വഹീദ റഹ്മാൻ എന്ന സൗന്ദര്യ താരകം; 63 വർഷങ്ങൾക്കു മുമ്പും ലക്ഷങ്ങൾ പ്രതിഫലം
Mail This Article
ഇക്കഴിഞ്ഞ സെപ്റ്റംബർ 26 ന് ആയിരുന്നു ഇന്ത്യൻ സിനിമയിലെ അതുല്യ പ്രതിഭയായിരുന്ന ദേവ് ആനന്ദിന്റെ നൂറാം ജന്മവാർഷികം. അതിനോടനുബന്ധിച്ച് മുംബൈയിൽ നടന്ന ഒരു പരിപാടിയിൽ ശ്രദ്ധാകേന്ദ്രമായത് അദ്ദേഹത്തോടൊപ്പം നിരവധി ഹിറ്റ് ചിത്രങ്ങളിൽ ജോഡിയായി അഭിനയിച്ച പഴയ കാല സൂപ്പർ താരം വഹീദ റഹ്മാന്റെ സാന്നിധ്യമായിരുന്നു. ദേവ് ആനന്ദിനെ അനുസ്മരിച്ചും ഹിറ്റ് ചിത്രങ്ങളുടെ പിന്നിലെ കഥകൾ പറഞ്ഞും അവർ വളരെ ഉത്സാഹവതിയായിട്ടാണ് ചടങ്ങിൽ സംബന്ധിച്ചത്. അൽപം കൗതുകകരമായി തോന്നാം, തന്റെ പ്രിയ സഹപ്രവർത്തകന്റെ നൂറാം ജന്മദിനത്തിൽ തന്നെയാണ് ചലച്ചിത്ര മേഖലയിലെ രാജ്യത്തെ ഏറ്റവും ഉയർന്ന ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് വഹീദയെ തേടിയെത്തിയതും.
1960 കളുടെ ആരംഭത്തിൽ ബോളിവുഡിൽ ഉദിച്ചുയർന്ന വഹീദ റഹ്മാൻ എന്ന സൗന്ദര്യ താരകത്തെ ഇന്നത്തെ തലമുറയ്ക്ക് അത്ര പരിചയമുണ്ടാകാനിടയില്ല. എന്നാൽ പഴയ തലമുറയിലെ സിനിമാപ്രേമികൾക്ക് ആ പേരും വശ്യതയാർന്ന മുഖവും രൂപവും നൃത്തവൈഭവവും ഒരിക്കലും മറക്കുവാൻ സാധിക്കില്ല. ബ്ലാക്ക് ആൻഡ് വൈറ്റ് യുഗത്തിൽനിന്ന് കളർ സ്‌ക്രീനിലേക്കുള്ള ഹിന്ദി സിനിമയുടെ പരിവർത്തനത്തിൽ ചലച്ചിത്രാസ്വാദനത്തിന് മാറ്റു കൂട്ടുന്നതിൽ മുഖ്യപങ്ക് വഹിച്ചവരിൽ വഹീദയുടെ പേര് എടുത്തു പറയേണ്ടി വരും. ദേവ് ആനന്ദിനു പുറമേ മറ്റ് മുൻനിര താരങ്ങളായ ഗുരു ദത്ത്, രാജ് കപൂർ, ദിലീപ് കുമാർ എന്നിവരുടെയല്ലാം ക്ലാസിക് ചിത്രങ്ങളിൽ അവിസ്മരണീയ അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച വഹീദ റഹ്മാന് ചലച്ചിത്ര രംഗത്തു നിന്ന് ഒരിക്കലും റിട്ടയർ ചെയ്യേണ്ടി വന്നിട്ടില്ല. .
രണ്ടു വർഷം മുൻപ് തന്റെ എൺപത്തിയഞ്ചാം വയസ്സിൽ മകൾ കാഷ്‌വി രേഖിയോടൊത്ത് വഹീദ റഹ്മാൻ ആൻഡമാൻ നിക്കോബാർ ദ്വീപിൽ സ്‌നോർകെലിങ് നടത്തുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ചെറുപ്പത്തിന്റെ ചുറുചുറുക്കുമായി ചുറ്റുന്ന 'സന്ദൂർ മമ്മി'യെ ഓർമപ്പെടുത്തി ‘സന്ദൂർ ഗ്രാൻഡ്-മാ’ എന്നൊരു വിളിപ്പേരും ഇതോടെ ആരാധകർ അവർക്കു നൽകി. ബോളിവുഡിലെ എക്കാലത്തെയും വലിയ താരറാണിമാരിൽ പ്രമുഖ എന്ന പദവിക്കപ്പുറം വഹീദ റഹ്മാനെ വേറിട്ട് നിർത്തുന്ന പ്രധാന ഘടകങ്ങളാണ് ആരെയും കൂസാത്ത പ്രകൃതവും വ്യത്യസ്തമായ ജീവിത രീതിയും. ആദ്യ ചിത്രത്തിൽ അഭിനയിക്കാൻ വന്നപ്പോൾത്തന്നെ വസ്ത്രധാരണ ശൈലിയുൾപ്പടെയുള്ള കാര്യത്തിൽ കടുത്ത നിലപാടുകളെടുത്തു കൊണ്ട് അവർ വേറിട്ടു നിന്നു.
അത്തരം വിഷയങ്ങളിൽ ശക്തമായ നിലപാട് കൈക്കൊണ്ട രാജ്യത്തെ ആദ്യ താരമായിരിക്കാം വഹീദ റഹ്‌മാൻ. പൊതു വേദികളിൽ പ്രത്യക്ഷപ്പെടുമ്പോൾ ലുക്കിൽ ഏറെ ശ്രദ്ധ പുലർത്തുന്ന താരങ്ങളിൽനിന്ന് വ്യത്യസ്തയാണ് വഹീദ. നരച്ച തലമുടി ഡൈ ചെയ്യാതെ കൊണ്ടുനടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അധികം മേക്കപ്പില്ലാതെ ടിവി അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുക, ആഡംബര പാർട്ടികളിൽനിന്ന് മാറി നിൽക്കുക എന്നിങ്ങനെ ബോളിവുഡിന് അപരിചിതമായ രീതികളായിരുന്നു അവരുടേത്. എന്നാൽ വേഷത്തിലും ഭാവത്തിലും ആരെയും ആകർഷിക്കുന്ന കുലീനത്വം എപ്പോഴും കാത്തു സൂക്ഷിച്ചു. സിനിമയിലും വ്യക്തിജീവിതത്തിലും തികച്ചും വ്യത്യസ്തമായ രീതി പിന്തുടർന്ന അവരുടെ ജീവിത കഥ ഏറെ രസകരമാണ്.
സമ്പന്നവും കുലീനവുമായ ഒരു കുടുംബത്തിലാണ് വഹീദ റഹ്മാൻ ജനിച്ചതും വളർന്നതും. അച്ഛൻ മുഹമ്മദ് അബ്‌ദുർ റഹ്മാൻ സ്വാതന്ത്ര്യലബ്‌ധിക്കു മുൻപ് ഇന്നത്തെ ഐഎഎസിനു തത്തുല്യമായ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം മദ്രാസ് പ്രൊവിഡൻസിനു കീഴിലുള്ള മേഖലകളിൽ ജില്ലാ അഡ്മിസ്ട്രേറ്റർ ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. മുഹമ്മദ് - മുംതാസ് ബീഗം ദമ്പതികൾക്ക് 4 പെൺമക്കൾ ആയിരുന്നു. ഇതിൽ ഏറ്റവും ഇളയവളായ വഹീദ ജനിച്ചത് 1936 ഫെബ്രുവരി നാലാം തീയതി ചെന്നൈയ്ക്ക് അടുത്തുള്ള ചെങ്കൽപ്പെട്ട് ഗ്രാമത്തിലാണ്. ജോലി സംബന്ധമായി പിതാവിന് നിരന്തരം ട്രാൻസ്ഫറുകൾ വന്നുകൊണ്ടിരുന്നതിനാൽ പല സ്ഥലങ്ങളിലായിരുന്നു വഹീദയുടെ കുട്ടിക്കാലം. കുറച്ചുകാലം കേരളത്തിലും മുഹമ്മദ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. വളരെ പുരോഗമന ചിന്താഗതി വച്ചു പുലർത്തിയിരുന്നവരായിരുന്നു വഹീദയുടെ മാതാപിതാക്കൾ. മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ നൽകുന്നതിനൊപ്പം തന്നെ കുട്ടികളുടെ കലാപരമായ അഭിരുചികളും അവർ പ്രോത്സാഹിപ്പിച്ചിരുന്നു.
യാഥാസ്ഥിക ചിന്താഗതിക്കാരായ ചില ബന്ധുക്കളുടെ എതിർപ്പുകളെ മറികടന്നു കൊണ്ട് വഹീദയ്ക്കും ഒരു സഹോദരിക്കും ഭരതനാട്യം അഭ്യസിക്കുവാൻ അവർ അവസരമൊരുക്കി കൊടുത്തു.
സ്വതന്ത്ര ഇന്ത്യ രൂപപ്പെട്ട ശേഷം വഹീദയുടെ പിതാവ് മുഹമമ്മദ് വിശാഖപട്ടണം ജില്ലാ അഡ്മിനിസ്ട്രേറ്റർ ആയി സേവനമനുഷ്ഠിച്ചു വരുന്ന സമയത്താണ് അന്നത്തെ ഗവർണർ ജനറലായിരുന്നു സി. രാജഗോപാലാചാരി ഔദ്യോഗിക സന്ദർശനത്തിനായി അവിടെയെത്തുന്നത്. ഗവർണറുടെ സ്വീകരണത്തിന്റെ ഭാഗമായുള്ള ഒരു കലാപരിപാടിയിൽ വഹീദയുടേയും സഹോദരിയുടേയും നൃത്തപരിപാടി കൂടി സഹപ്രവർത്തകരുടെ നിർബന്ധത്തിനു വഴങ്ങി മുഹമ്മദിന് ഉൾപ്പെടുത്തേണ്ടി വന്നു. നൃത്തം ചെയ്യുന്ന കുട്ടികളുടെ പേരുകൾ ശ്രദ്ധിച്ച രാജഗോപാലാചാരി പുരോഗമന ചിന്താഗതിക്കാരായ വഹീദയുടെ മാതാപിതാക്കളെ പ്രത്യേകമായി അഭിനന്ദിക്കുകയും കുട്ടികൾക്ക് ചെറിയ പാരിതോഷികം സമ്മാനിക്കുകയും ചെയ്‌തു. ആദ്യമായി ഒരു പൊതുവേദിയിൽ നിന്ന് കിട്ടിയ ഈ ചെറിയ അംഗീകാരം വഹീദയെ ഒരുപാടു സന്തോഷിപ്പിച്ചു.
സമൂഹത്തിലെ ആദരണീയ വ്യക്തികൾ പോലും കലാകാരന്മാരെ പ്രത്യേകമായി ആദരിക്കുന്നത് അവർക്ക് ഒരു പുതിയ അനുഭവം ആയിരുന്നു. ഇതിനിടയിൽ, രോഗബാധിതനായ വഹീദയുടെ പിതാവ് മുഹമ്മദ് അകാലത്തിൽ മരണമടഞ്ഞതോടെ കുടുംബം ചെറിയൊരു പ്രതിസന്ധി നേരിട്ടു. കൂടുതലൊന്നും ആലോചിക്കാൻ നിൽക്കാതെ മാതാവ് മുംതാസ് മൂത്ത മൂന്നു മക്കളുടെയും വിവാഹം നടത്തി അവരെ സുരക്ഷിതരാക്കി. മുഹമ്മദിന്റെ ഒരു അടുത്ത സുഹൃത്താണ് വഹീദയെ ഒരു സിനിമയിലെ നൃത്തരംഗത്തിൽ അഭിനയിക്കാനായി ആദ്യമായി സമീപിക്കുന്നത്. വിവാഹാലോചനകളിൽനിന്ന് രക്ഷപ്പെടാൻ അവസരം നോക്കിയിരുന്ന വഹീദ ഈ സിനിമാ ഓഫറിനോട് അനുകൂലമായി പ്രതികരിച്ചു.
1955 ൽ പുറത്തിറങ്ങിയ "റോജലു മാരായി" എന്ന തെലുങ്ക് ചിത്രത്തിലെ വഹീദയുടെ നൃത്ത രംഗം ഏറെ ശ്രദ്ധിക്കപ്പെടുകയും ആന്ധ്രയിലുടനീളം തരംഗമായി മാറുകയും ചെയ്‌തു. നൃത്തം ശാത്രീയമായി അഭ്യസിച്ച വഹീദയുടെ ചലച്ചിത്ര രംഗത്തേക്കുള്ള അരങ്ങേറ്റം അങ്ങനെ ശ്രദ്ധേയമായി മാറുമെന്ന് കുടുംബാംഗങ്ങൾ പോലും കരുതിയിരുന്നില്ല. 'റോജലു മാരായി' എന്നതിന് തെലുങ്കിൽ 'ദിനങ്ങൾ മാറുന്നു' എന്നാണ് അർഥം. ചിത്രത്തിന്റെ പേര് അന്വർഥമാക്കി, ബോളിവുഡിന്റെ തലപ്പത്തേക്കുള്ള അവരുടെ ജൈത്രയാത്ര അവിടെ തുടങ്ങുകയായിരുന്നു
പ്രശസ്ത ഹിന്ദി നടനും സംവിധായകനുമായ ഗുരു ദത്ത് ജോലി സംബന്ധമായ ചില കാര്യങ്ങൾക്കായി ഹൈദരാബാദിൽ വന്നപ്പോഴാണ് ഈ ചിത്രത്തിന്റെ ആഘോഷ പരിപാടികൾ നടക്കുന്നത്. ചിത്രം കണ്ട ഗുരുദത്തിന് വഹീദയുടെ നൃത്തരംഗം ഏറെ ഇഷ്ടമായി. വഹീദക്ക് ഉറുദു - ഹിന്ദി ഭാഷകളും വശമുണ്ടെന്ന കാര്യം മനസ്സിലാക്കിയ അദ്ദേഹം അവരെ നേരിൽ കാണുകയും തന്റെ പുതിയ ചിത്രത്തിലെ നായികാ കഥാപാത്രം ചെയ്യാനായി ക്ഷണിക്കുകയും ചെയ്തു. ആദ്യ ചിത്രത്തിലെ നൃത്തരംഗത്തിന്റെ പിന്തുടർച്ചയെന്നോണം അതേ വർഷം നിർമാണത്തിലായിരുന്ന ചില തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ നൃത്ത രംഗങ്ങളിൽ മാത്രമായി അവർ പ്രത്യക്ഷപ്പെടുകയും ചെയ്‌തു. 1956 ൽ ഗുരു ദത്ത് നിർമിച്ച് ദേവ് ആനന്ദ് നായക വേഷത്തിലെത്തിയ 'സിഐഡി' ആയിരുന്നു അവരുടെ ആദ്യ ഹിന്ദി ചിത്രം. അതും അൽപ്പം നെഗറ്റീവ് ഷെയ്‌ഡ് ഉള്ള ഒരു കഥാപാത്രം.
ബോളിവുഡിലെ ആദ്യ ചിത്രത്തിൽ അഭിനയിക്കനെത്തിയ വഹീദ ചില നിബന്ധനകൾ മുന്നോട്ടു വച്ചത് സംവിധായകൻ രാജ് ഖോസ്‌ലയെ ശരിക്കും ചൊടിപ്പിച്ചു. കഥാപാത്രത്തിന്റെ വസ്ത്രധാരണ ശൈലി തിരഞ്ഞെടുക്കുവാനുള്ള അവകാശം തനിക്കണെന്നും അനുയോജ്യമായ വസ്ത്രങ്ങൾ മാത്രമേ ധരിക്കുകയുള്ളൂ എന്നുമുള്ള വഹീദയുടെ നിലപാടായിരുന്നു പ്രശ്‌നങ്ങൾക്ക് കാരണമായത്. മാത്രമല്ല കോൾ ഷീറ്റ് രേഖകളിൽ അത് എഴുതി ചേർത്ത ശേഷം മാത്രമാണ് അവർ അഭിനയിക്കാൻ തയാറായത്. അതുപോലെ നിർമാതാക്കളുടെ മറ്റൊരു നിർദ്ദേശം വഹീദയെ ചൊടിപ്പിച്ചു. 'വഹീദ' എന്ന പേരിനു പകരം അൽപം ആകർഷകമായ മറ്റൊരു സ്ക്രീൻ നെയിം തിരഞ്ഞെടുക്കണമെന്ന അവരുടെ ആവിശ്യം വഹീദ തള്ളിക്കളഞ്ഞു. മാതാപിതാക്കൾ തനിക്കിട്ട പേരിൽ നിന്ന് ഒരക്ഷരം പോലും മാറ്റാൻ അനുവദിക്കില്ലെന്ന് അവർ മറുപടി നൽകി.
വഹീദ നിലപാട് കടുപ്പിച്ചതോടെ നിർമാതാക്കൾ ആ ഉദ്യമത്തിൽ നിന്ന് പിന്മാറി . എന്നാൽ 'സിഐഡി' നല്ല വിജയമായതോടെ ഇവർക്കിടയിൽ ഉണ്ടായ പ്രശ്ങ്ങളുടെ മഞ്ഞുരുകി. തുടർ ചിത്രത്തിലും വഹീദയെ ഉൾപ്പെടുത്തുവാൻ ഗുരുദത്ത് തയാറായി. അദ്ദേഹം തന്നെ നായക വേഷത്തിലെത്തിയ ‘പ്യാസാ’ (1957) എന്ന ആ ചിത്രവും വലിയ വിജയം നേടി . ഇതിലും നെഗറ്റീവ് കഥാപാത്രമായി തോന്നിപ്പിക്കുന്ന ഒരു ലൈംഗികത്തൊഴിലാളിയുടെ വേഷത്തിലാണ് വഹീദ അഭിനയിച്ചത്. ഈ ചിത്രത്തിലെ "ജാനേ ക്യാ തു നെ കഹി" എന്ന ഗാനം അക്കാലത്തെ വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു.
തൊട്ടു പിന്നാലെ രാജ് ഖോസ്‌ലയുടെ സംവിധാനത്തിൽ ദേവ് ആനന്ദ് നായകനായി വേഷമിട്ട "സോലാഹ് സാൽ" (1958) എന്ന ഹാസ്യ ചിത്രവും വലിയ സാമ്പത്തിക വിജയം നേടി. അങ്ങനെ തന്റെ ഇരുപതാം വയസിൽ, ഹിന്ദിയിൽ വെറും 4 ചിത്രങ്ങൾ പൂർത്തിയായപ്പോഴേക്കും വഹീദ റഹ്മാൻ ബോളിവുഡിലെ ഏറ്റവും വിലപിടിച്ച താരമായി മാറിക്കഴിഞ്ഞിരുന്നു. വൈജയന്തി മാല, മധുബാല, നൂതൻ, മീന കുമാരി, നർഗീസ് എന്നിങ്ങനെ വൻ താരങ്ങൾ അടക്കിവാണിരുന്ന ബോളിവുഡിലേക്കുള്ള ആ അതിവേഗ കുതിപ്പ് ഏവരെയും അമ്പരപ്പിച്ചു.
1960 - 1970 കാലഘട്ടത്തിൽ ഒട്ടേറെ വമ്പൻ ഹിറ്റ് ചിത്രങ്ങളിൽ അവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഈ കാലയളവിൽ സ്ഥിരം ഹിറ്റ് ജോഡി ആയിരുന്ന ദേവ് ആനന്ദിനു പുറമെ രാജ് കപൂർ, ദിലീപ് കുമാർ, സുനിൽ ദത്ത്, രാജേഷ് ഖന്ന, രാജ് കുമാർ, സഞ്ജീവ് കുമാർ, ധർമ്മേന്ദ്ര, ശശി കപൂർ എന്നിവരോടൊപ്പമെല്ലാം അഭിനയിച്ചു കൊണ്ട് വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചെടുത്തു. എന്നിരുന്നാലും വഹീദ റഹ്‌മാൻ രാജ്യമെങ്ങും അറിയപ്പെടുന്ന ഒരു വലിയ താരമായി മാറിയത് 1965 ൽ പുറത്തിറങ്ങിയ 'ഗൈഡ്' എന്ന ചിത്രത്തിലൂടെയാണ് ആർ.കെ.നാരായണന്റെ കഥയെ ആസ്‌പദമാക്കി ദേവ് ആനന്ദിന്റെ സഹോദരൻ വിജയ് ആനന്ദ് സംവിധാനം ചെയ്‌ത ഈ ചിത്രത്തിലെ 'റോസി' എന്ന കഥാപാത്രത്തെ സിനിമാപ്രേമികൾ പെട്ടെന്നങ്ങനെ മറക്കാനിടയില്ല. ദേവ് ആനന്ദ് നായക വേഷത്തിലെത്തിയ ഈ ചിത്രം അതിമനോഹര ഗാനങ്ങളാൽ സമ്പന്നമാണ്.
രാജ്യത്തെ ആദ്യ സിനിമാസ്കോപ്പ് ചിത്രമായ 'കാഗസ് കി ഫൂലി' ൽ ഗുരു ദത്തിന്റെ നായികാ കഥാപാത്രമായി എത്തിയതും മറ്റാരുമായിരുന്നില്ല. തുടർന്നങ്ങോട്ട് ചെറുതും വലുതുമായ ഒട്ടേറെ ഹിറ്റുകളിലൂടെ അവർ ജൈത്രയാത്ര തുടർന്നു. ഗ്ലാമർ റോളുകളോട് എപ്പോഴും വിമുഖത പുലർത്തിയിരുന്ന അവർ കഥാപാത്രത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് മൂന്ന് ചിത്രങ്ങളിൽ അൽപ്പം ഗ്ലാമറസായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്; 'ഗൈഡ്', 'നീൽ കമൽ', 'രാം ഔർ ശ്യാം' എന്നിവയായിരുന്നു ആ ചിത്രങ്ങൾ സത്യജിത് റേയുടെ ചിത്രത്തിൽ നായികാ വേഷമണിയാൻ ഭാഗ്യം ലഭിച്ച ചുരുക്കം ചില ബോളിവുഡ് നായികമാരിൽ ഒരാളായിരുന്നു വഹീദ. 1962 ൽ പുറത്തിറങ്ങിയ 'അഭിജാൻ' എന്ന ചിത്രത്തിലൂടെയായിരുന്നു ബംഗാളിയിലേക്കുള്ള അവരുടെ അരങ്ങേറ്റം.
1972 ൽ പുറത്തിറങ്ങിയ "ത്രിസന്ധ്യ" എന്ന ചിത്രത്തിലൂടെ മലയാളത്തിലും അവർ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഉറൂബിന്റെ കഥയെ ആസ്പദമാക്കി ജോൺ അബ്രഹാമും രാജ് മാർബ്രോസും സംവിധാനം ചെയ്‌ത ഈ ചിത്രം ബോളിവുഡ് -നാടക വിഷയമാണ് പ്രതിപാദിച്ചത്. സാധാരണ വലിയ താരങ്ങൾ തങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ച് മനസ്സ് തുറക്കാറില്ല. എന്നാൽ നടൻ അനുപം ഖേറുമായുള്ള ഒരഭിമുഖത്തിൽ അവർ ഇക്കാര്യങ്ങൾ കൂസലില്ലാതെ വെളിപ്പെടുത്തിയിട്ടുണ്ട്.. ആദ്യ ചിത്രത്തിന് 2,500 രൂപ പ്രതിഫലം കൈപ്പറ്റിയ അവർ 1960 കളുടെ മധ്യമായപ്പോഴേക്കും ഒരു ചിത്രത്തിന് 7 മുതൽ 10 ലക്ഷം രൂപ വരെ പ്രതിഫലം കൈപ്പറ്റുന്ന ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നായികമാരുടെ ഗണത്തിലേക്ക് ഉയർന്നു കഴിഞ്ഞിരുന്നു.
ഹിന്ദി സിനിമാപ്രേമികൾക്ക് ചില പഴയകാല സൂപ്പർ ഹിറ്റ് ഗാനങ്ങൾ കേൾക്കുമ്പോൾ വഹീദയുടെ മുഖമായിരിക്കും മനസ്സിൽ തെളിഞ്ഞു വരിക.' ജാനേ ക്യാ തു നെ കഹി' (പ്യാസ - 1957), 'ചൗധവിൻ കാ ചാന്ദ്' (ചൗധവിൻ കാ ചാന്ദ്- 1960), 'ആജ് ഫിർ ജീന കി തമന്നാ ഹൈ' (ഗൈഡ് - 1965) 'ഗാഥാ രഹെ മേരെ ദിൽ' (ഗൈഡ് - 1965) 'രംഗീലരേ' (പ്രേം പൂജാരി - 1972) എന്നിങ്ങനെ വഹീദയുടെ സാന്നിധ്യത്തിലൂടെ അനശ്വരമായി തീർന്ന ഈ ഗാനങ്ങൾ ഇന്നും യുട്യൂബിൽ ആരാധകരെ രസിപ്പിക്കുന്നു. 1960 ൽ പുറത്തിറങ്ങിയ 'ചൗധവിൻ കാ ചാന്ദ്' എന്ന ചിത്രത്തിൽ വഹീദ പ്രത്യക്ഷപ്പെടുന്ന "വഖ്ത്ത് നെ കിയ ക്യാ" എന്ന ഗാന രംഗത്തിന്റെ ലൈറ്റിങ് പാറ്റേണും ചിത്രീകരണ ശൈലിയും പിൽകാലത്ത് ഫിലിം സ്കൂളുകളിൽ പഠന വിഷയമായി തിരഞ്ഞെടുക്കപ്പെട്ടു
ബോളിവുഡിൽ മാറ്റത്തിന്റെ കാറ്റ് വീശിയടിച്ച 1970 കളുടെ മധ്യ കാലം മുതൽ അവർ ക്യാരക്ടർ റോളുകളിലേക്ക് മാറി തുടങ്ങിയിരുന്നു. അതിലും ശ്രദ്ധേയമായ വേഷങ്ങൾ തന്നെ തിരഞ്ഞെടുക്കുന്നതിൽ വഹീദ മിടുക്ക് കാട്ടി. കഭി കഭി (1976), ത്രിശൂൽ (1978), നമക് ഹലാൽ (1980), കൂലി (1983), സണ്ണി (1984), ചാന്ദ്നി (1989), ലംഹേ (1991), ദീപ മേഹ്തയുടെ 'വാട്ടർ' (2005), അപർണ സെൻ സംവിധാനം ചെയ്‌ത '15 പാർക്ക് അവന്യൂ' (2005), ആമിർ ഖാന്റെ 'രംഗ് ദെ ബസന്തി' (2006), 'ഡൽഹി 6' (2009), കമൽ ഹാസന്റെ 'വിശ്വരൂപം-2' (2018) എന്നിവയാണ് അവരുടെ ശ്രദ്ധേയമായ മറ്റ് ചിത്രങ്ങൾ; 2021 ൽ നെറ്റ്ഫ്ലിക്സ് ഒരുക്കിയ 'സ്കൈറ്റർ ഗേൾ' ആണ് ഒടുവിലിറങ്ങിയ ചിത്രം. ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ അമിതാബ് ബച്ചന്റെ 'ഡോൺ' എന്ന ചിത്രം സാക്ഷാൽക്കരിക്കാൻ കാരണക്കാരിയായതും വഹീദയായിരുന്നു. പലർക്കും ഇഷ്ടപ്പെടാതിരുന്ന കഥയുമായി നടന്നിരുന്ന തിരക്കഥാകൃത്തുക്കളായ സലിം - ജാവേദ് ടീമിനെ നിർമാതാവായ നരിമാൻ ഇറാനിക്ക് പരിചയപ്പെടുത്തിക്കൊടുത്തത് വഹീദയായിരുന്നു.
1974 ൽ സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന കമൽജിത്ത് (ശശി രേഖി) വഹീദയുടെ ജീവിതപങ്കാളിയായതോടെ ജീവിതം പുതിയ ദിശയിലേക്ക് സഞ്ചരിച്ചു തുടങ്ങി. 'ബീസ് സാൽ ബാദ്' പോലുള്ള ചില ചിത്രങ്ങളിൽ വഹീദയുടെ ജോഡിയായി പഞ്ചാബ് സ്വദേശിയായ കമൽജിത്ത് വേഷമിട്ടിരുന്നു. വിജയകരമായ ഒരു ദാമ്പത്യ ജീവിതമായിരുന്നു ഇവരുടേത്. വിവാഹ ശേഷം മുംൈബയിലെ 'ഹൈ - സൊസൈറ്റി' ലൈഫി'ൽ നിന്ന് അവധിയെടുത്തു കൊണ്ട് ബെംഗളൂരുവിലേക്ക് ഇവർ താമസം മാറി. മുംബൈയിൽ സിനിമകാർക്കിടയിലുള്ള അത്യാഡംബര ജീവിതശൈലി കുട്ടികളെ ബാധിക്കാതിരിക്കാനാണ് തങ്ങൾക്ക് കുറച്ചു അപരിചിതമായ ബെംഗളൂരുവിലേക്ക് താമസം മാറ്റിയതെന്ന് പിന്നീട് ഇവർ ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ഈ ദമ്പതികൾക്ക് രണ്ടു മക്കൾ. സൊഹൈൽ രേഖീ, കാശവി രേഖീ. ഇരുവരും എഴുത്തുകാരാണ്. ഒഴിവ് സമയം കുട്ടികൾ ഫലപ്രദമായി വിനിയോഗിക്കുമോ എന്ന ആശങ്ക മൂലം അവരുടെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയായ ശേഷം മാത്രമാണ് വീട്ടിൽ ടിവി വാങ്ങിയത്.
കുട്ടികൾ മറ്റുള്ളവരുമായും പ്രകൃതിയുമൊക്കെയായും ഇടപഴകി ജീവിച്ചുകൊണ്ട് വ്യത്യസ്തരായികാൻ വേണ്ടിയായിരുന്നു അവർ അങ്ങനെ ചെയ്‌തത്. 2000 ത്തിൽ കുടുംബ സുഹൃത്തായ കരൺ ജോഹറിന്റെ 'കഭി ഖുഷി കഭി ഗം' എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരുന്ന സമയത്താണ് അവിചാരിതമായി കമൽജിത്ത് മരണമടയുന്നത്. പിന്നീട് കുറേകാലം വഹീദ സിനിമാരംഗത്തു നിന്ന് മാറി നിന്നു. ഭർത്താവിന്റെ മരണശേഷം മുംബൈയിലേക്ക് മടങ്ങിയ വഹീദ ഇപ്പോൾ ജൂഹുവിലാണ് താമസം. സിനിമയിൽനിന്ന് മാറി നിന്ന നാളുകളിൽ പരിസ്ഥിതി പ്രവർത്തനങ്ങൾക്കായി അവർ സമയം ചെലവഴിച്ചു. പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണ ശൈലിക്ക് പ്രാധാന്യം നൽകിക്കൊണ്ട് 1980 കളിൽ മെട്രോ നഗരങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന ബ്രേക്ഫാസ്റ്റ് സീരിയൽ (breakfast cereal) എന്ന ക്യാംപെയ്നിന്റെ അമരത്തും അവർ സജീവമായിരുന്നു.
1971 ൽ പുറത്തിറങ്ങിയ 'രേഷ്‌മ ഔർ ഷേര' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അവരെ തേടിയെത്തി. 1972 ൽ പദ്‌മശ്രീയും 2011 ൽ പദ്‌മ ഭൂഷൺ ബഹുമതിയും നൽകി രാജ്യം അവരെ ആദരിച്ചു. സിനിമാ ചരിത്ര ഗവേഷകയായ നസ്രിൻ മുന്നി കബീർ രചിച്ച, 2014 ൽ പുറത്തിറങ്ങിയ ;"കോൺവർസേഷൻസ് വിത്ത് വഹീദ റഹ്മാൻ" എന്ന പുസ്തകം ഏറെ പ്രസിദ്ധമാണ്.
കാലമെത്ര കടന്നു പോയാലും അവർ സ്‌ക്രീനിൽ അവതരിപ്പിച്ച കഥാപാത്രങ്ങളും അഭിനയ മുഹൂർത്തങ്ങളും കാലത്തിനതീതമായിത്തന്നെ നിലനിൽക്കും. അതിന്റെ നേർ സാക്ഷ്യമാണ് അൽപ്പം വൈകി എത്തിയ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം. പ്രായത്തെ വെറും അക്കമായി മാത്രം കാണുന്ന വഹീദ റഹ്മാൻ വീണ്ടും സ്‌ക്രീനിലെത്തി അഭിനയമികവിലൂടെ ആരാധകരെ അദ്ഭുതപ്പെടുത്താനുള്ള സാധ്യതയും വിരളമല്ല.