ADVERTISEMENT

കണ്ണകി എന്ന ചിത്രവും അതിലെ ഗാനങ്ങളും ഇന്നും ഒരു നോവാണ്. ഒരുപാട് നോവുകളിൽ വീർപ്പുമുട്ടുന്ന ജീവിതത്തിൽ ഈ പാട്ടിന് കാത് കൊടുത്താൽ നോവ് കൂടുമെങ്കിലും എവിടെയോ ഒരു പ്രതീക്ഷയുടെ കണികയുണ്ട്. ‘ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്കാ സരയൂ തീരത്തു കാണാം... പ്രണയത്തിന്റെ നാഗശാപമേറ്റ കണ്ണകി മാണിക്യനെന്ന പ്രിയനോടു വിട പറഞ്ഞ്, ആത്മഹത്യചെയ്യുന്നതിനുമുമ്പ് പാടുന്ന പുനർജ്ജനിയുടെ ഗാനം .

ഇനിയൊരു ജന്മമുണ്ടെങ്കിൽ അവൾക്ക് തന്റെ പ്രാണനായകനെതന്നെ മതി. ദേവാങ്കണം വിട്ട് കാട്ടിലേക്കേകയായ് പോയ സീതയായിട്ട് പുനർജനിക്കണമെന്ന് അവൾ ആഗ്രഹിക്കുന്നു. രാത്രി ഏറെ വൈകി അവനെത്തുമ്പോഴും ഉണ്ണാതെ ഉറങ്ങാതെ കാത്തിരിക്കുന്ന അമ്മയായി... ഇനിയൊരു ജന്മമുണ്ടെങ്കിൽ പണയപ്പെട്ട പാഞ്ചാലിയെപ്പോലെ നിനക്കുവേണ്ടി എന്തും പുഞ്ചിരിയോടെ സഹിക്കാം... നിന്റെ മക്കളെ പെറ്റ് പോറ്റി വളർത്തി നിന്റെ ദീർഘായുസ്സിനായി നോയമ്പുനോറ്റിരിക്കാം ... പിന്നെയും ജന്മമുണ്ടെങ്കിൽ പ്രണയത്തിന്റെ മൂർത്തീഭാവമായ അർദ്ധനാരീശ്വരനാവാം... അങ്ങനെ കൊതിതീരാത്ത ആഗ്രഹങ്ങൾ. കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച്  കൈതപ്രം വിശ്വനാഥൻ സംഗീതം നൽകി യേശുദാസിന്റെ ശബ്ദത്തിൽ അനശ്വരമാക്കിയ ഈ ഗാനം പുനർജനിക്കാനാഗ്രഹിക്കുന്ന മനസ്സിന് ഒരു പ്രതീക്ഷയാണ്.

2001ലാണ് ജയരാജ് സംവിധാനം ചെയ്ത കണ്ണകി പുറത്തിറങ്ങുന്നത്. ഷേക്സ്പിയറിന്റെ ആന്റണി ആന്റ് ക്ലിയോപാട്ര എന്ന നാടകത്തിന്റെ സ്വതന്ത്ര ചലച്ചിത്രാവിഷ്കാരമായിരുന്നു ചിത്രം. ലാൽ, സിദ്ദിഖ്, നന്ദിത ദാസ്, ഗീതു മോഹൻദാസ് എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങൾ. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഒന്നിനൊന്ന് മികച്ചവയായിരുന്നു. കൈതപ്രം വിശ്വനാഥൻ സ്വതന്ത്ര സംഗീത സംവിധായകനായെത്തിയ ചിത്രമെന്ന പ്രത്യേകതയും കണ്ണകിയ്ക്കുണ്ട്. കന്നി ചിത്രത്തിൽ തന്നെ പശ്‌ചാത്തല സംഗീതത്തിനുള്ള സംസ്‌ഥാന അവാർഡ് അദ്ദേഹം നേടിയെടുക്കുകയും ചെയ്തു. 

ചിത്രം: കണ്ണകി

സംഗീതം: കൈതപ്രം വിശ്വനാഥ്

രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം: കെ .ജെ. യേശുദാസ്

ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ

സരയൂ തീരത്തു കാണാം

പിന്നെയും ജന്മമുണ്ടെങ്കില്‍ യാദവ

യമുനാ തീരത്തു കാണാം(2)

 

നിനക്കുറങ്ങാന്‍ അമ്മയെ പോലെ ഞാനുണ്ണാതുറങ്ങാതിരിക്കാം

നിനക്ക് നല്‍കാന്‍ ഇടനെഞ്ചിനുള്ളിലൊരൊറ്റ ചിലമ്പുമായ് നില്‍ക്കാം

പണയപ്പെടുമ്പോഴും തോറ്റുകൊണ്ടെന്നും

പാഞ്ചാലിയായ് പുഞ്ചിരിക്കാം (2)

(ഇനിയൊരു ജന്മമുണ്ടെങ്കില്‍ ...)

 

നിന്റെ ദേവാങ്കണം വിട്ടു ഞാന്‍

സീതയായ് കാട്ടിലേക്കേകയായ് പോകാം

നിന്റെ കുഞ്ഞുങ്ങളെ പെറ്റു വളര്‍ത്തി

ഞാന്‍ നിനക്കായ് നോറ്റു നോറ്റിരിക്കാം

പിന്നെയും ജന്മമുണ്ടെങ്കില്‍ നമുക്കന്നോരര്‍ദ്ധ നാരീശ്വരനാവാം (2)

(ഇനിയൊരു ജന്മമുണ്ടെങ്കില്‍ ...)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com