ADVERTISEMENT

ചെന്നൈ എഗ്‌മോറിലെ രാജാമുത്തയ്യ ഹാളിനു പുറത്തു കൂടി പോയവർ ആ വലിയ കട്ടൗട്ടിലേക്ക് ഒന്നു കൂടി തിരിഞ്ഞുനോക്കി.പലർക്കും വിശ്വാസം വരുന്നില്ല.അടുത്തു വന്നു നോക്കിയപ്പോൾ ഒന്ന് ഞെട്ടി. തമിഴകം പല തവണ കണ്ടിട്ടുള്ള സിനിമ പോസ്റ്ററിലെ അതേ രൂപം.വെളുത്ത ഷർട്ടും പാന്റ്സും ബെൽറ്റും ഷൂസുമണിഞ്ഞ് കെ.ടി. കുഞ്ഞുമോന്റെ വലിയ കട്ടൗട്ട്. പോസ്റ്ററിലെ എഴുത്ത് ഇങ്ങനെ : ബിഗ് പ്രൊഡ്യൂസർ കെ.ടി.കുഞ്ഞുമോൻ വിൻ. 1993 ൽ ഷങ്കർ തരംഗമാക്കിയ ജെന്റിൽമാൻ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പൂജയാണ് ചടങ്ങ്. സമയം രാവിലെ 10 മണി. തന്റെ ചുവന്ന പജീറോയിൽ കുഞ്ഞുമോനെത്തുമ്പോൾ ഹാളിൽ ജെന്റിൽമാനിലെ ഗാനം...‘‘ഒട്ടകത്തെ കെട്ടിക്കോ...’’ .റഹ്മാന്റ സംഗീതത്തിന്റെ റിഥം നിറഞ്ഞു നിൽക്കുന്ന ഹാളിലേക്ക് അതിഥികൾ ഓരോരുത്തരായി വരുന്നു.പല വർണങ്ങളുള്ള പീലികളുള്ള മയിലിന്റെ ചിത്രങ്ങൾ കുഞ്ഞുമോന്റെ ഷർട്ടിൽ തിളങ്ങി നിൽക്കുന്നു.

ajaykumar

 

‘‘ സിനിമ ആത്യാന്തികമായി പ്രേക്ഷകർക്ക് നഷ്ടമാകരുത് എന്ന വിശ്വാസമാണ് എന്നെ നയിക്കുന്നത്.പ്രേക്ഷകന് പടം കണ്ട് കാശുപോയി എന്നു തോന്നിയാൽ പിന്നെ കാര്യമില്ല.സിനിമ പ്രേക്ഷകർ എങ്ങനെ ഇഷ്ടപ്പെടുന്നുവെന്ന് മനസ്സിലാക്കാൻ വിതരണക്കാരനെന്ന നിലയിൽ എനിക്ക് കഴിഞ്ഞു.ആ പരിചയ സമ്പത്തിലാണ് നിർമാണ രംഗത്തേക്ക് കടന്നത്.സിനിമയിൽ ഞാനൊരു വലിയ ആൽമരമായിരുന്നു.പലരും ആൽമരത്തിന്റെ തണലുതേടിയെത്തി.അവിടെ വളർന്നു.മരമല്ലേ ചിലപ്പോൾ വെയിൽ വരും.ഇലകൾ കൊഴിയും.അപ്പോൾ തണൽപറ്റി നിന്നവർ അകന്നുപോകും.തന്റെ  സിനിമയിലൂടെ വളർന്നു വലുതായവർ മറ്റു സിനിമകളുടെ കമ്മിറ്റ്മെന്റിലായപ്പോൾ പണ്ട് ചെയ്തതുപോലെ പുതുതാരങ്ങളെ വച്ച് അത്ഭുതങ്ങൾ സൃഷ്ടിക്കാമെന്ന് പ്രതീക്ഷയോടെയാണ് ജെന്റിൽമാൻ–2 ചെയ്യുന്നത്.നല്ല ടെക്നീഷ്യൻസിനെ വച്ചാൽ നല്ല സിനിമ ചെയ്യാൻ കഴിയുമെന്ന തന്റെ പ്രതീക്ഷ തെറ്റിയിട്ടില്ല ’’– കുഞ്ഞുമോൻ ആമുഖ പ്രസംഗത്തിൽ വ്യക്തമാക്കി.

sithara

 

keeravani-3

സിനിമ ചെയ്യാൻ മൂലധനമോ പൊരുളോ അല്ല ധൈര്യമാണ് വലുതെന്ന് കാണിച്ചു തന്ന നിർമാതാവാണ് കെ.ടി.കുഞ്ഞുമോനെന്ന് വൈരമുത്തുവിന്റെ വാക്കുകൾ സദസ്സ് കയ്യടിയോടെ സ്വീകരിച്ചു.‘ചെണ്ടുമല്ലി രണ്ടു രൂപ നീ ചൂടി വന്നാൽ കോടി രൂപ ’ എന്നെഴുതിയ വൈരമുത്തുവിന്റെ വാക്കുകൾ സദസ്സിനെ കയ്യിലെടുത്തു.ഈ ചിത്രത്തിനായി 3 പാട്ടുകൾ നൽകിക്കഴിഞ്ഞെന്നും ഇനിയും 3 പാട്ടുകൾ കൂടി നൽകുമെന്നും വൈരമുത്തു വ്യക്തമാക്കി.

 

ഓസ്കർ അവാർഡ് നേടിയ സംഗീതസംവിധായകൻ കീരവാണിയെ ചടങ്ങിൽ ആദരിച്ചു. 3000 റോസാപ്പൂക്കൾ കോർത്ത മാല കെ.ടി.കുഞ്ഞുമോൻ കീരവാണിയെ അണിയിച്ചപ്പോൾ എബി കുഞ്ഞുമോൻ പൊന്നാട ചാർത്തി.

 

കുഞ്ഞുമോന്റെ മുഖവും മീശയും പൊലീസുകാരന്റേതാണെന്നും തന്നെ കണ്ടപാടെ അറസ്റ്റ്  ചെയ്ത് അദ്ദേഹം ഹൃദയത്തിലാക്കിയെന്നും കീരവാണി പറഞ്ഞു.തെലുങ്കനാണെങ്കിലും  തമിഴന്റെ ആത്മാവാണ് തനിക്കെന്ന് കീരവാണി വ്യക്തമാക്കി. കീരവാണിയുടെ സംഗീതത്തിൽ വൈരമുത്തുവിന്റെ ഒരു ഗാനം ചിത്രീകരിക്കാൻ  8 കോടി വരെ ബജറ്റായാലും അത്ഭുതപ്പെടേണ്ടെന്ന് കുഞ്ഞുമോൻ ചൂണ്ടിക്കാട്ടി.

 

വേദിയിലേക്ക് സംവിധായകൻ ഗോകുൽകൃഷ്ണക്കൊപ്പം പുതുമുഖ നായകൻ ചേതൻ് ചീനുവെത്തി.വിഷ്ണുവർധന്റെ മുൻ അസോഷ്യേറ്റായിരുന്നു ഗോകുൽ. മലയാളത്തിന്റെ ബാലതാരമായി വളർന്ന നയൻതാര ചക്രവർത്തിയും പ്രിയലാലുമാണ് നായികമാർ. സിതാര,പ്രാചിതെഹ്‍ലാൻ,സുമൻ തുടങ്ങി മലയാളിക്ക് പരിചിതമായ താരനിരയും വേദിയിലെത്തി.തോട്ടാതരണി,തപസ് നായിക്,അജയൻവിൻസെന്റ്  തുടങ്ങി ചിത്രത്തിന്റെ അണിയറപ്രവർത്തകരും ചടങ്ങിനെത്തി.കേന്ദ്രമന്ത്രി എൽ.മുരുകൻ,രവികൊട്ടാരക്കര,ജപ്പാൻ കോൺസുലേറ്റ് ജനറൽ താഗാ മസയൂക്കി,ബംഗ്ലദേശ് ഡപ്യൂട്ടി കമ്മിഷണർ ആരിഫുർ റഹ്മാൻ,ഗോകുലം ബൈജു,ലൈക തമിഴ് കുമരൻ,കെ.രാജൻ തുടങ്ങിയവർ ചടങ്ങിൽ ആശംസകളർപ്പിച്ചു.സെപ്റ്റംബറിൽ ചിത്രീകരണമാരംഭിക്കുന്ന ചിത്രം അടുത്ത വർഷം മലയാളമുൾപ്പെടെ 5 ഭാഷകളിൽ പ്രദർശനത്തിനെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com