ADVERTISEMENT

വേനൽ പൊള്ളും 

നെറുകിൽ മെല്ലെ 

നീ തൊട്ടു...

 

ആഹാ... ഈ മഴക്കാലമയക്കത്തിനിടയിലാണോ ജി.വേണുഗോപാലിന്റെ പാട്ടുസൂര്യൻ വന്നു വിരൽതൊട്ടു വിളിക്കുന്നത്. എന്തെ‍ാരു പാട്ടാണിത്!  പ്രണയത്തിന്റെ, പ്രതീക്ഷയുടെ, കനകമുന്തിരിമണികൾ കോർക്കുന്ന പുലരിയഴകിന്റെ പാട്ട്. ചിലപ്പോഴെങ്കിലും ഇത് എന്റെയും നിങ്ങളുടെയും ആത്മഗാനമാകുന്നു. സ്വപ്നചാരുതയുള്ള ശലഭഗാനവുമാകുന്നു. പുനരധിവാസം എന്ന ചിത്രത്തിലെ ഈ ഗാനം നമ്മെ ഇങ്ങനെ പൊള്ളിയുണർത്താൻ തുടങ്ങിയിട്ടു രണ്ടു പതിറ്റാണ്ടിലേറെയാകുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികളിൽ ലൂയി ബാങ്ക്സും ശിവമണി‌യും ചേർന്ന് ഈണമിട്ടപ്പോൾ, ജി.വേണുഗോപാൽ ആർദ്രഗംഭീരനായി പാടിയപ്പോൾ ആരറിഞ്ഞു, ഈ ശലഭഗാനം ഇത്രത്തോളം കാതുകളെ പിൽക്കാലത്തു കീഴടക്കുമെന്ന്... ചില വല്ലാത്ത നേരങ്ങളിൽ ഇഷ്ടമുള്ള മറ്റെവിടെയോ നമ്മുടെ ഹൃദയത്തെത്തന്നെ പുനരധിവസിപ്പിക്കുമെന്ന്! 

 

23 വർഷം മുൻപാണ് ഈ പാട്ടു പിറന്നത്. ഗാനശിൽപികൾ അന്നു വിചാരിക്കാത്തവിധം അത്രമാത്രം കേൾവിക്കാരെ പിന്നീട് അതു നേടി. പതിവു ചലച്ചിത്രഗാനങ്ങളുടെ പശ്ചാത്തല സംഗീത അകമ്പടിയില്ലാതെ, പതിഞ്ഞൊരു സ്വരമായി ഒഴുകിയെത്തുന്ന ഈ ഗാനത്തിന്റെ പെൺസ്വരമായി മാറിയത് പുണ്യ ശ്രീനിവാസ് ആയിരുന്നു. വി.കെ.പ്രകാശ് സംവിധാനം ചെയ്ത ഈ ചിത്രം ഇന്നും അതിന്റെ നിഗൂഢവും വശ്യവുമായൊരു പ്രണയസൗന്ദര്യത്തിലെന്ന വണ്ണം നമ്മെ ചേർത്തുപിടിക്കുന്നു, ചിലപ്പോഴൊക്കെ തനിച്ചാക്കുന്നു. 

 

അത്രമേലാഴത്തിലാഴത്തിൽ ഈ പാട്ടെന്നെ മുറിവേൽപ്പിക്കാറുണ്ട്. വേനൽ പെ‍ാള്ളലേൽപ്പിക്കാത്ത ദൂരദൂരങ്ങളിലേക്കു കെ‍ാണ്ടുപോകാറുണ്ട്. ചിലപ്പോഴെങ്കിലും തിരികെയെത്തിക്കാതിരിക്കാറുമുണ്ട്. അപ്പോഴും വീണ്ടും വീണ്ടും കേൾക്കാൻ കൊതിപ്പിക്കുന്ന ഈ വരികളുടെ പാട്ടോർമയിൽ ആദ്യം മനസ്സിൽ തെളിയുക ഗാനപശ്ചാത്തലത്തിൽ കടന്നുവരുന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ച നന്ദിതാ ദാസിന്റെ നെറുകയിലെ കടുംചുവന്നൊരു കുങ്കുമപ്പൊട്ടിന്റെ ചന്തമാണ്. ഓരോ കേൾവിയിലും ഞാൻ അലിഞ്ഞുതീരുന്നത് ആ പാട്ടിലേക്കോ, അവളുടെ കുങ്കുമപ്പൊട്ടിന്റെ അഴകുവട്ടത്തിലേക്കോ? അറിയില്ല.. അറിയണമെന്നുമില്ല...

 

 

ചിത്രം : പുനരധിവാസം (2000)

രചന: ഗിരീഷ് പുത്തഞ്ചേരി

സംഗീതം: ലൂയി ബാങ്ക്സ്, ശിവമണി‌

ആലാപനം: ജി.വേണുഗോപാൽ

 

 

കനക മുന്തിരികള്‍

മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍

ഒരു കുരുന്നു കുനു

ചിറകുമായ്‌ വരിക ശലഭമേ 

 

കനക മുന്തിരികള്‍

മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍

ഒരു കുരുന്നു കുനു

ചിറകുമായ്‌ വരിക ശലഭമേ

 

സൂര്യനെ ധ്യാനിക്കുമീ

പൂപോലെ ഞാന്‍ മിഴിപൂട്ടവെ

വേനല്‍കൊള്ളും നെറുകില്‍ മെല്ലെ നീ തൊട്ടു

 

കനക മുന്തിരികള്‍

മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍

ഒരു കുരുന്നു കുനു

ചിറകുമായ്‌ വരിക ശലഭമേ

 

കനക മുന്തിരികള്‍

മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍

ഒരു കുരുന്നു കുനു

ചിറകുമായ്‌ വരിക ശലഭമേ

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com