ദിലീപ് പറഞ്ഞ രസികനിലെ ആ ‘കടവാവൽ’; ഓർമയുണ്ടോ ഈ പയ്യനെ
Mail This Article
‘‘അടിവാതിലും തുറന്നു വന്നേക്കുവാണ് കടവാവല്.. ഡയലോഗ് പറ’’ ദിലീപ് പറഞ്ഞു തീരും മുമ്പേ മുഴുനീളൻ ഡയലോഗു പറഞ്ഞു പ്രേക്ഷകരെ ചിരിപ്പിച്ച രസികനിലെ ആ കൊച്ചു പയ്യനെ സിനിമാ പ്രേമികൾ മറക്കാനിടയില്ല. ഒറ്റ സീൻ കൊണ്ട് അടയാളപ്പെടുത്തിയ ആ ബാലതാരത്തിന്റെ പേര് ഹരിമുരളി. സിനിമയിൽ പ്രത്യേകിച്ചു പേരൊന്നും ഉണ്ടായിരുന്നില്ലെങ്കിലും സോഷ്യൽ മീഡിയ അന്വേഷകർ ഇട്ട പേര് ഉണ്ണിക്കുട്ടൻ എന്നായിരുന്നു. ‘രസികനു’ ശേഷം അണ്ണൻ തമ്പിയിൽ സിദ്ദീഖിന്റെ ചെറുപ്പമായും അമർ അക്ബർ അന്തോണിയിൽ പൃഥ്വിരാജിന്റെ അനുജനായും വന്നുപോയി. കുട്ടിത്താരമായി ചില സീരിയലുകളിലും വേഷമിട്ടു. എന്നാൽ പിന്നീട് ഹരിമുരളിയെക്കുറിച്ച് പ്രേക്ഷകർക്കു യാതൊരറിവും ഇല്ലായിരുന്നു. ഒരിക്കൽ കൂടി താരത്തെ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് മനോരമ ഓൺലൈനിന്റെ 'ഓർമയുണ്ടോ ഈ മുഖം' എന്ന പരിപാടി വഴി.
ചെറിയ വേഷങ്ങളിലൂടെ, ഒറ്റ സീനിലൂടെ ഒരുകാലത്തു പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായി മാറിയ നിരവധി താരങ്ങൾ മലയാള സിനിമയിലുണ്ടായിട്ടുണ്ട്. പലരും ഇന്നു എവിടെയാണെന്നു പോലും ആർക്കും അറിയില്ല. അത്തരക്കാരെ കണ്ടെത്തി പ്രേക്ഷകരിലേക്കു ഒരിക്കൽ കൂടി എത്തിക്കുകയാണ് മനോരമ ഓൺലൈനിന്റെ 'ഓർമയുണ്ടോ ഈ മുഖം' എന്ന പരിപാടി വഴി.
അഭിനയം നിർത്തിയോ.. ഇപ്പോൾ എവിടെയാണ് ?
ഞാൻ പതിനഞ്ചാം വയസ്സിൽ അഭിനയം നിർത്തിയതാണ്. അഭിനയം പഠനത്തെ ബാധിക്കുന്നു എന്നു തോന്നിത്തുടങ്ങിയപ്പോഴായിരുന്നു അങ്ങനെയൊരു തീരുമാനം. വിഷ്ണു ചേട്ടനും ബിബിൻ ചേട്ടനുമായുള്ള ബന്ധത്തിന്റെ പേരിൽ അമർ അക്ബർ അന്തോണിയിൽ ഒരു വേഷം ചെയ്തു. പിന്നീട് പഠനമെല്ലാം ബെംഗളൂരിൽ ആയിരുന്നു.. അതിനു ശേഷം ജോലിയുമായി ബന്ധപ്പെട്ടു യുഎഇലേക്കു പോയി. ഇപ്പോൾ നാട്ടിൽ തന്നെയുണ്ട്. വിഎഫ്എക്സ് ആർട്ടിസ്റ്റാണ് ഞാൻ. എഡിറ്റിങ്ങും എഴുത്തും ഒക്കെയാണ് ഇപ്പോഴത്തെ പരിപാടി
ആ ഡയലോഗ് ദിലീപേട്ടന്റെ ഐഡിയ ആയിരുന്നു
എന്റെ അച്ഛൻ ഒരു നാടക സംവിധായകനും ആർട്ടിസ്റ്റുമാണ്. വളർന്നതൊക്കെ നാടക ക്യാംപുകളിലായിരുന്നു. അതുകൊണ്ട് അഭിനയത്തോടു ചെറുപ്പം മുതൽ താൽപര്യമുണ്ടായിരുന്നു. അച്ഛന്റെ സുഹൃത്ത് സ്ക്രിപ്റ്റ് എഴുതിയ നാടകത്തിൽ ഗുഡ്മോണിങ് ടീച്ചർ എന്നൊരു ഡയലോഗു പറയാൻ പോയതാണ്. അവിടെ നിന്നാണ് എന്റെ അഭിനയ ജീവിതം തുടങ്ങിയത്. അതിനു ശേഷം മറ്റൊരു സീരിയലിലേക്ക് വിളി വന്നു.. സീരിയലിൽ നിന്നും സിനിമയിലേക്ക്. ആദ്യ സിനിമ രസികനിൽ അഭിനയിക്കുമ്പോൾ എനിക്ക് 6 വയസ്സായിരുന്നു.
അന്ന് ആ പ്രായത്തിൽ അഭിനയിക്കുന്ന വേറെ കുട്ടികൾ ഇല്ലായിരുന്നു. അത് ശരിക്കും ഭാഗ്യമായി. രസികനിലെ അടിവാതിലും തുറന്നു വന്നേക്കുവാണ് കടവാവല് എന്ന ഡയലോഗിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പക്ഷേ ആ ഡയലോഗ് സ്ക്രിപ്റ്റിൽ ഇല്ല, ഡബ്ബിങ്ങിന്റെ സമയത്ത് ദിലീപേട്ടൻ കൂട്ടിച്ചേർത്തതാണ്. ആ സീനിൽ ദിലീപേട്ടൻ ചെരിഞ്ഞാണ് ഇരിക്കുന്നത്. ശ്രദ്ധിച്ചു നോക്കിയാൽ മനസിലാകും. അപ്പോൾ ദിലീപേട്ടന് അങ്ങനെ പറയാൻ തോന്നിയിരുന്നില്ലെങ്കിൽ ആ ഡയലോഗും അതിലൂടെ ഞാനും ഹിറ്റാവില്ലായിരുന്നു. ഇന്ന് എന്റെ ഐഡന്റിറ്റി തന്നെ ആ ഡയലോഗാണ്. സംവൃത ചേച്ചിയുടെയും എന്റെയും ആദ്യ സിനിമയായിരുന്നു ‘രസികൻ’. ഞങ്ങൾ തമ്മിൽ നല്ല ബന്ധമായിരുന്നു. ഞാൻ കുട്ടിയായതുകൊണ്ടു തന്നെ സെറ്റിൽ എല്ലാവരും എന്നെ എടുത്ത് നടക്കുമായിരുന്നു. രസികന് ശേഷം മാടമ്പി,ഡോൺ,അണ്ണൻ തമ്പി തുടങ്ങിയ സിനിമകളിലും വേഷം ചെയ്തിട്ടുണ്ട്. പക്ഷേ ഇംപാക്ടുണ്ടാക്കിയത് രസികനിലെ കഥാപാത്രമാണ്.
കുട്ടികൾ എന്നെ കളിക്കാൻ പോലും കൂട്ടില്ല..
സിനിമയിൽ നിന്നും മാറി നിൽക്കാനുള്ള കാരണം പഠനം മാത്രമായിരുന്നില്ല, മറ്റു ചിലതു കൂടിയുണ്ട്. സോഷ്യൽ മീഡിയ അത്ര പരിചിതമല്ലാത്ത കാലത്താണ് ഞാൻ അഭിനയിച്ചു തുടങ്ങിയത്. അതും നാലര വയസ്സിൽ. സീരിയലിൽ അഭിനയിക്കുന്നതു കൊണ്ടു ആളുകൾക്കു എന്റെ മുഖം പരിചിതമായിരുന്നു. ഇത് പേഴ്സണലി എന്നെ ബാധിച്ചിരുന്നു. വീടിനടുത്തുള്ള കുട്ടികൾ എന്നെ കളിക്കാൻ പോലും കൂട്ടില്ലായിരുന്നു. സ്കൂളിൽ പോയാലും കുട്ടികൾ സംസാരിക്കാതെ മാറി നിൽക്കും. എന്നെ വേറെ എന്തോ ആയിട്ടാണ് കുട്ടികളൊക്കെ കണ്ടത്. ചിലപ്പോൾ അവർക്കു അഭിയിക്കുന്ന ആളാണ്, ജാഡയായിരിക്കും എന്ന തോന്നലിൽ നിന്നും ഉണ്ടായ പേടിയും മടിയുമൊക്കെ ആയിരുന്നിരിക്കാം.
ട്രെയിനിലൊക്കെ പോകുമ്പോൾ ആളുകൾ അടുത്തു വന്ന് സീരിയൽ കാണാറുണ്ട് നല്ല അഭിനയമാണെന്നൊക്കെ പറയുമ്പോൾ എന്നോട് മാത്രം എന്തിനാണ് ആളുകൾ ഇങ്ങനെ സംസാരിക്കുന്നതെന്ന തോന്നലായിരുന്നു. കാരണം, ഇതൊന്നും ഹാൻഡിൽ ചെയ്യാൻ പറ്റുന്ന പ്രായമായിരുന്നില്ല അന്ന്. ഇതുകൊണ്ടൊക്കെ ഇനി അഭിനയിക്കുന്നില്ല എന്ന തീരുമാനം ഞാൻ സ്വയം എടുക്കുകയായിരുന്നു. അങ്ങനെയാണ് കരിയറിൽ വലിയൊരു ബ്രേക്ക് വന്നത്. നല്ല അവസരങ്ങൾ കിട്ടിയാൽ സിനിമയിലേക്കു തിരിച്ചു വരാൻ തന്നെയാണ് തീരുമാനം. നല്ല റോളുകൾ നോക്കി മാത്രമേ കാരക്ടർ സിലക്ട് ചെയ്യൂ. ആളുകൾ ഇപ്പോഴും എന്നെ ഇഷ്ടപ്പെടുന്നുണ്ട്. അത് ഇല്ലാതാക്കരുത് എന്നാണ് ആഗ്രഹം.
ഈ സിനിമ ജയിച്ചാലും തോറ്റാലും നിന്റെ തലവര
സിനിമാ ജീവിതത്തിൽ എന്നെ പ്രചോദനം ചെയ്ത വ്യക്തികളിൽ ഒരാളാണ് മമ്മൂക്ക. എന്നോടു പണ്ടു മുതൽ ആളുകൾ ചോദിക്കുന്ന ചോദ്യമാണ് മമ്മൂട്ടി ഓർ മോഹൻലാൽ. അന്നും ഇന്നും എന്റെ മറുപടി ആസ് ആൻ ആക്ടർ മമ്മൂക്ക, ആസ് എ സ്റ്റാർ ലാലേട്ടൻ എന്നാണ്. ‘അണ്ണൻ തമ്പി’ സിനിമയിൽ വില്ലനായി സിദ്ദീഖയുടെ കുട്ടിക്കാലം ആണ് ഞാൻ ചെയ്തത്. മമ്മൂക്കയുടെ ചെറുപ്പകാലം അഭിനയിച്ച സോനുവിനും മോനുവിനും ഡബ്ബ് ചെയ്തതും ഞാനായിരുന്നു. അന്ന് ഞാൻ ഡബ്ബിങ്ങിനു പോകുമ്പോൾ മമ്മൂക്ക ഡബ്ബ് ചെയ്ത ശേഷം ഇറങ്ങി വരികയായിരുന്നു.
അപ്പോൾ ഇക്ക എന്നോട് ഒറ്റക്കാര്യം മാത്രമാണ് പറഞ്ഞത്. ഈ സിനിമ ജയിച്ചാലും തോറ്റാലും അത് നിന്റെ തലവരയാണെന്ന്. കാരണം ആ സിനിമ തുടങ്ങുന്നത് തന്നെ എന്റെ കാല് കാണിച്ചു കൊണ്ടാണ്. പിന്നീട് ആറ് വർഷം കഴിഞ്ഞാണ് ഞാൻ മമ്മൂക്കയെ കാണുന്നത്. അന്ന് കണ്ടപ്പോൾ മമ്മൂക്ക എന്നെ തിരിച്ചറിയുകയും എന്നോട് സംസാരിക്കുകയും ചെയ്തു. ആളുകളെ അത്രമാത്രം ഓർമയിൽ സൂക്ഷിക്കുന്ന ആളാണ് മമ്മൂക്ക. അത് മമ്മൂക്കയുടെ അദ്ഭുതപ്പെടുത്തുന്ന ഒരു ക്വാളിറ്റി ആയാണ് എനിക്കു തോന്നുന്നത്.