ഇത് വിജയ് ദേവരകൊണ്ട രശ്മിക പ്രണയതരംഗം; കൂടെ ഒരു മലയാളി ടച്ചും!
Mail This Article
വിജയ് ദേവരകൊണ്ട രശ്മിക മന്ദന എന്നിവർ പ്രധാന വേഷത്തിലെത്തിയ ഡിയർ കോമ്രേഡിലെ പുതിയ ഗാനം യുട്യൂബിൽ എത്തി. ചിത്രത്തിന്റെ തെലുങ്കു പതിപ്പിലെ ഓ കാലലാ കാതലാ എന്ന ഗാനമാണ് എത്തിയത്. സത്യപ്രകാശും ചിൻമയി ശ്രീപാദയും ചേർന്നാണ് ആലാപനം. റഹ്മാന്റെ വരികൾക്ക് ജസ്റ്റിൻ പ്രഭാകരനാണു സംഗീതം.
പ്രണയത്തിന്റെ വ്യത്യസ്ത തലത്തിലൂടെ സഞ്ചരിക്കുന്നതാണു ഗാനം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ശക്തമായ പ്രണയവും യാത്രയുമാണ് ഗാനത്തിന്റെ പ്രമേയം. കേരളത്തിന്റെ തിരുവാതിരകളിയും ഗാനത്തിൽ ഇടം നേടിയിരിക്കുന്നു. തെന്നിന്ത്യയിലെ ഏറ്റവും മികച്ച താരജോഡികളായി മാറുകയാണ് രശ്മികയും വിജയ് ദേവരകൊണ്ടയുമെന്നാണ് ആരാധകരുടെ അഭിപ്രായം.
മലയാളിയായ ശ്രുതി രാമചന്ദ്രനും ചിത്രത്തിൽ വേഷമിടുന്നു. ചിത്രത്തിലേതായി നേരത്തെ പുറത്തിറങ്ങിയ കോമ്രേഡ് ആന്തം ഏറെ ശ്രദ്ധനേടിയിരുന്നു. മലയാളത്തിൽ ദുൽക്കർ സൽമാനാണു ഗാനം ആലപിച്ചത്. ഭരത് കമ്മയാണു ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. വ്യത്യസ്തഭാഷകളിലായി എത്തിയ ചിത്രം തിയറ്ററിൽ മികച്ച പ്രതികരണമാണു നേടിയത്.