ADVERTISEMENT

‘മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിൻ മനസ്സിൽ

പ്രണയത്തിനായ് മാത്രമെരിയുന്ന ജീവന്റെ തിരികളുണ്ടാത്മാവിനുള്ളിൽ’

 

മഴയും പ്രണയവും മനസ്സിലെ മനോഹരമായതെന്തും ഓർമപ്പെടുത്തുന്ന വരികൾ... കവിത പോലെ മഴതണുപ്പിൽ കേൾക്കുന്നവരെ പൊതിയുന്ന ഈ പാട്ട്, ഉള്ള് തൊടുന്ന വരികളും ഈണവും ശബ്ദവും കൊണ്ടു സമ്പന്നമാണ്.

 

മഴയും പ്രണയവും പ്രകൃതിയും തമ്മിലുള്ള വിട്ടു പിരിയാനാവാത്ത ബന്ധത്തെ ഓർമിപ്പിക്കുന്ന ഈ പാട്ട് സ്പിരിറ്റിലൂടെയാണ് നാം കേട്ടത്. രഘു നന്ദൻ എന്ന മദ്യപന്റെ ജീവിതത്തിന്റെ കഥ പറഞ്ഞ സിനിമയുടെ ആത്മാവ് മുഴുവൻ ഈ പാട്ടിലുണ്ട്.

 

‘ഒരു ചുംബനത്തിനായ് ദാഹം ശമിക്കാതെ എരിയുന്ന പൂവിതള്‍ത്തുമ്പുമായി

പറയാത്ത പ്രിയതരമാമൊരു വാക്കിന്റെ മധുരം പടര്‍ന്നൊരു ചുണ്ടുമായി...

വെറുതെ പരസ്പരം നോക്കിയിരിക്കുന്നു, നിറ മൗനചഷകത്തിനിരുപുറം നാം...’

 

പ്രണയം ഒരു മഴ പോലെ, പുഴ പോലെ, നിലാവ് പോലെ ഒഴുകുന്ന കാല്പനികതയുടെ സൗന്ദര്യം മുഴുവനുള്ള വരികളാണ് ഈ പാട്ടിനെ കേട്ട മാത്രയിൽത്തന്നെ ഹൃദയത്തോടു ചേർത്തു വയ്ക്കാൻ പ്രേരിപ്പിക്കുന്നത്.

 

റഫീഖ് അഹമ്മദിന്റെ കവിതയുടെ സൗന്ദര്യം, ഷഹബാസ് അമന്റെ സുന്ദര സംഗീതം, വിജയ് യേശുദാസിന്റെ മനോഹരമായ ആലാപനം, സിനിമയിലെ സന്ദർഭങ്ങളോടു ചേർന്നു നിൽക്കുന്ന അന്തരീക്ഷം... ലഹരി പോലെ ഈ പാട്ട് ഇന്നും മാജിക്‌ ആയി നിലനിൽക്കുന്നതിന്റെ രഹസ്യം ഇതൊക്കെയാണ്... പിന്നെ പ്രണയത്തെക്കുറിച്ചും മഴയെക്കുറിച്ചും ഓർക്കാത്തവർ ഉണ്ടാവില്ലല്ലോ...

 

ചിത്രം: സ്പിരിറ്റ്‌

സംഗീതം: ഷഹബാസ് അമൻ

രചന: റഫീഖ് അഹമദ്

ഗായകൻ: വിജയ് യേശുദാസ്

 

മഴ കൊണ്ട് മാത്രം മുളക്കുന്ന വിത്തുകള്‍

ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..

പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ

തിരികളുണ്ടാത്മാവിനുള്ളില്‍....  

മഴ കൊണ്ടു മാത്രം  മുളയ്ക്കുന്ന വിത്തുകള്‍

ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..

പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ

തിരികളുണ്ടാത്മാവിനുള്ളില്‍..

 

ഒരു ചുംബനത്തിനായ് ദാഹം ശമിക്കാതെ

എരിയുന്ന പൂവിതള്‍ത്തുമ്പുമായി...

പറയാത്ത പ്രിയതരമാമൊരു വാക്കിന്റെ

മധുരം പടര്‍ന്നൊരു ചുണ്ടുമായി...

 

വെറുതെ പരസ്പരം നോക്കിയിരിക്കുന്നു,

നിറ മൗനചഷകത്തിനിരുപുറം  നാം ..

സമയകല്ലോലങ്ങള്‍ കുതറുമീ കരയില്‍ നാം,

മണലിന്റെ ആര്‍ദ്രമാം മാറിടത്തില്‍...

 

ഒരു മൗനശില്പം മെനഞ്ഞുതീര്‍ത്തെന്തിനോ

പിരിയുന്നു സാന്ധ്യവിഷാദമായി...

ഒരു സാഗരത്തിന്‍ മിടിപ്പുമായി...

ഒരു സാഗരത്തിന്‍ മിടിപ്പുമായി...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com