‘അമ്മ’ കൊളള സംഘമല്ല, ഒരാളെ പൂട്ടാമെന്നു വിചാരിക്കുന്നവരുമില്ല: ലാൽ
Mail This Article
ഒരാളെ പൂട്ടാം എന്നുവിചാരിക്കുന്ന കൊള്ള സംഘമൊന്നുമല്ല ‘അമ്മ’യെന്നും അവിടെയുള്ള ആരും കുഴപ്പക്കാരല്ലെന്നും സംവിധായകനും നടനുമായ ലാൽ. ‘അമ്മ’യുടെ ഇടയിൽ യാതൊരു പ്രശ്നങ്ങളുമില്ലെന്നും എല്ലാവരും ഒരേ മനസ്സോടെ ഒത്തൊരുമയോടെ പ്രവൃത്തിക്കുന്ന സംഘടനയാണിതെന്നും ലാൽ മാധ്യമങ്ങളോട് പറഞ്ഞു.
‘‘കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം, അന്വേഷിക്കണം. ആരെയും വെറുതെ വിടരുത്. ആരുടെയെങ്കിലും ശത്രുത കൊണ്ടോ കള്ളപ്പരാതികൾ കൊണ്ടോ കുറ്റം ചെയ്യാത്തവർ ശിക്ഷിക്കപ്പെടരുത്. എല്ലാവരും ചോദിക്കുന്നുണ്ട്, എന്തേ ഒന്നും ചെയ്യാത്തതെന്ന്. എന്താണ് ഈ മേഖലയിൽ ചെയ്യേണ്ടത് നിങ്ങൾ മാധ്യമങ്ങൾ പറയൂ. എന്ത് ചെയ്താലും രണ്ട് പക്ഷം ഉണ്ടാകും. കൂട്ടരാജിവച്ചാലും ഒരാൾ രാജിവച്ചാലും ഈ ചോദ്യങ്ങൾ ഉണ്ടാകും.
ആരും മോശക്കാരല്ല. അവിടെ ആരും കുഴപ്പക്കാരല്ല. ‘അമ്മ’യുടെ നേതൃത്വത്തിൽ ജൂനിയേഴ്സോ സീനിയേഴ്സോ വരട്ടെ. അവിടുത്തെ മീറ്റിങ്ങുകളിൽ ഒരുപ്രശ്നവും ഉണ്ടാകാറില്ല. സ്വസ്ഥമായി ഇരുന്നാണ് തീരുമാനമെടുക്കുന്നത്. അതല്ലാതെ, ഇങ്ങനെ ചെയ്യാം, ഒരാളെ പൂട്ടാം എന്നു പറയുന്ന കൊള്ള സംഘമൊന്നുമല്ല ‘അമ്മ’.
ജോയ് മാത്യുവിനെ ഇത്തവണ നിർബന്ധിച്ച് എക്സിക്യൂട്ടിവിലേക്ക് അയച്ചത് ഞാനാണ്. തനിക്കവിടെപ്പോയി ഗുസ്തിപിടിക്കാൻ വയ്യെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പക്ഷേ ഞാൻ നിർബന്ധിച്ച് മത്സരിപ്പിച്ചു. അങ്ങനെ അദ്ദേഹം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായി തിരിച്ചു വന്നപ്പോൾ പറഞ്ഞത്, ‘അമ്മ’ നല്ല രീതിയിലാണ് പോകുന്നതെന്നും നല്ല തീരുമാനങ്ങൾ എടുക്കാനുള്ള മനസ്സുള്ളവരാണ് അവിടെയുള്ളവർ എന്നാണ്.
അഭിനേതാക്കൾ ആരും രാഷ്ട്രീയക്കാരോ വലിയ ബുദ്ധിയുള്ള ആളുകളോ ഒന്നുമല്ല. അതിന്റേതായ കുഴപ്പങ്ങളും തെറ്റുകളും ഒക്കെയുണ്ടാകും. എന്തുതന്നെയായാലും അവർ മോശക്കാരല്ല.
സിനിമയിൽ പ്രശ്നങ്ങൾ നടക്കുന്നുണ്ട് എന്നത് സത്യം തന്നെയാണ്. അതെല്ലാടത്തും ഉണ്ട്. ഞാൻ കയ്യൊഴിയുന്നതല്ല. അത് എവിടെയും ഉണ്ടാകാന്‍ പാടില്ല. സിനിമയിൽ ചിലപ്പോൾ അത് കൂടുതലാകാം. നീണ്ട ഷൂട്ടിങ് ദിവസങ്ങൾ, ഒരുമിച്ച് ഹോട്ടലിൽ താമസിക്കേണ്ടി വരുന്ന അവസരങ്ങൾ. അത്തരം സാഹചര്യങ്ങൾ വരുമ്പോൾ ഇങ്ങനെ ഉണ്ടാേയക്കാം.
മുകേഷിന്റെ കാര്യത്തിൽ അദ്ദേഹം പാർട്ടിയുടെ വക്താവാണ്. അവരാണ് തീരുമാനമെടുക്കേണ്ടത്. ഞാന്‍ വലിയ രാഷ്ട്രീയക്കാരനല്ല, അവിടെ എന്താണ് നടക്കുന്നതെന്നും അറിയില്ല. തെറ്റുകാരനാണെങ്കിൽ അന്വേഷണം നടത്തി അവർ ശിക്ഷിക്കപ്പെടണം.’’–ലാലിന്റെ വാക്കുകൾ.