സ്വന്തം ശവസംസ്കാരത്തിനായി വീട്ടുമുറ്റത്ത് കുഴിയെടുത്ത് എഡ് ഷീരൻ; അമ്പരപ്പോടെ ആരാധകർ
![ed-sheeran ed-sheeran](https://img-mm.manoramaonline.com/content/dam/mm/mo/music/music-news/images/2023/10/7/ed-sheeran.jpg?w=1120&h=583)
Mail This Article
മരണശേഷം തന്റെ മൃതദേഹം സംസ്കരിക്കുന്നതിനായി താമസ സ്ഥലത്തെ മുറ്റത്ത് കുഴി തയ്യാറാക്കി വച്ചിട്ടുണ്ടെന്ന് വിഖ്യാത ഗായകൻ എഡ് ഷീരൻ. ഇംഗ്ലണ്ടിലെ സ്വവസതിയുടെ പിൻവശത്തെ മുറ്റത്താണ് ഗായകൻ തനിക്കു വേണ്ടിത്തന്നെ കുഴിയൊരുക്കിയിരിക്കുന്നത്. ഇക്കാര്യം കേൾക്കുമ്പോൾ പലർക്കും അദ്ഭുതം തോന്നിയേക്കാമെന്നും എന്നാൽ ചില അനുഭവങ്ങളുടെ വെളിച്ചത്തിലാണ് താൻ ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയതെന്നും എഡ് ഷീരൻ വ്യക്തമാക്കി.
‘ഇത് കേൾക്കുമ്പോൾ ആളുകൾക്ക് വിചിത്രമെന്നു തോന്നിയേക്കാം. ചിലർ അദ്ഭുതപ്പെട്ടേക്കാം. പക്ഷേ എന്റെ മരണദിവസം ആഗതമാകുമ്പോൾ എനിക്ക് ആ കുഴിയില്‍ പോയി വിശ്രമിക്കാമല്ലോ. എന്റെ ഒരുപാട് സുഹൃത്തുക്കൾ അപ്രതീക്ഷിതമായി മരണപ്പെട്ടു പോയിട്ടുണ്ട്. അവർക്കൊന്നും മരണ ദിവസത്തേയ്ക്കു വേണ്ടി എന്തൊക്കെ തയ്യാറെടുപ്പുകൾ നടത്തണമെന്ന് അറിയില്ലായിരുന്നു. എന്റെ പ്രിയപ്പെട്ടവർ മരണപ്പെട്ടപ്പോൾ സംസ്കരിച്ചത് മറ്റുള്ളവർ തീരുമാനിച്ച സ്ഥലങ്ങളിലാണ്. അവരെയോർത്തൊന്നു കരയാന്‍, അവർക്കരികിലൊന്നിരിക്കാൻ ഒരു സ്ഥലമില്ലാതായിപ്പോയി. എന്റെ കാര്യത്തിൽ അങ്ങനെ സംഭവിക്കാൻ പാടില്ല. എന്റെ മക്കൾക്കും മറ്റു കുടുംബാംഗങ്ങൾക്കും എന്നെ ഓർക്കാൻ, എല്ലായ്പ്പോഴും വന്നിരിക്കാൻ ഒരു സ്ഥലം ആവശ്യമാണെന്ന് എനിക്കു തോന്നി. അതിനു വേണ്ടിയാണ് വീട്ടുമുറ്റത്തുതന്നെ ഞാന്‍ എനിക്കു വേണ്ടി ശവക്കുഴി നിർമിച്ചത്. പണി പൂർത്തീകരിച്ചപ്പോൾ അത് വളരെ മനോഹരമായ ഒന്നാണെന്ന് എനിക്കു തോന്നി’, എഡ് ഷീരൻ പറഞ്ഞു.
ഏകദേശം 30 കോടി രൂപ വിലമതിക്കുന്ന വീടാണ് എഡ് ഷീരന് ഇംഗ്ലണ്ടിലുള്ളത്. അതിനു സമീപത്തായി ഒരു പ്രാർഥനാലയവും ഉണ്ട്. താനും കുടുംബവും പ്രാർഥനയ്ക്കും ധ്യാനത്തിനുമായി അവിടെ ഏറെ നേരം ചെലവഴിക്കാറുണ്ടെന്ന് എഡ് ഷീരന്‍ പറയുന്നു. ആ പ്രാർഥനാ മുറിയോടു ചേർന്ന് തന്നെ അടക്കം ചെയ്യണമെന്ന് എഡ് ഷീരൻ സ്നേഹിതരോട് പറഞ്ഞിട്ടുണ്ട്. ഉത്തരവാദിത്തപ്പെട്ടവരുടെ അനുമതിയോടെയാണ് താൻ സ്വകാര്യമായി ഒരു പ്രാർഥനാലയം നിർമിച്ചതെന്നും അദ്ദേഹം പറഞ്ഞു.