ADVERTISEMENT

ശ്രീവിദ്യയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് പ്രസിദ്ധമായ ഒരു കാവ്യശകലത്തിന്റെ മറ്റൊരു പതിപ്പാണ്. ഒരിക്കല്‍ വയലാര്‍ എഴുതി.

‘സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ 

സ്‌നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും’

വിദ്യയുടെ കാര്യത്തില്‍ അത് അന്വര്‍ഥമായി. നിതാന്തമായ പ്രണയം ഉളളില്‍ സൂക്ഷിച്ചിരുന്ന അവരുടെ മനസ് കാണാന്‍ ആരും ശ്രമിച്ചില്ല. നന്മകളും തിരിച്ചറിഞ്ഞില്ല. അടുപ്പം സ്ഥാപിച്ചവര്‍ക്കെല്ലാം സ്വന്തം കാര്യസാധ്യതയ്ക്കുളള ഉപകരണം മാത്രമായിരുന്നു അവര്‍ എന്നും. ഈ അവസ്ഥയെക്കുറിച്ച് സമീപകാലത്ത് സംവിധായകന്‍ ആലപ്പി അഷറഫ് നടത്തിയ തുറന്നു പറച്ചിലുകളാണ് ഈ കുറിപ്പിന് ആധാരം.

മേനകയുടെ അമ്മയാകാനും സമ്മതം

ആലപ്പി അഷ്റഫ് സംവിധാനം ചെയ്ത രണ്ട് സിനിമകളില്‍ നായികയായിരുന്ന സീമയെയാണ് അദ്ദേഹം ‘മുഖ്യമന്ത്രി’ എന്ന ചിത്രത്തിലും കാസ്റ്റ് ചെയ്തത്. എന്നാല്‍ നടി മേനകയുടെ അമ്മയായി അഭിനയിക്കണം എന്ന് പറഞ്ഞതോടെ അവര്‍ പിന്‍മാറി. അതില്‍ സീമയെ കുറ്റപ്പെടുത്താനാവില്ലെന്ന് സംവിധായകന് തന്നെ ബോധ്യപ്പെടുകയും ചെയ്തു. അക്കാലത്ത് വളരെ ചെറുപ്പമായ സീമ ലീഡിങ് ഹീറോയിനായി തിളങ്ങി നില്‍ക്കുമ്പോള്‍ മറ്റൊരു നായികയുടെ അമ്മ വേഷത്തില്‍ പ്രത്യക്ഷപ്പെടാന്‍ മടിക്കുക സ്വാഭാവികം. അഷ്റഫ് അപ്പോള്‍ തന്നെ ശ്രീവിദ്യയെ ആ റോളില്‍ കാസ്റ്റ് ചെയ്തു. അഷറഫ് മഹാബലിപുരത്തുളള വീട്ടില്‍ ചെന്ന് ശ്രീവിദ്യയെ നേരില്‍ കണ്ട് കാര്യം പറഞ്ഞു. മേനകയുടെ അമ്മയെന്ന് കേട്ടിട്ടും അവര്‍ക്ക് കുലുക്കമൊന്നുമുണ്ടായില്ല.

srividya-old

‘അഭിനയിക്കാം. എനിക്ക് ക്യാരക്ടറാണ് പ്രധാനം’ എന്നായിരുന്നു മറുപടി. ശ്രീവിദ്യയെ അഷ്റഫ് ആദ്യമായി കാണുന്നത് ഒരു ഡബ്ബിങ് തിയറ്ററില്‍ വച്ചാണ്. പരിചയപ്പെട്ട ഉടന്‍ അവര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. ‘പല കുരള്‍ മന്നന്‍’. പല ശബ്ദങ്ങളുടെയും രാജാവ് എന്ന് അർഥം. ശ്രീവിദ്യ ഉദ്ദേശിച്ചത് മറ്റൊന്നുമല്ല. അഷ്റഫ് അക്കാലത്ത് പലര്‍ക്കും ശബ്ദം കൊടുത്തിരുന്നു. ജയന്‍ അകാലത്തില്‍ അന്തരിച്ചപ്പോള്‍ അദ്ദേഹം അവസാനമായി അഭിനയിച്ച കോളിളക്കത്തിലും മറ്റും ജയന് വേണ്ടി ഡബ്ബ് ചെയ്തത് അഷ്റഫായിരുന്നു. അഷ്റഫ് മറുപടിയൊന്നും പറയാതെ ചിരിച്ചുകൊണ്ടു നിന്നു. അന്ന് ശ്രീവിദ്യ വിവാഹിതയാണ്. നിർമാതാവായ ജോര്‍ജ് തോമസാണ് ഭര്‍ത്താവ്. അദ്ദേഹം മധു നായകനും ശ്രീവിദ്യ നായികയുമായ തീക്കനല്‍ എന്ന പടം നിർമിച്ചുകൊണ്ടാണ് സിനിമയിലേക്ക് വരുന്നത്. ബോംബെയില്‍ നിന്നും വന്ന അതിസമ്പന്നനായ മലയാളി എന്നാണ് ജോര്‍ജിനെക്കുറിച്ച് അഷ്റഫിന്റെ മനസിലുളള ചിത്രം. 

പടത്തിന്റെ സെറ്റില്‍ ഓരോ ദിവസവും ഓരോ ഇംപോര്‍ട്ടഡ് കാറുകളില്‍ വന്നിറങ്ങുന്നതായിരുന്നു ജോര്‍ജിന്റെ ശീലം. വലിയ ആഢംബരങ്ങളും ഒരുപാട് പരിവാരങ്ങളുമായി രാജാവിനെ പോലെ ജീവിക്കുന്ന അദ്ദേഹത്തെ സ്വന്തമാക്കാന്‍ പല നടിമാരും മത്സരിച്ചിരുന്നതായും കേട്ടിട്ടുണ്ട്. പക്ഷേ ജോര്‍ജിന് പ്രണയം തോന്നിയത് ശ്രീവിദ്യയോടായിരുന്നു. എന്നാല്‍ ജോര്‍ജ് എന്ന വ്യക്തിയെ സംബന്ധിച്ച യാഥാര്‍ഥ്യങ്ങള്‍ ഇതൊന്നുമായിരുന്നില്ല. സ്റ്റാര്‍ ഓഫ് കൊച്ചിന്‍ എന്ന പേരില്‍ ചിട്ടിക്കമ്പനിയും ഹോട്ടല്‍ ബിസിനസുമൊക്കെയുളള ഒരു വലിയ ഗ്രൂപ്പ് സിനിമയെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ അവര്‍ക്ക് മുന്നില്‍ നില്‍ക്കാന്‍ സമയവും താത്പര്യവുമുണ്ടായിരുന്നില്ല. പകരം അവരുടെ വിശ്വസ്തനായ ഒരു സ്റ്റാഫിന്റെ മകനെ ബിനാമിയാക്കി പ്രൊഡ്യൂസര്‍ സ്ഥാനത്തു നിര്‍ത്തി പടമെടുക്കുകയായിരുന്നു. ആ വഴിയില്‍ നിര്‍മാതാവായ ആളാണ് ജോര്‍ജ്. സത്യത്തില്‍ അദ്ദേഹവും കേവലം ഒരു ശമ്പളക്കാരനായിരുന്നു. 

srividya-film-still

പ്രണയവഞ്ചനകളുടെ ഇര

ശ്രീവിദ്യ ആദ്യം പ്രണയിച്ചത് കമല്‍ഹാസനെയായിരുന്നു. വിവരം അറിഞ്ഞ് വിദ്യയുടെ അമ്മ എം.എല്‍. വസന്തകുമാരി വിവാഹത്തിനു വേണ്ടി കുറച്ച് സമയം ആവശ്യപ്പെട്ടു. വിദ്യയും കമലും സിനിമയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഘട്ടമാണിത്. നാലോ അഞ്ചോ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാവാം വിവാഹം എന്നതായിരുന്നു അവരുടെ അഭിപ്രായം. കമല്‍ ഇതിനോട് യോജിച്ചില്ല. കേവലം 22 വയസ്സ് മാത്രം പ്രായമുളള വിദ്യയ്ക്കാവട്ടെ സ്വന്തമായി ഒരു തീരുമാനം എടുക്കാനുളള കഴിവുമില്ല. കമല്‍ വിദ്യയോട് മിണ്ടാതായി. പിന്നീട് വിദ്യ കേള്‍ക്കുന്നത് കമല്‍ വാണി ഗണപതിയെ വിവാഹം കഴിച്ചു എന്നതാണ്.

അത് ശ്രീവിദ്യയെ മാനസികമായി തകര്‍ത്തു. ആ ഘട്ടം എങ്ങനെ തരണം ചെയ്യുമെന്നറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് ജോര്‍ജ് എത്തുന്നത്. അപ്പോഴത്തെ മാനസികാവസ്ഥയില്‍ ജോര്‍ജിന്റെ വിവാഹാഭ്യർഥന ശ്രീവിദ്യ സ്വീകരിക്കുന്നു.  വിദ്യയുടെ അഭ്യുദയകാംക്ഷികളായ തമിഴ്‌നടി മനോരമ, വസന്തകുമാരി, മധു എന്നിവരൊക്കെ പരമാവധി പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ അന്ന് തീരെ അപക്വമതിയായിരുന്ന അവരുടെ മനസിലേക്ക് ഒന്നും കയറിയില്ല. അമ്മ സമ്മതിക്കില്ലെന്നും ശ്രീവിദ്യയ്ക്ക് ഉറപ്പായിരുന്നു. തന്നെ വഞ്ചിച്ചവര്‍ക്ക് മുന്നില്‍ നന്നായി ജീവിച്ചുകാണിക്കണമെന്ന വാശിയായിരുന്നു മനസില്‍.    

srividya

ശ്രീവിദ്യയെ ചെറുപ്പം മുതല്‍ പരിപാലിച്ചിരുന്ന ആയയോട് അഭിപ്രായം ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു. ‘‘നീ എവിടെയെങ്കിലും പോയി രക്ഷപ്പെട് മോളെ. ഇവിടെ നിന്നാല്‍ ഒന്നും നടക്കില്ല’’, വിദ്യ ആ വാക്കുകള്‍ മുഖവിലയ്ക്ക് എടുത്തു. മുംബൈയിലെ ഒരു പളളിയില്‍ വച്ചായിരുന്നു വിവാഹം. കൃത്യസമയത്ത് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അമ്മ എം.എല്‍. വസന്തകുമാരി എത്തി പെട്ടെന്ന് തന്നെ തിരിച്ചു പോവുകയും ചെയ്തു. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുളളില്‍ ശ്രീവിദ്യ ഒരു കാര്യം തിരിച്ചറിഞ്ഞു. ജോര്‍ജ് താന്‍ വിചാരിച്ചതു പോലെ ഒരു നിര്‍മാതാവോ സമ്പന്നനോ അല്ലെന്നും സ്റ്റാര്‍ ഓഫ് കൊച്ചിന്റെ ബിനാമിയായി നടക്കുന്ന കേവലം ഒരു ജീവനക്കാരന്‍ മാത്രമാണെന്നും. വഞ്ചിക്കപ്പെട്ടു എന്ന് മനസിലായതോടെ അവര്‍ മാനസികമായി വീണ്ടും തകര്‍ന്നു. തന്റെ തീരുമാനം തെറ്റായിപ്പോയെന്ന് മനസിലാക്കിയപ്പോഴേക്കും എല്ലാം കൈവിട്ടു പോയിരുന്നു. 

ജീവിതം മുന്നോട്ട് പോവണമെങ്കില്‍ പണം വേണം, അതിന് ശ്രീവിദ്യ സിനിമയില്‍ അഭിനയിക്കണം എന്നായി. അതിനും അവര്‍ തയാറായി. മികച്ച നടിയെന്ന നിലയില്‍ വിദ്യയ്ക്ക് ധാരാളം അവസരങ്ങള്‍ ലഭിച്ചു. ഒപ്പം മികച്ച പ്രതിഫലവും. ഈ പണം മുഴുവന്‍ ജോര്‍ജ് കൈക്കലാക്കി ധൂര്‍ത്തടിക്കുമായിരുന്നു എന്നും പറയപ്പെടുന്നു. ശ്രീവിദ്യയുടെ അക്കൗണ്ടിലേക്ക് വരുന്ന പണം അവരുടെ കളളയൊപ്പിട്ട് ജോര്‍ജ് ചെക്ക് എഴുതിയെടുക്കുകയായിരുന്നെന്ന് വിദ്യ തന്നെ പറഞ്ഞതായും അഷ്റഫ് സാക്ഷ്യപ്പെടുത്തുന്നു. 

കേവലം പണം സമ്പാദിക്കുന്ന ഒരു യന്ത്രം  എന്നതിനപ്പുറം ജോര്‍ജിന് തന്നോട് യാതൊരു സ്‌നേഹവുമില്ലെന്നും വിദ്യ മനസിലാക്കി. അതും പോരാഞ്ഞ് മറ്റ് പല സ്ത്രീകളുമായും അദ്ദേഹത്തിന് ബന്ധങ്ങളുളളതായും വിദ്യ അറിഞ്ഞു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ കലഹിക്കുകയും ജോര്‍ജ് വിദ്യയെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായും അഷ്റഫ് പറയുന്നു.  ഒരു രാത്രി നില്‍ക്കകളളിയില്ലാതെ ഓട്ടോ പിടിച്ച് ദിവ്യ അമ്മ താമസിക്കുന്ന വീട്ടിലെത്തിയതായും പറയപ്പെടുന്നു. അഞ്ചുവര്‍ഷം നീണ്ട ദുരിതജീവിതത്തിന് ശേഷമാണ് വിദ്യ അമ്മയെ തേടിയെത്തുന്നത്. അവര്‍ ചോദിച്ചു.

‘‘നീ എന്തിനായിരുന്നു മോളെ ഇത്രയും കാലം ഇതൊക്കെ സഹിച്ചത്. അന്നേ നിനക്കിത് പറഞ്ഞു കൂടായിരുന്നോ?’’

അങ്ങനെ ആ ബന്ധം അവസാനിപ്പിക്കാന്‍ രണ്ടുപേരും കൂടി തീരുമാനിച്ചു. പക്ഷേ കാര്യങ്ങള്‍ വിചാരിച്ചതു പോലെ എളുപ്പമായിരുന്നില്ല. ക്രിസ്ത്യന്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. അത് അത്ര പെട്ടെന്ന് അവസാനിപ്പിക്കാന്‍ സാധിക്കുമായിരുന്നില്ല. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടം. സുപ്രീംകോടതി വരെ ശ്രീവിദ്യയ്ക്ക് കയറിയിറങ്ങേണ്ടി വന്നു. ശ്രീവിദ്യയുടെ സ്വത്തുക്കള്‍ അടക്കം ജോര്‍ജ് കയ്യടക്കി വച്ചിരിക്കുകയായിരുന്നു. ഒടുവില്‍ ശ്രീവിദ്യയ്ക്ക് അനുകൂലമായി വിധി വന്നു. ഇതിനിടയില്‍ കടന്നു പോയത് 14 വര്‍ഷങ്ങളാണ്.

srividya39

സ്‌നേഹിക്കപ്പെടാന്‍ കൊതിച്ച സ്ത്രീ

ശ്രീവിദ്യ ആഗ്രഹിച്ചത് ഒരല്‍പ്പം സ്‌നേഹം മാത്രമായിരുന്നു. ഒരു കോണില്‍ നിന്നും അവര്‍ക്കത് ലഭിച്ചില്ല. പിന്നീട് പലരും സ്‌നേഹം നടിച്ച് അടുത്തുകൂടിയെങ്കിലും അതൊന്നും സദുദ്ദേശപരമായിരുന്നില്ല. പ്രണയാർദ്രമാർന്ന ആ മനസ്സ് പലരും മുതലെടുത്തു. വിവാഹം, കുടുംബം, കുട്ടികള്‍..ഇതെല്ലാം ഒരുപാട് മോഹിച്ചിരുന്നു ശ്രീവിദ്യ. പക്ഷേ വിധി അതിനൊന്നും അനുവദിച്ചില്ല. ഒടുവില്‍ ആ മോഹത്തോട് തന്നെ അവര്‍ വിട പറഞ്ഞു. 

പക്ഷേ പല ഭാഷകളിലും ശ്രീവിദ്യ കത്തിജ്വലിച്ചു. മദ്രാസിൽ ഫ്ലാറ്റ്, തിരുവനന്തപുരത്ത് വലിയ വീട്, സ്വർണം, അക്കൗണ്ടിൽ നിറയെ ക്യാഷ് ബാലൻസ് അങ്ങനെ നിരവധി സമ്പാദ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും അനുഭവിക്കാനുള്ള യോഗവും ശ്രീവിദ്യയ്ക്ക് ഉണ്ടായില്ല. ശിഷ്ടകാലം തന്റെ സ്വത്തുക്കളുമായി അമേരിക്കയില്‍ താമസമാക്കി അവിടെ ജീവിക്കണമെന്ന ആഗ്രഹവും ബാക്കി നിന്നു. ദുര്‍വിധി അവിടെയും അവരെ തോല്‍പ്പിച്ചു. അര്‍ബുദം അതിന്റെ എല്ലാ ആസുരതയോടും കൂടിയാണ് അവരെ ആക്രമിച്ചത്. അങ്ങനെ വര്‍ഷങ്ങള്‍ നീണ്ട കഠിനാദ്ധ്വാനം കൊണ്ട് താന്‍ സമ്പാദിച്ചതൊന്നും ആസ്വദിക്കാന്‍ പോലും കഴിയാതെ ദുരിതപൂർണമായ ജീവിതത്തിനു ശേഷം അവര്‍ മരണത്തിന് കീഴടങ്ങി. 

srividya339

അവരുടെ വില്‍പത്രത്തില്‍ തന്റെ കാലശേഷം സ്വത്തുക്കള്‍ എന്ത് ചെയ്യണമെന്ന് കൃത്യമായി എഴുതിവച്ചിരുന്നു. പാവപ്പെട്ട കുട്ടികളെ നൃത്തം പഠിപ്പിക്കുന്നതിനായി ഒരു നൃത്തകലാലയം തുടങ്ങുന്നത് അടക്കമുളള കാര്യങ്ങള്‍ അതില്‍ രേഖപ്പെടുത്തിയിരുന്നു. മരണത്തോട് അടുത്ത സമയത്തും ഭഗവാന്‍ കൃഷ്ണനോടുളള തന്റെ സ്നേഹം അവര്‍ കൈവിട്ടിരുന്നില്ല. ചെന്നെയിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന കൃഷ്ണന്റെ മനോഹരമായ ഒരു ഫോട്ടോ തിരുവനന്തപുരത്തെ വീട്ടിലത്തിച്ചു തരണമെന്ന് അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് ശ്രീവിദ്യയുടെ സഹോദരനും ഭാര്യയും അത് കൊണ്ടു വന്ന് കൊടുത്തു. 

കമല്‍ഹാസനുമായി ഒരു കൂടിക്കാഴ്ച

മരിക്കുന്നതിന് മുന്‍പ് അവര്‍ മറ്റൊരു ആഗ്രഹം കൂടി പങ്കുവച്ചു. ആദ്യകാമുകനും താന്‍ ജീവിതത്തില്‍ ഏറ്റവും സ്‌നേഹിച്ചിരുന്നതുമായ കമല്‍ഹാസനെ ഒന്നുകൂടി നേരില്‍ കാണണം. വിവരമറിഞ്ഞ കമല്‍ തലസ്ഥാനത്ത് എത്തി വിദ്യയെ കണ്ടു. ഏറെ ഹൃദയസ്പര്‍ശിയായിരുന്നു ആ കൂടിക്കാഴ്ച. സൗന്ദര്യത്തിന്റെ മറുവാക്കായിരുന്ന വിദ്യ ക്ഷീണിച്ച് അവശയായി രൂപഭംഗിയൊക്കെ നഷ്ടപ്പെട്ട് കിടക്കുന്നത് കണ്ട കമല്‍ വല്ലാതെ വേദനിച്ചു. അവര്‍ മനസ് തുറന്ന് പലരും സംസാരിച്ചു. ഇടയ്ക്ക് കണ്ണുകള്‍ ഈറനണിഞ്ഞു. കമല്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഇരുവര്‍ക്കും അറിയാമായിരുന്നു. ഈ ജന്മം ഇനിയൊരു കൂടിക്കാഴ്ച ഉണ്ടാവില്ല. ആ സമയത്തും വിദ്യയുടെ മനസ് പ്രണയാര്‍ദ്രമായിരുന്നുവെന്ന് പിന്നീട് കമല്‍ അനുസ്മരിച്ചു.

അതികഠിനമായ വേദന താങ്ങാനാവാതെ തന്നെയൊന്ന് കൊന്നു തരുമോയെന്ന് വിദ്യ പലപ്പോഴും ഡോക്ടര്‍മാരോട് കേണപേക്ഷിച്ചിരുന്നു. ഒടുവില്‍ വേദനകളില്ലാത്ത ഒരു ലോകത്തേക്ക് അവര്‍ സ്വയം യാത്രയായി. മരണശേഷം അവരുടെ ആത്മാവിന് പോലും സ്വസ്ഥത ലഭിക്കാത്ത വിധം വിവാദങ്ങളും അപവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും അവരുടെ സ്വത്തിനെച്ചൊല്ലി ഉയര്‍ന്നു. കെ.ബി. ഗണേഷ്‌കുമാറിനെ കെയര്‍ടേക്കറാക്കി വിദ്യ രൂപീകരിച്ചുവെന്ന് പറയപ്പെടുന്ന ട്രസ്റ്റിനെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും അങ്ങനെയൊരു ട്രസ്റ്റില്‍ എന്തുകൊണ്ട് താന്‍ ഇല്ലാതായി എന്നും ചോദിച്ച് ശ്രീവിദ്യയുടെ സഹോദരന്‍ ശങ്കരനാരായണന്‍ രംഗത്ത് വന്നു. തമിഴ്പത്രങ്ങള്‍ വലിയ പ്രാധാന്യത്തോടെ ഈ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു.

srividya23

മരണശേഷവും വിവാദങ്ങള്‍..

തൊട്ടുപിന്നാലെ അന്ന് വിദ്യയെ ചികിത്സിച്ചിരുന്ന ഡോ.കൃഷ്ണന്‍ നായര്‍ തന്റെ ആത്മകഥ പ്രസിദ്ധീകരിച്ചപ്പോള്‍ ശ്രീവിദ്യയെക്കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി. അതില്‍ അദ്ദേഹം ഒരു കാര്യം എടുത്തു പറഞ്ഞു. അന്ന് ശ്രീവിദ്യയ്ക്ക് വേദന കുറയ്ക്കാനുളള ഒരു മരുന്ന് വിദേശത്തു നിന്നും വരുത്തേണ്ടി വന്നു. അതിന് ലക്ഷങ്ങള്‍ ചിലവാണ്. പണം ആവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ ശ്രീവിദ്യയുടെ ട്രസ്റ്റിലേക്ക് കത്ത് കൊടുത്തു. എന്നാല്‍ അത്രയും പണം ട്രസ്റ്റില്‍ ഇല്ലെന്ന മറുപടിയാണ് വന്നത്.  ഒടുവില്‍ മരുന്നു കമ്പനി ശ്രീവിദ്യയോടുളള ആദരസൂചകമായി അത് സൗജന്യമായി കൊടുത്തുവെന്നും കൃഷ്ണന്‍ നായര്‍ എഴുതി.

ഇതിനിടെ ശ്രീവിദ്യയുടെ സഹോദരന്റെ ഭാര്യ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് മദ്രാസ് കോടതിയില്‍ തങ്ങള്‍ ഫയല്‍ ചെയ്ത പെറ്റീഷന്‍ പോലും കേരളത്തില്‍ നിന്നും ചില തൽപര കക്ഷികള്‍ ഇടപെട്ട് ഇല്ലാതാക്കിയെന്ന ആരോപണം ഉന്നയിച്ചു. ഈ വാര്‍ത്തകള്‍ ഗണേഷ് കുമാറിനെ ശരിക്കും ചൊടിപ്പിച്ചു. പരമ്പരാഗതമായി  സമ്പന്നായ അദ്ദേഹത്തിന് ആരുടെയും പണം ആവശ്യമില്ലെന്നും രാഷ്ട്രീയം പോലും ബിസിനസായി കാണാത്ത നേതാവാണ് ഗണേഷ് എന്നും അടുപ്പമുളളവര്‍ക്കെല്ലാം അറിയാം. അദ്ദേഹം ട്രസ്റ്റിന്റെ ചുമതലയില്‍ നിന്നും പൂര്‍ണമായി ഒഴിഞ്ഞ് സര്‍ക്കാരിന് വിട്ടുകൊടുത്തു. 

പില്‍ക്കാലത്ത് ഗണേഷ്‌കുമാര്‍ സിനിമാ മന്ത്രിയായി വന്നപ്പോള്‍ ഈ ട്രസ്റ്റ് ആ വകുപ്പിന് കീഴിലുളള ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം വച്ചെങ്കിലും ഇനി ഇതുമായി താന്‍ ബന്ധപ്പെടില്ലെന്നു പറഞ്ഞ് ഗണേഷ് ഒഴിഞ്ഞുമാറി. ആ ഫയല്‍ അദ്ദേഹം മുഖ്യമന്ത്രിക്ക് തിരിച്ചയച്ചതായും ആലപ്പി അഷ്റഫ് പറയുന്നു. അതെന്തായാലും ജീവിച്ചിരുന്നപ്പോഴും മരിച്ചശേഷവും ആരില്‍ നിന്നും സ്‌നേഹവും പരിഗണനയും ലഭിക്കാതെ പോയ ഒരു മനുഷ്യാത്മാവായിരുന്നു ശ്രീവിദ്യയുടേതെന്നാണ് അവരുടെ അനുഭവങ്ങളില്‍ നിന്നും പൊതുസമൂഹത്തിന് മനസിലാക്കാന്‍ കഴിഞ്ഞത്.

English Summary:

Srevidhya's life and struggle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com