തിയറ്ററിന്റെ പരിസരത്തുപോലും അവരെ കയറ്റില്ല: കടുത്ത നടപടിയുമായി നിർമാതാക്കൾ
Mail This Article
സിനിമ റിവ്യൂ ബോംബിങ് പശ്ചാത്തലത്തിൽ സിനിമ പ്രമോഷന് ഉൾപ്പെടെ പ്രോട്ടോക്കോൾ കൊണ്ടുവരുമെന്ന് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. സിനിമ പിആർഒമാർക്ക് അടക്കം അക്രഡിറ്റേഷൻ കൊണ്ടുവരാനാണ് ആലോചന.
നിർമാതാക്കളുടെ സംഘടനയും ഫെഫ്കയും അടക്കം ഇതിനായി ഒക്ടോബര്‍ 31ന് യോഗം ചേരും. റിവ്യൂ എന്ന പേരിൽ തിയറ്റർ പരിസരത്തുനിന്ന് സംസാരിക്കാൻ ആരെയും അനുവദിക്കില്ലെന്നും ഇത് മാധ്യമപ്രവർത്തനമായി അംഗീകരിക്കാൻ കഴിയില്ലെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി.
റിവ്യു പറയാൻ തിയറ്റർ കോമ്പൗണ്ടിൽ ഒരാളെപ്പോലും കയറ്റില്ലെന്ന് നിർമാതാവ് സുരേഷ് കുമാർ പറഞ്ഞു. ഒരു സിനിമ പുറത്തിറക്കുന്നതിന് എന്തൊക്കെ കഷ്ടപ്പാടുകളും വേദനയുണ്ട്. അതിനെ വെറുതെ വന്നു നിന്ന് മോശം പറയുന്നത് വളരെ മോശം പ്രവണയതയാണ്. ഭാര്യയുടെ കെട്ടുതാലി പണയം വച്ചുവരെ സിനിമ എടുത്തവർ ഉണ്ട്. എന്ത് തോന്ന്യവാസവും വിളിച്ചു പറയണമെങ്കിൽ വേറെ വല്ല പണിക്കും പോയാൽ പോരെ എന്നും ജി.സുരേഷ് കുമാർ ചോദിക്കുന്നു.
അതേസമയം, സിനിമ റിവ്യു നടത്തി നശിപ്പിക്കാന്‍ കോക്കസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഫിലിം ചേംബര്‍. ഇത് അനുവദിക്കാന്‍ കഴിയില്ല. പണം മുടക്കി സിനിമ കാണുന്നവര്‍ക്ക് അഭിപ്രായം പറയാമെന്നും ചേംബര്‍ സെക്രട്ടറി സജി നന്ത്യാട്ട് പറഞ്ഞു.