‘സാന്ത്വനം’ കഥ പകുതിയിൽ നിർത്തി, ആദിത്യന്റെ വിയോഗം
Mail This Article
സ്വപ്നങ്ങൾ ബാക്കിയാക്കിയാണ് ആദിത്യന്റെ അപ്രതീക്ഷിത വിയോഗം. ഉദിച്ചുയർന്ന ശേഷം പെട്ടെന്ന് അസ്തമിച്ച പോലെ. ഏറെ ആശിച്ച വീടിന്റെ ഗൃഹപ്രവേശത്തിനു തൊട്ടു മുൻപായിരുന്ന ആ വിടവാങ്ങൽ. നാളെ കാണാമെടാ...' എന്നു പറഞ്ഞാണ് പ്രശസ്ത സീരിയൽ സംവിധായകൻ ആദിത്യൻ ബുധനാഴ്ച സാന്ത്വനം' സീരിയൽ ഷൂട്ടിങ് സെറ്റിൽ നിന്നു മടങ്ങിയത്. ഇന്നലെ പുലർന്നപ്പോൾ വർത്തകർ കേട്ടതു പ്രിയപ്പെട്ട കൂട്ടുകാരന്റെ മരണ വാർത്ത.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ ടെലിവിഷൻ സീരിയലായ സാന്ത്വനത്തിന്റെ ബുധനാഴ്ചത്തെ ഷൂട്ടിങ് മണക്കാടുള്ള ഒരു വീട്ടിലായിരുന്നു. രാത്രി ഒൻപതരയോടെ ഷൂട്ടിങ് കഴിഞ്ഞാണ് ആദിത്യൻ പേയാടുള്ള വാടകവീട്ടിലേക്കു പോയത്. ഇന്നലെ പുലർച്ചെ 2.20 ന് സീരിയലിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ ശരത്തിനെ ആദിത്യൻ ഫോൺ ചെയ്തു. നെഞ്ചു വേദനയെന്നും ആശുപത്രിയിലേക്കു പോകണമെന്നും പറഞ്ഞു. ശരത് വീട്ടിലെത്തിയപ്പോൾ അവശനിലയിലായിരുന്നു. തുടർന്നു സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുൻപു മരിച്ചു.
സീരിയൽ രംഗത്തെ സൂപ്പർ ഹിറ്റ് സംവിധായകനായിരുന്നു. അവന്തിക ക്രിയേഷൻസിന്റെ ബാനറിൽ ചിപ്പി രഞ്ജിത് നിർമിച്ച സീരിയലുകളെല്ലാം വൻവിജയങ്ങളായിരുന്നു. സാന്ത്വനം, ആകാശദൂത്, വാനമ്പാടി എന്നിവ ജനപ്രിയമാക്കുന്നതിൽ ആദിത്യൻ വഹിച്ച പങ്ക് വലുതാണെന്നും, കുടുംബ ബന്ധങ്ങളുടെ കഥ പ്രേക്ഷകർക്കു മുൻപാകെ അവതരിപ്പിച്ച് വിജയിപ്പിക്കുന്നതിൽ ആദിത്യന് പ്രത്യേക മികവുണ്ടായിരുന്നുവെന്നും നിർമാതാവ് രഞ്ജിത് പറഞ്ഞു.
പ്രേക്ഷകരുടെ പൾസ് നന്നായി അറിയാവുന്ന ആദിത്യൻ നമ്പർ വൺ റേറ്റിങ്ങുള്ള മലയാളം ടെലിവിഷൻ ഡയറക്ടർ കൂടിയായിരുന്നു. 'അമ്മ' എന്ന സീരിയലും സൂപ്പർ ഹിറ്റായിരുന്നു.
തമിഴിൽ പുതുമുഖങ്ങളെ വച്ച് സിനിമ ചെയ്ത ആദിത്യന്, മലയാളത്തിൽ സിനിമ സംവിധാനം ചെയ്യുക എന്നതു ജീവിതാഭിലാഷമായിരുന്നു. ഇതിനായി പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണു മരണം. ജീവിതത്തിന്റെ പാതിവഴിയിൽ എല്ലാം അവസാനിപ്പിച്ചു മടങ്ങിയ ആദിത്യന്റെ മൃതദേഹം തൈക്കാട് ഭാരത് ഭവനിൽ പൊതുദർശനത്തിനു വച്ചപ്പോൾ സിനിമ-സീരിയൽ രംഗത്തെ നിരവധി പേരാണ് അന്തിമോപചാരം അർപ്പിച്ചത്.
സ്റ്റാർ വിജയ് ചാനലിൽ സം പ്രേഷണം ചെയ്ത "പാണ്ഡ്യൻ സ്റ്റോഴ്സ്' എന്ന സീരിയലാണ് സാന്ത്വനം' എന്ന പേരിൽ മലയാ ളത്തിൽ ആദിത്യൻ അവതരിപ്പിച്ചത്. ചിപ്പിയാണ് മുഖ്യകഥാപാതമായ ശ്രീദേവിയെ അവതരിപ്പിക്കുന്നത്.