‘ആ സിനിമയെക്കുറിച്ച് പറഞ്ഞത് മഞ്ജു വാരിയർ’; ‘തണ്ണീർമത്തൻ’ ഓഫറും, അനശ്വരയുടെ എക്സാമും
Mail This Article
ചായ പോലും ഇടാന്‍ അറിയില്ലെന്ന് ചില നടിമാര്‍ അഭിമുഖങ്ങളില്‍ പറഞ്ഞു കേള്‍ക്കുമ്പോള്‍ ആളുകള്‍ ചിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. എന്റെ മകള്‍ ഒരു അഭിനേത്രിയാകുമെന്ന് അറിഞ്ഞുകൊണ്ടല്ലെങ്കിലും ചെറുപ്പം മുതല്‍ക്കേ എല്ലാ ജോലികളും അവളെയും അച്ചുവിനെയും ഞാന്‍ ശീലിപ്പിച്ചിരുന്നു. പാചകം ചെയ്യാനും തുണി അലക്കാനും മുറികള്‍ വൃത്തിയാക്കാനുമെല്ലാം അവര്‍ക്കറിയാം എന്നത് ഒരു അഭിമാനമായാണ് ഞാന്‍ കാണുന്നത്. സ്വയംപര്യാപ്തത ഇക്കാലത്ത് ഒരു വലിയ ഘടകമാണ്. പണ്ടത്തെ പോലെ ജോലിക്കാരെയൊന്നും കിട്ടിയെന്ന് വരില്ല. ആരും സഹായത്തിനില്ലെങ്കിലും നമ്മുടെ കാര്യങ്ങള്‍ ചെയ്യാന്‍ നമ്മള്‍ അറിഞ്ഞിരിക്കണം.
ഞങ്ങളുടെ കുടുംബത്തില്‍ ആണ്‍പെണ്‍ വേര്‍തിരിവുകള്‍ ഒന്നുമില്ല. എല്ലാവരും എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണം. പെണ്‍കുട്ടികള്‍ വേറൊരു വീട്ടില്‍ പോകേണ്ടവരാണ്. അവര്‍ എല്ലാം പഠിച്ചിരിക്കണം എന്ന് ഉപദേശിക്കുന്നവരെ കേട്ടിട്ടുണ്ട്. ഞങ്ങള്‍ക്ക് അത് പറ്റില്ല. എന്റെ അനിയത്തിക്ക് രണ്ട് ആണ്‍മക്കളാണ്. അനുവും അച്ചുവും എങ്ങനെയാണോ വീട്ടുകാര്യങ്ങള്‍ ചെയ്യുന്നത് അതുപോലെ തന്നെ അവന്‍മാരെയും ശീലിപ്പിച്ചു. തുണിയലക്കാനും പാചകം ചെയ്യാനുമെല്ലാം ശീലിപ്പിച്ചു. ആണായാലും പെണ്ണായാലും എവിടെ പോയാലും ജീവിക്കാന്‍ കഴിയണം. ഇതാണ് ഞങ്ങളുടെ പോളിസി. ആണ്‍-പെണ്‍ വേര്‍തിരിവിന്റെ ദൂഷ്യഫലം ഞങ്ങളുടെ കുടുംബത്തിലും ഉണ്ടായിട്ടുണ്ട്.
എന്റെ കുട്ടിക്കാലത്ത് ഞാന്‍ സ്‌കൂളില്‍ നിന്ന് വന്നാല്‍ മേല് കഴുകിയിട്ട് മൂന്ന് മണിക്കൂര്‍ പ്രാര്‍ഥിക്കാന്‍ കയറണം. അതുകഴിഞ്ഞേ അമ്മ ഭക്ഷണം തരു. അച്ഛനും ആങ്ങളമാര്‍ക്കും ഇത്തരം നിബന്ധനകളൊന്നുമില്ല. ഞാന്‍ അതിരാവിലെ എണീറ്റുളള പഠിപ്പും പകല്‍സമയത്തെ ക്ലാസും കഴിഞ്ഞ് യാത്ര ചെയ്ത് അലഞ്ഞ് ക്ഷീണിച്ച് വന്ന് പ്രാർഥന കൂടി കഴിയുമ്പോള്‍ അറിയാതെ ഉറങ്ങി പോകും. പലപ്പോഴും കഴിച്ചെന്ന് തന്നെ വരില്ല. വിവാഹം കഴിച്ച് മക്കളുണ്ടായ ശേഷം ഭക്ഷണമേശയില്‍ അങ്ങനെയൊരു വേര്‍തിരിവ് ഉണ്ടാവരുതെന്ന് നിര്‍ബന്ധമാക്കി. ഞങ്ങള്‍ നാലു പേരും ഒരുമിച്ചിരുന്നേ ഭക്ഷണം കഴിക്കാറുളളു. അച്ഛന്‍ വലുത്, അമ്മ രണ്ടാമത്, കുട്ടികള്‍ ഒടുവില്‍..അങ്ങനെയൊന്നുമില്ല. ആണ്‍-പെണ്‍ വ്യത്യാസവുമില്ല. കുടുംബം എന്ന വാക്കിന്റെ അര്‍ഥം കൂടുമ്പോള്‍ ഇമ്പമുളളത് എന്നാണല്ലോ? അത് യാഥാർഥ്യമാകണമെങ്കില്‍ തീന്‍മേശയില്‍ അടക്കം സമത്വമുണ്ടാവണം.
പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഒരു ആണ്‍തരിയുണ്ടായില്ലല്ലോ എന്ന്. എനിക്ക് അക്കാര്യത്തില്‍ ഒരിക്കലും വിഷമം തോന്നിയിട്ടില്ല. രണ്ട് വിലപിടിപ്പുളള രത്‌നങ്ങളെയാണ് ദൈവം ഞങ്ങള്‍ക്ക് തന്നതെന്ന് ഞാനും ഏട്ടനും കരുതുന്നു. അതിലൊരു രത്‌നത്തെ മലയാളികള്‍ ഒന്നടങ്കം സ്വന്തം വീട്ടിലെ കുട്ടിയെ പോലെ സ്‌നേഹിക്കുന്നത് കാണുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നും.
അനശ്വരയുടെ അമ്മൂമ്മയുടെ-ഏട്ടന്റെ അമ്മ- നിലപാട് വളരെ വിശാലമായിരുന്നു.
‘‘ആരായാലും വിശക്കുമ്പോള്‍ ഭക്ഷണം എടുത്ത് കഴിച്ചോളണം. ആരു കഴിച്ചു ആരു കഴിച്ചില്ല എന്നൊന്നും നോക്കാന്‍ നില്‍ക്കേണ്ട.’’
അക്കാര്യത്തില്‍ വലിയ സോഷ്യലിസമായിരുന്നു ഏട്ടന്റെ വീട്ടില്‍. കുട്ടികള്‍ വളര്‍ന്ന ശേഷം ഉണ്ടായ ഒരു സംഭവം ഓര്‍ക്കുമ്പോള്‍ ചിരി വരും. തിരക്ക് മൂലം ചുക്കിലി അടിക്കാനോ പൊടിതട്ടാനോ കഴിയാതെ വീട് അലങ്കോലപ്പെട്ട് കിടന്നാലുടന്‍ ഏട്ടന്‍ പറയും.
‘‘നിങ്ങള് മൂന്ന് പെണ്ണുങ്ങളില്ലേ ഈ വീട്ടില്‍..എന്നിട്ടാണോ ഈ കോലത്തില്‍ കിടക്കുന്നത്’’
അത് കേള്‍ക്കുമ്പോള്‍ ഒരു കളളച്ചിരിയോടെ അനു ചോദിക്കും.
‘‘എന്തേ..അച്ഛന്‍ അത് ചെയ്താല്‍ പൊടി പോവില്ലേ?’’
അത് കേള്‍ക്കുമ്പോള്‍ അച്ഛനും ചിരിയടക്കും. പണ്ട് മുതലേ സ്ത്രീ-പുരുഷ വേര്‍തിരിവു കാണിക്കുന്നതോ ജാതിയും മതവും പറയുന്നതോ ഒന്നും അനുവിന് ഒട്ടും ഇഷ്ടമായിരുന്നില്ല. കുട്ടികളെ ഒറ്റയ്ക്ക് എവിടെയെങ്കിലും പറഞ്ഞയക്കാന്‍ എനിക്ക് ഭയങ്കര പേടിയാണ്. എനിക്ക് ലോകത്ത് ആരെയും വിശ്വാസമില്ല. അനുവിനെ എന്റെ അടുത്തു നിന്ന് ഒരു നിമിഷം മാറ്റിനിര്‍ത്താറില്ല.
ഷൂട്ടിങിന് സമയകാലങ്ങളില്ലല്ലോ. രാപ്പകല്‍ ജോലി ചെയ്യേണ്ടി വരും. എന്റെ കുഞ്ഞ് പണിയെടുക്കുമ്പോള്‍ എനിക്ക് ഉറങ്ങാന്‍ പറ്റുമോ? ഞാനും ഉറക്കമിളച്ച് ഇരിക്കും. മഴയും മഞ്ഞും വെയിലും ഒന്നും കാര്യമാക്കാറില്ല. അവള്‍ മഴ നനയുന്ന സീനുകളില്‍ അഭിനയിക്കുമ്പോള്‍ ഒപ്പം മഴ നനയും. അവള്‍ വെയില് കൊളളുമ്പോള്‍ ഞാനും വെയില് കൊളളും. എപ്പോഴും അതിന്റെ പിന്നാലെ ഓടിയോടി ഒരു ജീവിതം. അതിലെനിക്ക് തരിമ്പും ബുദ്ധിമുട്ട് തോന്നിയിട്ടില്ല. എന്റെ കുഞ്ഞ് കഷ്ടപ്പെടുന്നത് കാണുമ്പോഴുളള പ്രയാസം മാത്രം. ഓരോ സിനിമകളും വിജയിക്കുമ്പോള്‍ ആ പ്രയാസങ്ങള്‍ സന്തോഷമായി മാറും. മുളളുകള്‍ പൂമാലകളാവും. അതാണ് സിനിമയുടെ മാജിക്ക്.
ഞാന്‍ ഉറക്കമിളച്ച് ക്ഷീണിക്കുന്നത് കാണുമ്പോള്‍ അനു ചോദിക്കും.
‘‘അമ്മയ്ക്ക് പോയി ഉറങ്ങിക്കൂടേ?’’
അടുത്തിടെയായി പറയും. ‘‘ഷൂട്ടിന് ഞാന്‍ ഒറ്റയ്ക്ക് പൊയ്‌ക്കൊളളാം.എനിക്ക് പ്രശ്‌നമൊന്നുമില്ല. അമ്മ റസ്റ്റ് എടുത്തോ.’'’ എന്നൊക്കെ. പക്ഷേ അവളെ ഒറ്റയ്ക്ക് പറഞ്ഞയച്ചിട്ട് എനിക്ക് വീട്ടില്‍ നില്‍ക്കാന്‍ പറ്റില്ല. ടെന്‍ഷന്‍ അടിച്ചടിച്ച് ചിലപ്പോള്‍ ഹാര്‍ട്ട് അറ്റാക്ക് സംഭവിക്കും. സുരക്ഷിതത്വത്തെക്കുറിച്ചുളള ഭയം മാത്രമല്ല. ഇപ്പോഴത്തെ സിനിമാ സെറ്റുകളൊക്കെ വളരെ കംഫര്‍ട്ടബിളാണ്. പുതിയ തലമുറയില്‍ പെട്ട കുട്ടികളൊക്കെ ഒരു അനുജത്തിക്കുട്ടിയെ പോലെയാണ് അവളെ കരുതുന്നത്. പ്രശ്‌നം അതല്ല. അവള്‍ക്ക് ഇപ്പോഴും ഭക്ഷണം കഴിക്കാന്‍ വലിയ മടിയാണ്. ഞാന്‍ അടുത്തുളളപ്പോള്‍ നിര്‍ബന്ധിച്ച് കഴിപ്പിക്കും. ഞാനില്ലെങ്കില്‍ അവള്‍ കഴിച്ചോ, ക്ഷീണിക്കില്ലേ എന്നൊക്കെ ഓര്‍ത്ത് ആധിയാവും. എല്ലാ അമ്മമാരും ഒരുപക്ഷെ ഇങ്ങനൊക്കെ തന്നെയാവും. പക്ഷെ ഞാന്‍ ഒരല്‍പ്പം ഓവറാണെന്ന് എനിക്ക് തന്നെ തോന്നിയിട്ടുണ്ട്.
ഈ ഇരുപത്തൊന്നാം വയസ്സിലും ലൊക്കേഷനിലായാലും വീട്ടിലായാലും ഞാന്‍ അവളെ ഭക്ഷണം കഴിപ്പിക്കുന്ന രീതി കണ്ടാല്‍ ആളുകള്‍ ചിരിക്കും. രണ്ട് വയസ്സുളള കുട്ടികളേക്കാള്‍ കഷ്ടമാണ്. പിന്നാലെ നടന്ന് തട്ടിക്കൊണ്ടിരിക്കും. കുറച്ചു കൂടി ആവട്ടെ..കുറച്ചു കൂടിയാവട്ടെ എന്ന് പറഞ്ഞ് ഉത്സാഹിപ്പിക്കും. അവളും ആ സ്‌നേഹനിര്‍ബന്ധം ആസ്വദിക്കാറുണ്ടെന്ന് ചിലപ്പോള്‍ തോന്നും. ഈ മടിപിടിക്കുന്നത് തന്നെ ഞാന്‍ നിര്‍ബന്ധിക്കാന്‍ വേണ്ടിയാണോയെന്നും തോന്നും.
അനശ്വര എന്ന് യഥാർഥ പേരെങ്കിലും വീട്ടിലും നാട്ടിലും ബന്ധുക്കള്‍ക്കിടയിലുമെല്ലാം അവള്‍ അനുവാണ്. എനിക്ക് മാത്രം കുഞ്ഞിയും. കുഞ്ഞുമകള്‍ എന്ന അര്‍ത്ഥത്തിലാണ് അങ്ങനെ വിളിക്കുന്നത്. അവള്‍ക്ക് പക്ഷേ ആ വിളി ഇഷ്ടമല്ല. അവള്‍ വലിയ കുട്ടിയായെന്നാണ് അവള്‍ പറയുന്നത്. അപ്പോള്‍ ഞാന്‍ തര്‍ക്കിക്കും. എത്ര വലിയ കുട്ടിയായാലും ഒരമ്മയ്ക്ക് മക്കള്‍ എന്നും കുഞ്ഞുങ്ങളാണ്. എന്റെ കുഞ്ഞ് എന്ന വിചാരമാവും എപ്പോഴും മനസില്‍. ഒരമ്മയാവുന്ന കാലത്ത് നിനക്കും അത് മനസിലാവുമെന്ന് ഞാന്‍ പറയും.
സത്യം പറഞ്ഞാല്‍ എന്റെ മനസില്‍ മാത്രമല്ല മലയാളികളുടെ ആകമാനം മനസില്‍ അവള്‍ കുഞ്ഞാണ്. കുട്ടിത്തമുളള ഒരു മുഖവും ഭാവവും ഉളളതു കൊണ്ടാവും പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിയായി സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ലെന്ന് പലരും പറയും.
ഇതൊക്കെയാണെങ്കിലും അനുവിന് സൗഹൃദങ്ങള്‍ തീരെയില്ല. തന്നിലേക്ക് ഉള്‍വലിഞ്ഞു നില്‍ക്കുന്ന പ്രകൃതമാണ്. എന്തെങ്കിലും വായിച്ചുകൊണ്ടിരിക്കാനാണ് ഇഷ്ടം. ഏറ്റവും അടുത്ത കൂട്ടുകാര്‍ എന്ന് പറയുന്നത് ആകെ രണ്ടുപേരാണ്. സാനിയയും സിയയും. നാട്ടിലെ പഴയ സൗഹൃദങ്ങളാണ്. അവര്‍ ഇപ്പോഴും അവള്‍ക്കൊപ്പമുണ്ട്. കുട്ടിക്കാലത്ത് ഈ പോക്കിരി രാജനെ അവര്‍ ഒരുപാട് അഡ്ജസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ടാവാം ഒരിക്കലും വഴിപിരിയാത്ത കൂട്ടുകാരായി അവര്‍ ഇപ്പോഴും അവള്‍ക്കൊപ്പം നില്‍ക്കുന്നത്. ജീവിതം എന്നും നല്ല അനുഭവങ്ങള്‍ മാത്രമാവില്ല നമുക്കായി കാത്തു വയ്ക്കുന്നത്. വിജയങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കുമൊപ്പം പുട്ടിന് പീര പോലെ വേദനയുടെ നുറുങ്ങുകളും എന്നും ഞങ്ങളെ പിന്‍തുടര്‍ന്നിട്ടുണ്ട്.
‘ഉദാഹരണം സുജാത’ ഹിറ്റായെന്ന് മാത്രമല്ല ഒരു നല്ല സിനിമ എന്ന നിലയില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ മോള്‍ക്ക് നല്ല പേര് കിട്ടി. എവിടെ ചെന്നാലും ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങി. പക്ഷെ സ്‌കൂളില്‍ നിന്നും അപ്രതീക്ഷിതമായ ചില തിരിച്ചടികളും ഉണ്ടായി. തുടര്‍ച്ചയായി ക്ലാസ് അറ്റന്‍ഡ് ചെയ്യാതെ ലീവ് എടുക്കുന്നതായിരുന്നു പ്രശ്‌നം.
‘‘നിങ്ങള്‍ എന്താണ് സ്‌കൂളിനെ പറ്റി വിചാരിച്ചിരിക്കുന്നത്? ഈ കുട്ടിയുടെ ഭാവി കളയാനുളള പുറപ്പാടാണോ?’’
എന്നൊക്കെ വിവരം അന്വേഷിച്ചു ചെന്ന ഏട്ടനോട് അവര്‍ ചോദിച്ചു. പത്താം ക്ലാസിലേക്ക് പ്രവേശിച്ചതോടെ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമായി. അതിന്റെ ഗൗരവം നമുക്കും അറിയാം. പക്ഷേ ആ സമയത്താണ് എവിടെ? എന്നൊരു സിനിമയുടെ ഓഫര്‍ വരുന്നത്. മലയാളത്തിന്റെ വന്‍ബാനറുകളായ ജൂബിലി പിക്‌ചേഴ്‌സും പ്രകാശ് മൂവി ടോണും ചേര്‍ന്നുളള സംരംഭമാണ്. പഠനത്തെ ബാധിക്കുമെന്ന് കരുതി ഞങ്ങള്‍ പടം കമ്മിറ്റ് ചെയ്യില്ല. ആ സമയത്ത് മഞ്ജു വാരിയര്‍ വിളിച്ചിട്ട് പറഞ്ഞു.
‘‘ഞാന്‍ കേട്ടിട്ട് നല്ല കഥയാണ്. മോള്‍ക്ക് ഇഷ്ടമാണെങ്കില്‍ ചെയ്‌തോളൂ’’, മഞ്ജുവിനെ പോലൊരാള്‍ പറയുമ്പോള്‍ അത് നിരാകരിക്കാന്‍ പറ്റില്ല. അങ്ങനെ ആ സിനിമയും ചെയ്യാന്‍ തീരുമാനിച്ചു. പത്താം ക്ലാസിലായതു കൊണ്ട് അധികദിവസം കളയാന്‍ പറ്റില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞു. പത്ത് ദിവസം കൊണ്ട് അനുവിന്റെ ഭാഗങ്ങള്‍ തീര്‍ക്കാം എന്ന വ്യവസ്ഥയിലാണ് സമ്മതിച്ചത്. ഓണം വെക്കേഷന് ചെയ്യാമെന്നും സമ്മതിച്ചു. പക്ഷേ ആ സമയത്ത് പ്രളയമൊക്കെ വന്ന് കാര്യങ്ങള്‍ വിചാരിച്ച സമയത്ത് പൂര്‍ത്തിയായില്ല. പത്ത്ദിവസം എന്നത് നാല്‍പ്പത് ദിവസത്തോളം നീണ്ടുപോയി. സ്‌കൂളില്‍ നിന്ന് വിളിച്ച് ഭയങ്കരമായി വഴക്കായി. അവസാനം ഞാന്‍ പറഞ്ഞു.
‘‘എന്റെ കുഞ്ഞിന്റെ ഒരു വര്‍ഷം പോകും. പഠനം വിട്ട് ഒരു കാര്യവും പറ്റില്ല. ബാക്കിയുളള ഷൂട്ട് പിന്നെ ചെയ്യാം’’, അങ്ങനെ അന്ന് പുലര്‍ച്ച വരെ ഷൂട്ട് ചെയ്ത് വെളുപ്പിന് പരീക്ഷാഹാളിലേക്ക് അവര്‍ വണ്ടി അയച്ച് കുഞ്ഞിനെ പരീക്ഷ എഴുതിച്ചു. അവരുടെയും തെറ്റല്ല. പ്രകൃതിക്ഷോഭമാണ് ചതിച്ചത്.
‘ആദ്യരാത്രി’ എന്ന പടത്തിന്റെ കഥ കേട്ടപ്പോള്‍ ആ റോള്‍ മോള്‍ക്ക് യോജിക്കുമോ എന്ന് എനിക്ക് സംശയമായി. ശരീരപ്രകൃതം വച്ചിട്ട് അവള്‍ ചെറിയ കുട്ടിയല്ലേ എന്ന് ചോദിച്ചപ്പോള്‍ ഡയറക്ടര്‍ ജിബു ജേക്കബ് പറഞ്ഞു, ‘‘അതൊന്നും സാരമില്ല. അവള്‍ക്ക് പറ്റും. ഇത്തിരി തടിവച്ചാല്‍ മതി’’ എന്ന്.
കഥ വിശദമായി കേട്ടപ്പോള്‍ അടിപൊളിയായി ഞങ്ങള്‍ക്ക് തോന്നി. ആ പടം ചെയ്യാമെന്ന ധാരണയില്‍ ഇരിക്കുമ്പോഴാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്കായി ഗീരിഷ് എ.ഡി. വിളിക്കുന്നത്. ‘‘ചേച്ചി ഒന്ന് കൊച്ചിക്ക് വരാമോ?’’ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു.
‘‘ഞങ്ങള്‍ കൊച്ചിയില്‍ നിന്ന് വന്നതേയുളളു. ഇനിയിപ്പോ എക്‌സാമാണ്’’, ‘‘എന്നാല്‍ ഞങ്ങളങ്ങോട്ട് വരാം’’ എന്നായി ഗിരീഷ്. അവര്‍ വന്ന് കഥ പറഞ്ഞു. കഥയുടെ ചുരുക്കം കേട്ടപ്പോള്‍ തന്നെ ഇത് ഗംഭീരമാകുമെന്ന് എനിക്ക് തോന്നി. സ്‌ക്രിപ്റ്റ് അയച്ചുതരാമെന്ന് പറഞ്ഞാണ് അവര്‍ പോയത്. ഗിരീഷ് അയച്ചു തരികയും ചെയ്തു. സ്‌ക്രിപ്റ്റ് വായിച്ചിട്ട് അനു പറഞ്ഞു.
‘‘ഇതില്‍ എനിക്കൊന്നും ചെയ്യാനില്ലല്ലോ’’എന്ന്. മാത്‌സ് എക്‌സാമിന്റെ തലേന്നാണ് സ്‌ക്രിപ്റ്റ് വായിക്കുന്നത്. അച്ചു വായിച്ചിട്ട് പറഞ്ഞു. ‘‘എടി ഇത് ചെയ്തില്ലെങ്കില്‍ നിനക്ക് ഒരു നഷ്ടമായിരിക്കും’’. അനു ഉടനെ മാര്‍ട്ടിന്‍ പ്രക്കാട്ടിനെ വിളിച്ചു. അദ്ദേഹം പറഞ്ഞു. ‘‘എടീ ഗിരീഷിന്റെ ഷോര്‍ട്ട് ഫിലിമൊക്കെ നന്നായി വന്നിട്ടുണ്ട്. പിന്നെ ജോമോന്‍ ടി. ജോണൊക്കെ കൂടിയാണ് പടം നിര്‍മിക്കുന്നത്. നീ ഒന്ന് കൂടി ആലോചിച്ച് നോക്ക്’’
മാര്‍ട്ടിന്‍ പ്രക്കാട്ട് അങ്ങേയറ്റം മാന്യതയുളള മനുഷ്യനാണ്. ചെയ്യണമെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കില്ല. അതേസമയം തന്റെ അഭിപ്രായം സൂചിപ്പിച്ചശേഷം തീരുമാനം എടുക്കാനുളള അവകാശം അനുവിന് വിട്ടുകൊടുക്കും. അപ്പോഴും ചില പ്രശ്‌നങ്ങളുണ്ടായി. എക്‌സാം കഴിഞ്ഞാണ് ‘ആദ്യരാത്രി’ക്ക് ഡേറ്റ് കൊടുത്തിരുന്നു. ഗിരീഷിന്റെ പടത്തിന്റെ ഷൂട്ട് പബ്ലിക്ക് എക്‌സാമിന്റെ സമയത്താണ്. അതെന്തായാലും പറ്റില്ലെന്ന് ഞങ്ങള്‍ പറഞ്ഞു. പെട്ടെന്ന് ‘ആദ്യരാത്രി’യുടെ ടീം വിളിച്ചിട്ട് ഷൂട്ട് ഒരു മാസത്തേക്ക് മാറ്റി വച്ചതായി അറിയിച്ചു. അതേ സമയത്ത് തന്നെ ഗിരിഷ് വിളിച്ചിട്ട് പറഞ്ഞു. ‘‘എക്‌സാം കഴിഞ്ഞ് അനശ്വര വന്നാല്‍ മതി’’
അങ്ങനെ എല്ലാ കാര്യങ്ങളും കൃത്യമായി ഒത്തു വന്നു. എക്‌സാം കഴിയുന്ന ദിവസം കൊച്ചിക്ക് ട്രെയിന്‍ കയറണം. അവര്‍ ടിക്കറ്റ് ഒക്കെ ബുക്ക് ചെയ്തിരിക്കുകയാണ്. സമയമായിട്ടും അനുവിനെ കാണുന്നില്ല. എനിക്ക് ആകെ ടെന്‍ഷനായി. സംഭവം എന്താണെന്നു വച്ചാല്‍ പരീക്ഷ കഴിഞ്ഞ ദിവസമായതു കൊണ്ട് കൂട്ടുകാരെല്ലാം കൂടി ആഘോഷിക്കുകയാണ്. അനു വന്നു കയറുന്നത് മേലാസകലം കളറെല്ലാം വാരി പൂശിയാണ്. ട്രെയിന്‍ പുറപ്പെടാനുളള സമയമായി.