കാലം കാത്തുവച്ച കാവ്യനീതി; ‘തുറമുഖം’ റിവ്യൂ
Thuramukham Movie Review
Mail This Article
‘‘കാട്ടാളന്മാർ നാടു ഭരിച്ചു
നാട്ടിൽ തീ മഴ പെയ്തപ്പോൾ
പട്ടാളത്തെ പുല്ലായ് കരുതിയ
മട്ടാഞ്ചേരി മറക്കാമോ?’’
ഓർമയുണ്ടോ ഈ മുദ്രാവാക്യം? ഓർക്കേണ്ടവർപോലും സൗകര്യപൂർവം മറക്കുന്നതാണ് മട്ടാഞ്ചേരിയിലെ തൊഴിലാളികളുടെ ചോരയിലെഴുതിയ ആ ചരിത്രം. മട്ടാഞ്ചേരിയിൽ പൊലീസിന്റെ തോക്കിനു മുന്നിൽ തൊഴിലാളികൾ ചിന്തിയ ചോരയിൽ മുക്കി സംവിധായകൻ രാജീവ് രവി എഴുതിയ ഇതിഹാസമാണ് തുറമുഖം. ഏറെക്കാലത്തിനുശേഷം മലയാളത്തിൽ ശക്തമായ ഒരു രാഷ്ട്രീയ സിനിമയാണ് പിറന്നുവീണിരിക്കുന്നത്. തുറമുഖം എന്ന സിനിമ വർഷങ്ങളായി പ്രതിസന്ധികളോടg പോരാടിയാണ് തിയറ്ററിലെത്തിയിരിക്കുന്നത്. എന്നാൽ എത്ര കാലം കാത്തിരുന്നാലും അണയാത്ത തീയാണ് ‘തുറമുഖം’. ‘ബാറ്റിൽഷിപ് പോട്ടെംകിൻ’ പോലെയൊരു സിനിമ മലയാളത്തിനും സ്വന്തമായിരിക്കുന്നു. തുറമുഖം ഒരു കമേഴ്സ്യൽ സിനിമയല്ല. ഇത് മലയാളത്തിൽ ഇതുവരെ ഇറങ്ങിയിട്ടുള്ള ക്ലാസിക് സിനിമകളിൽ ഒന്നാണ്.
മട്ടാഞ്ചേരിയിൽ തൊഴിലാളികളെ തെരുവുനായ്ക്കളെപ്പോലെ പണിയെടുപ്പിച്ചിരുന്ന ചാപ്പ സമ്പ്രദായത്തിനെതിരെ പോരാടാനിറങ്ങിയവരുടെ ജീവിതമാണ് തുറമുഖം. കെ.എസ്. ചിദംബരൻ പണ്ടെഴുതിയ ‘തുറമുഖം’ എന്നൊരു നാടകം മാത്രമാണ് മട്ടാഞ്ചേരി കലാപത്തെക്കുറിച്ച് ഓർമപ്പെടുത്തുന്ന ഒരു കലാസൃഷ്ടി. ആ നാടകത്തെ സ്വതന്ത്രമായി സിനിമയിലേക്കു തിരക്കഥയെഴുതി പറിച്ചുനട്ടത് കെ.എസ്.ചിദംബരന്റെ മകൻ ഗോപൻ ചിദംബരമാണ്.
രാജീവ് രവിയുടെ ‘കമ്മട്ടിപ്പാട’ത്തെ കവച്ചുവയ്ക്കുന്ന ഒരു സിനിമയാണോ തുറമുഖം? കമ്മട്ടിപ്പാടവും തുറമുഖവും രണ്ടുതരം ജീവിതങ്ങളെക്കുറിച്ചാണ് പറയുന്നത്. കമ്മട്ടിപ്പാടം ആ മണ്ണിന്റെ കഥയാണ്. തുറമുഖം മണ്ണിൽ ജീവിക്കാനായി പൊരുതുന്ന മനുഷ്യൻ ചിന്തുന്ന വിയർപ്പിന്റെ കഥയാണ്. അവന്റെ പോരാട്ടത്തിന്റെ കഥയാണ്. ‘രാഷ്ട്രീയസിനിമ’യെന്ന പേരിൽ പൊയ്മുഖമണിയിച്ചു പുറത്തിറക്കുന്ന സിനിമകൾക്കു മുന്നിൽച്ചെന്നുനിന്ന് നട്ടെല്ലോടെ രാജീവ് രവി വിളിച്ചുപറയുകയാണ്: ‘ഇതാണ് ഒരു രാഷ്ട്രീയ സിനിമ.’
∙ നിസ്സംശയം പറയാം, ഗംഭീരം
നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് തുറമുഖത്തിലെ മൊയ്തു എന്നു നിസ്സംശയം പറയാം. ഒരൽപം വില്ലത്തരവും അൽപം സ്നേഹവും അലിവും ഉള്ളിൽ സൂക്ഷിക്കുന്ന, മൈമുവിന്റെ മകൻ മൊയ്തുവായി നിവിൻ പോളി ജീവിക്കുകയാണ്. യുവതാരങ്ങളിൽ ഏറ്റവും ശ്രദ്ധേയനായി മാറുന്ന അർജുൻ അശോകന്റെ ഗംഭീരപ്രകടനമാണ് ചിത്രത്തിന്റെ നട്ടെല്ല്. ഒരു തൊഴിലാളിയുടെ നിസ്സഹായതകളെ അർജുൻ നോക്കിലും വാക്കിലും നടപ്പിലും കൃത്യമായി വരച്ചിടുന്നുണ്ട്.
മൈമുവെന്ന തൊഴിലാളി നേതാവായി ജോജുവിന്റെ ഗംഭീരപ്രകടനത്തോടെയാണ് ചിത്രം തുടങ്ങുന്നത്. കൊച്ചി തുറമുഖത്ത് തൊഴിലെടുക്കാനുള്ള അടയാളമായ ചാപ്പ കിട്ടാനായി പരസ്പരം തല്ലുകൂടുന്ന തൊഴിലാളികൾ. അവർക്കിടയിൽ മുതലാളിത്തത്തിനെതിരെ പ്രതികരിക്കുന്ന തൊഴിലാളിയായി തലയുയർത്തി നിൽക്കുന്ന മൈമു. കറുപ്പിലും വെളുപ്പിലുമായി പറയുന്ന ആ കഥയാണ് തുറമുഖത്തിന്റെ അടിസ്ഥാനശില. കാലം മാറിയപ്പോൾ ഇടനിലക്കാരന്റെ ഇടങ്ങളിലേക്ക് യൂണിയനുകൾ കടന്നുവരുന്നു. തൊഴിലാളികളുടെ അവസ്ഥ മാറ്റമില്ലാതെ തുടരുന്നു. ഇത്തരമൊരു കാലഘട്ടത്തിൽ ജീവിക്കാനായി വിയർപ്പൊഴുക്കുന്ന മൈമുവിന്റെ മക്കളുടെ കഥയാണ് തുറമുഖം. ജീവിക്കാനുള്ള അവകാശത്തിനായി തൊഴിലാളികൾ തുടങ്ങിയ പോരാട്ടം മട്ടാഞ്ചേരി വെടിവയ്പ്പിലേക്ക് എത്തിച്ചേർന്ന സംഭവങ്ങളാണ് മൂന്നുമണിക്കൂറോളം സമയമെടുത്ത് രാജീവ് രവി പറയുന്നത്.
പോരാട്ടങ്ങളിൽ മക്കളെ നഷ്ടപ്പെടുന്ന നൂറായിരം ഉമ്മമാർ തെരുവിലെ ചോരപ്പാടുകളിലൂടെ കരഞ്ഞുകൊണ്ട് ഓടിവരുന്ന ആ നിസ്സഹായതയിലേക്കാണ് രാജീവ് രവിയുടെ ക്യാമറ കണ്ണുതുറക്കുന്നത്. മാക്സിം ഗോർക്കിയുടെ അമ്മയെയാണ് പൂർണിമ ഇന്ദ്രജിത്ത് അവതരിപ്പിച്ച, കെ.എസ്.ചിദംബരന്റെ ഉമ്മ ഓർമപ്പെടുത്തുന്നത്. 1950 കളിലെ കഥയാണ് തുറമുഖം പറയുന്നത്. സുദേവ്, പൂർണിമ, നിമിഷ സജയൻ, ദർശന രാജേന്ദ്രൻ, മണികണ്ഠൻ ആചാരി, സെന്തിൽ തുടങ്ങിയവരുടെ ഏറ്റവും മികച്ച അഭിനയമുഹൂർത്തങ്ങളും തുറമുഖത്തെ മികവുറ്റതാക്കുന്നു. കെയും ഷഹബാസ് അമനും ഒരുക്കിയ സംഗീതം, അൻവർ അലിയും കൂട്ടരുമൊരുക്കിയ കവിതകൾ എന്നിവയെ തുറമുഖത്തിൽ അതിവിദഗ്ധമായി കൂട്ടിച്ചേർത്താണ് ബി. അജിത്കുമാർ എന്ന എഡിറ്റർ ഒരു ഇതിഹാസം നെയ്തെടുത്തിരിക്കുന്നത്. കരുത്തുറ്റ കഥ, കരുത്തുറ്റ ക്യാമറ, കരുത്തുറ്റ അഭിനേതാക്കൾ, കരുത്തുറ്റ സംവിധായകൻ എന്നിവർ ഒരുമിക്കുമ്പോൾ എന്തു സംഭവിക്കുമോ, അത് ഇവിടെയും സംഭവിച്ചിരിക്കുന്നു.
∙ ഇത് കാലം കാത്തുവച്ച കാവ്യനീതി
2020 ൽ പൂർത്തിയായ ചിത്രം 2021 ൽ റോട്ടർഡാം ഫിലിംഫെസ്റ്റിവലിലാണ് പ്രീമിയർ പ്രദർശനം നടത്തിയത്. എന്നാൽ തിയറ്റർ റിലീസ് മൂന്നു തവണ മാറ്റിവയ്ക്കേണ്ടിവന്നു. ഒടുവിൽ രണ്ടു വർഷത്തിനു ശേഷമാണ് തുറമുഖം തിയറ്ററുകളിലെത്തിയത്. പക്ഷേ തിയറ്ററിലെത്താൻ കാലം വൈകിയെന്ന തോന്നൽ തുറമുഖം കാണുമ്പോൾ തോന്നുകയേ ഇല്ല. ഇതാണ് തുറമുഖം റിലീസ് ചെയ്യേണ്ട കാലം. മറിച്ചൊരു തരത്തിൽ ചിന്തിച്ചാൽ ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്ന സിനിമയാണ് ‘തുറമുഖം’.
‘തുറമുഖം’ ഒരു ഓർമപ്പെടുത്തലാണ്. ഇന്നു പലരും നുണയുന്ന സൗഭാഗ്യങ്ങളൊന്നും ആരും തളികയിൽ കൊണ്ടുവന്നു നിരത്തിയതല്ല. മുതലാളിത്തവും ചൂഷകവർഗവും കാണിച്ച നെറികേടുകളോട് പൊരുതിയാണ് തൊഴിലാളികൾ പ്രസ്ഥാനത്തെ വളർത്തിയത്. ആ ഓർമപ്പെടുത്തലാണ് ‘തുറമുഖം’. ഭരത് പി.ജെ.ആന്റണി എഴുതിയ ‘മട്ടാഞ്ചേരി’ എന്ന വിപ്ലവഗാനത്തിലെ ആ നാലു വരികൾ നെഞ്ചുപൊട്ടി പാടിക്കൊണ്ടാണ് തുറമുഖം അവസാനിക്കുന്നത്. ഇതാണ് ആ വരികൾ..
‘‘കാട്ടാളന്മാർ നാടു ഭരിച്ചു
നാട്ടിൽ തീ മഴ പെയ്തപ്പോൾ
പട്ടാളത്തെ പുല്ലായ് കരുതിയ
മട്ടാഞ്ചേരി മറക്കാമോ?’’