ADVERTISEMENT

പാടിത്തുടങ്ങുമ്പോൾ നേർത്തൊരു വിഷാദഭാവമുണ്ടായിരുന്നു ആനന്ദ്ജിയുടെ മുഖത്ത്. പല്ലവി കടന്ന് പാട്ട് ചരണത്തിലെത്തിയപ്പോൾ വിഷാദത്തിൽ ഗദ്ഗദം വന്നു നിറയുന്നു. അവസാന വരിയെത്തുമ്പോഴേക്കും അതൊരു മഴയായി കോരിച്ചൊരിയുന്നു. നിലയ്ക്കാത്ത കണ്ണീർമഴ.

"മേരാജീവൻ കോറാ കാഗസ് കോറാ ഹി രഹ് ഗയാ" എന്ന പാട്ടിനൊപ്പം മനസ്സിൽ തെളിയുക ആനന്ദ്ജിയുടെ ആ ഭാവപ്പകർച്ചയാണ്. കണ്ണീരിൽ കുതിർന്ന ആ ആലാപനം യുട്യൂബിൽ കണ്ട് തരിച്ചിരുന്നുപോയ ദിവസമാണ് മുംബൈയിലെ സുഹൃത്തിൽ നിന്ന് ആനന്ദ്ജിയുടെ ഫോൺ നമ്പർ സംഘടിപ്പിച്ച് അദ്ദേഹത്തെ വിളിച്ചത്. "ഇന്നും ആ പാട്ട് വേദനയോടെയല്ലാതെ പാടിത്തീർക്കാനാവില്ല എനിക്ക്. ഏറെ പ്രിയപ്പെട്ട രണ്ടു പേരുടെ പേരുടെ ഓർമയുമായി ചേർന്നുകിടക്കുന്നത് കൊണ്ടാവാം... കല്യാൺജി ഭായിയുടേയും കിഷോർ കുമാറിന്റേയും." -- ആനന്ദ്ജി പറഞ്ഞു. അര നൂറ്റാണ്ട് മുൻപ് പുറത്തിറങ്ങിയ "കോറാ കാഗസ്" (1974) എന്ന ചിത്രത്തിനു വേണ്ടി ഈ പ്രശസ്ത ഗാനമെഴുതിയത് എം.ജി.ഹാഷ്‌മത്ത്. ഈണമിട്ടത് കല്യാൺജി ആനന്ദ്ജി.

ആദ്യം കേട്ടത് വിവിധ് ഭാരതിയിലാണ്. വരികളുടെ അർഥമറിയില്ല അന്ന്. എങ്കിലും പാട്ട് മനസ്സിൽ തങ്ങി. ആദ്യ കേൾവിയിലേ ശ്രോതാവിനെ പിടിച്ചുലയ്ക്കാൻ പോന്ന എന്തോ ഒന്നുണ്ടായിരുന്നു ഈ ഈണത്തിലും കിഷോറിന്റെ ആലാപനത്തിലും. പിൽക്കാലത്ത് സ്‌കൂളിൽ നിന്ന് മൈസൂരിലേക്കുള്ള പഠനയാത്രക്കിടെ വൃന്ദാവൻ ഗാർഡനു പുറത്ത് പാർക്ക് ചെയ്ത ഞങ്ങളുടെ ടൂറിസ്റ്റ് ബസ്സിൽ കയറിവന്ന് ചിരട്ട കൊണ്ടുള്ള കൊച്ചുതംബുരു മീട്ടി ഒരു അന്ധഗായകൻ "മേരാ ജീവൻ" പാടിക്കേട്ടപ്പോഴാണ് ആ പാട്ടിലെ വിഷാദഭാവത്തിന്റെ തീവ്രത ഉള്ളു പൊള്ളിച്ചത്. കാതുകളിൽ ഇന്നുമുണ്ട് പരുഷഹൃദ്യമായ ആ ശബ്ദവും പശ്ചാത്തലത്തിലെ തംബുരു നാദവും.

ഒറ്റപ്പെടലിന്റെ വേദനയാണ് ഹാഷ്‌മത്തിന്റെ രചനയുടെ സ്ഥായീഭാവം: എഴുതിയതെല്ലാം കണ്ണീരിൽ ഒലിച്ചുപോയ ശൂന്യമായ കടലാസാണ്  ജീവിതം. പറന്നകലുന്ന പക്ഷിക്കു പോലുമുണ്ട് ചേക്കേറാൻ ഒരു കൂട്. എനിക്ക് അതുപോലുമില്ല. ലക്ഷ്യമേതുമറിയാതെ വഴിയിൽ തരിച്ചുനിൽക്കുന്നു ഞാൻ.... "കോറാ കാഗസി"ൽ ജയഭാദുരി അവതരിപ്പിച്ച അർച്ചന എന്ന കഥാപാത്രത്തിന്റെ ആത്മഗീതം. ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചിട്ടും വീട്ടുകാരുടെ സമ്മർദത്താൽ മനസ്സില്ലാമനസ്സോടെ പരസ്പരം അകലേണ്ടിവന്ന രണ്ടുപേരുടെ ഹൃദയവികാരങ്ങൾ ലളിതപദങ്ങളാൽ കൊരുത്തുവെച്ചിരിക്കുകയാണ് പാട്ടിൽ കവി. ഈണമാകട്ടെ അതിലും വികാരദീപ്തം, വിഷാദഭരിതം. 

കിഷോർദാ ആ പാട്ട് റെക്കോർഡ് ചെയ്യാൻ സ്റ്റുഡിയോയിൽ വന്ന ദിവസം ആനന്ദ്ജിയുടെ ഓർമയിലുണ്ട്. വരികളും ഈണവും പാടിക്കേട്ടപ്പോൾ വികാരാധീനനായി ഗായകൻ. ഇത്രയും നിരാശയും വേദനയും വേണോ പാട്ടിൽ എന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. കഥാസന്ദർഭത്തിന്റെ വൈകാരികത പൂർണ്ണമായി ഉൾക്കൊള്ളുന്ന വരികളാണതെന്ന്മറുപടി നൽകിയപ്പോൾ കിഷോർദാ പറഞ്ഞു: "എങ്കിൽ ഒരു ചരണം കൂടി ഇതിൽ എഴുതിച്ചേർക്കണം. അൽപ്പം കൂടി പ്രസാദാത്മകമായ നാലു വരികൾ. എന്നാലേ ഞാൻ ഈ പാട്ട് പാടൂ...."

മൂന്നാമതൊരുചരണം പാട്ടിൽ ഉൾപ്പെടുത്താതെ ഗത്യന്തരമില്ലാതായി സംഗീതസംവിധായകർക്ക്. പുതുതായി എഴുതിച്ചേർത്ത ആ വരികളിൽ തിളങ്ങിനിന്നത് ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷ: "ദുഃഖ് കേ അന്തർ സുഖ് കി ജ്യോതി, ദുഃഖ് ഹി സുഖ് കാ ജ്ഞാൻ, ദർദ് സഹ് കേ ജൻമ് ലേത്താ, ഹർ കോയീ ഇൻസാൻ വോ സുഖീ സേ ജോ സുഖീ ഹേ ദർദ്സഹ് ഗയാ.."  വേദനയുടെ കൂരിരുട്ടകറ്റാൻ ആഹ്ലാദത്തിന്റെ കൈത്തിരിയുണ്ട് എന്ന് ഓർമപ്പെടുത്തുന്ന വരികൾ. വേദന അനുഭവിച്ചു തീർത്താലേ ആഹ്ലാദത്തിലേക്കുള്ള വഴി തെളിയൂ. പാട്ടിന്റെ ഗ്രാമഫോൺ റെക്കോർഡിൽ ഈ മൂന്നാംചരണം കേൾക്കാറില്ല; റേഡിയോയിലും. പക്ഷേ പടത്തിന്റെ ക്ലൈമാക്സിൽ ജയയുടെ അർച്ചനയും വിജയ് ആനന്ദിന്റെ സുകേഷ് ദത്തും വീണ്ടും ഒരുമിക്കുമ്പോൾ പശ്ചാത്തലത്തിൽ കേൾക്കുക പ്രതീക്ഷയുടെ സ്ഫുരണമുള്ള ഈ വരികളാണ്. 

സൂചിത്രാ സെന്നിനെയും സൗമിത്രചാറ്റർജിയെയും നായികാനായകരാക്കി അജോയ് കർ ഒരുക്കിയ "സാഥ്‌ പാകേ ബന്ധ" (1963) എന്ന ബംഗാളി ചിത്രത്തിൻറെ ഹിന്ദി റീമേക്കാണ് അനിൽ ഗാംഗുലിയുടെ സംവിധാനത്തിൽ പുറത്തുവന്ന വിജയ് ആനന്ദ് -- ജയഭാദുരി ടീമിന്റെ "കോറാകാഗസ്." (ഇതേ കഥ പിൽക്കാലത്ത് ചില്ലറ ഭേദഗതികളോടെ അർച്ചന ടീച്ചർ എന്ന പേരിൽ മലയാളത്തിലും വന്നു. തമിഴ്, തെലുങ്ക് റീമേക്കുകൾ വേറെ) ഹേമന്ദ് കുമാറിന്റെ മാന്ത്രിക സംഗീതമായിരുന്നു ബംഗാളി പടത്തിന്റെ മുഖ്യ ആകർഷണങ്ങളിൽഒന്ന്. അതേ ബംഗാളി സ്പർശം ഹിന്ദി പതിപ്പിലെ പാട്ടുകളിലും വേണമെന്ന് സംവിധായകനു നിർബന്ധം. വാശിയോടെ തന്നെ ആ വെല്ലുവിളി ഏറ്റെടുത്തു കല്യാൺജി ആനന്ദ്ജി. ശീർഷക ഗാനത്തിനു പുറമേ രണ്ടു പാട്ടുകൾ കൂടിയുണ്ടയായിരുന്നു സിനിമയിൽ: ലത മങ്കേഷ്‌കർ പാടിയ രൂട്ടേ രൂട്ടേപിയാ, മേരാ പഠനേ മേ നഹി.  ബിനാക്ക ഗീത് മാലയിൽ കിഷോറിന്റെ "മേരാ ജീവൻ" ഒന്നാം സ്ഥാനത്തെത്തിയെങ്കിലും മികച്ച ഗായകനുള്ള ഫിലിം ഫെയർ അവാർഡ് ആ വർഷം മഹേന്ദ്ര കപൂറിനായിരുന്നു (രോട്ടി കപ്ഡാ ഔർ മകാൻ). "രൂട്ടേ രൂട്ടേ പിയാ" എന്ന ഗാനം ലതാജിക്ക് ദേശീയ ബഹുമതി നേടിക്കൊടുത്തു എന്നത് മറ്റൊരു കൗതുകം. 

മുകേഷായിരുന്നു എക്കാലവും കല്യാൺജി ആനന്ദ്ജിമാരുടെ പ്രിയഗായകൻ. എങ്കിലും കിഷോറിന് വേണ്ടിയും മറക്കാനാവാത്ത ഗാനങ്ങൾ ഒരുക്കി അവർ. ഏറ്റവും പ്രിയപ്പെട്ട ചില ഭാവഗീതങ്ങൾ ഈ കൂട്ടുകെട്ടിൽപിറന്നതാണ്: "സഫർ" എന്ന ചിത്രത്തിലെ സിന്ദഗി കാ സഫർ, ജീവൻ സെ ഭരി തേരി ആംഖോം, മുഖദർ കാ സിക്കന്ദറിലെ ഓ സാഥീരേ, ലാവാറിസിലെ  കബ് കെ ബിഛഡേ ഹുവേ...."നിത്യജീവിതത്തിൽ അങ്ങേയറ്റം തമാശക്കാരനായിരുന്നു കിഷോർദാ. ജീവിതത്തെ ലാഘവത്തോടെ കണ്ടയാൾ. എന്നാൽ സ്റ്റുഡിയോയിലെ മൈക്കിന് മുന്നിൽ ചെന്നു നിന്നാൽ മറ്റെല്ലാം മറക്കും അദ്ദേഹം. അതുവരെ കാണാത്ത ഒരു കിഷോറിനെയാണ് പിന്നെ നമ്മൾ കാണുക..." ആനന്ദ്ജിയുടെ ഓർമ.

ഹാഷ്‌മത്തിന്റെ രചനയാണ് 'മേരാ ജീവൻ കോറാ കാഗസ്' എന്ന പാട്ടിന്റെ ആത്മാവ്. കുറെയേറെ പടങ്ങളിൽ പാട്ടെഴുതിയിട്ടുണ്ടെങ്കിലും കോറാ കാഗസിലെ ശീർഷക ഗാനത്തിന്റെ പേരിലായിരിക്കും  ജലന്ധർ സ്വദേശിയായ ഈ കോളേജ് പ്രൊഫസർ ഓർക്കപ്പെടുക. ഇതേ ഗാനത്തിന്റെ ചുവടു പിടിച്ച് രണ്ടു വർഷത്തിന് ശേഷം കിഷോറിന് വേണ്ടി മറ്റൊരു പാട്ടും രചിക്കേണ്ടി വന്നു ഹാഷ്‌മത്തിന്. പടം "മേരാ ജീവൻ." കോറാകാഗസിലെ പാട്ടിന്റെ വലിയൊരു ആരാധകനായിരുന്ന സംവിധായകന്റെ ആഗ്രഹപ്രകാരം മേരാ ജീവൻ എന്ന തുടക്കത്തോടെ മറ്റൊരു കാവ്യഭംഗിയാർന്ന ഗാനമെഴുതുകയായിരുന്നു ഹാഷ്‌മത്ത്. സപൻ -- ജഗ്‌മോഹൻ ചിട്ടപ്പെടുത്തി കിഷോർ പാടിയ ആ ഗാനവും ഹിറ്റായി: "മേരാ ജീവൻ കുച്ഛ് കാം ന ആയാ.."

നഷ്ടസ്വപ്നങ്ങളുടെനിഴൽ പതിഞ്ഞു കിടക്കുന്നു "മേരാ ജീവൻ കോറാ കാഗസ്" എന്ന പാട്ടിന്റെ ഓരോ വരിയിലും: "നാ ഡഗർ ഹേ നാ ഖബർ ഹേ ജാനാ ഹേ മുജ്‌കോ കഹാം, ബൻ കേ സപ്നാ ഹംസഫർ കാ സാഥ് രഹ് ഗയാ.." സ്വപ്നം കാണാനാകുമോ ഇനി  ഇതുപോലൊരു പാട്ട് എന്ന ചോദ്യം ബാക്കി. 

English Summary:

Mera Jeevan Kora Kagaz song special

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com