ADVERTISEMENT

ഒരു സ്വരം ആരോ മൃദുവായി മൂളിത്തുടങ്ങുകയാണെന്നു തോന്നി ആദ്യ കേൾവിയിൽ. ലാന്റാനയെന്ന ചെറുനഗരത്തിലെ ആ വീട്ടിലേക്കു കയറുകയായിരുന്നു ഞാൻ. അടുത്തെത്തിയപ്പോൾ, അതൊരു പാട്ടല്ല. പിന്നെന്ത്? വീട്ടിലെത്തിയപ്പോൾ കണ്ടു, ഒരു മരപ്പലകയിൽ ഒരാൾ ചിന്തേരിടുകയാണ്. താളബദ്ധമായ, മൃദുവായ കൈചലനങ്ങളിൽ തടിയുടെ നേർത്ത ചീളുകൾ ഇളകിമാറുന്നു. ആളെത്തിരിച്ചറിഞ്ഞപ്പോൾ ഞെട്ടി, മലയാളികളുടെ മൃദുഭാവങ്ങളെ ചിന്തേരിട്ടപോൽ പാട്ടുകൊണ്ടു മിനുക്കിയെടുക്കുന്ന സാക്ഷാൽ ഗാനഗന്ധർവൻ. വെളുത്ത ഷോർട്സും ടീഷർട്ടുമിട്ട് പലക മിനുക്കുകയാണ് അദ്ദേഹം. വീടിന്റെ രണ്ടാം നിലയിൽ, സ്വന്തം രൂപകൽപനയിൽ പണിയുന്ന ഹോംതിയറ്ററിനു വേണ്ടിയാണത്. ഒരു ലളിതസുന്ദരഗാനം പോലെയായിരുന്നു ആ കാഴ്ച. 

ദേവസംഗീതം മലയാളികൾക്ക് അനുഭവവേദ്യമാക്കിയ ഗന്ധർവഗായകനായ യേശുദാസിന്റെ എൺപത്തിനാലാം പിറന്നാളാണ് ഇന്ന്. അദ്ദേഹം ശതാഭിഷിക്തനാകുന്ന ദിനം! ആയിരം പൂർണചന്ദ്രനെ ദർശിച്ച പുണ്യദിനം! ഇന്ത്യൻ സംഗീതത്തിലെ ഇതിഹാസ സംവിധായകരിലൊരാളായ ബാപ്പി ലാഹ്‌രി ഒരിക്കൽ പറഞ്ഞു, സംഗീതത്തിനുവേണ്ടി ആത്മാർപ്പണം ചെയ്ത യോഗിയാണ് സാക്ഷാൽ കെ.ജെ. യേശുദാസ് എന്ന്. കർണാട്ടിക്, ഹിന്ദുസ്ഥാനി ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന സംഗീതശാഖകളില്‍ അഗാധമായ അറിവ് നേടി ആഗോള സംഗീത പ്രേമികളുടെ ആദരവും അംഗീകാരവും നേടിയിട്ടുള്ള അദ്ദേഹത്തിന്റെ സംഗീത സംഭാവനകളെക്കുറിച്ചല്ല ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്. അമേരിക്കയിൽ ഡാലസിനടുത്തുള്ള ലാന്റാന എന്ന ചെറിയ നഗരത്തിൽ സ്വച്ഛമായി ജീവിക്കുന്ന ശതാഭിഷിക്തനായ ദാസേട്ടന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു പാർശ്വവീക്ഷണമാണ്.

ഇന്ത്യയിൽ സെലിബ്രിറ്റികളുടെ സെലിബ്രിറ്റിയായ യേശുദാസ് ലാളിത്യത്തിന്റെ ലാളിത്യത്തോടെയാണ് ഇവിടെ ജീവിതം നയിക്കുന്നത്. എൺപത്തിനാലാം വയസിലേക്കു പ്രവേശിക്കുന്ന അദ്ദേഹത്തിന്റെ കഠിനാധ്വാനവും നിതാന്തപരിശ്രമവും ആദരണീയവും അനുകരണീയവുമാണ്. ആയിരം പൂർണചന്ദ്രനെ ദർശിച്ച അദ്ദേഹം ഇപ്പോൾ ശാന്തസുന്ദരമായ ജീവിതം ആസ്വദിക്കുന്നു. ഒരു സമ്പൂർണ യോഗിവര്യന്റെ സംയമനത്തോടെ...

yesudas
കെ.ജെ.യേശുദാസ്, പ്രഭ യേശുദാസ്, ഫാ.ജോൺ പിച്ചാപ്പിള്ളി എന്നിവർക്കൊപ്പം ലേഖകൻ ബിനോയ് സെബാസ്റ്റ്യൻ

ഗായകനായ യേശുദാസിനെ നാം തിരിച്ചറിഞ്ഞിട്ടുണ്ടായിരിക്കാം. പക്ഷേ ഒരു ചിത്രകാരൻ, ശിൽപി തുടങ്ങിയ നിലകളിലെ അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം എത്ര പേർ മനസ്സിലാക്കിയിട്ടുണ്ട്! സ്വന്തം വീടിന്റെ രണ്ടാം നിലയിൽ സ്വയം നിർമിച്ച സ്റ്റുഡിയോയിലാണ് വടക്കും നാഥൻ എന്ന സിനിമയിലെ 'ഗംഗേ'... എന്ന ഗാനം പാടി റെക്കോർഡ് െചയ്തത്. അദ്ദേഹം തന്നെ പണിതെടുത്ത ഹോം തിയറ്ററിന്റെ ഭംഗിയും പ്രൗ‍ഢിയും ആ പ്രതിഭയുടെ മറ്റൊരുദാഹരണമാണ്.

കാനഡയിലെ ഹാലിഫാക്സിൽ താമസിച്ചുകൊണ്ടു ഗാനരചനയും വൈദികശുശ്രൂഷയും നടത്തുന്ന ഫാ.ജോൺ പിച്ചാപ്പിള്ളി രചിച്ച് ദാസേട്ടൻ പാടിയ ആൽബത്തിന്റെ ഉദ്ഘാടനദിനം ഓർമിക്കുകയാണ്. ഉദ്ഘാടനത്തിനു വേദി ഒരുക്കിയത് ദാസേട്ടനാണ്. ലോകം മുഴുവൻ ആദരിക്കുന്ന ആ മഹാപ്രതിഭ മുണ്ടും മടക്കിക്കുത്തി രണ്ടു സ്റ്റെപ്സ് ഉള്ള ചെറിയൊരു തട്ടിൽ കയറി നിന്നു സ്വന്തം വീടിന്റെ സ്വീകരണമുറിയിലെ ഭിത്തിയിൽ ടേപ്പ് ഒട്ടിച്ചു ബാനർ ഉറപ്പിക്കുന്നത് നമുക്കു സങ്കല്‍പിക്കുവാൻ കഴിയുമോ? ബാനർ നേരെ പിടിച്ചു നൽകിയത് ഈയുള്ളവൻ. ദാസേട്ടൻ ഈയുള്ളവനു നൽകിയായിരുന്നു ആൽബത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ ഞങ്ങൾ നാലുപേർ മാത്രം. ദാസേട്ടൻ, പ്രഭച്ചേച്ചി, ഫാ.ജോൺ പിച്ചാപ്പിള്ളി, പിന്നെ...

yesudas-usa
കെ.ജെ.യേശുദാസ്, പ്രഭ യേശുദാസ് എന്നിവർക്കൊപ്പം യേശുദാസിന്റെ വസതിക്കു മുന്നിൽ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ.ജോൺ പിച്ചാപ്പിള്ളി

സംഗീതപ്രതിഭയും ടെക്സസ് യൂണിവേഴ്സിറ്റിയിലെ ഏഷ്യൻ ലിംഗ്വിസ്റ്റിക്സ് ഡയറക്ടറുമായിരുന്ന, അന്ധനും അമേരിക്കൻ വംശജനുമായ പ്രഫ. റോഡ്നി മോഗ് ദാസേട്ടന്റെ വീടു സന്ദർശിച്ചത് ഓർമ വരുന്നു. മലയാളവും ഹിന്ദിയും തമിഴും ഉൾപ്പെടെ 13 ഭാഷകൾ സ്വായത്തമായിരുന്നു പ്രഫ. മോഗിന്. പത്തു തവണ അദ്ദേഹം തിരുവനന്തപുരത്തെ കാര്യവട്ടം ക്യാംപസ് സന്ദർശിച്ചിട്ടുണ്ട്. ദാസേട്ടന്റെ ആഗ്രഹപ്രകാരം, എന്റെ അടുത്ത സുഹൃത്തായിരുന്ന മോഗിനെ ഓസ്റ്റിനിൽ നിന്നു വരുത്തി. ദാസേട്ടനും പ്രഭച്ചേച്ചിയും ഹൃദ്യമായ വിരുന്നൊരുക്കി അദ്ദേഹത്തെ സ്വീകരിച്ചു. സന്ധ്യയ്ക്കു ദാസേട്ടൻ സ്വീകരണമുറിയിലെ മങ്ങിയ വെളിച്ചത്തിലിരുന്ന് അനേകം പഴയ ഗാനങ്ങള്‍ പാടി. നാദബ്രഹ്മത്തിൻ സാഗരം നീന്തിവരും എന്ന പാട്ടിന്റെ ഒടുവിൽ മോഗ് അദ്ഭുതവികാരവായ്പോടെ എണീറ്റു നിന്ന് ദാസേട്ടൻ ആകാശത്തോളം ഉയർന്നു എന്ന് പറഞ്ഞതിനു സാക്ഷിയായത് എന്റെ ഭാഗ്യമാണ്. പ്രഫ. മോഗ് ഇന്നില്ല.

yesudas2

നർമം നന്നായി ആസ്വദിക്കുകയും പറയുകയും ചെയ്യുന്ന വ്യക്തിത്വമാണ് യേശുദാസിന്റേത്. വേദങ്ങളിലും പുരാണങ്ങളിലും ആദിമഗ്രന്ഥങ്ങളിലുമുള്ള വേദാർഥങ്ങൾ ഗ്രഹിച്ചിട്ടുള്ള അദ്ദേഹം മനുഷ്യർ ഉൾപ്പെടുന്ന പ്രകൃതിയെ സ്നേഹിക്കുന്നു.

ഒരുപാടു സെലിബ്രിറ്റികളെ കണ്ടവരാണ് വിദേശ മലയാളികൾ. ഭൂരിഭാഗം കലാകാരന്മാരും വിദേശങ്ങളിലെത്തിയാൽ മര്യാദക്കാരും മാന്യന്മാരുമാണെന്ന് അനുഭവത്തിൽ നിന്നു പറയാം. അപൂർവം ചിലർ മദ്യസേവയ്ക്കു ശേഷം ഇതിനു വിപരീതമായി പെരുമാറിയിട്ടുണ്ടാകാം. ഒരു പാട്ട് ഒരു സിനിമയിൽ പാടുവാൻ അവസരം കിട്ടിയാൽ പിറ്റേന്നു മുതൽ സെലിബ്രിറ്റി കുപ്പായമിടുന്നവർക്കിടയിൽ ഇന്ത്യയുടെ മഹാപ്രതിഭയായ ദാസേട്ടൻ വേറിട്ടു നിൽക്കുന്നു. പഴമക്കാർ പറയുംപോലെ നിറയെ കായ്ച്ചു കിടക്കുന്ന മാന്തോപ്പു പോലെ!

Yesudas, singer with Vidyadharan, music director. Thrissur_19/09/2009. Photo:MANOJ CHEMANCHERI
യേശുദാസും സംഗീത സംവിധായകൻ വിദ്യാധരനും, ചിത്രം: മനോരമ

ശതാഭിഷിക്തനാകുന്ന യേശുദാസിന് ആത്മീയം മുതൽ കലാരംഗം വരെയുള്ള വേദികളിലെ മഹാത്മാക്കളുമായുള്ള അടുപ്പത്തിലൂടെ, അനുഭവങ്ങളിലൂടെ രൂപപ്പെട്ട ഒരപൂർവ ആത്മീയ ദർശനമുണ്ട്. ഈശ്വരൻ തനിക്കുവേണ്ടി ഒരുക്കിയിരിക്കുന്നതു മാത്രമേ ലഭിക്കുവെന്നും എളിമ നിറഞ്ഞ, ഗുരുപൂജ ചെയ്യുന്ന വഴിയാണ് ശുദ്ധസംഗീതവഴിയെന്നും വിശ്വസിക്കുന്ന യേശുദാസ് തന്റെ സംഗീതത്തിന്റെ പൂർണതയ്ക്കായി ഇന്നും പുതിയ രാഗങ്ങളുമായി ശതാഭിഷേകത്തിന്റെ നിറവിലും സംഗീതയാത്ര തുടരുകയാണ്.

കെ.ജെ.യേശുദാസ് ∙ഫയൽചിത്രം
കെ.ജെ.യേശുദാസ് ∙ഫയൽചിത്രം

പുതിയ തലമുറ യേശുദാസിന്റെ സംഗീതത്തെയും ഗാനങ്ങളേയും ആദരിക്കുന്നു. പക്ഷേ നവീനകേരളത്തിലെ അതിരും തിരിച്ചറിവുമില്ലാത്ത സ്വാതന്ത്ര്യബോധവും സ്വയാർജിത അഹങ്കാരവും ഉള്ള ചിലർ സമൂഹമാധ്യമങ്ങളിൽ പൂർവസൂരികളെക്കുറിച്ച് അൽപത്തമനോഭാവത്തോടെ ദുഷിച്ചു പറയുന്നത് കണ്ടിട്ടുണ്ട്. മഹാകവി ചങ്ങമ്പുഴയെക്കുറിച്ചുള്ള ഒരു പരാമർശം ആവർത്തിച്ചാൽ, ഇന്ത്യൻ സംഗീതം ഉള്ളിടത്തോളം യേശുദാസ് എന്ന ഗാനഗന്ധർവൻ സജീവമായി നിലനിൽക്കും. ഒന്നുകൂടി! ഇന്ത്യൻ സംഗീതത്തെ അഥവാ ദക്ഷിണേന്ത്യൻ സംഗീതത്തെ രണ്ടായി വിഭജിക്കുന്ന പൊൻവരമ്പായി യേശുദാസ് എന്ന നാമം കാലത്തിലൂടെ രൂപപ്പെടും.

തീക്ഷ്ണമായ അനുഭവങ്ങളിലൂടെ കടന്നുപോയ ഒരാൾ ജീവിതത്തിന്റെ ഒരു പ്രത്യേകഘട്ടത്തിൽ ഗൃഹസ്ഥാശ്രമത്തിനുശേഷം വാനപ്രസ്ഥ ജീവിതം നയിക്കുമെന്ന ഭാരതീയ ദർശനവും ദാസേട്ടന്റെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ടാകാം. സ്വസ്ഥതയും സമാധാനവും അന്വേഷിക്കുന്ന ഒരു മനസ്സ്!

അഭൗമമായ സംഗീതാർച്ചന കൊണ്ടു ഗന്ധർവത്വവും തളരാത്ത ഈശ്വരവിശ്വാസം കൊണ്ട് ആത്മീയ േതജസും പൊരുൾ നിറഞ്ഞ ഗുരുപൂജ കൊണ്ടു ഗുരുകാരണവന്മാരുടെ പ്രീതിയും അനുഗ്രഹവും ആർജിച്ച, മലയാളിയുടെ പ്രിയപ്പെട്ട ദാസേട്ടന് അദ്ദേഹത്തിന്റെ ശതാഭിഷേക ദിനത്തിൽ എന്റെ എളിയ സ്നേഹാദരങ്ങൾ ഹൃദയപൂർവം അർപ്പിക്കട്ടെ.

English Summary:

American life of legend KJ Yesudas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com