‘ബിലാൽ പഴയ ബിലാൽ തന്നെ’യെന്ന് വി.കെ. പ്രശാന്ത്; മമ്മൂട്ടി ചിത്രം വൈറൽ
Mail This Article
മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മുടി വെട്ടിയൊതുക്കി താടിയെടുത്ത് സ്റ്റൈലിഷ് ഗെറ്റപ്പിലാണ് മമ്മൂട്ടിയെ കാണാനാകുക. ‘‘ബിലാൽ പഴയ ബിലാൽ തന്നെ’’ എന്നായിരുന്നു എംഎൽഎ വി.കെ. പ്രശാന്ത് ഈ ചിത്രം പങ്കുവച്ച് കുറിച്ചത്. വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് മമ്മൂട്ടിയുടെ ഈ ലുക്കെന്നാണ് ആരാധകരുടെ കണ്ടെത്തൽ. മിഥുൻ മാനുവൽ തോമസ് ആണ് തിരക്കഥ എഴുതുന്നത്. മിഥുനും മമ്മൂട്ടിയുടെ പുതിയ ലുക്ക് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
അതേസമയം കണ്ണൂർ സ്ക്വാഡിന്റെ വമ്പൻ വിജയത്തിനുശേഷം സിനിമയിൽ നിന്നൊരു ചെറിയ ഇടവേള എടുത്ത് വിദേശത്ത് അവധി ആഘോഷിക്കാൻ പോകുകയാണ് മമ്മൂട്ടി. ഒക്ടോബർ അവസാനത്തോടെ യാത്ര പൂർത്തിയാക്കി മമ്മൂട്ടി തിരികെയെത്തും.
ഇതിനുശേഷമാകും വൈശാഖ് ചിത്രത്തിൽ ജോയിൻ ചെയ്യുക. അച്ചായന്റെ വേഷത്തിലാകും മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. സിനിമയുടെ മറ്റു വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പുറത്തുവിട്ടേക്കും.