‘അയാളുടെ സീരിയൽ നടി ഭാര്യയെക്കുറിച്ച് എല്ലാവർക്കും അറിയാവുന്ന രഹസ്യമായ പരസ്യം’: മിനു മുനീറിന് മറുപടിയുമായി ബീന ആന്റണി
Mail This Article
സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ വാസ്തവ വിരുദ്ധമായ ആരോപണങ്ങൾ ഉന്നയിച്ച നടി മീനു മുനീറിനെ നിയമപരമായി നേരിടുമെന്ന് നടി ബീന ആന്റണി. ഇൻഡസ്ട്രിയിൽ വന്ന കാലം മുതൽ അവസരങ്ങൾക്ക് വേണ്ടി ആരുടെയും പിന്നാലെ പോയിട്ടില്ലെന്നും ഇപ്പോൾ പലതും വിളിച്ചു പറയുന്ന സ്ത്രീകളെപ്പോലെ അല്ല തനിക്ക് അവസരങ്ങൾ കിട്ടിയതെന്നും ബീനാ ആന്റണി പറയുന്നു. ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് നടിയുടെ പ്രതികരണം.
നേരത്തെ ബീന ആന്റണിയുടെ ഭർത്താവ് മനോജ് ഒരു വിഡിയോയിൽ മീനു മുനീറിനെ വിമര്‍ശിച്ചെത്തിയിരുന്നു. ഇതിനു മറുപടിയായി, ‘ഭാര്യ എന്ത് ചെയ്താലും കുഴപ്പമില്ല, മറ്റുള്ള സ്ത്രീകളെ പറയാൻ നടക്കുകയാണ് ഇയാൾ’ എന്നാണ് മീനു മുനീർ പറഞ്ഞത്. മനോജിന്റെ ഭാര്യയുടെ പല കഥകളും തനിക്കറിയാമെന്നും വേണമെങ്കിൽ വിഡിയോ പങ്കുവയ്ക്കാമെന്നും മീനു മുനീർ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ ബീനാ ആന്റണി രംഗത്തു വന്നിരിക്കുന്നത്.
ബീന ആന്റണിയുടെ വാക്കുകൾ:
‘‘ഞാനിപ്പോൾ വന്നത് ഒരു പുതിയ സംഭവത്തെക്കുറിച്ച് സംസാരിക്കാനാണ്. ഒരു വിഡിയോ പുതിയതായിട്ട് ഇറങ്ങിയിട്ടുണ്ട്. അതിൽ എന്റെ പേര് പറഞ്ഞ് എന്നെ മെൻഷൻ ചെയ്തുകൊണ്ട് വളരെ മോശമായിട്ട് ഒരു ഓഡിയോ ക്ലിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. ഹേമ കമ്മിഷനും അതുമായിട്ട് ബന്ധപ്പെട്ട ചൂടു പിടിച്ചിട്ടുള്ള കുറെ കാര്യങ്ങളൊക്കെ വന്നുകൊണ്ടിരിക്കുകയാണല്ലോ. എല്ലാം നല്ലതിന് തന്നെയാണ്. പക്ഷേ അതിന്റെ ഇടയിൽ കൂടി നമ്മുടെ ഇൻഡസ്ട്രിയെ തകർക്കാനും കുറെ ആളുകൾ ഇറങ്ങിയിട്ടുണ്ട്. നിങ്ങൾക്ക് വിഡിയോസ് ഒക്കെ കാണുമ്പോഴും അറിയാം. നമ്മൾ എല്ലാവരും വളരെ വിദ്യാസമ്പന്നരും പ്രബുദ്ധരുമായ ജനങ്ങളാണ്. നെല്ലും പതിരും ഒക്കെ കണ്ടാൽ തിരിച്ചറിയാനൊക്കെ പറ്റും. അതുകൊണ്ട് എന്നെ ആരെങ്കിലും തെറ്റിദ്ധരിക്കുമോ എന്ന സംശയം കൊണ്ടല്ല ഞാൻ ഇത് പറയുന്നത്. നമ്മളെ ക്രൂശിക്കാനായിട്ടും നമ്മുടെ പുറകെ കല്ലെറിയാനായിട്ടും കുറെ പേരൊക്കെ നടക്കുന്നുണ്ട്. എന്നെ മനസ്സിലാക്കുന്നവർ അതൊന്നും വിശ്വസിക്കില്ല എന്ന് എനിക്കറിയാം.
നടി ആയിട്ട് അറിയപ്പെടാനായി എനിക്കൊരു പിന്നാമ്പുറക്കഥകളും പറയേണ്ടി വന്നിട്ടില്ല. ബീനാ ആന്റണി ഒരു നടി എന്ന നിലയിൽ അംഗീകരിക്കപ്പെട്ടിട്ട് വർഷങ്ങൾ കുറെ ആയി. ഞാൻ വന്നു കുറച്ചു നാൾ കഴിഞ്ഞപ്പോൾ തന്നെ എനിക്ക് അംഗീകാരങ്ങൾ ഒക്കെ കിട്ടിയതാണ്. സ്റ്റേറ്റ് അവാർഡ് രണ്ടുമൂന്നു വർഷം അടുപ്പിച്ച് കിട്ടിയിട്ടുണ്ട്. ഒരു നടി എന്ന നിലയിൽ വളരെ അഭിമാനത്തോടെയാണ് ഇന്ന് ഇവിടെ നിൽക്കുന്നത്. അതല്ലാതെ എന്നെ പറ്റി പറഞ്ഞ ഈ ടീമിനെ പോലെ ഇങ്ങനത്തെ കുറെ പിന്നാമ്പുറക്കഥകൾ പറഞ്ഞിട്ട് ആർട്ടിസ്റ്റ് ആയ ആളല്ല ഞാൻ.
എന്നെ എന്തൊക്കെയോ തരത്തിലൊക്കെ അവർ മെൻഷൻ ചെയ്തിട്ടുണ്ട്. ഞാൻ അതിലേക്ക് ഒന്നും കടക്കുന്നില്ല അതൊക്കെ അവരുടെ സംസ്കാരം. അവരുടെ ഇതുവരെയുള്ള ജീവിതരീതികൾ ഒക്കെ അങ്ങനെ ആയിരിക്കും. അതിലേക്ക് ഒന്നും ഞാൻ പോകുന്നില്ല അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. പക്ഷേ എന്നെ ഇങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഞാൻ കേസുമായിട്ട് മുന്നോട്ടു പോകാൻ തീരുമാനിച്ചിരിക്കുകയാണ്. ഞാൻ അവർക്കെതിരെ കേസ് കൊടുക്കുകയാണ്. എന്റെ ഭർത്താവ് മനോജ് ഏതോ ഒരു വീഡിയോയിൽ അവരെ പേര് പറയാതെ അവരുടെ കാര്യങ്ങൾ പറഞ്ഞു എന്ന് പറഞ്ഞു കൊണ്ടാണ് അവരും ഒരാളും കൂടി ഒരു ഓഡിയോ ക്ലിപ്പും പിന്നെ ഫേസ്ബുക്കിലും വളരെ മോശമായിട്ട് എന്നെപ്പറ്റി പറഞ്ഞിട്ടുണ്ട്. 33 വർഷമായി ഇൻഡസ്ട്രിയിൽ ഉള്ള ആളാണ് ഞാൻ. ഇത്രയും വർഷം ഞാൻ ഒരു ജോലിയുമില്ലാതെ നിന്നിട്ടില്ല. വേറെ എന്തെങ്കിലും വഴികളിൽ കൂടിയൊക്കെ എന്റെ കുടുംബം പോറ്റേണ്ട അവസ്ഥ എനിക്ക് ഉണ്ടായിട്ടില്ല. ഗർഭിണിയായിരുന്ന ഒന്നര മാസമാണ് ഞാൻ ആകെ റെസ്റ്റ് എടുത്തിരിക്കുന്നത്. അത്രയേറെ വർക്കുകൾ എനിക്ക് ദൈവാനുഗ്രഹം കൊണ്ട് കിട്ടിയിട്ടുണ്ട് ഇപ്പോഴും കിട്ടുന്നുണ്ട്. എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല.
തപസ്യ എന്ന സീരിയൽ കഴിഞ്ഞ് എനിക്ക് ടൈഫോയ്ഡ് പിടിച്ച് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിട്ട് ഹോസ്പിറ്റലിൽ നിന്ന് വീട്ടിൽ വന്നപ്പോൾ എന്നെ നേരെ വയലാർ മാധവൻ കുട്ടി സാറിന്റെ വർക്ക് ചെയ്യാനാണ് വിളിച്ചു കൊണ്ടുപോയത്. അത്രയ്ക്ക് തിരക്കുള്ള ആളായിരുന്നു ഞാൻ. ഇപ്പോഴും ദൈവാനുഗ്രഹം കൊണ്ട് എനിക്ക് വർക്ക് കിട്ടുന്നുണ്ട്. ഇതിന്റെ ഇടയിൽ നിന്ന് ഞാൻ എന്തിന് വേറെ കുറുക്കുവഴികളിൽ കൂടി എൻറെ കുടുംബത്തെ നോക്കണം. അത്രയേറെ വർക്കുകളും പ്രോഗ്രാമുകളും ഷോകളും ഒക്കെ ആയിട്ട് ഞാൻ നല്ല അന്തസ്സോടെ കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരാളാണ്. ഒരു മോശം വഴിയിലും പോയിട്ട് ജീവിക്കേണ്ട ഗതികേട് എനിക്ക് ദൈവം വരുത്തിയിട്ടില്ല. അങ്ങനെ ആരെങ്കിലും പോകുന്നുണ്ടെങ്കിൽ ഞാൻ അവരെ കുറ്റവും പറയുന്നില്ല. അത് അവരുടെ ഗതികേടാവാം അവരുടെ സാഹചര്യം ആവാം. അതൊക്കെ അവരുടെ വിഷയം. ഞാൻ ആരെയും കുറ്റം പറയുന്നില്ല. അത് അവരുടെ ജീവിത രീതി ആയിരിക്കും. പക്ഷേ എനിക്ക് അതിന്റെ ആവശ്യമില്ല. സിനിമയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഞാൻ പെട്ടെന്ന് തന്നെ സീരിയലിലേക്ക് എത്തി. ‘യോദ്ധ’, ‘വളയം’, മമ്മൂക്കയുടെ ‘മഹാനഗരം’ അങ്ങനെ കുറെ നല്ല സിനിമകൾ ചെയ്യാൻ കഴിഞ്ഞു. പിന്നെ എന്തിനു ഞാൻ ആവശ്യമില്ലാത്ത പരിപാടിക്കൊക്കെ പോണം? എനിക്ക് അതിന്റെ ആവശ്യമില്ലായിരുന്നു. ഇപ്പോഴും ഇല്ല.
അപ്പോൾ അതുകൊണ്ട് എന്റെ പൊന്നുമക്കളെ, ‘എന്നെ ഈ പറഞ്ഞവർ ഉണ്ടല്ലോ’ അങ്ങനെയൊന്നും എന്റെ അടുത്തേക്ക് പറഞ്ഞ് ഒന്നും വരണ്ട. എനിക്ക് നല്ല അന്തസ്സായിട്ട് പറയാനുള്ള വർക്കുകളും ഉണ്ട്, എന്റെ ജീവിത രീതികളും ഉണ്ട്. എനിക്ക് അങ്ങനെയൊന്നും ഒരു വഴിയിൽ കൂടിയും പോകണ്ട കാര്യമില്ല. എന്റെ പേരെടുത്ത് പലരും പലതും കുരച്ചിട്ടുണ്ട് അതൊന്നും ഞാൻ ശ്രദ്ധിക്കാറില്ല. ഞാൻ മരിക്കുമ്പോൾ അത് പറഞ്ഞു തീരുമല്ലോ. ഇഷ്ടമുള്ളതു പറയട്ടെ. ഏത് ഞരമ്പുകൾ പറഞ്ഞാലും എനിക്കൊന്നുമില്ല. എന്നെ സ്നേഹിക്കുന്ന ഒത്തിരി പേരുണ്ടെന്ന് എനിക്കറിയാം. എനിക്ക് നിങ്ങൾ തരുന്ന ആത്മവിശ്വാസമാണ് എന്റെ ബലം. ഈ ഇൻസ്റ്റാഗ്രാമിൽ 99% ആൾക്കാരും എന്നെ സപ്പോർട്ട് ചെയ്യുന്നവരാണ്. എനിക്ക് എന്നെ അറിയുന്നവർ മതി. ബാക്കി ആര് എവിടെ കിടന്ന് എന്ത് കുരച്ചാലും എനിക്ക് ഒരു വിഷയവുമില്ല. എന്റെ കുടുംബം എനിക്ക് പൂർണ പിന്തുണയുമായി കൂടെയുണ്ട്. അതുകൊണ്ട് ഞാൻ അവർക്കെതിരെ കേസ് ആയി മുന്നോട്ടു പോവുകയാണ്. അവർ എന്ത് അർത്ഥത്തിൽ എന്നെ അങ്ങനെ പറഞ്ഞു എന്നുള്ളത് എനിക്കറിയണം. എനിക്ക് അത് തെളിയിച്ചേ പറ്റുള്ളൂ. അതിനുവേണ്ടി ഞാൻ കേസിനു പോവുകയാണ്. നിങ്ങൾക്ക് എല്ലാവർക്കും നന്മ വരട്ടെ.’’
ബീന ആന്റണിക്കും ഭർത്താവിനുമെതിരെ മോശമായ ഭാഷയിലായിരുന്നു മിനു മുനീർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചത്. യോദ്ധ സിനിമ പരാമർശിച്ചായിരുന്നു മിനുവിന്റെ കുറിപ്പ്. ‘‘ചിറി കോടിപോയിട്ടും പഠിച്ചില്ല. ഇങ്ങനെ വിരലിൽ എണ്ണാവുന്ന സ്ത്രീകളാണ് നടന്മാർക്ക് വളം വച്ചു കൊടുത്തത്. ചക്കിക്കൊത്ത ചങ്കരനായ ഭർത്താവും ആരെ കെട്ടിപ്പിടിച്ചാലും നോ പ്രോബ്ലം. നമുക്ക് ക്യാഷ് കിട്ടിയാൽ മതി. പേർസനൽ കാര്യം പ്രൈവറ്റ് ആയി പരിഹരിക്കണം. മലയാളികളെ ഊളകളാക്കുന്ന കാപട്യം. ഇതൊന്നും പൊതുവെ ഞാൻ മൈൻഡ് ചെയ്യാറില്ല. പക്ഷേ അവളുടെ കെട്ടിയോൻ എനിക്കെതിരെ ഒരു വിഡിയോ ഇട്ടു. ഇതൊക്കെ പറയാൻ ഇവന് എന്ത് യോഗ്യത? അവന്റെ ഭാര്യ പത്തരമാറ്റ് തങ്കം എന്ന് ഇത് കാണുമ്പോൾ അറിയാം. സ്വന്തം കണ്ണിൽ തടി കിടക്കുമ്പോൾ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കാൻ നോക്കുന്നു സൊ കോൾഡ് ഭർത്താവ്. ചേട്ടൻ ആരെയോ പേടിക്കുന്നു ഈ കുമ്പസാരം മുൻകൂർ ജാമ്യം എടുക്കുന്നതുപോലെ അല്ലേ? നാളെ ഇവന്റെ പേര് ആരേലും പറഞ്ഞാൽ ആരും വിശ്വസിക്കരുത് എന്ന് മുൻകൂർ ജാമ്യം. ഇവന്റെ സീരിയൽ നടി ഭാര്യയെ കുറിച്ച് എല്ലാർക്കും അറിയാവുന്ന രഹസ്യമായ പരസ്യം ആണ്. യോദ്ധ സിനിമയിൽ നടന്ന കലാപ്രകടനം ഇവിടെ പറയുന്നില്ല. വേണമെങ്കിൽ വിഡിയോ ഇടാം,’’ മീനു മുനീർ കുറിച്ചു. ഇതിനൊപ്പം ഒരു ഓഡിയോ ക്ലിപ്പും പങ്കുവച്ചിരുന്നു.