ADVERTISEMENT

പ്രകൃതിദത്ത നിർമാണ സാമഗ്രികളുടെ ദൗർലഭ്യവും കുതിച്ചുയരുന്ന വിലയും ബദൽ മെറ്റീരിയലുകൾ ഉപയോഗിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നു. സിമെന്റും മണലും വെള്ളവും ഉപയോഗിച്ച് പരമ്പരാഗത രീതിയിൽ ചെയ്തിരുന്ന വാള്‍ പ്ലാസ്റ്ററിങ്ങിനും ഏറെ മാറ്റങ്ങൾ വന്നിരുന്നു. മണലിന്റെ ദൗർലഭ്യവും കനത്ത വിലയുമാണ് പാറമണൽപോലുള്ള ബദൽ മെറ്റീരിയലുകളെക്കുറിച്ച് അന്വേഷിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നത്. പ്ലാസ്റ്ററിങ്ങിന് ഇന്ന് കൂടുതലായി ഉപയോഗിച്ചു വരുന്നൊരു മെറ്റീരിയലാണ് ജിപ്സം പൗഡർ. സിമെന്റും മണലും ഒഴിവാക്കി പകരം ജിപ്സം പൗഡറും വെള്ളവും മാത്രം ഉപയോഗിച്ച് ഭിത്തി തേയ്ക്കുന്ന രീതിയാണ് ജിപ്സം പ്ലാസ്റ്ററിങ്. ജിപ്സം പ്ലാസ്റ്ററിങ് ചെയ്ത ഭിത്തികളിൽ പെയിന്റിങ് സമയത്ത് പുട്ടിയും ഉപയോഗിക്കേണ്ടി വരില്ല.

ചെലവു കുറഞ്ഞതും മേന്മ കൂടിയതുമായ ഈ രീതിയിലുള്ള മറ്റൊരു ഗുണം സിമെന്റ് പ്ലാസ്റ്ററിനെക്കാൾ മനോഹരമായ ഫിനിഷിങ്ങ് ലഭിക്കും എന്നതാണ്. വെള്ള നിറത്തിലുള്ള നിരപ്പേറിയ പ്രതലമാണ് ജിപ്സം പ്ലാസ്റ്ററിങ്ങിലൂടെ ലഭി ക്കുന്നത്. വെട്ടുകല്ല്, ഇഷ്ടിക, കോൺക്രീറ്റ് ബ്ലോക്ക്, ഇന്റർ ലോക്ക് ബ്രിക്ക്, സീലിങ് തുടങ്ങി ഏതു പ്രതലത്തിലും ജിപ്സം ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്യാൻ കഴിയും. സിമെന്റിനെ അപേക്ഷിച്ചു നോക്കുമ്പോൾ വളരെയെളുപ്പത്തിൽ ജിപ്സം പ്ലാസ്റ്ററിങ് സെറ്റാവുന്നു അതുകൊണ്ടുതന്നെ പ്ലാസ്റ്ററിങ്ങിനു ശേഷം ചുമരിൽ വെള്ളം നനയ്ക്കേണ്ട ആവശ്യം വരുന്നില്ല.

തേപ്പു കഴിഞ്ഞ ഭിത്തിയിലെ ഈർപ്പം നന്നായി ഉണങ്ങിയതിനുശേഷം ഏതുതരം പെയിന്റും അടിക്കാൻ സാധിക്കും. വെള്ള നിറം തന്നെയാണ് ഭിത്തിക്കുവേണ്ടി തിരഞ്ഞെടുക്കുന്നതെങ്കിൽ പെയിന്റ് കുറേക്കൂടി എളുപ്പമാവും. ഇത്തരം പ്രതലങ്ങളിൽ പെയിന്റ് ചെയ്യുമ്പോൾ കൂടുതൽ കവറേജും ലഭിക്കും.

റെഡി ടു പ്ലാസ്റ്റർ യന്ത്രങ്ങളും വിപണിയിലുണ്ട്. ഒരേ കനത്തിൽ പെട്ടെന്ന് പ്ലാസ്റ്റർ ചെയ്യാമെന്നതാണ് ഇതിന്റെ ഗുണം. എന്നാൽ വെയ്സ്റ്റ് അധികം വരാതിരിക്കാൻ പരിചയസമ്പന്നരായ പണിക്കാരുടെ സേവനം ഉറപ്പുവരുത്തണം.

അതേസമയം, പുറംഭിത്തികളിലോ ഈർപ്പത്തിന്റെ സാധ്യതയുള്ള മുറികളുടെ ചുമരിലോ ജിപ്സം പ്ലാസ്റ്ററിങ് അഭികാമ്യമല്ല. മാത്രമല്ല മൂലകളിൽ ജിപ്സം പ്ലാസ്റ്ററിങ് ചെയ്താൽ അടർന്നു പോകാൻ സാധ്യത കൂടുതലാണ്.

ജിപ്സം പ്ലാസ്റ്ററിങ് : ഗുണങ്ങൾ

1. വീടിനകത്തെ ചൂട് ഗണ്യമായി കുറയ്ക്കും. സിമെന്റ് പ്ലാസ്റ്ററിങ്ങിനെക്കാൾ 50–80 ശതമാനം ചൂട് കുറവായിരിക്കും. ജിപ്സം പ്ലാസ്റ്ററിങ്ങിൽ.

2. താപസംവഹനശേഷി കുറവായതിനാൽ ഇതുപയോഗി ക്കുമ്പോൾ വൈദ്യുതി ലാഭവും ഊർജസംരക്ഷണവും ഉറപ്പാക്കാം.

3. പ്ലാസ്റ്ററിങ്ങിനു ശേഷം ചുമരുകളിൽ വിള്ളൽ പാടുകൾ ഉണ്ടാവാനുള്ള സാധ്യത കുറവാണ്.

4. ആരോഗ്യത്തിന് ഹാനികരമായ ഘടകങ്ങളൊന്നും തന്നെ ജിപ്സം പ്ലാസ്റ്ററിങ്ങിൽ അടങ്ങിയിട്ടില്ല.

5. ജിപ്സത്തിൽ കൂടിയ തോതിൽ അടങ്ങിയിട്ടുള്ള ക്രിസ്റ്റൽ വാട്ടർ അഗ്നിയെ പ്രതിരോധിക്കാൻ സഹായിക്കും. തീപിടിത്ത മുണ്ടായാൽ ബ്ലോക്ക് വർക്കിനെയും കോൺക്രീറ്റിനെയും സംരക്ഷിക്കുന്ന കവചമായി വർത്തിക്കുവാൻ ജിപ്സത്തിനു സാധിക്കും.

6. എക്കോസ്റ്റിക് സവിശേഷതകളുള്ള ഉൽപന്നമായതിനാൽ കെട്ടിടത്തിനുള്ളിൽ മികച്ച സംഗീതാസ്വാദനം സാധ്യമാക്കു ന്നു.

7. കൃമികീടങ്ങളുടെയും ചിതലിന്റെയും ആക്രമണത്തെ പ്രതിരോധിക്കുന്നു.

English Summary:

Gypsum Plastering Benefits- Furnishing Things to Know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com