ജീവനറ്റ്, സ്വകാര്യഭാഗങ്ങൾ മുറിച്ചുമാറ്റപ്പെട്ട കുട്ടികൾ; യുവതികളെ കൊന്ന് രക്തപൂജ; ശാപമേറ്റ നിധി മറഞ്ഞ ‘മൻവത് മർഡേഴ്സ്’
Mail This Article
1972 നവംബർ 14. മഹാരാഷ്ട്രയിലെ ഒരു കൊച്ചു ഗ്രാമത്തിൽ ഉച്ചനേരത്ത് പശുക്കളെ നോക്കാനിറങ്ങിയ 11 വയസ്സുകാരി ഗയാബായിയെ ദുരൂഹ സാഹചര്യത്തിൽ കാണാതാവുന്നത് അന്നാണ്. ഗ്രാമമൊട്ടാകെ അവളെ തിരഞ്ഞിറങ്ങിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല. രാപകലുകൾ നീണ്ട തിരച്ചിലുകൾക്കൊടുവിൽ ജീവനറ്റ്, സ്വകാര്യഭാഗങ്ങൾ മുറിച്ചുമാറ്റപ്പെട്ട നിലയിൽ രണ്ടു ദിവസത്തിനുശേഷം അവളുടെ മൃതദേഹം കണ്ടെത്തി. പട്ടാപ്പകൽ പെൺകുട്ടികൾ അപ്രത്യക്ഷരാവുന്നതിന്റെ തുടക്കം മാത്രമായിരുന്നു അത്. പുറത്തിറങ്ങാൻ ജനങ്ങൾ പേടിച്ചു. പുറത്തുനിന്നൊരാളും ആ ഗ്രാമത്തിലേക്ക് വരാതായി. 1972 മുതൽ 1974 വരെ നീണ്ടു നിന്നു ആ കൊലപാതക പരമ്പര. ദുരൂഹമായ കൊലകൾക്ക് പിന്നിലെ കാരണമറിയാതെ പൊലീസ് കുഴങ്ങി. സംശയങ്ങൾ പലർക്കു നേരെയും നീണ്ടെങ്കിലും തെളിവുകളുടെ അഭാവം അന്വേഷണത്തെ വഴിമുട്ടിച്ചു. കൊലകൾ നടന്ന് 5 പതിറ്റാണ്ട് പൂർത്തിയായെങ്കിലും ദുരൂഹമായി കൊല്ലപ്പെട്ട ആ പെൺകുട്ടികൾ ഗ്രാമം വിട്ടുപോയിട്ടില്ലെന്ന് അവിടെയുള്ളവർ ഇന്നും വിശ്വസിക്കുന്നു. മഹാരാഷ്ട്രയിലെ മന്‍വത് എന്ന ഗ്രാമത്തിന് കുപ്രസിദ്ധി നേടിക്കൊടുത്ത ആ കൊലകൾക്ക് പിന്നിൽ ആരായിരുന്നു? കുറ്റക്കാരെ കോടതി എങ്ങനെ പിടികൂടി, അവർക്ക് എന്തു ശിക്ഷ ലഭിച്ചു? ആ കഥയാണിത്.