ബ്രഹ്മാണ്ഡം ഈ ദൃശ്യാവിഷ്കാരം; ഹനുമാൻ ചാലിസയ്ക്ക് പുത്തൻ സംഗീതകാഴ്ച നൽകി അനൂപ് ശങ്കർ
Mail This Article
ഹനുമാൻ ചാലിസയ്ക്ക് ബ്രഹ്മാണ്ഡ ദൃശ്യാവിഷ്കാരമൊരുക്കി ഗായകൻ അനൂപ് ശങ്കർ. ഇന്ത്യയിലെ ഏറെ പ്രശസ്തമായ അഞ്ച് ഹനുമാൻ ക്ഷേത്രങ്ങളെ ചിത്രീകരിച്ചുകൊണ്ടാണ് അനൂപ് ശങ്കർ ഹനുമാൻ ചാലിസയ്ക്ക് ദൃശ്യഭംഗി നൽകിയത്. പെരുമ്പാവൂർ ജി.രവീന്ദ്രനാഥ് ചിട്ടപ്പെടുത്തിയ ഹനുമാൻ ചാലിസയാണ് അനൂപ് ശങ്കർ ആലപിച്ചിരിക്കുന്നത്.
ഉത്തരേന്ത്യയിൽ ഏറെ പ്രചാരമുള്ള തുളസീദാസകൃതിയാണ് ഹനുമാൻ ചാലിസ. ഭക്തിപുരസരം നിരവധി പേർ ദൈംദിന ജീവിതത്തിൽ ഉരുവിടുന്ന കൃതിക്ക് ദൃശ്യാവിഷ്കാരം ഒരുക്കുകയെന്നത് തന്റെ സ്വപ്നസാക്ഷാത്ക്കാരമായിരുന്നുവെന്ന് അനൂപ് ശങ്കർ പറയുന്നു. പതിനാലോളം ഹിന്ദുസ്ഥാനി രാഗങ്ങൾ അതിമനോഹരമായി കോർത്തിണക്കിയാണ് പെരുമ്പാവൂർ ജി.രവീന്ദ്രനാഥ് ഹനുമാൻ ചാലിസയ്ക്ക് വ്യത്യസ്തമായ സംഗീതാവിഷ്കാരം നൽകിയത്. ഇതുവരെ കേട്ടു പരിചയിച്ച ഹനുമാൻ ചാലിസകളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ഈ സംഗീത സമീപനം.
108 മുതൽ 180 അടി വരെ ഉയരമുള്ള ഹനുമാൻ പ്രതിമകളുള്ള ക്ഷേത്രങ്ങളിലൂടെയുള്ള ദൃശ്യതീർത്ഥാടനം കൂടിയാണ് അനൂപ് ശങ്കറിന്റെ ഹനുമാൻ ചാലിസ. സിംലയിലെ മഞ്ഞണിഞ്ഞ താഴ്‍വരയിൽ സ്ഥിതി ചെയ്യുന്ന ജഖൂ ക്ഷേത്രത്തിലെ 108 അടി ഉയരമുള്ള ഹനുമാൻ പ്രതിമ മുതൽ ആന്ധ്രാപ്രദേശിലെ 180 അടി ഉയരത്തിലുള്ള വിശ്വവിരാട് ക്ഷേത്രത്തിലെ പ്രതിമയുൾപ്പടെ വിഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. രാജ്യത്തെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രങ്ങൾക്കൊപ്പം കേരളത്തിലെ ഭാരതപ്പുഴയുടെ തീരത്തുള്ള തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രവും വിഡിയോയിൽ ഇടം നേടിയിട്ടുണ്ട്.
15 മിനിറ്റാണ് വിഡിയോയുടെ ദൈർഘ്യം. വിഡിയോയുടെ ആശയവും സാക്ഷാത്ക്കാരവും നിർവഹിച്ചിരിക്കുന്നത് ഗായകൻ അനൂപ് ശങ്കറാണ്. ക്യാമറയും എഡിറ്റും അമോഷ് പുതിയാട്ടില്‍. മിക്സ് ആൻഡ് മാസ്റ്റർ ചെയ്തത് രാമു രാജ് ആണ്. മികച്ച പ്രതികരണമാണ് വിഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്.