സംഗീതം ഞാൻ ചെയ്താൽ ശരിയാകില്ലേ? ദീപക് ദേവിനോട് സുഷിൻ ശ്യാം ചോദിച്ചത്
Mail This Article
ഒറ്റ നോട്ടത്തിൽ ന്യൂജെൻ ഫക്കീറിനെ പോലെ തോന്നും സംഗീത സംവിധായകൻ സുഷിൻ ശ്യാമിനെ കാണുമ്പോൾ... വല്ലാത്ത ശാന്തതയുള്ള കണ്ണുകളും നിഷ്കളങ്കമായ പുഞ്ചിരിയും! ബാൻഡിനൊപ്പം വേദിയിൽ കയറുമ്പോൾ മുടിയഴിച്ചാടുന്ന ഉന്മാദിയാകും സുഷിൻ! നിശബ്ദരാക്കപ്പെട്ടവർക്കായി പ്രതിഷേധത്തിന്റെ സംഗീതം തീർക്കുന്ന നിഷേധി! എന്നാൽ, ഈണമിട്ട പാട്ടുകൾ കേൾക്കുമ്പോഴാകട്ടെ, നെഞ്ചിൽ തറയ്ക്കുന്ന പാട്ടുകളുണ്ടാക്കി ഭ്രാന്തു പിടിപ്പിക്കുന്ന സംഗീത മാന്ത്രികനെന്നു തോന്നിപ്പോകും. ആസ്വാദകരെ തന്നിലേക്ക് പിടിച്ചടുപ്പിക്കുന്ന ഒരു മാജിക് ഉണ്ട് സുഷിന്റെ സംഗീതത്തിന്! ഏതു ഭ്രാന്തൻ നേരങ്ങളിലാകും ഈ ഈണങ്ങൾ പിറന്നിട്ടുണ്ടാവുക? ആ കഥകൾ മനോരമ ഓൺലൈനിലൂടെ സുഷിൻ ശ്യാം പങ്കുവയ്ക്കുന്നു.
ഹാർമോണിയത്തിന്റെ കീ പറിച്ചെടുത്ത കുട്ടിക്കാലം
എനിക്ക് ഓർമയുള്ള കാലം മുതലേ ഞാൻ കീ ബോർഡിന്റെ ഒപ്പമാണ്. പഠിക്കാതെ ഇരുന്നതിനല്ല, കീ ബോർഡ് പ്രാക്ടീസ് ചെയ്യാത്തതിനാണ് ഞാൻ അടി വാങ്ങിയിട്ടുള്ളത്. ഹാർമോണിയത്തിന്റെ ഒരു കീ പൊട്ടിച്ചെടുത്താണ് ഞാൻ ശരിക്കും സംഗീതത്തിലേക്ക് വരുന്നത്. പപ്പ പറഞ്ഞു കേട്ടിട്ടുള്ള കഥയാണ്. ചേച്ചിയെ പഠിപ്പിക്കാൻ ഒരു പാട്ടുമാഷ് വരുമായിരുന്നു. ചേച്ചിയെ പഠിപ്പിക്കാൻ ഇരിക്കുമ്പോൾ ഞാൻ ആ മുറിയുടെ വാതിലൊക്കെ തള്ളിത്തുറന്നു ചെന്ന് ഹാർമോണിയത്തിൽ ഞെക്കി അവരെ ശല്യപ്പെടുത്തും. അങ്ങനെ ശല്യം ചെയ്ത് ഹാർമോണിയത്തിന്റെ ഒരു കീ ഒക്കെ പറിച്ചെടുത്തിട്ടുണ്ട്. എന്തായാലും പപ്പയാണ് എനിക്ക് ബേസിക്സ് ഒക്കെ പഠിപ്പിച്ചു തന്നത്.
എൻജിനീയറിങ് ഉപേക്ഷിച്ച് സംഗീതത്തിലേക്ക്
പ്ലസ്ടു വരെ യൂത്ത് ഫെസ്റ്റിവലും പരിപാടികളുമായി ആഘോഷമായി പോയി. എൻജിനീയറിങ്ങിന് ചേർന്നപ്പോൾ പഠനം കുറച്ചുകൂടെ ഗൗരവമായി എടുക്കേണ്ടി വന്നു. അപ്പോഴാണ് ആ പണി എനിക്ക് പറ്റില്ലെന്നു തിരിച്ചറിഞ്ഞത്. അതോടെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. ചെന്നൈയിലേക്കു പോന്നു. അവിടെയുണ്ടായിരുന്ന ആറു വർഷങ്ങളിൽ നാലു കൊല്ലവും ബുദ്ധിമുട്ടുകളുടെ കാലമായിരുന്നു. രണ്ടു വർഷം ദീപക്കേട്ടനൊപ്പം നിന്നു. അവിടെയാണ് തുടക്കം. സിനിമയുടെ സംഗീതം പഠിക്കുന്നത് അവിടെ നിന്നാണ്. പിന്നീട്, പല സംഗീത സംവിധായകർക്കൊപ്പവും പ്രവർത്തിച്ചു. അതിനൊടുവിലാണ് സ്വതന്ത്രമായി സംഗീതം ചെയ്യുന്നത്. ‘സപ്തമശ്രീ തസ്കകരാഃ’ ആയിരുന്നു ആദ്യ ചിത്രം. അതിൽ പശ്ചാത്തലസംഗീതം ചെയ്തു. പാട്ടിന് ആദ്യമായി ഈണമിടുന്നത് ‘കിസ്മത്ത്’ എന്ന ചിത്രത്തിനു വേണ്ടിയാണ്.
കിളി പോയ അവസ്ഥ
കമ്പോസ് ചെയ്യുമ്പോൾ മനസ് ഒരു മൂഡിലായിരിക്കും. മെറ്റൽ വായിക്കുമ്പോൾ വേറൊരു മൂഡിലേക്ക് പോകും. ഇതിനിടയിൽ എവിടെയാണ് ശരിക്കുള്ള ഞാൻ എന്ന് എനിക്കും അറിയില്ല. അങ്ങനെ ഞാൻ ആലോചിച്ചിട്ടില്ല. പലയിടത്ത് പല റോളുകളാണ്. എന്റെ പാട്ടുകളിൽ വല്ലാത്തൊരു വേദനയുണ്ടെന്ന് ആളുകൾ പറയാറുണ്ട്. എന്തുകൊണ്ടാണ് അതെന്ന് എനിക്കറിയില്ല. ചിലപ്പോൾ വളരെ ആഴത്തിൽ എന്റെയുള്ളിൽ അങ്ങനെയൊന്ന് ഉള്ളതുകൊണ്ടാവും! അറിയില്ല. വല്ലാതെ കിളി പോകുന്ന അവസ്ഥയിലാണ് ഇരിക്കുന്നതെങ്കിൽ എങ്ങോട്ടെങ്കിലും യാത്ര പോകും.
സ്വിച്ചിട്ടാൽ പാട്ട് വരില്ല
സിനിമ ചെയ്യുമ്പോൾ ഞാൻ വളരെ പേഴ്സണൽ ആകും. ഒരു പാട്ടു ചെയ്യണമെങ്കിൽ എന്താണ് അതിന്റെ ലോജിക് എന്ന് സംവിധായകനെ ഞാൻ വല്ലാതെ ചോദ്യം ചെയ്യും. എന്തുകൊണ്ടാണ് ആ പാട്ട് അവിടെ ഉണ്ടാകുന്നത് എന്ന് എന്നെ 'കൺവിൻസ്' ചെയ്യിപ്പിക്കണം. ഒരു ട്രാക്ക് വരാൻ എനിക്ക് സമയമെടുക്കും. അതിന്റെയൊക്കെ ദേഷ്യമുണ്ടാകും. ‘കുമ്പളങ്ങി’യിലെ ലവ് ട്രാക്ക് ചെയ്യാൻ ഞാൻ ശ്രമിച്ചിട്ട് ഒരു രീതിയിലും അതു നടക്കുന്നുണ്ടായിരുന്നില്ല. ‘ഉയിരിൽ’ എന്ന ട്രാക്കിലേക്ക് എത്താൻ നാലു ട്രാക്കുകൾ എനിക്കു ചെയ്യേണ്ടി വന്നു. അവസാനം ഫഹദിക്ക എന്നെയും കൊണ്ട് ഗോവയിലേക്ക് ഒരു ഡ്രൈവ് പോയി. കൊച്ചിയിൽ നിന്ന് ബെംഗളൂരു വഴി ഗോവയിൽ പോയി നാലു ദിവസത്തിനുള്ളിൽ തിരിച്ചു വന്നു. അതോടെ ആ ട്രാക്ക് കിട്ടി.
വൈറസിനെ പിടിച്ചത്
പാട്ടുകളുള്ള സിനിമയാണെങ്കിൽ സംവിധായകന് ഒപ്പം വളരെ വിശദമായ ചർച്ചകളുണ്ടാകും. പാട്ടുകളും പശ്ചാത്തല സംഗീതവും ഒന്നു പോലെ തോന്നണമല്ലോ! അതിനായി ദീർഘമായ സംഭാഷണങ്ങൾ വേണ്ടി വരും. വൈറസിൽ ആണെങ്കിൽ പാട്ടുകളില്ല. ഷൂട്ട് തുടങ്ങിയിരുന്നു. എന്തു ചെയ്യണമെന്ന് വലിയ വ്യക്തതയൊന്നും ഇല്ലായിരുന്നു. ഷൂട്ട് കഴിഞ്ഞ് കണ്ടപ്പോൾ മനസിലായി യഥാർഥ സംഭവങ്ങൾ തന്നെ വച്ചിരിക്കുകയാണെന്ന്! സംഗീതത്തിൽ പക്ഷേ, ഞാൻ നേരെ തിരിച്ചിട്ടാണ് പിടിച്ചത്. ഒട്ടും റിയലിസ്റ്റിക് അല്ല അതിലെ പശ്ചാത്തലസംഗീതം. കേൾക്കുമ്പോൾ കനം തോന്നുന്ന ഒരു രീതി. ആളുകൾക്കു ശ്വാസം മുട്ടുന്ന പ്രതീതി ഉണ്ടാക്കുന്ന രീതിയിലാണ് ‘വൈറസി’ന്റെ പശ്ചാത്തലസംഗീതം ചെയ്തത്.
സ്റ്റേജിൽ ഹൈ വോൾട്ടേജ്
വായിക്കുന്നത് ‘ഹൈ’ മെറ്റൽ ആയതുകൊണ്ട് സ്വാഭാവികമായും അങ്ങനെ ആയിപ്പോകുന്നതാണ്. പിന്നെ, കാണികൾ നൽകുന്ന ഊർജം. ‘ഹെവി മെറ്റൽ’ വായിക്കുമ്പോൾ വളരെ ശാന്തമായി നിന്ന് വായിക്കാൻ പറ്റില്ല. ഞാനൊരിക്കലും ഞങ്ങളുടെ ബാൻഡ് ഡൗൺ ട്രോഡൻസിൽ വായിക്കുമ്പോൾ ആളുകളെ കാണിക്കാനായി മാത്രം ‘ഹെഡ് ബാങിങ്’ (head banging) ചെയ്യാറില്ല. ‘മൂഡ് ഔട്ട്’ ആണെങ്കിൽ ഞാൻ ചുമ്മാ വായിച്ചു പോകും. ചില സമയത്ത് വലിയ എനർജി ആകും. അങ്ങ് പൊളിക്കും. പലപ്പോഴും കീബോർഡ് വായിച്ചിട്ട് വിരലൊക്കെ മുറിയാറുണ്ട്. പരിപാടി കഴിയുമ്പോൾ കീബോർഡിൽ നിറയെ രക്തമായിരിക്കും. അത്രയും അഗ്രസീവ് ആയിട്ടാണ് ഞാൻ പലപ്പോഴും ‘ഡൗൺ ട്രോഡൻ’ ഷോ ചെയ്യാറുള്ളത്.
പാട്ടുകാർ വന്നുചേരുന്നത്
‘കിസ പാതിയിൽ’ എന്ന പാട്ടു ചെയ്തപ്പോൾ ഞാൻ വെറുതെ സച്ചിന് ആ ട്രാക്ക് അയച്ചു കൊടുത്തതാണ്. ഞാൻ ആദ്യമായി ചെയ്ത ട്രാക്കാണ്, ഇതിനൊരു അഭിപ്രായം പറയണം എന്നു പറഞ്ഞിട്ടാണ് അയച്ചു കൊടുത്തത്. ചുമ്മാ ഒന്നു പാടി നോക്കാനും പറഞ്ഞു. അങ്ങനെയാണ് സച്ചിൻ തന്നെ മതി എന്ന് തീരുമാനിക്കുന്നത്. ‘കുമ്പളങ്ങി നൈറ്റ്സി’ൽ ‘ചിരാതുകൾ’ എന്ന ട്രാക്ക് വന്നപ്പോൾ എല്ലാവരും ആദ്യം ആ പാട്ട് കേട്ടത് ഞാൻ പാടിയിട്ടാണ്. ഇതൊരു ഫീമെയിൽ ട്രാക്ക് ആണെന്നു ഞാൻ പറഞ്ഞിരുന്നു. എനിക്കപ്പോൾ സിത്താരയുടെ ശബ്ദമാണ് മനസിൽ വന്നത്. അപ്പോൾ തന്നെ വിളിച്ച് റെക്കോർഡിങ്ങിന്റെ കാര്യങ്ങൾ പറയുകയായിരുന്നു.
ഇങ്ങനെയാണോ റെക്കോർഡിങ്? ഇത്രയും പെട്ടെന്നോ?!
സിത്താരമായുള്ള റെക്കോർഡിങ് രസകരമായ ഒരു സംഭവമായിരുന്നു. എല്ലാവരും ഞെട്ടിപ്പോയി. അത്രയും വേഗത്തിലാണ് റെക്കോർഡിങ് കഴിഞ്ഞത്. ഞാൻ പാട്ട് അയച്ചുകൊടുത്തിട്ടു പോലും ഇല്ലായിരുന്നു. അവർ നേരെ വന്നു പാടുകയായിരുന്നു. സിത്താര വരുന്നു... പാട്ട് ഒരു തവണ കേൾക്കുന്നു... വരികൾ എഴുതി എടുത്ത് ഓകെ പറഞ്ഞ് ടെയ്ക്ക് പോയി. എല്ലാവരും അന്തം വിട്ടു. പാട്ടു പഠിയ്ക്കണ്ടെ എന്നൊക്കെയായി ചോദ്യങ്ങൾ. അവർ നേരെ വോയ്സ് ബൂത്തിൽ കേറിപ്പോയി പാട്ടും പാടി ഇറങ്ങി വന്നു. കൂടിപ്പോയാൽ ഒരു മണിക്കൂർ... അതിനുള്ളിൽ റെക്കോർഡിങ്ങും കഴിഞ്ഞ്, പാട്ട് പെൻഡ്രൈവിൽ എടുത്ത് ഞാൻ പോന്നു. ട്യൂണിൽ നിന്ന് വിട്ട് കുറെ പുറത്തേക്ക് പോകാൻ അധികം സമ്മതിക്കില്ല. വളരെ ഇഷ്ടപ്പെട്ടിട്ടായിരിക്കും ഞാൻ ചില നോട്സ് തിരഞ്ഞെടുക്കുന്നത്. അതിൽ നിന്നും വളരെ മാറുകയാണെങ്കിൽ ഞാൻ ചിലപ്പോൾ അസ്വസ്ഥനാകും. കൂടുതൽ ഇംപ്രവൈസ് ചെയ്താലും എനിക്കു പ്രശ്നമാണ്. വിബ്രാറ്റോ വരുന്നതും എന്നെ അൽപം അസ്വസ്ഥനാക്കും. അപ്പോൾ ഞാൻ ഫിൽറ്റൽ ചെയ്യും. പക്ഷേ, ആദ്യം തന്നെ ഇങ്ങനെയൊന്നും ചെയ്യില്ല. ഏതെങ്കിലും ഒരു പോയിന്റിൽ ഇതു സൂചിപ്പിക്കും. വല്ലാതെ ചെയ്യില്ല. അങ്ങനെ ചെയ്താൽ അവരുടെ ശബ്ദത്തിന്റെ മാജിക് കിട്ടില്ല.
ഞാൻ ചെയ്താൽ ശരിയാകില്ലേ? ദീപക് ദേവിനോട് ചോദിച്ചത്
ഫിലിം സ്കോർ ചെയ്യുന്നത് വളരെ എളുപ്പമാണ് എന്നായിരുന്നു എന്റെ ചിന്ത. അതൊരു പക്ഷേ, എന്റെ അമിത ആത്മവിശ്വാസം കൊണ്ടാവാം അങ്ങനെ തോന്നിയിരുന്നത്. പണ്ടു മുതലെ സംഗീതം കേൾക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന വ്യക്തി ആയതുകൊണ്ട്, ഇതൊക്കെ ചെയ്യാൻ പറ്റുമെന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. സിനിമയിലെ ഒരു രംഗം കിട്ടിയാൽ ഞാൻ അതു സിമ്പിളായി ചെയ്യുമെന്നൊക്കെയായിരുന്നു വിചാരം. പക്ഷേ, ഒരിക്കൽ ദീപക്കേട്ടൻ ഒരു രംഗം എന്നെ ചെയ്യാൻ ഏൽപ്പിച്ചപ്പോൾ ആ ചിന്ത മാറിക്കിട്ടി. ഞാൻ ചെയ്തതും പ്രൊഫഷണൽ ആയ ഒരാൾ ചെയ്തതും തമ്മിൽ അജഗജാന്തരം ഉണ്ടായിരുന്നു. പ്രൊഫഷണൽ ചെയ്തത് സൂപ്പർ! ഞാൻ ചെയ്തതിൽ ഒരു ഫീലും ഉണ്ടായിരുന്നില്ല. ഞാൻ ചെയ്താൽ ശരിയാകില്ലേ എന്നു വളരെ നിരാശനായി ഞാൻ ദീപക്കേട്ടനോടു ചോദിച്ചു. അദ്ദേഹം പറഞ്ഞത്, 'ഇതൊക്കെ പതുക്കെ മാത്രമെ വരൂ, ശരിയാകും' എന്നായിരുന്നു. ആ വാക്കുകൾ വലിയൊരു ഊർജ്ജമായിരുന്നു.
ദീപക്കേട്ടനെ സ്വപ്നം കാണാറുണ്ട്
ഞാൻ ബുദ്ധിമുട്ടിയ സമയങ്ങളിൽ എന്നെ സഹായിച്ച പലരും ഇപ്പോൾ എന്നെ കാണുമ്പോൾ അഭിനന്ദിക്കാറുണ്ട്. അതു കേൾക്കുമ്പോൾ വലിയ സന്തോഷമാണ്. ഞാൻ പാട്ടു ചെയ്ത സിനിമകൾ പപ്പ ആസ്വദിച്ചു കാണാറുണ്ട്. പപ്പയ്ക്ക് ആതൊരു ഹരമാണ്. എന്നാൽ ഞാൻ ശരിയ്ക്കും മിസ് ചെയ്യുന്നത് ദീപക്കേട്ടനെയാണ്. അദ്ദേഹത്തിന്റെ പക്കൽ നിന്നും ഒരു അഭിനന്ദനം ലഭിച്ചിരുന്നെങ്കിൽ എന്ന് പലപ്പോഴും തോന്നാറുണ്ട്. ഇപ്പോൾ ഞങ്ങൾ സംസാരിച്ചിട്ട് കുറച്ചു കാലമായി. കേൾക്കുമ്പോൾ തമാശമായി തോന്നാം, പക്ഷേ... ഞാനിടയ്ക്ക് ദീപക്കേട്ടനെ സ്വപ്നം കാണാറുണ്ട്. എന്തായാലും, അടുത്തു തന്നെ ഞാൻ അദ്ദേഹത്തിന് ഒരു സർപ്രൈസ് കൊടുക്കും,– കുസൃതിയൊളിപ്പിച്ച പുഞ്ചിരിയോടെ സുഷിൻ ശ്യാം പറഞ്ഞു.