ADVERTISEMENT

കണ്ണൂർ സ്ക്വാഡ് സിനിമയുടെ ആദ്യ ഷോ കഴിഞ്ഞു പുറത്തിറങ്ങിയ ‍ഡോ. റോണി അനുജൻ റോബിയുടെ തോളിലേക്ക് കരഞ്ഞുകൊണ്ടാണ് ചാഞ്ഞത്. വലിയൊരു കാത്തിരിപ്പിന്റെ മുഹൂർത്തമായിരുന്നു സഹോദരങ്ങൾക്ക് ആ ഫസ്റ്റ്ഷോ. ഡോ.റോണി ഡേവിഡ് രാജ് മലയാളിക്ക് വർഷങ്ങളായി പരിചിതനായ നടനാണ്. ഈ സിനിമയിൽ റോണി ഡബിൾ റോളിലാണ്. കൂട്ടുകാരൻ മുഹമ്മദ് ഷാഫിക്കൊപ്പം കണ്ണൂർ സ്ക്വാഡിന്റെ തിരക്കഥയെഴുതിയത് റോണിയാണ്. ഒപ്പം സ്ക്വാഡിലെ പ്രധാന പൊലീസുകാരിലൊരാളായ ജയന്റെ വേഷവും. ചിത്രം സംവിധാനം ചെയ്തത് റോണിയുടെ അനുജൻ റോബി.

 

മമ്മൂട്ടിയുടെ കഥാപാത്രമായ എഎസ്ഐ ജോർജ് മാത്തന്റെ നിഴൽപോലെ നിൽക്കുന്നവരാണ് ചിത്രത്തിൽ ജയനും ജോസും (അസീസ് നെടുമങ്ങാട് ) ഷാഫിയും (ശബരീഷ്). മലയാള മനോരമ വാർഷിക പതിപ്പിൽ കണ്ണൂർ സ്ക്വാഡ് എന്ന പേരിൽ വന്ന ഫീച്ചറാണ് സിനിമയിലേക്കു വഴിയൊരുക്കിയത്.

 

പതിനഞ്ചു വർഷത്തിലേറെയായി ഡോ.റോണി മലയാള സിനിമയിൽ സജീവമാണ്. ആനന്ദത്തിലെ ചാക്കോമാഷ്, ഹെലനിലെ ജയശങ്കർ, 2018 ലെ കുറുക്കൻ ക്ലീറ്റസ് തുടങ്ങി കഥാപാത്രങ്ങളെ തിരിച്ചറിയുന്നവർ പോലും റോണിയുടെ പേരു പലപ്പോഴും മറന്നുപോയി. ആ മറവികളെയെല്ലാം മായ്ക്കുന്നതാണ് കണ്ണൂർ സ്ക്വാഡിന്റെ വിജയം.

 

സിനിമ നൽകിയ പരാജയത്തിൽ ഉലഞ്ഞുപോയ കുടുംബത്തിൽ നിന്നാണു റോണിയും റോബിയും സിനിമയിലെത്തുന്നത്. മമ്മൂട്ടി നായകനായ ‘മഹായാനം’ 1989 ൽ നിർമിച്ചത് ഇവരുടെ പിതാവ് കുന്നംകുളം സ്വദേശി സി.ടി.രാജനാണ്. വലിയ നിരൂപക പ്രശംസ നേടിയ ലോഹിതദാസ് തിരക്കഥയിൽ  പിറവിയെടുത്ത  ജോഷി ചിത്രം പക്ഷേ നിർമാതാവിനു സമ്മാനിച്ചത് നഷ്ടങ്ങളാണ്. ഹണി പ്രൊഡക്‌ഷൻസ് ബാനറിലാണു സിനിമ നിർമിച്ചർ. ആദ്യം ജനിക്കുന്ന പെൺകുഞ്ഞിനിടാൻ അമ്മ കണ്ടുവച്ച പേരായിരുന്നു അത്.

 

താമസിച്ച വീടും നിർമിച്ചുകൊണ്ടിരുന്ന പുതിയ വീടും വിറ്റു രാജനും കുടുംബവും പാലക്കാട്ടേക്ക് കൂടുമാറി. റോണിയുടെ അമ്മയ്ക്ക് അവിടെ സർക്കാർ ജോലിയുള്ളതുകൊണ്ട് പിടിച്ചു നിന്നു. കുന്നംകുളം താവൂസ് തിയറ്റർ ഉടമയായ രാജന് സിനിമ ജീവനായിരുന്നു. എന്നാൽ താങ്ങാനാവുന്നതിലും വലിയ പരാജയം വന്നപ്പോൾ സിനിമയിൽ നിന്ന് പൂർണമായും രാജൻ പിൻവാങ്ങി. മക്കൾ സിനിമയുടെ വഴിയിൽ നടക്കരുതെന്നാഗ്രഹിച്ച പിതാവ് റോണിയെ എംബിബിഎസിനും റോബിയെ എൻജിനീയറിങ്ങിനും ചേർത്തു. കോഴ്സ് കഴിഞ്ഞ് പ്രാക്ടീസും സിനിമയും ഒന്നിച്ചു കൊണ്ടുപോവുകയായിരുന്നു റോണി. രണ്ടു തോണിയിലുള്ള യാത്രയിൽ ഒരിടത്തും എത്തില്ലെന്ന തിരിച്ചറിവിലാണ് റോണി പ്രാക്ടീസ് ഉപേക്ഷിച്ചത്. 

 

‘‘ റോബി എൻജിനീയറിങ് കഴിഞ്ഞ് സോഹോയിലാണ് ജോലി ചെയ്തിരുന്നത്. വൈകാതെ അവൻ ജോലി വിട്ടു. രാജീവ് മേനോന്റെ മൈൻഡ് സ്ക്രീൻ അക്കാദമിയിൽ നിന്ന് സിനിമറ്റോഗ്രഫി പഠിച്ചു. മംഗൾ പാണ്ഡെ എന്ന ചിത്രത്തിൽ സഹായിയായി ജോലി ചെയ്തു. മുംബൈയിൽ തന്നെ താമസം. ഒരു ദിവസം ഞാൻ മുംബൈയിൽ അവന്റെ വീട്ടിൽ ചെന്നു. നോക്കുമ്പോൾ കാര്യങ്ങൾ അത്ര പന്തിയല്ല. ചെറിയൊരു വീട്ടിൽ നിന്നുതിരിയാനിടമില്ലാതെ കഴിയുന്നു. അന്നു കൂടെക്കൂട്ടി വന്നു ക്യാമറാമൻ ജോമോന്റെ കൂടെ നിർത്തി. ‘ചാർലി’യുടെ സെക്കൻഡ് യൂണിറ്റ് ക്യാമറ ചെയ്തത് റോബിയാണ്. എ.കെ.സാജന്റെ മമ്മൂട്ടി സിനിമ പുതിയനിയമത്തിൽ ആദ്യമായി സ്വതന്ത്രമായി ക്യാമറ ചെയ്തു. തുടർന്നു വെള്ളം, ക്യാപ്റ്റൻ, ജോൺലൂഥർ, ലവ് ആക്‌ഷൻ ഡ്രാമ തുടങ്ങിയ സിനിമകൾ ചെയ്തു. ’’–റോണി പറഞ്ഞു.

 

നാലര വർഷത്തെ കാത്തിരിപ്പിന് വിജയമണി മുഴങ്ങി. തിയറ്ററിൽ ആളും ആരവവും നിറയുന്നു.ആദ്യ ഷോ കഴിഞ്ഞ് റോണി ആദ്യം വിളിച്ചത് അച്ഛനെയാണ്. ‘ പപ്പാ നമ്മൾ സിനിമയെ തിരിച്ചു പിടിച്ചു ’’ എന്നു പറയാൻ....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com