ഭക്ഷണത്തിൽ വരെ വിവേചനം: മലയാള സിനിമയിൽ ലൈംഗിക ചൂഷണം മാത്രമല്ലെന്ന് ആരോപിച്ച് പ്രമുഖ നടി
Mail This Article
മലയാള സിനിമയിൽ ലൈംഗിക ചൂഷണത്തിനു പുറമേ സാമ്പത്തിക ചൂഷണങ്ങളും വിവേചനങ്ങളും വലിയ തോതിൽ നടക്കുന്നുണ്ടെന്നു പറയുകയാണ് മലയാളത്തിൽ നായികാ വേഷങ്ങളിൽ ഉൾപ്പടെ അഭിനയിച്ച അഭിനേത്രി. സിനിമയിൽ നടക്കുന്ന ലൈംഗിക ചൂഷണങ്ങളും അതിക്രമങ്ങളും തീർച്ചയായിട്ടും ചർച്ച ചെയ്യപ്പെടേണ്ടതാണ്. കുറ്റവാളികൾ തീർച്ചയായും ശിക്ഷിക്കപ്പെടുകയും വേണം. എന്നാൽ ഇതിനോടൊപ്പം തന്നെ ചർച്ച ചെയ്യപ്പെണ്ടേതായ പ്രധാനപ്പെട്ട ചില വിഷയങ്ങളുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
സിനിമയിൽ നടക്കുന്നത് കടുത്ത സാമ്പത്തിക ചൂഷണങ്ങൾ
ജൂനിയർ ആർട്ടിസ്റ്റായിട്ടോ പ്രധാന വേഷങ്ങളിലോ അഭിനയിക്കാൻ വരുന്നവരെല്ലാം സിനിമയോടുള്ള പാഷന്റെ പുറത്തു വരുന്നതാണ്. ഈ പാഷനെ മുതലെടുക്കുകയാണ് മിക്ക സെറ്റുകളിലും. സിനിമയിൽ പ്രധാന റോളുകൾ ചെയ്യുന്ന താരതമ്യേന പുതുമുഖങ്ങളായ അഭിനേതാക്കൾക്ക് മാന്യമായ പ്രതിഫലം ലഭിക്കാറില്ല എന്നതാണ് വാസ്തവം. ഇതിൽ ആൺ-പെൺ വ്യത്യാസമില്ല. അഞ്ചോ പത്തോ സിനിമകളൊക്കെ അഭിനയിച്ചു സിനിമയിൽ ഒരു മേൽവിലാസം ഉണ്ടാക്കിയെടുത്തു പ്രധാന ക്യാരക്ടർ വേഷങ്ങളിൽ എത്തുന്നവർക്കു പോലും പ്രതിഫലം നൽകാറില്ല. ട്രാവൽ അലവൻസെന്നു പറഞ്ഞ് ആയിരമോ രണ്ടായിരമോ രൂപ ഗൂഗിൾ പേ ചെയ്യുകയോ അക്കൗണ്ടിലേക്ക് ഇടുകയാണ് പതിവ്. കടുത്ത സാമ്പത്തിക ചൂഷണമാണ് ഇവിടെ നടക്കുന്നത്. ആദ്യ സിനിമയിൽ പ്രതിഫലം നൽകുന്നില്ലെങ്കിൽ മനസ്സിലാക്കാം അഞ്ചും ആറും പത്തും സിനിമകൾ കഴിഞ്ഞവരുടെയും അവസ്ഥ ഇതാണ്. 25,000 മുതൽ 30,000 രൂപ വരെ ദിവസ വേതനം ലഭിക്കേണ്ട കലാകാരൻമാർക്കാണ് പ്രതിഫലമേ നൽകാതെ 1000 രൂപ മുതൽ 2000 രൂപ വരെ അലവൻസ് മാത്രം നൽകി ഒതുക്കുന്നത്.
മലയാളത്തിലെ പല സംവിധായകരും തിരക്കഥാകൃത്തുകളും ഒരു സിനിമ കഴിഞ്ഞ് അടുത്ത സിനിമ ചെയ്യുന്നത് ഒരു വർഷത്തെയോ രണ്ടു വർഷത്തെയോ ഇടവേള കഴിഞ്ഞാണ്. ഈ ഇടവേളകളിൽ സിനിമ മോഹവുമായി നടക്കുന്ന കലാകാരൻമാരെ അടുത്ത സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ചു പതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ കടം വാങ്ങുന്ന സംവിധായകരും തിരക്കഥാകൃത്തുകളും ഉണ്ട്. കടം വാങ്ങിയ പണം തിരികെ ചോദിച്ചാൽ സിനിമ ഉടനെ ഓണാകും അപ്പോ പണവും അവസരവും നൽകാം എന്ന് പറഞ്ഞ് കൈയ്യൊഴിയും. പുതിയ സംവിധായകരും തിരക്കഥാകൃത്തുകളും മുതൽ സീനിയേഴ്സും ഇതിൽ ഉൾപ്പെടും.
ഭക്ഷണത്തിലും വിവേചനം
സിനിമ സെറ്റുകളിലെ മെസ്സുകളിൽ ഇപ്പോഴും കടുത്ത വിവേചനം ഉണ്ട്. അത് ബ്രേക്ക്ഫാസ്റ്റിൽ തുടങ്ങുന്നു. മുട്ട പുഴുങ്ങിയതും പഴം പുഴുങ്ങിയതും വേണ്ടപ്പെട്ടവർക്ക് മാത്രമേ നൽകാറുള്ളു. ഊണിനാണെങ്കിൽ ഓംലൈറ്റും മത്സ്യവും മാംസവും ഉൾപ്പടെയുള്ള സ്പെഷൽ വിഭവങ്ങളും പ്രധാനപ്പെട്ട താരങ്ങൾക്കു മാത്രമാണ് മിക്ക സെറ്റുകളിലും നൽകി പോരുന്നത്. കേൾക്കുമ്പോൾ നിസാരമായും തമാശയായും തോന്നമെങ്കിലും ഇത് കടുത്ത വിവേചനമാണ്. ഒരു തൊഴിലിടത്തിൽ തന്നെ രണ്ടു തരം പന്തി കലാകാരൻമാരുടെ ആത്മവീര്യത്തെ കെടുത്തി കളയുന്നതാണ്.
പണം തട്ടുന്ന സംഘങ്ങളും വ്യാപകം
സിനിമയുടെ പേര് പറഞ്ഞ് സിനിമയ്ക്കു പുറത്ത് നടക്കുന്ന വലിയൊരു ട്രാപ്പുണ്ട്. ഇത്തരം കെണികളിൽ യുവതലമുറയിൽപ്പെട്ട ഒരുപാട് ആളുകൾ പോയി വീഴാറുണ്ട്. സോഷ്യൽ മീഡിയ ഉപയോഗിച്ചാണ് ഇത്തരം തട്ടിപ്പുകൾ കൂടുതലും നടക്കാറുള്ളത്. പ്രമുഖ നടൻമാർക്കും സംവിധായകർക്കുമൊപ്പം നിന്ന് ഫോട്ടോയെടുത്ത് അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചലച്ചിത്ര പ്രവർത്തകരാണെന്നും സിനിമാ മേഖലയിൽ വലിയ സ്വാധീനമുണ്ടെന്നും ഒരു പ്രതീതി സൃഷ്ടിക്കലാണ് ഇത്തരം തട്ടിപ്പുകാർ ആദ്യം ചെയ്യുന്നത്. പിന്നീട് സിനിമയിൽ അവസരത്തിനു വേണ്ടി ആഗ്രഹിച്ചു നടക്കുന്ന പെൺകുട്ടികളുമായും ആൺകുട്ടികളുമായും ഇൻസ്റ്റാഗ്രാം ഉൾപ്പടെയുള്ള സോഷ്യൽ മീഡിയയിലൂടെ സൗഹൃദം സ്ഥാപിക്കും.
നടൻമാർക്കും സംവിധായകർക്കുമൊപ്പമുള്ള ഫോട്ടോസ് കാണിച്ചു വിശ്വാസ്യത നേടിയെടുക്കും. പ്രമുഖ സംവിധായകന്റെ പ്രൊജക്റ്റ് ഉടനെ ഓണാകും പ്രമുഖ നടന്റെ ഡേറ്റ്സ് കിട്ടിയിട്ടുണ്ട് പ്രമുഖ പ്രൊഡക്ഷൻ ഹൗസാണ് നിർമാതാക്കൾ എന്ന് ബോധ്യപ്പെടുത്തും. സത്യത്തിൽ അങ്ങനെ ഒരു പ്രൊജക്റ്റ് തന്നെ ഉണ്ടാവില്ല. ഇവർ പറയുന്ന നിർമാതാവിനോ സംവിധായകനോ നടനോ ഇതിനെപ്പറ്റി അറിവും ഉണ്ടാവില്ല. പുതിയതായി തുടങ്ങുന്ന പ്രൊജക്റ്റിൽ നല്ല വേഷമുണ്ട്, സംഭാഷണങ്ങൾ ഉൾപ്പടെ നല്ല സീനുകൾ ഉണ്ടെന്നു പറഞ്ഞ് പറ്റിച്ച് ഇത്തരം സംഘങ്ങൾ സിനിമാ മോഹികളായ ചെറുപ്പക്കാരിൽ നിന്ന് ചെറുതും വലുതും തുകകൾ തട്ടിച്ചു എടുക്കാറുണ്ട്. പ്രൊജക്റ്റ് ചില സാങ്കേതിക കാരണങ്ങൾ കാരണം നീണ്ടു പോകുന്നതാണെന്നൊക്കെയുള്ള മുടന്തൻ ന്യായങ്ങൾ പറഞ്ഞ് തടി തപ്പും. താരതമ്യേന പുതുമുഖങ്ങളാണ് ഇവരുടെ കെണിയിൽ വീഴുന്നത്. പലര്‍ക്കും കടുത്ത അമർഷമുണ്ട്. പ്രതികരിക്കണമെന്നുമുണ്ട്. അഭിനയിച്ച സിനിമയിലെ സീനുകൾ കട്ടാകുമോയെന്നും അടുത്ത സിനിമയിലേക്കു വിളിക്കാതെ ഇരിക്കുമോ എന്നൊക്കെ പേടിച്ചാണ് പലരും നിശബ്ദരായി ഇരിക്കുന്നത്.
ലൈംഗിക ചൂഷണങ്ങൾക്കൊപ്പം സിനിമ മേഖലയിൽ നടക്കുന്ന ഇത്തരം ചൂഷണങ്ങളും തട്ടിപ്പുകളും കൂടി അഡ്രസ്സ് ചെയ്യപ്പെടേണ്ടതാണെന്ന് പറയുകയാണ് ഇൗ വെളിപ്പെടുത്തൽ നടത്തിയ നടി. തുറന്നുപറച്ചിൽ കാരണം സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെടുമോ എന്ന ഭയമുള്ളതിനാലും ഒപ്പം വിവാദങ്ങളിലേക്ക് വരാൻ താൽപര്യമില്ലാത്തതിനാലുമാണ് താൻ പേരും ഐഡന്റിറ്റിയും വെളിപ്പെടുത്താത്തതെന്നും ഇവർ പറയുന്നു.