‘ഇവൾ ഇല്ലായിരുന്നെങ്കിൽ ഈ ലോകത്ത് ഞാൻ ഉണ്ടാകുമായിരുന്നില്ല‘; കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തി അതുല്യ പാലക്കൽ
Mail This Article
കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തി അഭിനേത്രിയും ടിക്ടോക് താരവുമായ അതുല്യ പാലക്കൽ. ഇനിയുള്ള ജീവിതം മകൾക്കുവേണ്ടിയാണെന്നും മകൾ ഇല്ലായിരുന്നെങ്കിൽ താൻ ഈ ലോകത്ത് ഉണ്ടാകുമായിരുന്നില്ലെന്നും അതുല്യ കുറിച്ചു.
അതുല്യയുടെ വാക്കുകൾ: "ഇതാണ് എൻറെ പൊന്നുമോൾ. ഇവൾ ഇല്ലായിരുന്നെങ്കിൽ ഞാനിപ്പോൾ ഈ ലോകത്ത് ഉണ്ടാവില്ല ആയിരുന്നു.എൻറെ ജീവിതത്തിൽ പല പ്രശ്നങ്ങൾ വന്നിട്ടുണ്ടെങ്കിലും ഈയൊരു മുഖം മതി എനിക്ക് എല്ലാം മറക്കാൻ! ഇനിയുള്ള എന്റെ ജീവിതം ഇവൾക്ക് വേണ്ടി മാത്രം."
നൈറ എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും അതുല്യ പങ്കുവച്ചു.
തമിഴ് സംവിധായകനും നടനുമായ ദിലീപൻ പുഗഴേന്തിയുമായി കഴിഞ്ഞ വർഷമായിരുന്നു അതുല്യ പാലക്കലിന്റെ വിവാഹം. എന്നാൽ അധികം വൈകാതെ ഈ ബന്ധത്തില്‍ വിള്ളലുണ്ടായി. അതുല്യ സ്വന്തം വീട്ടിലേക്കു മടങ്ങുകയും ഒരു കുട്ടിക്കു ജന്മം നൽകുകയും ചെയ്തു. ശാരീരികവും മാനസികവുമായ ഉപദ്രവം ഭയന്നാണ് ദീലീപന്റെ വീട്ടിൽ നിന്ന് തിരിച്ചു പോന്നതെന്ന് അതുല്യ വെളിപ്പെടുത്തിയിരുന്നു. കുഞ്ഞിന്റെ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്നു പറഞ്ഞ് ദിലീപൻ തന്നെ മർദ്ദിച്ചെന്ന് അതുല്യ ആരോപിച്ചിരുന്നു.
ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം, മോജ്, തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധേയയായ താരമാണ് അതുല്യ പാലക്കൽ. സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് ഏറെ ആരാധകരുണ്ട്. തമിഴ്നാട് സ്വദേശിയായ ദിലീപൻ പുഗഴേന്തി നടനും സംവിധായകനും നിർമാതാവുമാണ്. 2023ൽ തമിഴിൽ റിലീസ് ചെയ്ത ‘യെവൻ’ എന്ന സിനിമ ദിലീപൻ സംവിധാനം ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിൽ നായകനായെത്തിയതും ദിലീപന്‍ ആണ്.