‘മലയാളി’യിലെ മാസ് ഡയലോഗ്: ‘ഗോപിയുടെ അമ്മാവൻ’ വിജയകുമാര് പറയുന്നു
Mail This Article
ഷാജി കൈലാസ് സംവിധാനം ചെയ്ത സുരേഷ് ഗോപി ചിത്രം ‘തലസ്ഥാന’ത്തിലൂടെ തലവര മാറിയ താരമാണ് വിജയകുമാർ. ഒരുകാലത്ത് ഷാജി കൈലാസ്–രൺജി പണിക്കർ സിനിമകളിലെ അവിഭാജ്യ ഘടകമായിരുന്നു വിജയകുമാർ. പണ്ട് അഭിനയിച്ചു ഹിറ്റാക്കിയ കഥാപാത്രങ്ങളെ പിൻപറ്റിയാണ് പുതുതലമുറ സിനിമകളിലെ കഥാപാത്രങ്ങളും അദ്ദേഹത്തെ തേടി എത്തുന്നത്. അടുത്തിടെ റിലീസ് ചെയ്ത പഞ്ചവത്സര പദ്ധതി, മലയാളി ഫ്രം ഇന്ത്യ തുടങ്ങിയ സിനിമകളിലും വിജയകുമാർ രാഷ്ട്രീയക്കാരന്റെ കുപ്പായമാണ് അദ്ദേഹം അണിഞ്ഞത്. പുതിയ സിനിമാവിശേഷങ്ങളുമായി വിജയകുമാർ മനോരമ ഓൺലൈനിനൊപ്പം ചേരുന്നു.
‘ഒരേ സമയത്ത് ഞാൻ അഭിനയിച്ച രണ്ടു പടം ഒരുമിച്ച് റിലീസ് ആയി, പഞ്ചവത്സര പദ്ധതിയും മലയാളി ഫ്രം ഇന്ത്യയും. രണ്ടും ഏകദേശം ഒരേ തരത്തിലുള്ള കഥാപാത്രങ്ങളാണ്. പഞ്ചവത്സര പദ്ധതിയിൽ ഒരു എംപി ആയിട്ടാണ് അഭിനയിച്ചത്. ലേലം എന്ന ഹിറ്റ് സിനിമയുടെ ഓർമ ആളുകളുടെ ഉള്ളിൽ കിടക്കുന്നതുകൊണ്ടാകാം എന്നെ തേടി അത്തരം കഥാപാത്രങ്ങൾ വീണ്ടും വരുന്നത്. സ്വയം ട്രോളുക ഇപ്പോഴൊരു ട്രെൻഡ് ആണല്ലോ. മലയാളി ഫ്രം ഇന്ത്യയിലെ എന്റെ ആ ഡയലോഗിന് തിയറ്ററുകളിൽ ചിരി പടർത്താൻ കഴിഞ്ഞു എന്നറിയുന്നതിൽ സന്തോഷം. ചിത്രത്തിൽ നിവിൻ പോളി ചെയ്യുന്ന ഗോപിയെന്ന കഥാപാത്രത്തിന്റെ ബന്ധുവായാണ് എത്തുന്നത്. ഇടതു ചായ്‌വ് ഉള്ള രാഷ്ട്രീയക്കാരന്റെ വേഷമാണ് എന്റേത്. സിനിമ റിലീസ് ആയി നല്ല അഭിപ്രായം നേടുന്നു എന്നറിയുന്നതിൽ സന്തോഷം. ഷാജി കൈലാസ്–രൺജി പണിക്കർ തുടങ്ങിയ വലിയ ആളുകളുടെ സിനിമകളിലൂടെയാണ് ജനം എന്നെ അറിയുന്നത്. അത്തരം സെൻസേഷണൽ സിനിമകളുടെ ഭാഗമായിരുന്നതുകൊണ്ടു കിട്ടുന്ന സമ്മാനങ്ങളാണ് ഇതൊക്കെ.’ വിജയകുമാർ പറയുന്നു.
‘32 വർഷമായി പല ജോണറിലുള്ള സിനിമകളിൽ വിവിധതരം കഥാപാത്രങ്ങളായി അഭിനയിച്ചു. സിനിമ ഒരുപാട് മാറി. 90–കളിൽ ഉണ്ടായിരുന്ന സാങ്കേതികത അല്ല ഇപ്പോഴുള്ളത്. പുതിയ തലമുറ സിനിമാ പ്രവർത്തകരുടെ സിനിമകളിൽ അഭിനയിക്കാൻ കഴിയുന്നതും നല്ലതാണ്. ഏതുകാലത്തായാലും അഭിനയം എന്ന കലയിൽ മാറ്റമൊന്നും ഉണ്ടാകില്ല. സിനിമ ആണ് എന്റെ മേഖല, അവിടെ നിന്ന് മാറി നിൽക്കാൻ താൽപര്യവുമില്ല. ഇനി ഇറങ്ങാനുള്ളത് ഷാജി കൈലാസ് സാറിന്റെ ഹണ്ട് ആണ്. പിന്നെ ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഒരു സിനിമ ചെയ്യുന്നുണ്ട്, നിത്യഹരിത നായകൻ എന്ന സിനിമ സംവിധാനം ചെയ്ത ബിനുരാജ് ചെയ്യുന്ന സിനിമയാണത്.’–വിജയകുമാർ കൂട്ടിച്ചേർത്തു.