‘അഴകേ ചങ്കുലയ്ക്കണ ചോദ്യമിതെന്തേ...’; ട്രെൻഡിങ് പാട്ടിലെ ആ പെൺസ്വരം ഇവിടെയുണ്ട്!
Mail This Article
നവാഗതനായ ജിതിൻലാൽ, ടൊവിനോ തോമസിനെ നായകനാക്കിയൊരുക്കിയ എആർഎം എന്ന ചിത്രം മികച്ച പ്രേക്ഷകസ്വീകാര്യത നേടുകയാണ്. മുത്തശ്ശിക്കഥയുടെ സൗന്ദര്യവും ചാരുതയും ഒത്തുചേർന്ന ചിത്രത്തിലെ ഗാനങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചുകഴിഞ്ഞു. എആർഎമ്മിലെ ‘കിളിയേ’ എന്ന പാട്ട് യുവാക്കളുടെ പ്രിയഗാനമായി മാറുകയാണ്. സ്റ്റേജ് ഷോകളിലും സമൂഹമാധ്യമങ്ങളിലും തരംഗമായി മാറിയ കിളിയേ എന്ന ഗാനം കെ.എസ്.ഹരിശങ്കറിനൊപ്പം പാടിയിരിക്കുന്നത് ഗായിക അനില രാജീവ് ആണ്. തങ്കലാൻ, ലൈഗർ, സൂപ്പർ സിന്ദഗി തുടങ്ങി നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളിൽ പാടിയെങ്കിലും മലയാളികൾക്ക് അനില അത്രകണ്ട് സുപരിചിതയായിരുന്നില്ല. ഇപ്പോൾ ‘കിളിയേ’ എന്ന പാട്ടിലൂടെ അനിലയെ മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു. പാട്ടുവിശേഷങ്ങൾ പങ്കിട്ട് അനില രാജീവ് മനോരമ ഓൺലൈനിനൊപ്പം.
ട്രാക്ക് പാടി, ഒറിജനൽ ശരിക്കും സർപ്രൈസ്!
എആർഎമ്മിന്റെ സംഗീത സംവിധായകൻ ദിബു നൈനാൻ തോമസ് ചിട്ടപ്പെടുത്തിയ ഒരു തമിഴ് പാട്ട് ഞാൻ രണ്ടുവർഷം മുൻപ് പാടിയിരുന്നു. നദി എന്ന സിനിമയിലെ ‘പോകാതെ’ എന്ന പാട്ട്. ദിബു ചേട്ടന് വേണ്ടി ട്രാക്‌ക് ഒക്കെ പാടുമായിരുന്നു. എആർഎമ്മിനു വേണ്ടി ‘കിളിയേ’ എന്ന പാട്ടിന്റെ ട്രാക്ക് ഞാൻ കുറച്ചു വർഷങ്ങൾക്ക് മുന്‍പ് പാടിയതാണ്. ഇപ്പോൾ സിനിമ പൂർത്തിയാകുന്ന സമയം ആയപ്പോൾ അവർ ഞാൻ പാടിയത് വീണ്ടും കേട്ടുനോക്കി. അങ്ങനെ ഞാൻ തന്നെ പാടിയാൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. അഞ്ചു ഭാഷകളിൽ എന്നെക്കൊണ്ട് തന്നെ പാടിച്ചു. എന്നെ സംബന്ധിച്ച് അതൊരു വലിയ സർപ്രൈസ് ആയിരുന്നു.
ചെറുപ്പം മുതൽ പാട്ടിന്റെ കൂട്ടുകാരി
സ്കൂൾ കാലം മുതൽ പാട്ട് പഠിച്ചിട്ടുണ്ട്. മാതാപിതാക്കൾ വലിയ പിന്തുണ നൽകുന്നു. ആലപ്പുഴ വിധു സാറാണ് എന്റെ ആദ്യ ഗുരു. സ്കൂളിൽ പഠിക്കുമ്പോൾ കലോത്സവങ്ങളിൽ പങ്കെടുക്കുമായിരുന്നു. സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലും പങ്കെടുത്തു. സംഗീതം എന്നും ഒപ്പമുണ്ടായിരുന്നു. പക്ഷേ അത് എന്റെ പ്രഫഷനാക്കി മാറ്റിയത് അൽപം വൈകിയാണ്. ഐടി കരിയർ ഉപേക്ഷിച്ച് സംഗീതത്തിലേക്ക് തിരിഞ്ഞപ്പോൾ പിന്തുണയുമായി ഭർത്താവ് രോഹിത് ഒപ്പം നിന്നു. അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. രോഹിത്തും ഐടി മേഖലയിലാണ് ജോലി ചെയ്യുന്നത്. ഞങ്ങൾക്ക് 4 വയസ്സുള്ള സർഗ എന്ന മകളുണ്ട്. അച്ഛനും അമ്മയും ആലപ്പുഴയിലാണ് താമസം. അച്ഛൻ ഡോ.രാജീവ്. അമ്മ സുധ. കുടുംബാംഗങ്ങളെല്ലാം എന്നിലെ ഗായികയെ പിന്തുണച്ച് എന്നും ഒപ്പം നിൽക്കുന്നു. അവർ തന്നെയാണ് എന്റെ എക്കാലത്തെയും ശക്തി.
എൻജിനീയറിൽ നിന്ന് പിന്നണി ഗായികയിലേക്ക്
ലിവിങ് ടുഗതർ എന്നി ചിത്രത്തിനു വേണ്ടിയാണ് ആദ്യമായി പിന്നണി പാടിയത്. എം.ജയചന്ദ്രൻ സാറിന്റെ സംഗീതത്തിൽ ആയിരുന്നു അത്. എന്റെ അച്ഛന് ഫാസിൽ സാറിനെ അറിയാം. ഞങ്ങൾ ഫാസിൽ സാറിന്റെ വീട്ടിൽ പോയി പാടികേൾപ്പിച്ചു. അത് ഇഷ്ടപ്പെട്ട അദ്ദേഹമാണ് ജയചന്ദ്രൻ സാറിനോട് എന്നെക്കുറിച്ചു പറഞ്ഞത്. അങ്ങനെ അദ്ദേഹത്തിന്റെ സംഗീതത്തിൽ ഞാൻ പിന്നണി ഗാനശാഖയിൽ ഹരിശ്രീ കുറിച്ചു. പക്ഷേ, അപ്പോഴും ഞാൻ സംഗീതത്തെ പ്രഫഷനായി സ്വീകരിച്ചില്ല. വർഷങ്ങൾക്കിപ്പുറമാണ് ജോലി ഉപേക്ഷിച്ചു സംഗീതത്തിലേക്കു തിരിഞ്ഞത്. കുറച്ചുകാലം ചെന്നൈയിൽ ആയിരുന്നു, ഇപ്പോൾ താമസം കൊച്ചിയിൽ.
കൈനിറയെ പാട്ടുകൾ
ജി.വി.പ്രകാശ് സാറിന്റെ സംഗീതത്തിൽ അടുത്തിടെ തങ്കലാൻ എന്ന സിനിമയില്‍ പാടിയിരുന്നു. ശ്രീജിത്ത് ഇടവനയുടെ സംഗീതത്തിൽ സിക്കാഡാ എന്ന സിനിമയിലും പാടി. പിന്നെ അന്ധകാരാ, ലൈഗർ, സൂപ്പർ സിന്ദഗി എന്ന സിനിമകളിലും പാടിയിട്ടുണ്ട്. നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ടെങ്കിലും കിളിയേ എന്ന പാട്ടാണ് ഒരു ബ്രെയ്ക് തന്നത്. ഒരുപാട് പേര്‍ പാട്ടുകേട്ടിട്ട് വിളിച്ച് അഭിപ്രായം പറയുന്നുണ്ട്. കിളിയേ എന്ന പാട്ട് ഇപ്പോഴും ട്രെൻഡിങ്ങിൽ ഉണ്ട്. ഇൻസ്റ്റഗ്രാമിൽ പലരും റീലുകൾ ചെയ്ത് വിഡിയോകൾ പോസ്റ്റ് ചെയ്യുന്നു. അതൊക്കെ കാണുമ്പൊൾ വലിയ സന്തോഷമാണ്. കിളിയെ എന്ന പാട്ട് എനിക്ക് തന്നതിൽ ദിബു ചേട്ടനോട് ഒരുപാട് നന്ദി പറയുന്നു. അതുപോലെ സിനിമയുടെ സംവിധായകനോടും മറ്റ് അണിയറപ്രവർത്തകരോടും എല്ലാവരോടും നന്ദി അറിയിക്കുന്നു.