25 സെക്കൻഡിനിടെ 31 വെടിയുണ്ടകൾ; എമർജൻസി ഗേറ്റ് തുറക്കാൻ പോലും വൈകി; ‘എന്നിട്ടും പൊരുതി’ ആ അഞ്ച് മണിക്കൂർ!
Mail This Article
ഡൽഹി സഫ്ദർജങ്ങിലെ ഒന്നാം നമ്പർ വീട്. ആദ്യമുറിയുടെ ചുമരിൽ മലയാള മനോരമയുടേത് ഉൾപ്പെടെ പത്രത്താളുകൾ പതിച്ചിരിക്കുന്നു. അതിലെ വാർത്തകളിലുള്ളത് ഇന്ദിരാകാലത്തിന്റെ ഓർമകളാണ്. ഇന്നേക്കു കൃത്യം 40 വർഷം മുൻപ്, 1984 ഒക്ടോബർ 31, ബുധനാഴ്ച. ഈ വീട്ടിലിരുന്നു പതിവുപോലെ പത്രം വായിച്ച ഇന്ദിരാഗാന്ധിയുടെ ജീവിതത്തിലെ ദുരന്തപര്യവസായിയായി മാറിയ ദിനം. ഹിന്ദി, ഇംഗ്ലിഷ് പത്രങ്ങൾ ഒന്നോടിച്ചു നോക്കി വായിക്കുന്നത് അവരുടെ ശീലമായിരുന്നു. മരണദിവസവും അതു മുടങ്ങിയില്ല. തലേന്നത്തെ തിരക്കിട്ട പരിപാടികളുടെയും യാത്രയുടെയും ക്ഷീണമുണ്ടായിട്ടും ഇന്ദിര തീരെ ഉറങ്ങിയില്ല. ദീർഘകാലമായി ഒപ്പമുള്ള സഹായി നാഥുറാം ചായയുമായി വന്നു. തലേദിവസം, ഒക്ടോബർ 30: കോൺഗ്രസ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലാണ്. ഇളയമകൻ സഞ്ജയ് ഗാന്ധിയുടെ വിയോഗത്തോടെ പാർട്ടിയുടെ മുഖ്യധാരയിലേക്കു വന്ന രാജീവ് ഗാന്ധി ബംഗാളിൽ രാഷ്ട്രീയ റാലികളിൽ പങ്കെടുക്കുന്നു. ഇന്ദിര ഒറീസ(ഒഡീഷ)യിൽ. അവിടെ ഭുവനേശ്വറിൽ പ്രസംഗിക്കുമ്പോൾ ജയ് വിളിച്ച് ആയിരങ്ങൾ. പല കോണുകളിലുംനിന്ന് തനിക്കെതിരെ ഉയരുന്ന എതിർപ്പുകൾ സൂചിപ്പിച്ച് ഇന്ദിര പറഞ്ഞു: ‘ഇന്നു ഞാനിവിടെയുണ്ട്. നാളെ ഉണ്ടാകണമെന്നില്ല. ജീവിതം മുഴുവൻ ജനങ്ങളെ സേവിച്ചുവെന്നതിൽ അഭിമാനിക്കുന്നു. രാജ്യസേവനത്തിന്റെ പേരിൽ ജീവൻ നഷ്ടമാകുന്നതിനെ ഭയക്കുന്നില്ല. ഇന്നു മരിച്ചാൽ, എന്റെ ഓരോ തുള്ളി ചോരയും രാജ്യത്തിനു വീര്യം പകരും’