ADVERTISEMENT

സലിം കുമാറിനെക്കുറിച്ച് രസകരമായ കഥ പങ്കുവച്ച് ബംഗാൾ ഗവർണർ ആനന്ദബോസ്. കലാഭവന്റെ സ്ഥാപകൻ ഫാ. ആബേലിന്റെ സ്മരണയ്ക്കായി കലാഭവൻ ഏർപ്പെടുത്തിയ ഫാ. ആബേൽ പുരസ്കാരം സലിം കുമാറിന് നൽകിയ ചടങ്ങിലായിരുന്നു ബംഗാൾ ഗവർണറുടെ രസകരമായ കഥ പറച്ചിൽ. വേദിയിലുണ്ടായിരുന്ന രമേഷ് പിഷാരടിക്കാണ് തന്റെ കഥയ്ക്ക് കടപ്പാടെന്ന് ആമുഖമായി പറഞ്ഞുകൊണ്ടായിരുന്നു രസകരമായ സംഭവം ആനന്ദബോസ് വെളിപ്പെടുത്തിയത്. 

ആനന്ദബോസിന്റെ വാക്കുകൾ: സലിം കുമാറിനെ കുറിച്ച് പല കഥകളും ഞാൻ കേട്ടിട്ടുണ്ട്. ഇതൊക്കെ ശരിയാണോ അതോ രമേശ് പിഷാരടി ഉണ്ടാക്കി വിട്ടതാണോ എന്ന് എനിക്കറിയില്ല. കഥകളെ കുറിച്ച് കേൾക്കുമ്പോൾ ആദ്യം മനസിൽ വരുന്നത് പിഷാരടിയെ ആണ്. കഥയില്ലായ്‌മയിൽ നിന്ന് കഥയുണ്ടാക്കുവാൻ ഇത്രയും മിടുക്ക് വേറെ ആരിലും കണ്ടിട്ടില്ല. അതിന് പിഷാരടിക്ക് മാത്രമേ കഴിയൂ. 

ഇനി ഞാൻ കഥ പറയാം. ഒരിക്കൽ സലിം കുമാർ ഒരു വിദേശ യാത്രയ്ക്ക് പോയിട്ട് വരികയാണ്. ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള മടക്ക യാത്രയിലാണ്. ഫ്ലൈറ്റിൽ ഒരു വലിയ പ്രശ്നം. എക്കോണമി ക്ലാസ് ടിക്കറ്റെടുത്ത പ്രായമായ ഒരു പഞ്ചാബി സ്ത്രീ ഫസ്റ്റ് ക്ലാസിൽ കയറി ഇരിക്കുന്നു. എയർഹോസ്‌റ്റസുമാർ വന്നു പറഞ്ഞിട്ടും അവർ മാറാൻ തയാറാകുന്നില്ല. 

ഫ്ലൈറ്റിൽ ആദ്യം കയറിയത് താൻ ആണെന്നും അതുകൊണ്ട് ബാക്കിയുള്ളവർ പുറകിലിരിക്കട്ടെ എന്നാണ് ആ പഞ്ചാബി സ്ത്രീയുടെ നിലപാട്. ഒടുവിൽ സലിം കുമാർ പ്രശ്നത്തിൽ ഇടപെട്ടു. സലിംകുമാർ ചെന്ന് അവരുടെ ചെവിയിൽ എന്തോ പറഞ്ഞു. അത്രയും നേരം വഴക്കിട്ടിരുന്ന ആ സ്ത്രീ പെട്ടെന്ന് വളരെ മര്യാദക്കാരിയായി എക്കോണമി ക്ലാസിൽ പോയിരുന്നു. 

സലിം കുമാർ എന്തായിരിക്കും ആ സ്ത്രീയോടു പറഞ്ഞിരിക്കുക എന്നത് എല്ലാവർക്കും കൗതുകമായി. കൂടെയുള്ളവർ കാര്യം ചോദിച്ചു. അപ്പോൾ സലിം കുമാർ പറഞ്ഞു, ‘ഞാൻ അവരോടു പറഞ്ഞത് വേറൊന്നുമല്ല. ചേച്ചി, ഈ സീറ്റ് ലണ്ടനിലേക്ക് പോകുന്നതാ. പുറകിലത്തേതാണ് ഡൽഹിയിലേക്കുള്ളത്’’.

English Summary:

Ramesh Pisharody Witnesses: When Governor Ananda Bose Shared a Laugh About Salim Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com