ADVERTISEMENT

ആകാശവാണിയിൽ പതിവായി കേട്ടിരുന്നൊരു പരിപാടിയുണ്ടായിരുന്നു പണ്ട്. ശ്രോതാക്കൾ ആവശ്യപ്പെട്ട ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഉച്ചയ്ക്ക് ഒരു മണിനേരത്തെ ഗാനോത്സവം. ആദ്യമാദ്യം പി.ജയചന്ദ്രനെയും ജാനകിയമ്മയെയും യേശുദാസിനെയുമൊക്കെ കേട്ടത് ഗാനോത്സവത്തിലൂടെയാണ്. ആ പരിപാടിയിൽ ഏറ്റവുമധികം തവണ ആവർത്തിച്ചു കേട്ടൊരു പാട്ടുണ്ടായിരുന്നു. ആലാപന മികവിന് പി.ജയചന്ദ്രന് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിക്കൊടുത്ത ഗാനം. ''സുപ്രഭാതം.... സുപ്രഭാതം...'' എന്തൊരു ഗൃഹാതുരമായ തുടക്കമായിരുന്നു 'പണിതീരാത്ത വീട്' എന്ന ചിത്രത്തിലെ ഈ ഗാനത്തിന് എന്ന് തോന്നാറുണ്ട്. 

 

നീലഗിരിയുടെ സഖികളെ അഭിസംബോധന ചെയ്തു പ്രേംനസീർ പാടിയഭിനയിച്ച ഈ ഗാനരംഗം മലയാളിയുടെ മനസ്സിൽ പതിഞ്ഞിട്ട് അരനൂറ്റാണ്ട് പിന്നിടുന്നു. 1973ലാണ് കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത ‘പണിതീരാത്ത വീട്’ എന്ന ചിത്രം പുറത്തിറങ്ങിയത്. 

പ്രസാദ് സ്റ്റുഡിയോസിൽ ഷൂട്ട് ചെയ്ത ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ഊട്ടിയായിരുന്നു. നീലഗിരിയിലെ തീവണ്ടിപ്പാളങ്ങളിലൂടെ പതിയെപ്പതിയെ പാട്ട് യാത്ര തുടങ്ങുകയാണ്. ഇരുണ്ട കൽത്തുരങ്കങ്ങളിലൂടെ, മലയിടുക്കുകളിലൂടെ, പൈൻമരക്കാടുകൾക്കിടയിലൂടെ കുതിച്ചെത്തുന്ന ആ പുലർച്ചെത്തീവണ്ടിയുടെ ഏതോ കംപാർട്ട്മെന്റിൽ നീലഗിരിക്കാഴ്ചകൾ കണ്ട്, ചുണ്ടോരം ഒരു മൂളിപ്പാട്ടുമായി ജനലോരം ഞാനും ഇരിപ്പുണ്ടെന്നു തോന്നാറുണ്ട്, ഈ പാട്ടു കേൾക്കുമ്പോഴൊക്കെയും. 

 

പുതുമഞ്ഞു ചുറ്റി നാണിച്ചുനിൽക്കുന്ന നീലഗിരിയുടെ പുലരിവെയിൽനാമ്പുകളെ പ്രണയാർദ്രമായി തഴുകി പ്രേംനസീർ അലസമലസം ഈ പാട്ടും പാട്ടി നടക്കുന്നത് എത്ര ഹൃദ്യമായൊരു കാഴ്ചയാണ്. ഛായാഗ്രാഹകൻ മെല്ലി ഇറാനിയുടെ ക്യാമറ എത്ര വശ്യമായാണ് ഈ ഗാനരംഗത്തെ പകർത്തിവച്ചിരിക്കുന്നത്. വയലാർ രാമവർമയുടെ വരികൾക്ക് എം.എസ്.വിശ്വനാഥന്റെ സംഗീതം കൂടിയാകുമ്പോൾ എക്കാലവും ശ്രോതാക്കൾക്കു പ്രിയപ്പെട്ട ഗാനോൽസവമാകുന്നു ഈ സുപ്രഭാതവന്ദനം.. 

 

ചിത്രം: പണിതീരാത്ത വീട്

ഗാനം: സുപ്രഭാതം

ഗാനരചന: വയലാർ രാമവർമ

സംഗീതം: എം.എസ് വിശ്വനാഥൻ

ആലാപനം: പി.ജയചന്ദ്രൻ

 

 

സുപ്രഭാതം സുപ്രഭാതം സുപ്രഭാതം

സുപ്രഭാതം സുപ്രഭാതം സുപ്രഭാതം

 

നീലഗിരിയുടെ സഖികളേ ജ്വാലാമുഖികളെ

ജ്യോതിര്‍മയിയാം ഉഷസ്സിന്

വെള്ളിച്ചാമരം വീശും മേഘങ്ങളെ

സുപ്രഭാതം സുപ്രഭാതം സുപ്രഭാതം

 

അഞ്ജനക്കല്ലുകൾ മിനുക്കി അടുക്കി

അഖിലാണ്ഡ മണ്ഡലശില്പീ

പണിഞ്ഞിട്ടും പണിഞ്ഞിട്ടും

പണി തീരാത്തൊരു പ്രപഞ്ചമന്ദിരമേ

നിന്റെ നാലുകെട്ടിന്റെ പടിപ്പുര മുറ്റത്തു

ഞാനെന്റെ മുറി കൂടി പണിയിച്ചോട്ടെ

ആഹാഹാ.. ഓഹോഹോ... ആഹാഹാ.. ആ

നീലഗിരിയുടെ സഖികളേ ജ്വാലാമുഖികളേ

 

ആയിരം താമരത്തളിരുകള്‍ വിടര്‍ത്തീ

അരയന്നങ്ങളെ വളര്‍ത്തീ

വസന്തവും ശിശിരവും

കുളിക്കാനിറങ്ങുന്ന വനസരോവരമേ

നിന്റെ നീലവാര്‍മുടി ചുരുളിന്റെ അറ്റത്തു

ഞാനെന്റെ പൂ കൂടി ചൂടിച്ചോട്ടെ

ആഹാഹാ .. ഓഹോഹോ.. ആഹാഹാ.. ആ

 

നീലഗിരിയുടെ സഖികളേ ജ്വാലാമുഖികളെ

ജ്യോതിര്‍മയിയാം ഉഷസ്സിന്

വെള്ളിച്ചാമരം വീശും മേഘങ്ങളെ

സുപ്രഭാതം സുപ്രഭാതം സുപ്രഭാതം

 

English Summary: Suprabhatham song of the day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com