്റെ അറസ്റ്റ് വൈകിക്കേണ്ടെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. ഏതാനും ദിവസം മുൻപാണ് ജയസൂര്യക്കെതിരായ രണ്ട് മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി തീർപ്പാക്കിയത്. ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചതിനെ തുടർന്നായിരുന്നു ഇത്. കന്റോണ്മെന്റ്, കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത കേസുകളിലാണ് മുൻകൂർ ജാമ്യാപേക്ഷ തേടി ജയസൂര്യ ഹൈക്കോടതിയെ സമീപിച്ചത്. 2013ൽ തൊടുപുഴയിലെ ഷൂട്ടിങ് സെറ്റിൽ വച്ച് തന്നെ കടന്നുപിടിച്ചെന്ന നടിയുടെ പരാതിയിലായിരുന്നു കേസ്. സ്ത്രീത്വത്തെ അപമാനിക്കൽ കുറ്റം ചുമത്തിയായിരുന്നു കേസെടുത്തത്. ഇത് ജാമ്യം ലഭിക്കാവുന്ന കുറ്റമായതിനാൽത്തന്നെ യുഎസിലായിരുന്ന ജയസൂര്യ തിരികെയെത്തിയപ്പോൾ നടപടിയൊന്നുമുണ്ടായതുമില്ല. സമാനമായ നീക്കംതന്നെ നടനും എംഎൽഎയുമായ മുകേഷിനു നേരെയുമുണ്ടായി. എന്നാൽ അഡി. സെഷന്‍സ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിടുകയായിരുന്നു. വടക്കാഞ്ചേരി പോലീസും മരട് പോലീസും റജിസ്റ്റർ ചെയ്ത രണ്ട് കേസുകളാണ് മുകേഷിനെതിരെയുള്ളത്. ആലുവ സ്വദേശിയായ യുവതിയാണ് മുകേഷ്, മണിയന്‍പിള്ള രാജു, അഡ്വ. ചന്ദ്രശേഖര്‍ അടക്കമുള്ള 7 പേർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി ഉന്നയിച്ചത്. 2009ലായിരുന്നു കേസിനാസ്പദമായ സംഭവം. 13 വർഷം മുൻപ് സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ സ്റ്റാർ ഹോട്ടലിൽ താമസിക്കുന്നതിനിടയിൽ മുകേഷ് മോശമായി പെരുമാറിയെന്ന പരാതിയാണ് മറ്റൊരു യുവതി മുകേഷിനെതിരെ നൽകിയത്. ഇതിന്റെയെല്ലാം ചൂടാറും മുൻപേയാണ് നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. വിഷയം അറസ്റ്റിലേക്ക് നീങ്ങുകയും ചെയ്തു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com