മാധ്യമവിദ്യാർഥികൾ മനുഷ്യരുമായി ഗാഢ ബന്ധം പുലർത്തുക: മഹേഷ് നാരായണൻ
Mail This Article
ഇന്നത്തെ മാധ്യമ വിദ്യാർഥികൾ നിർമിത ബുദ്ധിയിലും നൂതന സാങ്കേതിക വിദ്യകളിലും എത്ര പ്രാവീണ്യം നേടിയാലും മനുഷ്യനുമായും ജീവിത പരിസരങ്ങളുമായും ഗാഢബന്ധം പുലർത്തുന്നില്ലെങ്കിൽ അവരിൽ നിന്ന് അർഥവത്തായ സൃഷ്ടികൾ പ്രതീക്ഷിക്കാനാകില്ലെന്ന് സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണൻ. തൃശൂർ ചേതന കോളജ് ഓഫ് മീഡിയ ആൻഡ് പെർഫോമിങ് ആർട്ട്സ്, ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച "വിദ്യാരംഭ" പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിവേഗം മാറി വരുന്ന മാധ്യമ സാങ്കേതിക വിദ്യകളുടെയും പ്രേക്ഷക അഭിരുചികളുടെയും പശ്ചാത്തലത്തിൽ പുതിയ തലമുറയിൽ നിന്ന് പുതിയ ശൈലിയും ഭാവുകത്വവുമുള്ള സിനിമകൾ പ്രതീക്ഷിക്കുന്നു. പക്ഷെ അതിനു പ്രാപ്തരാകണമെങ്കിൽ വിദ്യാർഥികൾ സാമൂഹ്യമാധ്യമവലയങ്ങളിൽ മാത്രം സ്വയം തളച്ചിടാതെ, സമൂഹത്തിലെക്കിറങ്ങി സാധാരണ മനുഷ്യരുടെ ജീവിത സാഹചര്യങ്ങൾ നിരീക്ഷിക്കുകയും ആ പാഠങ്ങളിൽ നിന്ന് തിരക്കഥകൾ മെനഞ്ഞെടുക്കുകയും വേണം. എഡിറ്റിങ്, തിരക്കഥ, ഛായാഗ്രഹണം, സംവിധാനം, പരസ്യചിത്ര നിർമാണം തുടങ്ങി മാധ്യമരംഗത്തു ബഹുമുഖ പ്രതിഭ തെളിയിച്ച മഹേഷ് നാരായണൻ ഇനി വരുന്ന കാലങ്ങളിൽ ഓരോ മാധ്യമ വിദ്യാർഥിയും അതിർത്തികൾ തിരിക്കാതെ വിവിധ സാങ്കേതിക-സർഗാത്മക മേഖലകളിൽ ഒരേ സമയം നൈപുണ്യം നേടേണ്ടതുണ്ട് എന്ന് വിദ്യാർത്ഥികളെ ഉദ്‌ബോധിപ്പിച്ചു.
കോളജ് പ്രിൻസിപ്പൽ ഫാദർ ബെന്നി ബെനഡിക്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ, കോളജ് ഡയറക്ടർ ഫാദർ ഫ്രാൻസിസ് കുരിശേരി, വൈസ് പ്രിൻസിപ്പൽ ഡോക്ടർ കൃഷ്ണദാസ്, കോളേജ് യൂണിയൻ ചെയർമാൻ മഹാദേവൻ അനിൽകുമാർ എന്നിവർ സംസാരിച്ചു. ഔദ്യോഗിക ചടങ്ങുകൾക്കു ശേഷം മഹേഷ് നാരായണൻ നയിച്ച `മാസ്റ്റർ ക്ലാസ്', സർഗ സംവാദം എന്നിവ നടന്നു.