ഭാര്യയും മകളും കൂടെയുണ്ടെങ്കിൽ എനിക്ക് എന്നും ഓണം!
Mail This Article
എന്റെ മുത്തച്ഛനും മുത്തശ്ശിയുമുള്ള ഓണക്കാലമാണ് എന്റെ മനസ്സിൽ എന്നുമുള്ളത്. കുടുംബാംഗങ്ങളെല്ലാം ഒത്തുചേരുന്ന അപൂർവം ചില സന്ദർഭങ്ങളായിരുന്നു ഓണ നാളുകൾ. എല്ലാവരും കൂടി വീട്ടിൽ തന്നെ പലഹാരങ്ങൾ ഉണ്ടാക്കി വയ്ക്കും. അതൊക്കെ ഒളിച്ചും പാത്തും പോയി കട്ടുതിന്നും. വീട്ടിൽ എല്ലാവരും കൂടി ഇരുന്നു പാടും. എല്ലാവർക്കും സംഗീതത്തിൽ താല്പര്യമുള്ളതുകൊണ്ട് പാടി നേരം വെളുപ്പിക്കാനും മടിയില്ല. പാട്ട് കേൾക്കാൻ അടുത്തുള്ളവർ എല്ലാമുണ്ടാകും. "മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ" എന്നു പാടുന്നപോലെ തന്നെയായിരുന്നു അന്നത്തെ ഓണക്കാലം. വളരെ പോസിറ്റീവ് വൈബ് തരുന്ന മുഹൂർത്തങ്ങളാണ് ആഘോഷങ്ങളെല്ലാം. ജാതിമത ഭേദമില്ലാതെ എല്ലാവരും ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. വീട്ടിൽ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ എത്തിച്ചേരും. കുട്ടിക്കാലത്ത് ഓണസമയത്ത് പഠിക്കണ്ട എന്നൊരു സന്തോഷം ഉള്ളിന്റെയുള്ളിൽ അലയടിക്കാറുണ്ടായിരുന്നു. തലേദിവസം രാത്രി എല്ലാവരും കൂടിയിരുന്ന് ആഘോഷപൂർവമായ പാചകം ആയിരിക്കും. രാത്രി രണ്ടുമണിക്കൊക്കെ അടുക്കള സജീവമായിരുന്നു. അതിനിടയിൽകൂടി ഓടി നടന്ന് മധുരം കട്ട് തിന്നുക, വൈകി ഉറങ്ങുക, വീട്ടുകാർ അടിച്ചുണർത്തി പ്രാതൽ കഴിപ്പിക്കുക ഇതൊക്കെയായിരുന്നു പരിപാടികൾ. എന്റെ മുത്തച്ഛനും മുത്തശ്ശിയും ഇപ്പോൾ ജീവിച്ചിരുപ്പില്ല. അടുത്ത കാലത്ത് എന്റെ അമ്മയും അച്ഛനും വിടപറഞ്ഞു. അപ്പോഴേക്കും അവരോടൊപ്പമുള്ള ഓണമൊക്കെ നിറംപിടിപ്പിച്ച ഓർമ്മകൾ മാത്രമായി. ഇന്ന് ഇത്തരത്തിലുള്ള കൂട്ടായ്മകളെല്ലാം കുറഞ്ഞു. പ്രത്യേകിച്ചും കൊറോണ തുടങ്ങിയതിൽ പിന്നെ മരിച്ചാൽ പോലും അധികം പേർ പോയി കാണാതായി. നമുക്കിടയിലുള്ള എത്രയോ കലാകാരന്മാരാണ് അങ്ങനെ മണ്മറഞ്ഞത്.
എന്റെ ഭാര്യ സീത ജനിച്ചുവളർന്നത് തമിഴ്‌നാട്ടിൽ ആണ്. ഞങ്ങൾ ചെന്നൈയിൽ താമസിക്കുന്നതുകൊണ്ട് എന്റെ മകളും തമിഴ്‌നാട്ടിൽ ആണ് വളരുന്നത്. ഓണത്തെപ്പറ്റി മകൾക്ക് പറഞ്ഞു കൊടുക്കാൻ സീതയ്ക്കും അറിയില്ല. ഞാൻ പറഞ്ഞുള്ള അറിവുകൾ മാത്രമേയുള്ളൂ. ഓണ സമയത്ത് നാട്ടിൽ പോയി നിന്ന് പുലികളിയോ ഓണക്കളികളോ അത്തപ്പൂ ഇടുന്നതോ ഒന്നും ആസ്വദിക്കാനുള്ള അവസരം അവർക്ക് കിട്ടിയിട്ടില്ല. മകൾക്ക് ഓണം എന്നാൽ അമ്മൂമ്മ വരുന്ന ദിവസമാണ്. സീതയുടെ അമ്മ ഓണത്തിന് വരും ഓണം സ്പെഷൽ കറികളൊക്കെയുണ്ടാക്കും. ഉച്ചക്ക് എല്ലാവരും കൂടി ഇരുന്ന് ആഹാരം കഴിക്കും. മകൾക്ക് പരിചയമുള്ള ഓണം ഇതാണ്. ഞാൻ ഓണത്തെപ്പറ്റി പറഞ്ഞു കൊടുക്കാറുണ്ട്. ഒരിക്കൽ അവളെയും കൂട്ടി നാട്ടിൽ പോയി അത്തം മുതൽ പത്തു ദിവസമുള്ള എല്ലാ ആഘോഷ പരിപാടികളും കാണിച്ചു കൊടുക്കണമെന്നും ആഗ്രഹമുണ്ട്. ഓണത്തിന് ഞാൻ കുടുംബത്തോടൊപ്പം ഇരിക്കാൻ ശ്രമിക്കാറുണ്ട്. ഭാര്യയും മകളുമുണ്ടെങ്കിൽ എനിക്ക് എപ്പോഴും ഓണമാണ്. ഞങ്ങൾ വീട്ടിൽ സദ്യ ഉണ്ടാക്കും. എന്റെ ഭാര്യ അസാധ്യമായി പാചകം ചെയ്യും. അവൾക്ക് നല്ല കൈപ്പുണ്യമാണ്. ഞാൻ നന്നായി ആഹാരം കഴിക്കുന്ന ആളാണ്. എന്റെ മനസ്സറിഞ്ഞു പാചകം ചെയ്തു തരുന്ന ആളാണ് ഭാര്യ. അതാണ് എന്റെ തടിയുടെ രഹസ്യവും. എനിക്ക് ഒരുപാട് കറികൾ വേണമെന്നില്ല ഇഷ്ടപ്പെട്ട ഒരു കറി ഉണ്ടെങ്കിൽ അത് കഴിച്ചുകൊണ്ടേയിരിക്കും. ഇത്തവണയും സീത അടിപൊളി സദ്യ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ. മലയാളികൾ എവിടെയായാലും ഓണം ആഘോഷിക്കാറുണ്ട് എന്നറിയാം. എല്ലാവർക്കും ഒരു അടിപൊളി ഓണം ആശംസിക്കുന്നു.