നാടകം സിനിമയാകുന്ന ഒരത്ഭുതം: വിനയ് ഫോർട്ടിന്റെ ‘ആട്ടം’ സിനിമയെ പ്രശംസിച്ച് മധുപാൽ
Mail This Article
വിനയ് ഫോർട്ട് പ്രധാന വേഷത്തിലെത്തുന്ന ‘ആട്ടം’ സിനിമയ്ക്ക് അഭിനന്ദനവുമായി നടനും സംവിധായകനുമായ മധുപാൽ. നാടകം സിനിമയാകുന്നു ഒരത്ഭുതമാണ് ആട്ടം എന്നാണ് മധുപാൽ പറയുന്നത്. പരിചിതമായ വഴി അപരിചിതമായി മാറുന്ന ഒരനുഭവമായിരുന്നു ആട്ടം കണ്ടപ്പോൾ ഉണ്ടായത് എന്നും മധുപാൽ പറയുന്നു.
‘‘ആട്ടം സിനിമ കണ്ടു. നാടകം സിനിമയാകുന്ന ഒരത്ഭുതം ഉണ്ട്. ഒരു റാഷാമോൺ ഫീൽ. കഥയുടെ വഴികൾ പ്രേക്ഷകർ കണ്ടു തന്നെ അനുഭവിക്കട്ടെ. അഭിനയിച്ചവർ, എല്ലാവർക്കും അഭിനന്ദനങ്ങൾ. ഷാജോൺ, വിനയ് ഫോർട്ട് ഗംഭീരം ആക്കിയിരിക്കുന്നു. ശരീരവും ശബ്ദവും കഥാപാത്രങ്ങളുടെ ഊർജമാക്കിയിരിക്കുന്നു. പരിചിതം എന്ന് തോന്നിയ വഴി അപരിചിതമായി മാറുന്ന അത്ഭുതം ആണ് ആട്ടം. ആനന്ദിനും സംഗീതസംവിധായകനും കൂട്ടർക്കും അഭിനന്ദനങ്ങൾ.’’–മധുപാൽ പറഞ്ഞു.
നവാഗതനായ ആനന്ദ് ഏകര്‍ഷി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ആട്ടം. സെറിൻ ഷിഹാബ് ആണ് നായിക. കലാഭവൻ ഷാജോണും നന്ദൻ ഉണ്ണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ഒന്‍പത് പുതുമുഖ താരങ്ങൾ ചിത്രത്തില്‍ അണിനിരക്കുന്ന ചിത്രം ചേംബര്‍ ഡ്രാമ വിഭാഗത്തിലായാണ് ഒരുക്കിയിരിക്കുന്നത്. ആഴത്തിലുള്ള ഒരു പ്രമേയത്തെ സാന്ദർഭികമായി ചുരുളഴിച്ച് കൊണ്ടുവരുന്ന രീതിയിലാണ് ചിത്രത്തിന്റെ പ്രമേയം.
രസകരമായ സസ്പെൻസുകളും സിനിമയുടെ ആകർഷണമാണ്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡോ.അജിത് ജോയ് ആണ് സിനിമയുടെ നിര്‍മാണം. നാഷനൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ ഫിലിം ബസാർ ജൂറി രാജ്യാന്തര ഡലിഗേറ്റുകൾക്കായി തിരഞ്ഞെടുത്ത ഇരുപത് ചിത്രങ്ങളുടെ പട്ടികയിൽ ആട്ടം ഇടംപിടിച്ചിട്ടുണ്ട്.