ADVERTISEMENT

വിവാഹജീവിതത്തിലുണ്ടായ പ്രതിസന്ധി ഘട്ടങ്ങൾ തുറന്നു പറഞ്ഞ് അഭിനേതാക്കളും വ്ലോഗർമാരുമായ പ്രിയ മോഹനും നിഹാൽ പിള്ളയും. സമയോചിതമായി ഇന്ദ്രജിത്തും പൂർണിമയും ഇടപെട്ടത് പ്രശ്നങ്ങൾ ലഘൂകരിക്കാനും സംസാരിക്കാനുമുള്ള സാധ്യത തുറന്നു തന്നെന്നും ഇരുവരും വെളിപ്പെടുത്തി. സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവച്ച വ്ലോഗിലാണ് പ്രിയയും നിഹാലും ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. 

‘‘മൂന്നു വർഷം മുമ്പ് ഞങ്ങൾക്കിടയിൽ വലിയ വഴക്ക് നടന്നു. മിഡ് ലൈഫ് ക്രൈസിസാണെന്ന് പറയാം. വക്കീലൻമാരെ വരെ കണ്ടു. എടുത്തു പറയാൻ ഒരു കാരണം ഒന്നും ഉണ്ടായിരുന്നില്ല. ഫ്രസ്ട്രേഷനും എടുത്ത് ചാ‌ട്ടവുമായിരുന്നു. അന്നത്തെ സാമ്പത്തിക സാഹചര്യം കൊണ്ട് കൂടിയായിരിക്കും,’’ നിഹാൽ ആ പ്രതിസന്ധി ദിവസങ്ങൾ ഓർത്തെടുത്തു.

‘‘മകൻ ജനിച്ച സമയത്തായിരുന്നു പ്രശ്നങ്ങൾ. അന്നു കുടുംബങ്ങൾ ഇടപെട്ടത് കൊണ്ടാണ് പെട്ടെന്നൊരു വിവാഹമോചനമെന്ന ചിന്ത മാറിപ്പോയതെന്ന് പ്രിയ പറയുന്നു. അനുവും (പൂർണിമ) ഇന്ദ്രേട്ടനും ഞങ്ങളോടു അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചിരുന്നു. ഒന്നും സംസാരിക്കാതെ പോയിരുന്നെങ്കിൽ വിവാഹമോചനത്തിൽ എത്തിയേനെ. പരസ്പരം സംസാരിച്ച് പരിഹരിക്കൂ, കുറച്ചു കൂടെ സമയം കൊടുക്കൂ എന്നാണ് അനുവും ഇന്ദ്രേട്ടനും പറഞ്ഞത്,’’ പ്രിയ ഓർത്തെടുത്തു.  

എന്നാൽ അവരുടെ ഇടപെടൽ കൊണ്ടു മാത്രമല്ല പിരിയാതിരുന്നതെന്നും ആ തീരുമാനം ഒരു എടുത്തചാട്ടമായി സ്വയം തോന്നിയിരുന്നുവെന്നും നിഹാൽ കൂട്ടിച്ചേർത്തു. ‘‘ഇന്നത്തെ കാലത്ത് വിട്ടു പോകാൻ എളുപ്പമാണ്. പക്ഷേ, പ്രശ്നം പരിഹ​രിക്കാനാണ് ബുദ്ധിമുട്ട്. പ്രത്യേകിച്ചും പെൺകുട്ടികൾ അത്യാവശ്യം സാമ്പത്തികമായി നല്ല നിലയിലാണെങ്കിൽ അവരുടെ ദാമ്പത്യത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ വന്നാൽ, വീട്ടുകാർ ആദ്യം പറയുക, വിട്ടു പോന്നോളൂ... നമുക്ക് നോക്കാം എന്നാകും. ഈഗോയും സാമ്പത്തിക സ്വാതന്ത്ര്യവും ഉള്ള ഇക്കാലത്ത് വിവാഹമോചനം എന്നത് എളുപ്പമാണ്. പക്ഷേ, ആ പ്രശ്നങ്ങൾ പരിഹരിക്കലാണ് പ്രയാസം,’’ നിഹാൽ പറഞ്ഞു. 

കൂടുതൽ സമയം ഒരുമിച്ച് ചെലവഴിക്കുന്നത് ബന്ധങ്ങൾ എളുപ്പമാക്കില്ല. സത്യത്തിൽ അപ്പോഴാണ് കൂടുതൽ ഫ്രസ്ട്രേഷനും പ്രശ്നങ്ങളും ഉണ്ടാകുന്നത്. ഞങ്ങളുടെ ബന്ധം കുറേക്കൂടി വർക്ക് ചെയ്യാൻ തുടങ്ങിയത് പ്രിയ കുറേക്കൂടി തിരക്കുകളിലേക്ക് കടന്നതോടെയാണ്, നിഹാൽ വെളിപ്പെടുത്തി. 

‘‘കല്യാണം കഴിഞ്ഞ സമയത്ത് ഞാൻ സീരിയലിൽ അഭിനയിക്കുകയായിരുന്നു. ഞാൻ ആ തിരക്കുകളിലായിരുന്നു. ഞാൻ മാറി നിന്നു ജോലി ചെയ്യുകയായിരുന്നു. വേദു (മകൻ) വന്നതിനു ശേഷം ഞാൻ മുഴുവൻ സമയവും വീട്ടിലായി. ഡെലിവറി കഴിഞ്ഞ സമയത്ത് കുറച്ച് വിഷാദാവസ്ഥ വരുമല്ലോ. ഹോർമോൺ വ്യതിയാനങ്ങൾ... മുഴുവൻ സമയവും കുഞ്ഞിനെ നോക്കൽ... വീട്ടിലിരിക്കൽ... ജോലിയില്ല... ആ സമയത്താണ് ഞങ്ങൾ വഴക്കിട്ടത്,’’ പ്രിയ പറഞ്ഞു.   

‘‘ബിസിനസിന്റെ കാര്യങ്ങളിലേക്ക് പ്രിയ ശ്രദ്ധ തിരിക്കാൻ തുടങ്ങിയതോടെ അതിൽ തിരക്കായി. അതോടെ ജീവിതത്തിലും സന്തോഷം അനുഭവപ്പെടാൻ തുടങ്ങി. അതുകൊണ്ട്, ഏതെങ്കിലും ഒരു കാര്യത്തിൽ ഏർപ്പെട്ടിരിക്കുക എന്നത് വളരെ പ്രധാനമാണ്,’ നിഹാൽ കൂട്ടിച്ചേർത്തു. 

മുംബൈ പൊലീസ് എന്ന ചിത്രത്തിലെ വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് നിഹാൽ പിള്ള. അഭിനയത്തിലും മോഡലിങ്ങിലും സജീവമായിരുന്ന താരം ഇപ്പോൾ ബിസിനസിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരിയാണ് പ്രിയ മോഹൻ. വിവാഹത്തിനു മുൻപ് അഭിനയത്തിൽ സജീവമായിരുന്നെങ്കിലും അമ്മ ആയതോടെ കരിയറിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. വസ്ത്രവ്യാപാര രംഗത്താണ് പ്രിയ ഇപ്പോൾ സജീവം.

English Summary:

Actors and vloggers Priya Mohan and Nihal Pillai have openly discussed the difficult phases they faced in their married life.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com