കരിയർ അവസാനിച്ചുവെന്നു വരെ പറഞ്ഞു; വിശാലിന്റെ ആദ്യ 100 കോടി ചിത്രമായി ‘മാർക്ക് ആന്റണി’
Mail This Article
നടൻ വിശാലിന്റെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രമായി മാർക്ക് ആന്റണി. സെപ്റ്റംബർ 15ന് തിയറ്ററുകളിലെത്തിയ ചിത്രം 11 ദിവസം കൊണ്ടാണ് നൂറു കോടി ക്ലബ്ബിെലത്തിയത്. തുടർച്ചയായി പരാജയങ്ങൾ രുചിച്ച വിശാലിന്റെ കരിയറിന് ഈ ചിത്രം നൽകിയത് പുതിയൊരു ഉയർത്തെഴുന്നേൽപ്പാണ്. പലരും വിശാലിന്റെ കരിയർ അവസാനിച്ചുവെന്നു വരെ പറയുകയുണ്ടായി.
നടന്റേതായി ഇതിനു മുമ്പിറങ്ങിയ ലാത്തി, വീരമേ വാഗൈ സൂടും, എനിമി എന്നീ സിനിമകൾ ബോക്സ്ഓഫിസിൽ ശ്രദ്ധിക്കപ്പെട്ടില്ല. ചക്ര എന്ന ചിത്രം മാത്രമാണ് ഈ മൂന്ന് വർഷങ്ങൾക്കിടയിൽ ലാഭമുണ്ടാക്കിയ ഏക സിനിമ. ‘മാർക്ക് ആന്റണി’യിലൂടെ ശക്തമായ തിരിച്ചുവരവാണ് വിശാൽ നടത്തിയിരിക്കുന്നത്.
രജനികാന്ത് നായകനായ ജയിലറിനു ശേഷം തമിഴിലെ അടുത്ത ഹിറ്റാണ് ‘മാർക്ക് ആന്റണി’. ആദിക് രവിചന്ദ്രനാണ് ഈ ടൈം ട്രാവൽ ഗ്യാങ്സ്റ്റർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിശാലിനൊപ്പം എസ്.ജെ.സൂര്യയുടെ പ്രകടനവും സിനിമയുടെ കരുത്തായി.
ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെടുത്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് കേരളത്തില്‍ നിന്നും ചിത്രത്തിനു ലഭിക്കുന്നത്.
ഛായാഗ്രഹണം അഭിനന്ദൻ രാമാനുജം. സംഗീതം ജി.വി.പ്രകാശ് കുമാർ. സുനിൽ, സെൽവരാഘവൻ, ഋതുവർമ, എ.ജി.മഹേന്ദ്രൻ, നിഴൽഗൾ രവി, റെഡിൻ കിങ്സ്‌ലി എന്നിവരും മാർക്ക് ആന്റണിയിൽ വേഷമിടുന്നു.