ബജറ്റ് എങ്ങനെയാണു നമ്മെ ബാധിക്കുക? മനസ്സിലാക്കാൻ ഈ വാക്കുകൾ
Mail This Article
കേന്ദ്ര ബജറ്റ് സംബന്ധിച്ച ഒട്ടേറെ സാങ്കേതിക പദങ്ങളും സാമ്പത്തികശാസ്‌ത്ര ആശയങ്ങളും ബജറ്റ് ദിനത്തിൽ കടന്നുവരും. ഇവ എന്താണെന്നു മനസ്സിലാക്കിയിരുന്നാൽ, ബജറ്റ് എങ്ങനെയാണു നമ്മെ ബാധിക്കുക എന്നറിയാൻ എളുപ്പമാകും. ഇതാ ഒരു ബജറ്റ് പദാവലി:
ANNUAL FINANCIAL STATEMENT: വാർഷിക ധനകാര്യ രേഖ. അടുത്ത ഏപിൽ ഒന്നു മുതൽ മാർച്ച് 31 വരെ ഉണ്ടാകാവുന്ന വരവുകളും ചെലവുകളും വ്യക്‌തമാക്കുന്ന രേഖ. കൺസോളിഡേറ്റഡ് ഫണ്ട്, കണ്ടിൻജൻസി ഫണ്ട്, പബ്ലിക് അക്കൗണ്ട് എന്നിങ്ങനെ മൂന്നു ഭാഗങ്ങളാണുള്ളത്. ഓരോ ഇനത്തിലും വരവു ചെലവു കണക്കുകളുണ്ടാകും.
CONSOLIDATED FUND: സർക്കാരിന്റെ എല്ലാ വരുമനവും (വായ്‌പയെടുക്കുന്നതും നൽകിയ വായ്‌പകളുടെ പലിശവരുമാനവുമടക്കം) കൺസോളിഡേറ്റഡ് ഫണ്ടിലേക്കാണു പോകുക. സർക്കാരിന്റെ മുഖ്യ ചെലവുകളെല്ലാം ഇതിൽനിന്നാണു കണ്ടെത്തേണ്ടത്. പാർലമെന്റിന്റെ അനുമതി വേണം.
CONTINGENCY FUND: അടിയന്തരവും അപ്രതീക്ഷിതവുമായ ചെലവുകൾ നേരിടാനുള്ള ഫണ്ട്. രാഷ്‌ട്രപതിയുടെ അധീനതയിലാണിത്. ഇതിൽനിന്നെടുക്കുന്ന പണത്തിനു പിന്നീട് പാർലമെന്റിന്റെ അനുമതി നേടുകയും കൺസോളിഡേറ്റഡ് ഫണ്ടിൽനിന്നു നികത്തുകയും വേണം.
PUBLIC ACCOUNT: പ്രോവിഡന്റ് ഫണ്ട്, ചെറുകിട നിക്ഷേപ പദ്ധതികൾ തുടങ്ങിയവയിലെ പണം. സർക്കാർ ഇതിന്റെ സൂക്ഷിപ്പുജോലി മാത്രമാണു നിർവഹിക്കുന്നത്. അക്കൗണ്ടുടമകൾക്കു തിരികെ നൽകേണ്ട പണമാണിത്. അതുകൊണ്ടുതന്നെ, ഇതിൽനിന്നെടുത്തു ചെലവാക്കുന്നതിനു പാർലമെന്റിന്റെ അനുമതി വേണ്ട.
REVENUE RECEIPTS: ആസ്‌തികൾ വിറ്റഴിച്ചുനേടുന്നതല്ലാത്ത വരുമാനം. മുഖ്യമായും നികുതികളാണ് ഇതിൽപ്പെടുക.
DIRECT TAX: പ്രത്യക്ഷ നികുതി അഥവാ നേരിട്ടുള്ള നികുതി. ആദായ നികുതി, കമ്പനി നികുതി, സ്വത്തു നികുതി തുടങ്ങിയവ ഇക്കൂട്ടത്തിൽപ്പെടും.
CORPORATION TAX: കമ്പനി നികുതി. കമ്പനികളുടെ ലാഭത്തിന്മേലുള്ള നികുതി.
TAX ON INCOME OTHER THAN CORPORATIONS: കമ്പനികളല്ലാത്തവരിൽനിന്നുള്ള നികുതി. വ്യക്‌തിഗത ആദായനികുതി പോലെ.
FRINGE BENEFIT TAX (FBT): തൊഴിലുടമകൾ ജീവനക്കാർക്കു ശമ്പളത്തിനുപുറമെ നൽകുന്ന ആനുകൂല്യങ്ങൾക്കു നൽകേണ്ടുന്ന നികുതി. 2005-06ൽ ആരംഭിച്ചതാണിത്.
SECURITIES TRANSACTION TAX (STT): ഓഹരി കൈമാറ്റത്തുകയിന്മേലുള്ള നികുതി.
BANKING CASH TRANSACTION TAX(BCTT): ബാങ്കിൽനിന്ന് നിർദിഷ്‌ടപരിധിക്കുമേൽ തുക ഒറ്റദിവസം പിൻവലിച്ചാൽ ചുമത്തുന്ന നികുതി.
INDIRECT TAX: പരോക്ഷ നികുതി. നിർമിത ഉൽപന്നങ്ങൾ, ഇറക്കുമതി ഉൽപന്നങ്ങൾ, കയറ്റുമതി ഉൽപന്നങ്ങൾ എന്നിവയ്‌ക്കുള്ള നികുതി. എക്‌സൈസ് തീരുവ, കസ്‌റ്റംസ് തീരുവ, സേവന നികുതി മുതലായവ. സമ്പന്നർക്കും ദരിദ്രർക്കും ഒരേ രീതിയിൽ ബാധകമാകുന്നു എന്നതാണു മുഖ്യദോഷം.
CUSTOMS DUTY: കസ്‌റ്റംസ് തീരുവ അഥവാ ഇറക്കുമതിത്തീരുവ. ഇറക്കുമതിച്ചരക്കുകൾക്കു ചുമത്തുന്ന നികുതിയാണിത്. വരുമാനമുണ്ടാക്കൽ മാത്രമല്ല, ആഭ്യന്തര വ്യവസായത്തെയും കൃഷി തുടങ്ങിയ മേഖലകളെയും വിദേശ ഉൽപ്പന്നങ്ങളുടെ കടന്നുകയറ്റത്തിൽനിന്നു രക്ഷിക്കുകയും കസ്‌റ്റംസ് തീരുവയുടെ ലക്ഷ്യമാണ്. വാഹനങ്ങൾക്ക് വളരെ ഉയർന്ന കസ്‌റ്റംസ് തീരുവ ഉള്ളതാണ് വിദേശത്തെ ആഡംബര കാർനിർമാതാക്കൾ പോലും ഇന്ത്യയിൽ ഉൽപ്പാദനമാരംഭിക്കാൻ ഒരു കാരണം.
EXCISE DUTY: എക്‌സൈസ് തീരുവ. രാജ്യത്തിനകത്തു നിർമിക്കുന്ന ഉൽപന്നങ്ങൾക്കുള്ള തീരുവയാണിത്.
SERVICE TAX: സേവനങ്ങൾക്കുമേൽ ചുമത്തുന്ന നികുതി. ഫോൺ ബില്ലുകളിൽ സേവന നികുതി ഈടാക്കുന്നത് ഉദാഹരണം.
COUNTERVAILING DUTY: എതിർച്ചുങ്കം എന്നു വിളിക്കാം. ഇറക്കുമതിയിന്മേൽ ചുമത്തുന്ന നികുതിയാണിതും. ഇന്ത്യയിൽ നിർമിക്കുന്ന ഉൽപ്പന്നത്തിന് എത്രയാണോ എക്‌സൈസ് തീരുവ, അതേ നിരക്കിലായിരിക്കും ആ ഇനത്തിലെ ഉൽപ്പന്നം ഇറക്കുമതി ചെയ്യുമ്പോൾ കൗണ്ടർവെയ്‌ലിങ് ഡ്യൂട്ടി. കസ്‌റ്റംസ് തീരുവയ്‌ക്കു പുറമേയാണിത്. ആഭ്യന്തര വ്യവസായത്തെ പ്രോൽസാഹിപ്പിക്കാനാണീ സംവിധാനം.
GOODS AND SERVICES TAX (GST): ഉൽപ്പന്ന സേവന നികുതി. കേന്ദ്രത്തിന്റെ എക്‌സൈസ് ഡ്യൂട്ടി, സേവന നികുതി, സംസ്‌ഥാനങ്ങളുടെ വാറ്റ് നികുതി, പർച്ചേസ് ടാക്‌സ്, പ്രവേശന നികുതി എന്നിങ്ങനെ വിവിധ തലങ്ങളിലെ പരോക്ഷ നികുതികളുടെ സ്‌ഥാനത്തു കേന്ദ്രത്തിനും സംസ്‌ഥാനങ്ങൾക്കും ബാധകവും സുതാര്യവുമായ ഒരൊറ്റ നികുതി എന്നതാണു ജിഎസ്‌ടിയുടെ ലക്ഷ്യം.
NON-TAX REVENUE: നികുതിയേതര വരുമാനം. സർക്കാർ സംസ്‌ഥാനങ്ങൾക്കും റയിൽവേ പോലെയുള്ള സ്‌ഥാപനങ്ങൾക്കും നൽകുന്ന വായ്‌പയുടെ പലിശ, പൊതുമേഖലാ സ്‌ഥാപനങ്ങൾ നൽകുന്ന ലാഭവിഹിതം എന്നിവയാണ് ഇതിൽ മുഖ്യം. സർക്കാരിന്റെ വിവിധ വകുപ്പുകളും വിഭാഗങ്ങളും നൽകുന്ന സേവനത്തിനു ലഭിക്കുന്ന തുക മറ്റൊരു വരുമാനമാർഗമാണ്. സർക്കാരിനു ലഭിക്കുന്ന, തിരിച്ചടയ്‌ക്കേണ്ടാത്ത സംഭാവനകളും ധനസഹായവും (ഗ്രാന്റ് ഇൻ എയ്‌ഡ്) ഇക്കൂട്ടത്തിൽപ്പെടും.
REVENUE EXPENDITURE: സർക്കാരിന്റെ ചെലവ്: സർക്കാരിന്റെ വിവിധ വിഭാഗങ്ങളുടെയും കോടതി, തിരഞ്ഞെടുപ്പു സംവിധാനം തുടങ്ങിയവയുടെയും നടത്തിപ്പിനു ചെലവിടേണ്ടുന്ന പണം(ശമ്പളം ഉൾപ്പെടെ), സർക്കാർ എടുത്തിട്ടുള്ള വിവിധ വായ്‌പകൾക്കു നൽകേണ്ടുന്ന പലിശ, സബ്‌സിഡികൾ തുടങ്ങിയവയാണ് ഇക്കൂട്ടത്തിൽ.
REVENUE DEFICIT: റവന്യൂ കമ്മി. സർക്കാരിന്റെ ചെലവും വരവും തമ്മിലുള്ള അന്തരം. ചെലവുകൾ നേരിടാനുള്ള വരുമാനം കണ്ടെത്താനകുന്നില്ലെങ്കിൽ വായ്‌പയെടുക്കേണ്ടിവരുന്നു. ആസ്‌തി സൃഷ്‌ടിക്കാനല്ലാതെ, ദൈനംദിനച്ചെലവുകൾക്കായി വായ്‌പയെടുക്കേണ്ടിവരുന്നത് ആശാസ്യമല്ല.
CAPITAL EXPENDITURE: ആസ്‌തികൾ സൃഷ്‌ടിക്കാൻ ഉതകുന്ന ചെലവിടലാണിത്. വികസനപദ്ധതികൾക്കുള്ള ചെലവ്.
CAPITAL RECEIPTS: മൂലധന വരവ്. സർക്കാർ രാജ്യത്തിനുള്ളിൽനിന്നും പുറത്തുനിന്നും വായ്‌പയായി സ്വീകരിക്കുന്ന പണം, റിസർവ് ബാങ്കിൽനിന്നെടുക്കുന്ന വായ്‌പ, ട്രഷറി ബില്ലുകൾ എന്ന സർക്കാർ നിക്ഷേപപത്രങ്ങൾ, വിദേശ സ്‌ഥാപനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നുമുള്ള ദീർഘകാല വായ്‌പകൾ എന്നിവയെ മൂലധന വരവായി കണക്കാക്കുന്നു. വായ്‌പകളുടെ തിരിച്ചടവു വഴിയും പൊതുമേഖലാസ്‌ഥാപനങ്ങളിലെ ഓഹരി വിൽപന വഴിയും മറ്റും ലഭിക്കുന്ന പണത്തെയും മൂലധന വരവായി കണക്കാക്കാം.
FISCAL DEFICIT: ധന കമ്മി. സർക്കാരിന്റെ മൊത്ത ചെലവും വായ്‌പ ഒഴികെയുള്ള മൊത്ത വരുമാനവും തമ്മിലുള്ള അന്തരമാണിത്. കമ്മി നികത്തുന്നതു റിസർവ് ബാങ്കിൽനിന്നും മറ്റും കടം വാങ്ങിയാണ്.
PRIMARY DEFICIT: ധനകമ്മിയിൽനിന്നു വായ്‌പകളുടെ പലിശച്ചെലവു മാറ്റിയാൽ കിട്ടുന്നതാണു പ്രാഥമിക കമ്മി.
GROSS DOMESTIC PRODUCT (GDP): മൊത്ത ആഭ്യന്തര ഉൽപന്നം. രാജ്യത്തെ ഉൽപാദനത്തിന്റെയും സേവനത്തിന്റെയും ഒരു സാമ്പത്തിക വർഷത്തെ ആകമാന മൂല്യം. രാജ്യത്തിന്റെ സമ്പദ് വ്യവസ്‌ഥയുടെ വലുപ്പമായി ഇതിനെക്കാണുന്നു. ജിഡിപിയുടെ എത്ര ശതമാനം എന്ന കണക്കിലാണു വിവിധ കമ്മികളെ വിലയിരുത്തുക.
CESS: സെസ്. ഏതെങ്കിലും പ്രത്യേക ചെലവിനു പണം കണ്ടെത്താൻ സർക്കാർ ഏതെങ്കിലും നികുതിക്കുമേൽ ഏർപ്പെടുത്തുന്ന നികുതിയാണിത്. പ്രളയ സെസ് ഉദാഹരണം.
SURCHARGE: സർചാർജ്. അധിക നികുതി. 30% നികുതി നിരക്കിന്മേൽ 10% സർചാർജ് വരുമ്പോൾ നികുതി 33% ആകും. ആദായനികുതി സ്ലാബുകളിലെ സർചാർജ് ശ്രദ്ധിക്കുക.
MINIMUM ALTERNATE TAX (MAT): കമ്പനികളുടെ യഥാർഥ ലാഭവും വിവിധ കിഴിവുകൾക്കും ഇളവുകൾക്കും ശേഷം അടയ്‌ക്കുന്ന ആദായനികുതിയും
പൊരുത്തപ്പെടുന്നില്ലെന്നു വിലയിരുത്തി ഏർപ്പെടുത്തിയതാണ് ഈ ലാഭനികുതി. കമ്പനി നിയമമനുസരിച്ച് കണക്കാക്കുന്ന ലാഭത്തിന്റെ (ബുക്ക് പ്രോഫിറ്റ്) 10 ശതമാനത്തിൽത്താഴെയാണ് യഥാർഥത്തിൽ അടയ്‌ക്കേണ്ടുന്ന ആദായനികുതിയെങ്കിൽ ബുക്ക് പ്രോഫിറ്റിന്റെ 10% ആണ് നികുതിയായി നൽകേണ്ടത്.
FINANCE BILL: ഫിനാൻസ് ബിൽ. പുതിയ നികുതികൾ ചുമത്താനോ നിലവിലുള്ളവ പരിഷ്‌കരിക്കാനോ നിലവിലുള്ളവയുടെ കാലാവധി നീട്ടാനോ ഉള്ളതടക്കം നികുതിനിർദേശങ്ങൾ പാർലമെന്റിന്റെ അംഗീകാരത്തിനു സമർപ്പിക്കുന്നത് ഈ ബിൽ വഴിയാണ്.