കുളത്തൂപ്പുഴയിൽ നിന്നും ചെങ്കോട്ടയും കടന്ന് ചെന്തമിഴീണമായി ഒഴുകി, ഒടുവിൽ ചരിത്രത്താളിലേക്കും; രവീന്ദ്രൻ മാസ്റ്റർ അറിയാക്കഥ!
Mail This Article
'ഏഴു സ്വരങ്ങളെ' തമിഴിൽ 'ഏഴിസൈ ഗീത'മാക്കിയ രവീന്ദ്രസംഗീതത്തിന്റെ പരഭാഷാപ്രവേശമാണിന്നു വിഷയം. 'ചൂള'യിൽ തുടങ്ങി 'വടക്കുംനാഥൻ' വരെയുള്ള രവീന്ദ്രന്റെ മലയാളസിനിമാഗാനങ്ങളിലധികവും പലരും പലവുരു പഠനവിഷയമാക്കിയിട്ടുണ്ടെങ്കിലും അതിർത്തിക്കപ്പുറമുള്ള അദ്ദേഹത്തിന്റെ സംഗീതസംഭാവനകളെക്കുറിച്ച് ആരും പരാമർശിച്ചുകാണാറില്ല. കുളത്തൂപ്പുഴ രവിയിൽ നിന്നും രവീന്ദ്രനായി വളർന്ന ആ സംഗീതസംവിധായകന്റെ 'തമിഴിസൈ കൊഞ്ചം തെരിഞ്ചിക്കലാം'
ആദ്യതമിഴ് ചിത്രം: 'ഹേമാവിൻ കാതലർഗൾ'
ദേശീയതലത്തിലും സംസ്ഥാനതലത്തിലും അവാർഡുകളനവധി സ്വന്തമാക്കിയ സംവിധായകനാണ് ടി.വി.ചന്ദ്രൻ. അദ്ദേഹത്തിന്റെ 'പൊന്തന്മാട'യും 'പാഠം ഒന്ന് - ഒരു വിലാപ'വും മമ്മൂട്ടിയെയും മീര ജാസ്മിനെയുമൊക്കെ ദേശീയതലത്തിൽ ഒന്നാമതെത്തിച്ച ചിത്രങ്ങളാണല്ലോ. 1981ൽ അദ്ദേഹം സംവിധാനം ചെയ്ത ആദ്യചിത്രമായ 'കൃഷ്ണൻകുട്ടി', പക്ഷേ ഒരിക്കലും വെളിച്ചം കണ്ടില്ല.
ടി.വി.ചന്ദ്രൻ സംവിധാനം ചെയ്ത് ആദ്യം തിയറ്ററിലെത്തിയത് ഒരു തമിഴ് ചിത്രമായിരുന്നു - 1985ൽ റിലീസായ 'ഹേമാവിൻ കാതലർഗൾ'. പിൽക്കാലത്ത് നൃത്തവേഷങ്ങളിലേക്കൊതുക്കപ്പെട്ട അനുരാധ, നായികയായി തുടക്കം കുറിച്ച ആദ്യചിത്രവും ഇതായിരുന്നു. 'ഹേമാവിൻ കാതലർഗളി'ലൂടെത്തന്നെയാണ് രവീന്ദ്രനും സംഗീതസംവിധായകനായി തമിഴിലെത്തിയത്. 1982ലാണ് ചിത്രത്തിലെ പാട്ടുകളുൾപ്പെട്ട EP റെക്കോർഡ് റിലീസായത്. ചിത്രത്തിന്റെ റെക്കോർഡിൽ എം.എ.രവീന്ദ്രൻ എന്നാണ് പേരുള്ളത്. വളരെ വൈകി 1985ൽ റിലീസായ ചിത്രം അത്ര വിജയിച്ചില്ലെങ്കിലും ചിത്രത്തിലെ സംഗീതം നിരൂപകപ്രശംസ നേടി. എസ്.പി.ബാലസുബ്രഹ്‌മണ്യം പാടിയ 'പാർവൈ തേരി'ലും എസ്.ജാനകി പാടിയ 'കാലൈ പൂവേ'യും എഴുതിയത് കവിൻ മുഗിൽ എന്ന ഗാനരചയിതാവാണ്. മലയാളത്തിലുള്ള രവീന്ദ്രന്റെ തന്നെ ഈണങ്ങൾ ചിലപ്പോഴൊക്കെ തോന്നുമെങ്കിലും തികച്ചും മൗലികമായ പാട്ടുകളുള്ള രവീന്ദ്രന്റെ ഒരു തമിഴ് സിനിമയാണിത്.
'രസികൻ ഒരു രസികൈ - 1986'
പാട്ടുകൾ 1985ൽ റിലീസായെങ്കിലും രവീന്ദ്രന്റെ സംഗീതത്തിലുള്ള രണ്ടാമത്തെ തമിഴ്ചിത്രം പുറത്തിറങ്ങിയത് 1986ലാണ്. ബാലു ആനന്ദ് സംവിധാനം ചെയ്ത 'രസികൻ ഒരു രസികൈ' ആയിരുന്നു അത്. രവീന്ദ്രന്റെ മലയാളം പാട്ടുകളോട് ഇഷ്ടം തോന്നിയ 'രസികൻ ഒരു രസികൈ'യിലെ നായികയായ അംബികയുടെ നിർദേശപ്രകാരമാണ് രവീന്ദ്രൻ ആ ചിത്രത്തിലെത്തിയതെന്ന് പറയപ്പെടുന്നു. അതെങ്ങനെയായാലും രവീന്ദ്രന്റെ തമിഴിലെ ഏറ്റവും വലിയ വിജയചിത്രമാണ് 'രസികൻ ഒരു രസികൈ'. വാലി, ഗംഗൈ അമരൻ, പുലമൈപ്പിത്തൻ, നാ. കാമരാസൻ, എം.ജി.വല്ലഭൻ തുടങ്ങിയവർ എഴുതിയ എട്ട് പാട്ടുകളുള്ള ചിത്രത്തിൽ യേശുദാസ്, എസ്.ജാനകി, ജയചന്ദ്രൻ, വാണി ജയറാം, മലേഷ്യ വാസുദേവൻ എന്നിവരാണ് ഗായകർ. ഇതിലെ അഞ്ച് പാട്ടുകളുടെ ഈണം മലയാളത്തിൽ അതിനുമുൻപ് തന്നെ പ്രശസ്തമായ ഈണങ്ങളായിരുന്നു.
യേശുദാസും ജാനകിയും വേറെവേറെ സോളോകളായി പാടുന്ന 'ഏഴിസൈ ഗീതമേ' എന്ന പാട്ട് 'ചിരിയോ ചിരി'യിലെ 'ഏഴു സ്വരങ്ങളും' എന്ന ഹിറ്റ് പാട്ടിന്റെ അതേ ഈണത്തിലാണ്. ഇരുവരും പാടുന്ന ചരണങ്ങളിലെ വരികളും വ്യത്യസ്തമാണ്.
'തേനും വയമ്പും' എന്ന സിനിമയിലെ 'തേനും വയമ്പും' എന്ന് തുടങ്ങുന്ന പാട്ടാണ് യേശുദാസ് പാടുന്ന 'പാടി അഴയ്ത്തേൻ'.
വാണി ജയറാം പാടുന്ന 'കാട്രിനിലേ വരും ഗീതം' 'മഴനിലാവി'ലെ 'ഋതുമതിയായ്' എന്ന പാട്ടിന്റെ ട്യൂണിലാണുള്ളത്.
ജയചന്ദ്രനും ജാനകിയും ചേർന്ന് പാടുന്ന 'അമ്മാ അടി അമ്മാ' എന്ന പാട്ട് മലയാളത്തിൽ റിലീസാകാതെ പോയ 'ഓരോ പൂവിലും' എന്ന ചിത്രത്തിലെ 'പൂവേ പൊലി പാടാൻ വരും പൂവാലിക്കിളിയേ' എന്ന പാട്ടിന്റെ മട്ടിലാണുള്ളത്.
എസ്.ജാനകി പാടുന്ന 'ഉനക്കാഗവേ നാൻ വാഴ്ഗിറേൻ' മലയാളത്തിൽ 'എങ്ങനെയുണ്ടാശാനേ' എന്ന സിനിമക്ക് വേണ്ടി ജയചന്ദ്രൻ പാടിയ 'പിണങ്ങുന്നുവോ' എന്ന പാട്ടിന്റെ ഈണത്തിലാണ്.
'രസികൻ ഒരു രസികൈ'യിലെ ബാക്കിയുള്ള ഗാനങ്ങളിലും രവീന്ദ്രന്റെ മറ്റു ചില മലയാളം പാട്ടുകളുടെ ഭാവവും സ്വഭാവവും കാണാൻ കഴിയും.
'കൺമണിയേ പേസ് - 1986'
രാജശേഖർ സംവിധാനം ചെയ്ത് ശിവകുമാറും ലക്ഷ്മിയും പ്രധാനവേഷങ്ങളിലെത്തിയ 'കൺമണിയേ പേസ്' എന്ന ചിത്രമാണ് രവീന്ദ്രന്റെ സംഗീതത്തിൽ പുറത്തിറങ്ങിയ അടുത്ത ചിത്രം. 1986 ഒക്ടോബർ ഒന്നിന് റിലീസ് ചെയ്ത ആ ചിത്രത്തിൽ വൈരമുത്തു, വാലി, ഗംഗൈ അമരൻ എന്നിവരെഴുതിയ അഞ്ച് പാട്ടുകൾ ഉണ്ടായിരുന്നു. വൈരമുത്തു എഴുതി യേശുദാസ് പാടിയ 'മനമേ മയങ്കാതെ' എന്ന ശോകഗാനമാണ് അതിൽ ഏറ്റവും ശ്രദ്ധേയമായത്.
1985ൽ ബിച്ചു തിരുമല - രവീന്ദ്രൻ - യേശുദാസ് - ചിത്ര എന്നീ പ്രതിഭകളെ ഒരുമിപ്പിച്ചുകൊണ്ട് തരംഗിണി റിലീസ് ചെയ്ത ചലച്ചിത്രേതരഗാനങ്ങളായിരുന്നു 'വസന്തഗീതങ്ങൾ'. വലിയ വിജയമായിരുന്ന ആ കാസറ്റിലെ 'മാമാങ്കം പലകുറി കൊണ്ടാടി', 'വലംപിരി ശംഖിൽ തുളസീതീർഥം' എന്നിങ്ങനെ എല്ലാ പാട്ടുകളും ഇന്നും ജനപ്രിയങ്ങളാണ്. 'വസന്തഗീതങ്ങളി'ൽ യേശുദാസ് പാടി അനശ്വരമാക്കിയ 'അരയന്നമേ ആരോമലേ' എന്ന പാട്ടിന്റെ ഈണമാണ് 'കൺമണിയേ പേസി'ലെ 'നലം പാടുവേൻ' എന്ന പാട്ടിനുള്ളത്. വാലി എഴുതിയ പാട്ട് പാടിയിരിക്കുന്നത് എസ്.ജാനകി.
രവീന്ദ്രനു വേണ്ടി ചിത്ര ആദ്യം പാടുന്ന തമിഴ് ചിത്രമാണ് 'കൺമണിയേ പേസ്'. മലേഷ്യ വാസുദേവനൊപ്പമൊരു ഡ്യൂയറ്റും 'വെളക്കു വച്ചാ' എന്നൊരു സോളോയുമാണ് ചിത്ര പാടിയത്
'ലക്ഷ്മി വന്താച്ച്' - 1986
ഋഷികേശ് മുഖർജി സംവിധാനം ചെയ്ത് 1980ൽ വന്ന സൂപ്പർഹിറ്റ് ഹിന്ദി ചിത്രം 'ഖുബ്‌സൂരത്' 1986ൽ തമിഴിലേക്ക് പുനർനിർമിച്ചതാണ് 'ലക്ഷ്മി വന്താച്ച്' എന്ന ചിത്രം. ഇതായിരുന്നു രവീന്ദ്രന്റെ സംഗീതത്തിൽ വന്ന നാലാമത്തെ തമിഴ്പടം. രാജശേഖറിന്റെ സംവിധാനത്തിൽ ശിവാജി ഗണേശനും പദ്മിനിയും രേവതിയും മത്സരിച്ചഭിനയിച്ച ഈ സിനിമ തരക്കേടില്ലാത്ത വിജയം നേടി. വൈരമുത്തു എഴുതി ചിത്ര പാടിയ 'കാലം കനിന്തത്' എന്ന ഗാനം 'ഖുബ്‌സൂരതി'ൽ ആശ ഭോസ്‌ലെ പാടിയ 'സുൻ സുൻ സുൻ ദീദി' എന്ന പാട്ടിന്റെ സന്ദർഭത്തിലുള്ളതാണ്.
'ലക്ഷ്മി വന്താച്ചി'ൽ എസ്.ജാനകി പാടുന്ന 'കാതൽ വെണ്ണിലാ' എന്ന പാട്ടിന്റെ പല്ലവി 'യുവജനോത്സവ'ത്തിൽ ജാനകിയും സതീഷ് ബാബുവും പാടുന്ന 'ആ മുഖം കണ്ട നാൾ' എന്ന പാട്ടിന്റെയും ചരണങ്ങൾ 'ടെലിഫോണിൽ തൊടരുത്' എന്ന ചിത്രത്തിൽ യേശുദാസ് പാടിയ 'ആരാമം വസന്താരാമം' എന്ന പാട്ടിന്റെയും ചുവടു പിടിച്ചാണ് ചെയ്തിരിക്കുന്നത്. ചിദംബരനാഥന്റേതാണു വരികൾ.
അതേപോലെ എസ്.പി.ശൈലജ ആലപിക്കുന്ന 'എല്ലോരും തേടും സുതന്തിരം' എന്ന പാട്ടിന്റെ പല്ലവി വ്യത്യസ്തമാണെങ്കിലും ചരണങ്ങളുടെ ഈണം 'ഇത്തിരി പൂവേ ചുവന്ന പൂവേ'യിലെ 'പൊൻപുലരൊളി'യുടെ ചരണങ്ങളിലെ ഈണം തന്നെയാണ്. വാലിയാണ് പാട്ടെഴുതിയത്.
ശിവാജി ഗണേശനുവേണ്ടി മലേഷ്യ വാസുദേവൻ പാടുന്ന 'സന്ദന നിലവൊളി'യെന്ന ഗാനം രവീന്ദ്രന്റെ തനതുശൈലിയിലുള്ള വളരെ നല്ലൊരു സെമി-ക്ലാസിക്കൽ മെലഡിയാണ്. രചന ചിദംബരനാഥൻ.
വാലി എഴുതിയ 'നാൻ ആണൈയിട്ടാൽ' എന്ന് തുടങ്ങുന്നൊരു പാട്ടുകൂടി ചിത്രത്തിലുണ്ട്. തമിഴിലെ പഴയ ഹിറ്റ് പാട്ടുകൾ കൂട്ടിയിണക്കി പാരഡി ശൈലിയിൽ വാലി എഴുതിയ ആ ഗാനം ജാനകിയോടൊപ്പം പാടിയിരിക്കുന്നത് രവീന്ദ്രന്റെ പ്രധാന സംഗീതസഹായികളിലൊരുവനായ സമ്പത്ത്കുമാറാണ്.
'ധർമ്മ ദേവതൈ' - 1986
'പ്രതിധ്വനി' എന്ന തെലുങ്ക് ചിത്രം പ്രമുഖ സംവിധായകനായ എസ്.പി.മുത്തുരാമൻ തമിഴിലേക്ക് 'ധർമ്മ ദേവതൈ' എന്ന പേരിൽ റീമേക്ക് ചെയ്തത് 1986ലാണ്. വിജയകാന്തും രാധികയും നായികാനായകന്മാരായ ചിത്രത്തിൽ രവീന്ദ്രൻ സംഗീതം നൽകിയ അഞ്ചു പാട്ടുകളാണുള്ളത്. എല്ലാ പാട്ടുകളും വാലി എഴുതിയപ്പോൾ യേശുദാസ്, മലേഷ്യ വാസുദേവൻ, എസ്.പി.ബാലസുബ്രഹ്മണ്യം, എസ്.ജാനകി എന്നിവരായിരുന്നു ഗായകർ. പതിവിനു വിപരീതമായി ഈ ചിത്രത്തിലെ പാട്ടുകൾക്കൊന്നിനും തന്നെ മലയാളഗാനങ്ങളുമായി സാദൃശ്യം തോന്നിയില്ല. പശ്ചാത്തലസംഗീതത്തിൽ ചില പാട്ടുകളുമായി സമാനതകൾ തോന്നുമെങ്കിലും യേശുദാസും ജാനകിയും ചേർന്ന് പാടിയ 'തൊട തൊട' എന്ന പാട്ടാണ് കൂട്ടത്തിൽ മികച്ചതായി തോന്നിയത്.
അതുപോലെ 'മാമാവേ' എന്ന മലേഷ്യ വാസുദേവൻ - എസ്.ജാനകി ഡ്യൂയറ്റിൽ 'ആട്ടക്കലാശ'ത്തിലെ 'നാണമാകുന്നോ' എന്ന പാട്ടിന്റെ പിന്നണിസംഗീതവും ചെറിയ തോതിൽ കേൾക്കാൻ കഴിയും.
'തായേ നീയേ തുണൈ' - 1987
രവീന്ദ്രൻ സംഗീതം നൽകിയ ആദ്യചിത്രമായ 'ഹേമാവിൻ കാതലർഗൾ' ഒഴികെയുള്ള പാട്ടുകളെല്ലാം വിപണിയിലെത്തിച്ചത് എവിഎം റെക്കോർഡ്‌സ് ആണ്. രവീന്ദ്രന്റെ പാട്ടുകളുമായി 1987 ജനുവരിയിൽ റിലീസായ 'തായേ നീയേ തുണൈ' എന്ന സിനിമയുടെ റെക്കോർഡ്‌സ് എവിഎം 1986ൽ തന്നെ പുറത്തിറക്കിയിരുന്നു. എട്ട് തമിഴ് സിനിമകൾക്ക് രവീന്ദ്രൻ മ്യൂസിക് നൽകിയെങ്കിലും 'തായേ നീയേ തുണൈ' എന്ന പടത്തിലെ 'വാമ്മ ദേവി' എന്ന ഒരേയൊരു പാട്ട് മാത്രമാണ് പി.സുശീല രവീന്ദ്രനുവേണ്ടി പാടിയത്.
ഭക്തിപ്രധാനമായ 'തായേ നീയേ തുണൈ'യിൽ ആകെ അഞ്ച് പാട്ടുകളാണുള്ളത്. പി.സുശീല പാടിയ പാട്ട് കൂടാതെ ചിത്രയുടെ ശബ്ദത്തിൽ 'ചെല്ലക്കിളിയെ' എന്നൊരു താരാട്ട് , വാണി ജയറാമും ചിത്രയും ചേർന്ന് പാടിയ 'ആയിരം കൺഗൾ' എന്നൊരു ഭക്‌തിഗാനം, എസ്പിബി വാണിജയറാം ടീമിന്റെ 'കൂ കുയിലേ' എന്നൊരു പ്രണയഗാനം. അങ്ങനെ നാല് താനതുപാട്ടുകൾ ചിത്രത്തിനായി രവീന്ദ്രൻ ചെയ്തു. വാലി, മുത്തുലിംഗം, ചിദംബരനാഥൻ, തിരുപ്പത്തൂരാൻ എന്നിവരാണ് പാട്ടുകൾ എഴുതിയത്.
'തായേ നീയേ തുണൈ'യിലെ ഏറ്റവും പ്രാധാന്യമുള്ളതും പ്രശസ്തവുമായ പാട്ട് യേശുദാസും ചിത്രയും ചേർന്ന് പാടുന്ന 'ഭുവനേശ്വരീ' എന്ന് തുടങ്ങുന്ന വാലി എഴുതിയ ഗാനമാണ്. മലയാളത്തിലെ രവീന്ദ്രന്റെ രണ്ടു ഹിറ്റ് പാട്ടുകളുടെ ചുവടുപിടിച്ചാണ് ആ ഒറ്റഗാനം ഒരുക്കിയിരിക്കുന്നത്. പുറത്തിറങ്ങാത്ത ചിത്രമായ 'നീലക്കടമ്പി'ലെ 'കുടജാദ്രിയിൽ' എന്ന പാട്ടിന്റെ രീതിയിലാണ് പാട്ടിന്റെ പല്ലവി കമ്പോസ് ചെയ്തിരിക്കുന്നത്.
അതിലെ ചരണങ്ങൾ 'സുഖമോ ദേവി'യിലെ 'ശ്രീ ലതികകളു'ടെ ചരണങ്ങളുടെ സംഗീതത്തിലാണൊരുക്കിയിട്ടുള്ളത്.
'പൊട്ടുവച്ച നേരം' - 1987
തമിഴിലെ രവീന്ദ്രന്റെ ഏറ്റവും വലിയ ഹിറ്റായ 'രസികൻ ഒരു രസികൈ'യുടെ സംവിധായകനായ ബാലു ആനന്ദ് സംവിധാനം ചെയ്ത 'പൊട്ടുവച്ച നേരം' എന്നൊരു ചിത്രത്തിനുകൂടി രവീന്ദ്രൻ 1987ൽ സംഗീതമൊരുക്കി. ആറ് പാട്ടുകളുള്ള ചിത്രത്തിലെ പാട്ടുകളൊന്നുംതന്നെ തമിഴ് സംഗീതവിപണിയിൽ ചലനങ്ങളുണ്ടാക്കിയതായി തോന്നുന്നില്ല. 'ഗീത'ത്തിലെ 'ആരോമൽ ഹംസമേ' എന്ന പാട്ടിന്റെ ഈണത്തിൽ രണ്ടു പാട്ടുകൾ 'പൊട്ടുവച്ച നേര'ത്തിൽ രവീന്ദ്രൻ ചെയ്തിട്ടുണ്ട്. യേശുദാസും ചിത്രയും പാടിയ 'ഏൻ ഏൻ നാൻ മാറിനേൻ' എന്ന പാട്ടും മലേഷ്യ വാസുദേവനും ഉമാ രമണനും ചേർന്ന് പാടിയ 'കൺഗൾ തൂങ്കാത കൺഗൾ' എന്ന പാട്ടും. രണ്ടും എഴുതിയിരിക്കുന്നത് പുലമൈപിത്തൻ ആണ്.
വേണു നാഗവള്ളി സംവിധാനം ചെയ്ത 'ഏയ് ഓട്ടോ'യിൽ മോഹൻലാലും സുജാതയും പാടിയ 'എ ഇ ഐ ഓ യു' എന്ന പാട്ടിന്റെ ട്യൂണിൽ മലേഷ്യ വാസുദേവനും ചിത്രയും പാടിയ 'മുത്തം തരവാ' എന്നൊരു പാട്ടും 'പൊട്ടുവച്ച നേര'ത്തിൽ ഇടം പിടിച്ചിട്ടുണ്ട്.
'മലരേ കുറിഞ്ചിമലരേ' - 1988 (1993)
മലയാളത്തിൽ തിരക്ക് വർധിച്ചതുകൊണ്ടാണോയെന്നറിയില്ല, 'മലരേ കുറിഞ്ചിമലരേ' എന്നൊരു ചിത്രം കൂടി മാത്രമേ രവീന്ദ്രൻ തമിഴിൽ ചെയ്തിട്ടുള്ളൂ. ജി.എ.പാർഥിപൻ സംവിധാനം ചെയ്ത ചിത്രത്തിലെ പാട്ടുകൾ 1988ൽ പുറത്തിറങ്ങിയെങ്കിലും പടം തിയറ്ററിലെത്തിയത് 1993ലാണ്. ചിത്രത്തിന്റെ ടൈറ്റിൽ കാർഡിൽ പുതുമുഖങ്ങളായ അഭിനേതാക്കളുടെ ലിസ്റ്റിൽ എം.എ.രവീന്ദ്രൻ എന്നൊരു പേര് കണ്ടതുകൊണ്ട് സിനിമ മുഴുവനും ഇരുന്നു കണ്ടു. നായികയുടെ മുറച്ചെറുക്കന്റെ അച്ഛനായി ചിത്രത്തിൽ രവീന്ദ്രനും ചെറിയൊരു വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ സിനിമയുടെ തുടക്കത്തിൽ ഗായകരുടെ ലിസ്റ്റിൽ 'സുജിത്' എന്ന പേരിൽ നമ്മുടെ സംഗീതസംവിധായകൻ ശരത്തിന്റെയും ഒപ്പം സ്വർണലതയുടെയും പേരുകൾ കാണിക്കുന്നുമുണ്ട്. ടൈറ്റിൽ എഴുതിക്കാണിക്കുമ്പോഴുള്ള ബാക് ഗ്രൗണ്ട് സ്‌കോറിൽ വരുന്ന ഹമ്മിങ്ങും സ്വരങ്ങളും ശരത്തും സ്വർണലതയും ചേർന്നാണു പാടിയിരിക്കുന്നത്.
ആറ് പാട്ടുകളുള്ള 'മലരേ കുറിഞ്ചിമലരേ'യിലെ ഏറ്റവും ശ്രദ്ധേയഗാനം വൈരമുത്തു എഴുതി യേശുദാസും ചിത്രയും ആലപിക്കുന്ന 'വാ ഇളയവനേ' എന്ന ഗാനമാണ്. 'കളിയിൽ അൽപ്പം കാര്യ'ത്തിനു വേണ്ടി യേശുദാസും ചിത്രയും തന്നെ പാടിയ 'കണ്ണോടു കണ്ണായ' സ്വപ്‌നങ്ങൾ എന്ന പാട്ടിനെ 'വാ ഇളയവനേ' ഇടയ്ക്കൊന്ന് തഴുകിത്തലോടി പോകുന്നുണ്ട്.
രവീന്ദ്രനും ഒരു ഗാനം 'മലരേ കുറിഞ്ചിമലരേ'യിൽ ആലപിക്കുന്നുണ്ട്. ജയചന്ദ്രൻ പാടുന്ന 'ദീപങ്കളേ നീങ്കൾ' എന്ന പാട്ടിന്റെ മറ്റൊരു വേർഷനാണ് രവീന്ദ്രൻ പാടിയിരിക്കുന്നത്. ഈ പാട്ടിന്റെ ചരണത്തിന്റെ ഈണം 'പ്രശനം ഗുരുതരം' എന്ന സിനിമയിൽ ജയചന്ദ്രനും വാണി ജയറാമും ചേർന്ന് പാടുന്ന 'പാലാഴി പൂമങ്കേ' എന്ന മട്ടിലുള്ളതാണ്.
എട്ട് ചിത്രങ്ങളിലായി അമ്പതിൽ താഴെ പാട്ടുകളാണ് രവീന്ദ്രൻ തമിഴ് സിനിമയിൽ ചെയ്തിരിക്കുന്നത്. മിക്കവയും മലയാളത്തിലെ ട്യൂണുകൾ തന്നെ ഉപയോഗിച്ചിരിക്കുന്നതുകൊണ്ടാണോ എന്നറിയില്ല, പാട്ടുകളിൽ ഒരു 'തമിഴാള'മാണ് ധ്വനിക്കുന്നത്. എങ്കിലും ആ ഗാനങ്ങൾ കുളത്തൂപ്പുഴയിൽ നിന്നും ചെങ്കോട്ടയും കടന്ന് ചെന്തമിഴീണമായി അവരുടെ സിനിമാചരിത്രത്തോട് ചേർത്തുവയ്ക്കപ്പെടുന്നവയാണ്.