ADVERTISEMENT

നമ്മുടെയെല്ലാം ജീവിതം പലതരം ഓർമകളുടെ ശേഖരമാണെന്ന് പറയാറുണ്ട്. അപ്പോൾ ഓർമ്മകൾ ഇല്ലാത്ത ജീവിതം എങ്ങനെയാവും... പലർക്കും ചിന്തിക്കാൻ പോലുമാകാത്ത ആ അവസ്ഥയെ പറ്റി പറഞ്ഞ സിനിമയായിരുന്നു തന്മാത്ര. ബ്ലെസ്സിയാണ് 2005 ൽ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത്.  തന്മാത്രയിലെ ഓർമ്മക്കും മറവിക്കുമിടയിൽ സഞ്ചരിക്കുന്ന മോഹൻലാലിൻറെ രമേശൻ നായർ മലയാളികൾ ഒരിക്കലും മറക്കാത്ത കഥാപാത്രമാണ്.

 

തന്മാത്രയിലെ അൽഷിമേഴ്‌സ് രോഗിയായ രമേശൻ നായരുടെ ജീവിതത്തെ കാണികളിലേക്ക് എത്തിക്കുന്ന പാട്ടാണ് 'ഇതളൂർന്നു വീണ പനിനീർ ദളങ്ങൾ '. കൈതപ്രത്തിന്റെ ഭാവ സാന്ദ്രമായ വരികൾക്ക് ഹൃദ്യമായ ഈണമൊരുക്കിയത് മോഹൻ സിതാരയാണ്. പി.ജയചന്ദ്രന്റെ മാസ്മരിക ശബ്ദവും ആലാപനവും ആ പാട്ടിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു. കല്യാണി രാഗത്തിന്റെ സൗന്ദര്യം മുഴുവൻ എടുത്തു കാണിക്കുന്ന പാട്ടാണിത്. 

 

"ഇതളൂര്‍ന്നു വീണ പനിനീര്‍ ദളങ്ങള്‍ തിരികേ ചേരും‌പോലെ..

ദല മര്‍മ്മരങ്ങള്‍ ശ്രുതിയോടു ചേര്‍ന്നു മൂളും പോലെ.."

 

ഓർമ്മകൾ കൈ വെടിഞ്ഞ നായകന്റെ ജീവിതത്തെ ഇത്രയധികം ആഴത്തിൽ അടയാളപ്പെടുത്താൻ പോന്ന വരികളുണ്ടോ എന്ന് സംശയമാണ്. 

 

നനയുമിരുളിന്‍ കൈകളില്‍

നിറയേ മിന്നല്‍ വളകള്‍..

താമരയിലയില്‍ മഴനീര്‍ മണികള്‍ തൂവീ പവിഴം

ഓര്‍ക്കാനൊരു നിമിഷം നെഞ്ചില്‍

ചേര്‍ക്കാനൊരു ജന്മം

ഈയോര്‍മ്മ പോലുമൊരുത്സവം ജീവിതം ഗാനം " എന്ന് മറവി മൂടി തുടങ്ങുന്ന ഓർമയെക്കുറിച്ച് ആ പാട്ട് പറഞ്ഞു വെക്കുന്നു.

 

പ്രകൃതിയുടെ സൂക്ഷ്മ സൗന്ദര്യങ്ങളെ ലയിപ്പിച്ച് വളരെ മിതമായ വാദ്യോപകരണങ്ങളുടെ സഹായത്തോടെ കേൾവിക്കാരിലേക്ക് എത്തിക്കുന്ന സംഗീതത്തിന്റെ പൂർണമായ മാജിക് ആണ് ഈ ഗാനം എന്ന് നിസംശയം പറയാം.

 

 

ചിത്രം: തന്മാത്ര

ഗാനരചന: കൈതപ്രം

സംഗീതം: മോഹൻ സിതാര

ആലാപനം: പി.ജയചന്ദ്രൻ

 

 

ഇതളൂർന്നു വീണ പനിനീർ ദലങ്ങൾ

തിരിയേ ചേരും പോലേ

ദള മർമ്മരങ്ങൾ ശ്രുതിയോടു ചേർന്നു

മൂളും പോലെ

വെൺചന്ദ്രനീ കൈക്കുമ്പിളിൽ പൂ പോലെ വിരിയുന്നു

മിഴി തോർന്നൊരീ മൗനങ്ങളിൽ

പുതുഗാനമുണരുന്നു 

 

നനയുമിരുളിൻ കൈകളിൽ നിറയെ  മിന്നൽ വളകൾ

അമരയിലയിൽ മഴനീർ മണികൾ തൂവി പവിഴം

ഓർക്കാനൊരു നിമിഷം

നെഞ്ചിൽ ചേർക്കാനൊരു ജന്മം

ഈയോർമ്മ പോലുമൊരുത്സവം

ജീവിതം ഗാനം 

 

പകലു വാഴാൻ പതിവായി

വരുമീ സൂര്യൻ പോലും

പാതിരാവിൽ പടികളിറങ്ങും തന്നെ മായും

കരയാതെടീ കിളിയേ കണ്ണേ

തൂവാതെൻ മുകിലേ

പുലർകാല സൂര്യൻ പോയി വരും

വീണ്ടും ഈ വിണ്ണിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com