ADVERTISEMENT

അവതാരകനായ ഗോവിന്ദ് പത്മസൂര്യ എന്ന ജിപിയും മിനിസ്ക്രീൻ അഭിനേത്രിയായ ഗോപികയും തമ്മിലുള്ള വിവാഹ നിശ്ചയം ഇരുവരുടെയും ആരാധകരെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്. പ്രണയത്തിന്റെ യാതൊരു തുമ്പും തരാതെ, പെട്ടെന്ന് ദിവസം ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞെന്ന വാർത്ത വന്നപ്പോൾ പ്രേക്ഷകർ നിറഞ്ഞ സന്തോഷത്തിനിടയിലും പരസ്പരം ചോദിച്ച ചോദ്യമായിരുന്നു 'എന്നാലും ഇതെങ്ങനെ ?' എന്നത്. അടുത്ത ബന്ധുക്കളെ മാത്രം ഉൾപ്പെടുത്തി തികച്ചും സ്വകാര്യമായി നടത്തിയ വിവാഹ നിശ്ചയത്തിനൊടുവിൽ ഇരുവരും മാധ്യമങ്ങൾക്ക് മുഖം തരാതിരുന്നപ്പോഴും ബാക്കിയായത് ‘എന്നാലും ഇതെങ്ങനെ?’ എന്ന ചോദ്യമായിരുന്നു. 

ജിപിയുടെയും ഗോപികയുടെയും പ്രണയവിവാഹമാണോ, അതോ അറേഞ്ച്ഡ് മാരേജ് ആണോ എന്നൊക്കെയുള്ള സംശയങ്ങൾക്കും ഊഹങ്ങൾക്കുമെല്ലാം ഉള്ള മറുപടിയുമായി ഇരുവരും നേരിട്ടെത്തിയിരിക്കുകയാണ്. ഗോവിന്ദ് പത്മസൂര്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരും തങ്ങളുടെ പ്രണയകഥ പങ്കു വച്ചിരിക്കുന്നത്. ആളുകൾ ചിന്തിക്കുന്നത് പോലെ പ്രണയവിവാഹമല്ലെന്നും തീർത്തും അറേഞ്ച്ഡ് ആയ ഒരു വിവാഹമാണെന്നും ജിപിയും ഗോപികയും പറയുന്നു. വീട്ടുകാരുടെ നിർദേശപ്രകാരം പരിചയപ്പെട്ട ശേഷം ഇരുവരും തങ്ങളുടെ പ്രണയം കണ്ടെത്തുകയായിരുന്നു. 

‘‘ചേട്ടന്റെ അച്ഛന്റെ അനിയത്തിയും എന്റെ വല്യമ്മയും 15  വർഷത്തോളമായി കൂട്ടുകാരാണ്. അവരാണ് യഥാർഥത്തിൽ ഇങ്ങനെ ഒരു വിവാഹാലോചന തുടങ്ങിവച്ചത്’’– ഗോപിക പറയുന്നു.

‘‘മേമ എന്നോട് , ഗോപികയെപ്പറ്റി പറഞ്ഞ ശേഷം പോയി കാണണം, പരിചയപ്പെടണം എന്നെല്ലാം പറഞ്ഞു. എന്നാൽ ഞാൻ അതിനത്ര പ്രാധാന്യം നൽകിയില്ല. എന്നാൽ എന്നെ വെറുതെ വിടാനുള്ള ഉദ്ദേശം മേമക്കുണ്ടായിരുന്നില്ല. ഒന്നരമാസത്തോളം ഞാൻ ഉഴപ്പി. എന്നാൽ അപ്പോഴേക്കും മേമയുടെ മെസ്സേജിലൂടെയും മറ്റുമുള്ള ഭാഷ അല്‍പം കടുക്കാൻ തുടങ്ങി. ഞാൻ പറഞ്ഞാൽ നീ അനുസരിക്കില്ലല്ലേ എന്നൊക്കെയായി ചോദ്യം. അങ്ങനെ മേമയെ സമാധാനിപ്പിക്കാനായി ഞാൻ ഗോപികയെ വിളിച്ചു. എവിടെയാണുള്ളതെന്ന് ചോദിച്ചപ്പോൾ ചെന്നൈയിൽ ആണെന്ന് പറഞ്ഞു. ആ സമയത്ത് ഞാനുള്ളത് കൊച്ചിയിലാണ്. ഒരു മണിക്കൂർ കൊണ്ട് ഫ്‌ളൈറ്റിൽ ചെന്നൈ എത്താം. തിരുവനന്തപുരം വരെ വണ്ടി ഓടിച്ചു പോയി കാണേണ്ട കാര്യമില്ല. മാത്രമല്ല, ഇടയ്ക്കിടെ ഞാൻ പോകാറുള്ള കാപാലീശ്വര ക്ഷേത്രത്തിൽ പോകുകയും ചെയ്യാം. ഒപ്പം മറ്റു ചില മീറ്റിങ്ങുകളും. അങ്ങനെ നിരവധി പദ്ധതിയുമായാണ് ഞാൻ ചെന്നൈയ്ക്ക് പോയത്’’.– ജിപി പറയുന്നു. 

Govind Padmasoorya, Gopika Anil. Photo: Instagram/Govind Padmasoorya
Govind Padmasoorya, Gopika Anil. Photo: Instagram/Govind Padmasoorya

കാപാലീശ്വര ക്ഷേത്രത്തിൽ വച്ച് ആദ്യ കാഴ്ച 

ഒരു നിയോഗം പോലെ  കാപാലീശ്വര ക്ഷേത്രത്തിൽ വച്ച് ആണ് ആദ്യമായി ജിപി ഗോപികയെ കാണുന്നത്. ഗോപികയുടെ കൂടെ മിട്ടുവും സുഹൃത്തുക്കളും ഉണ്ടായിരുന്നു. കുറച്ചു നേരം എല്ലാവരും ഒരുമിച്ചിരുന്നു സംസാരിച്ച ശേഷം ജിപിക്കും ഗോപികയ്ക്കും സംസാരിക്കാൻ അവസരം നൽകി അവർ പോയി. മേമ പറഞ്ഞത് കൊണ്ട് മാത്രം വെറുതെ ഒന്ന് വന്ന് കണ്ട് പരിചയപ്പെടാം എന്നാണ് ജിപി കരുതിയത് എന്നാൽ അഞ്ചു മണിക്കൂറോളം മനസ്സ് തുറന്ന് തന്നെപ്പറ്റി ഗോപിക സംസാരിച്ചപ്പോൾ ജിപിക്കും താല്പര്യം തോന്നി തുടങ്ങി. 

govind-padmasoorya-gopika-anil-engagement-2

‘‘സത്യത്തിൽ ഗോപിക ഇത്രയേറെ സംസാരിക്കുന്ന ആളാണെന്ന് ഞാൻ മനസിലാക്കിയത് അപ്പോഴാണ്. ചെറുപ്പത്തിലെ കാര്യങ്ങൾ മുതൽ എല്ലാം 5  മണിക്കൂർ കൊണ്ട് ഗോപിക പറഞ്ഞു തീർത്തു. പരസ്പരം പിരിയുമ്പോൾ ഞാൻ ഒരു ആയുർവേദ ഡോക്റ്റർ ആയ പോലെയാണ് എനിക്ക് തോന്നിയത്’’.– ജിപി പറയുന്നു. 

എന്നാൽ, ജിപിയുടെ മനസ്സിൽ വിവാഹത്തിലേക്ക് പോകാൻ പറ്റിയ ഒരു ബന്ധമായി തോന്നിയെങ്കിലും ഗോപികയുടെ മനസ്സിൽ അങ്ങനെയായിരുന്നില്ല. തനിക്ക് ജിപിയെ പറ്റി ഒന്നുമറിയില്ലെന്നും അതിനാൽ സ്വയം പറഞ്ഞു തരണമെന്നും ഗോപിക ആവശ്യപ്പെട്ടത് പ്രകാരം കൊച്ചിയിൽ നിന്നും കോഴിക്കോട്ടേക്കുള്ള കാർ യാത്രയിൽ ജിപി മനസ് തുറന്നു. അങ്ങനെ ഇരുവർക്കും പരസ്പരം നല്ല കൂടാണെന്നും മുന്നോട്ട് പോകാമെന്നും തോന്നി. എന്നാൽ, അപ്പോഴും ഗോപികയുടെ മനസ്സിൽ ഇത് നടക്കുമോ, ഇല്ലയോ എന്ന ആശങ്ക ബാക്കിയായി. 

govind-padmasoorya-gopika-anil-engagement

ആശങ്കയ്ക്ക് ഒടുവിൽ പിരിയാൻ തീരുമാനിച്ചു 

ബന്ധം മുന്നോട്ട് കൊണ്ട് പോകാൻ കഴിയുമോ എന്ന ആശങ്ക ഗോപികക്കുണ്ടായപ്പോൾ, ആ ആശങ്ക ജിപിയിലും ആശങ്കയുണ്ടാക്കി. രണ്ട് പേരും ഒരേ മനസോടെയല്ലാതെ വിവാഹമെന്ന തീരുമാനം എടുക്കരുതെന്ന് ജിപിക്ക് നിർബന്ധമുണ്ടായിരുന്നു. അതിനാൽ ഗോപികയുടെ മനസ്സിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ പിരിയാനും നല്ല സുഹൃത്തുക്കളായി തുടരാനും ജിപി നിർദേശിച്ചു. എന്നാൽ ആ ഉറച്ച തീരുമാനത്തിന് മുന്നിൽ ഗോപികയുടെ ആശങ്കകൾ ഇല്ലാതായി. നടക്കില്ലെന്നു കരുതിയ വിവാഹം നടത്താമെന്നായി ഇരുവരും 

എന്നാൽ ഇരുവരുടെയും മനസ്സിൽ ഇത്തരത്തിൽ പലവിധ ആശങ്കകളും മറ്റും നിലന്നിരുന്നതിനാൽ വീട്ടുകാരോട് ഒരു അവസാന തീരുമാനം ഇരുവരും വൈകിയാണ് പറഞ്ഞത്. അത് വരെയുള്ള സമയം പരസ്പരം കൂടുതൽ മനസിലാക്കാനും പ്രണയം കണ്ടെത്താനുമായി മാറ്റിവച്ചു. കല്യാണത്തിന് മാനസികമായി തയാറെടുക്കാൻ കുറച്ചു കൂടി സമയം വേണമെന്ന് തോന്നിയതിനാലാണ് അങ്ങനെ തീരുമാനിച്ചത്. പിന്നീട് വീട്ടിൽ കാര്യം അറിയിച്ചപ്പോൾ കുടുംബങ്ങൾ കൂടിയാലോചിച്ച് കുടുംബാംഗങ്ങളെ മാത്രം ഉൾപ്പെടുത്തി വിവാഹനിശ്ചയം നടത്താൻ തീരുമാനിക്കുകയായിരുന്നു. 

govind-padmasoorya-gopika-anil-engagement-21

ആദിത്യന്റെ മരണം നൽകിയ ഷോക്ക് 

വിവാഹ നിശ്ചയത്തെപ്പറ്റി പറയുമ്പോൾ ജിപിക്കും ഗോപികയ്ക്കും മറക്കാനാവാത്ത ഒന്ന് ഗോപിക അഭിനയിക്കുന്ന സാന്ത്വനം എന്ന സീരിയലിന്റെ സംവിധായകൻ ആദിത്യന്റെ അപ്രതീക്ഷിതമായ മരണമാണ്. വിവാഹ നിശ്ചയത്തിന് ആശംസകൾ നൽകി ഗോപികയെ ഷൂട്ടിങ് സെറ്റിൽ നിന്നും പറഞ്ഞു വിട്ട ആദിത്യൻ, ഗോപികയുടെ വിവാഹനിശ്ചയത്തിന് 4 ദിവസം മുൻപാണ് മരണപ്പെടുന്നത്. ആദിത്യന്റെ ഭൗതിക ശരീരം കണ്ട് വന്ന ഗോപിക വളരെ വിഷമത്തിലായിരുന്നു.

‘‘വിവാഹ നിശ്ചയം മാറ്റിവച്ചാലോ എന്ന് പോലും ഞാൻ ചിന്തിച്ചു. ഗോപികയോട് അക്കാര്യം പറയുകയും ചെയ്തു. എന്നാൽ ഇരു കുടുംബങ്ങളിലെയും പ്രായമായ ബന്ധുക്കൾ പോലും ജയ്‌പൂർ പോലുള്ള  വിദൂര സ്ഥലങ്ങളിൽ നിന്നും വിവാഹ നിശ്ചയത്തിനായി എത്തിയിരുന്നു. അതിനാൽ മറ്റ് വഴികളില്ലാതെ വിവാഹ നിശ്ചയവുമായി മുന്നോട്ട് പോകുകയായിരുന്നു. ഗോപികയെ സമാധാനിപ്പിക്കാനും മാനസികമായി ശക്തിപ്പെടുത്താനും ഈ സമയത്ത് തുണയായത് അടുത്ത സുഹൃത്തുക്കളാണ്’’.– ജിപി പറയുന്നു. 

വിവാഹ നിശ്ചയം കഴിഞ്ഞതിനാൽ ഗോപിക അഭിനയം നിർത്തുന്നു എന്ന രീതിയിലുള്ള വാർത്തകൾ പ്രചരിക്കുന്നതിൽ ഒരു യാഥാർഥ്യവും ഇല്ലെന്നും ഗോപികയ്ക്ക് ഇഷ്ടമുള്ള കാലം വരെ അഭിനയം തുടരുമെന്നും കരിയറിൽ ഒരു മാറ്റവും വരില്ലെന്നും ജിപി കൂട്ടിച്ചേർത്തു. 

English Summary:

Govind Padmasoorya and Gopika Anil shared theri wedding story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com